നിലാവസ്തമിക്കും , കിഴക്കന്‍മല ചുവക്കും
നീളം കൂടിയ നിഴലുകള്‍ കുറുകി ചെറുതായി
നീണ്ടു നിവര്‍ന്ന് മരിക്കാന്‍ കിടക്കും
നിനക്കൊപ്പമുള്ള ഓര്‍മ്മകളുടെ താഴിട്ടു പൂട്ടിയ
നിലവറ ഞാനപ്പോള്‍ തുറന്നു വെക്കും .
ഭൂമിക്കും അകാശത്തിനുമിടയില്‍ ഒറ്റക്കാകുമ്പോള്‍
ഇതിപ്പോഴെനിക്കെന്നും ഒരു പതിവാണ്
കൂട്ടിനാരും ഇല്ലാതാകുമ്പോഴാണല്ലോ
സങ്കടങ്ങള്‍ പടകൂട്ടി പറന്നെത്തുന്നത് ..
തിരിച്ചെടുക്കാനാവാതെ ജീവിതത്തില്‍ പലതും
തീരാ ദുഖമായി മാറുമ്പോള്‍ മാത്രം
പിറവിയെടുക്കുന്ന തിരിച്ചറിവുകളില്‍ നിന്നാണ്
നമ്മളെപ്പോഴും പച്ചയായ ജീവിതം പഠിക്കുന്നത്..
ആരോടുംപറയാത്ത ചില മൌന ദുഃഖങ്ങള്‍
മനസ്സിങ്ങനെ ഒരു ഉല പോലെ നീറ്റി നീറ്റി
ഓര്‍മ്മ മറയാത്ത കാലത്തോളമിതുപോലെ
വെന്തു കനലാറാതെ കിടക്കും
പണ്ട്...
വീതം വെച്ചപ്പോള്‍ കുറഞ്ഞു പോയതിന്
വിഹിതമായി കിട്ടിയ മഞ്ചാടിമണികള്‍
വിതുമ്പലോടെ വലിച്ചെറിഞ്ഞ് മുഖംകറുപ്പിച്ചവള്‍
മനസ്സിലൊരു നീറ്റലാകുന്നത് എനിക്കങ്ങനെയാണ്..