മണ്ണിട്ട് മൂടിയ ഒരുപാട് ഓര്‍മ്മകളുണ്ട്
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെ
മണ്ണിന്നടിയില്‍ നിന്ന് അവയില്‍ ചിലത്
മുള പൊട്ടി മുട്ട് കുത്തി എഴുന്നേറ്റു നിന്നു
ദ്രവിച്ചു തീര്‍ന്ന ബീജങ്ങള്‍ക്കിടയില്‍ നിന്ന്
ജീവിതത്തിലേക്ക് മുളപൊട്ടി വരുമ്പോഴൊക്കെ
ചവിട്ടി ഞെരിച്ചു കളഞ്ഞിട്ടും
പിന്നെയും അരുതെന്ന് വിലപിച്ചു
എന്നിലേക്ക് മുളച്ചു പടരുന്നവ..
ഈ മണല്ക്കാട്ടില് വളരാനാവില്ലെന്ന്
നിന്നെ പന്തല്‍ കെട്ടി പടര്‍ത്താനാവില്ലെന്ന്
നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും അനുസരണയില്ലാതെ
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെയും,
പെണ്ണേ...
നിന്റെ മുഖമുള്ള വിത്തുകള്‍..
നിന്റെ മണമുള്ള വിത്തുകള്‍..
പിന്നെയും പൊട്ടിമുളയ്ക്കുന്നു
നിനക്കൊന്നുമറിയില്ലല്ലോ
നാളെ ,നമുക്കൊന്നിച്ചു പടരാനൊരു
നല്ല നാള് നോക്കിയാണെടീ
ഇന്ന് നിന്റെ ഓര്‍മ്മകളെയിങ്ങനെ
ഞെരിച്ചു കളയുന്നത് ഞാനും...!