പ്രവാസ ജീവിതം തിരകള്‍ പോലെ
സ്വന്ത ബന്ധങ്ങളെ ഇടയ്ക്കിടെ
പുണര്‍ന്നും അല്പം തഴുകിയും
പ്രാരാബ്ദക്കടലേക്ക് തിരിച്ച് വീണ്ടും
യാത്രയാകും..
വേദനയുടെ തിരയിളക്കി
ഈ കടലിങ്ങനെ ക്ഷോഭിച്ചിരിക്കും,
ചേതനയുണ്ടെങ്കിലും ഇല്ലാത്ത പോലെ
ദുഖത്തിന് വെള്ള വിരിപ്പിന്നടിയില്‍
ജീവനോടെ മരിച്ചു കിടക്കും
വ്യഥയും ഉന്മാദവും വൃഥാ
നാക്കിന് തുമ്പില്‍ പെയ്തിറങ്ങി
വരണ്ട കൃഷിയിടങ്ങളെ നനക്കാതെ നനച്ച്
ഉയിര് വെടിയും
എത്ര സഞ്ചരിച്ചാലും ചെന്നെത്താത്ത
സ്വപ്നത്തിലെ ദ്വീപു തേടി
വിശ്രമമില്ലാതെ തുഴയെറിഞ്ഞ്
വിയര്‍പ്പാറാതെ അദ്ധ്വാനിക്കും
സന്താപം കരളു തുരക്കുമ്പോഴും
സന്തോഷം കണ്ണില്‍ വിടര്‍ത്തി
നടനകലയില്‍ കൊടികെട്ടിയവനെ
നിമിഷാര്‍ദ്ധം കൊണ്ട് തോല്‍പ്പിക്കും
സഖിമാരുടെ കുറ്റപ്പെടുത്തലില്‍
മുഖം നഷ്ട്ടപ്പെട്ട് വിമ്മിക്കരയും,
രക്ത ബന്ധങ്ങളെയോര്‍ത്ത് തപിച്ച്
മനം വിണ്ടുകീറും
പ്രവാസം ഇങ്ങനെയാണ് ..
ജനിച്ച മണ്ണില്‍നിന്നും അന്യനാട്ടിലേക്ക്
പറിച്ചു നട്ടാല്‍ വേരോടാന്‍
സ്വന്തം കണ്ണീരു തന്നെ നനക്കണം
പിന്നെ , സ്വത്വം തന്നെ മറക്കണം.