ആമാശയത്തില്‍ തൂങ്ങിച്ചത്ത വിശപ്പിനെ
കുപ്പത്തൊട്ടിയില്‍ തിരയുവോരെ,
അഴുക്കു ചാലിലെ ചെളിയില്‍
അഴുകിത്തീര്‍ന്ന ഭ്രൂണത്തെ,
വാക്ക് മൂത്ത് വഴക്കായൊടുവില്‍
വയറു തുരന്ന വടിവാളിനെ....
ശകടമേറിയ മരണം ഭുജിക്കുന്ന
സ്വേദം നനച്ച ജീവനെ,
സ്നേഹം കൊടുത്ത് പിന്നെ ചതിച്ചു
സത്യം മറന്ന വപുസ്സിനെ,
ലഹരിപ്പുകക്കുള്ളില്‍ എല്ലാം മറന്നു
വിഹഗങ്ങളായ മാലോകരെ....
ഉടുമുണ്ടഴിച്ചും മക്കളെ പോറ്റും
ഉദാത്തരായൊരു മാതാക്കളെ,
മക്കളാല്‍ ഭ്രഷ്ടരായൊരു വൃദ്ധരേ
ദിക്കറിയാത്തുന്മത്തരാം യുവതയെ....
കണ്ണടച്ചാലും ഇരച്ചെത്തും കാഴ്ചകള്‍
കണ്ണിമ മുട്ടി ആര്‍ത്തു വിളിച്ചിടും
എല്ലാത്തിനും സാക്ഷിയാകാന്‍ വിധിച്ചൊരു
വിളക്കുകാലേ നിന്‍ ജന്മം ഭയാനകം....!