പുതുവത്സരാശംസകള്‍

Thursday, 31 October 2024

റീ യൂനിയൻ ( കവിത)

 റീ യൂനിയൻ

🍁🍁🍁🍁🍁🍁

ഒരുപാട് വർഷങ്ങൾക്കൊടുവിലൊരു സുദിനത്തിൽ
സഹപാഠികൾ ഒന്ന് ചേർന്നുവത്രേ
മിഴികളിൽ കൗതുകമൊളിപ്പിച്ചവർ വീണ്ടും
പഴയ വിദ്യാലയ പടി കയറിയത്രേ
തല കറുപ്പിച്ചവർ മീശ നരച്ചവർ
എങ്കിലും കണ്ണിൽ വിളക്കുള്ളവർ
തനു മെലിഞ്ഞുള്ളവർ ക്ഷീണിച്ചു പോയവർ
എങ്കിലും ഉള്ളിൽ കിനാവുള്ളവർ
വർഷങ്ങളൊന്നായ് കഴിഞ്ഞോരാ കാലത്തെ
ഹർഷങ്ങൾ തൻ കഥ പാടിയത്രേ
എന്നെ അറിയുമോ എന്ന് ചോദിച്ചവർ
താനേ പരിചയപ്പെട്ടുവത്രെ
കൊല്ലങ്ങൾ ഒരു ബഞ്ചിൽ ഒട്ടിയിരുന്നവർ
ആളറിയാതെ അന്തിച്ചുവത്രെ
കൺകളിൽ നോക്കി പേരോർത്തു ചൊന്നവർ
ഒറ്റ നോട്ടത്തിൽ ആളെ അറിഞ്ഞവർ
ഒട്ടുണ്ട് ഒട്ടുമേ അറിയാതെ പോയവർ
ഓർത്തിട്ടുമോർത്തിട്ടും
ഓർമ്മ കിട്ടാത്തവർ
കണ്ടാൽ പറയുവാൻ എന്നെങ്കിലും
പണ്ടത്തെ വാക്കോർത്തു വെച്ചുള്ളവർ
പണ്ട് പറഞ്ഞുള്ളതത്രയും ഓർക്കാതെ
പാടെ മറന്നു പോയോർ ചിലർ
മിണ്ടാൻ മടിച്ചവർ ചിരിക്കാൻ മറന്നവർ
വല്ലാതെ കൂട്ടിനു പോകാത്തവർ
തമ്മിൽ പുണർന്നവർ കാണാൻ കൊതിച്ചവർ
എന്തൊക്കെ രൂപത്തിൽ സൗഹൃദങ്ങൾ.
കണ്ടിട്ടറിഞ്ഞതില്ലെടീ ഞാൻ നിന്നെ
എന്ത് പോലെ മെലിഞ്ഞു പോയ്‌ പെണ്ണെ നീ
ഉണ്ടയെന്നു കളിയാക്കി വിളിച്ചത്
ഉണ്ടിന്നും എന്നുള്ളിൽ മാഞ്ഞിടാതെ
നോക്കൂ നീയെന്നെ ഞാനാകെ ഉടഞ്ഞു പോയ്‌
പ്രഷറും പ്രമേഹവും കൊണ്ട് വലഞ്ഞു പോയ്‌
ഇനിയെത്ര കാലം എന്നുള്ള ചിന്തകൾ
കൊണ്ടൊന്നുറങ്ങുവാൻ പറ്റാതെയായ്
എന്നിങ്ങനെയുള്ള ഭാഷണങ്ങൾ
കുന്നോളം ഉള്ളിലെ സങ്കടങ്ങൾ
പങ്കിട്ടു സ്വാന്തനമോതിയവർ
എന്നിട്ടു നെഞ്ചോട്‌ ചേർത്തുള്ളവർ
എങ്കിലും കൂടിയിരുന്നവർ പണ്ടത്തെ
ഓർമ്മയിൽ കുട്ടികളായിയത്രേ
പാട്ടും കളിയും നിറഞ്ഞൊരു പകലവർ
കൂട്ടായി വീണ്ടും മാറിയത്രേ
സ്വപ്നലോകത്താണ്ട് പോയവർ പാവങ്ങൾ
നേരം പോയെന്നറിഞ്ഞിതില്ലയ്യോ
മടങ്ങണം സന്ധ്യക്ക്‌ മുമ്പേയെന്നോർത്തവർ
സങ്കടപ്പെട്ടു നിന്നുവത്രെ
പിരിയാൻ മടിച്ചവർ എങ്കിലും പിന്നെയും
കണ്ടിടാം വീണ്ടുമെന്നോതിയത്രേ
ഓർക്കണം , വസന്ത കാലത്തിലല്ലാതെ
വല്ലാതെ പൂത്തൊരു പൂവാടിയിൽ
ഉള്ളം നിറഞ്ഞകപ്പെട്ടു പോയെങ്കിലും
ഉള്ളു നിറഞ്ഞ പൊലിമയാൽ ഞാനു
മവരോടു ചേർന്നു മടക്കമായി
ആരോടും മിണ്ടാതെ തിടുക്കമായി....

നീതി ( കവിത )

നീതി


തിര നിലയ്ക്കാതെ
തളം കെട്ടുന്ന കടലിനെ
പ്രണയമെന്ന് വിളിക്കുന്നു

കാറ്റ് നിലക്കുന്നിടത്തു
ഉരുവാകുന്ന ശൂന്യതയെ
നിരാശയെന്നും
വെറും വാക്കുകളുടെ പ്രളയത്തിൽ
കുറും കൗശലങ്ങളുടെ സുനാമിയിൽ
ഒലിച്ചു പോയിട്ടൊടുവിൽ
ബാക്കിയായ ജീവിതത്തെ
ഞാനെന്‍റെ തന്നെ പേരിട്ടു വിളിക്കുന്നു...
എനിക്ക് വേണ്ടി തുറക്കാൻ
ഒരു വാതിലുമില്ലാതെ
തുറക്കുവോളം മുട്ടാൻ കല്പിച്ചവരൊക്കെ
എവിടെയാണാവോ..?

കടങ്കവിത /സത്യം മാത്രമേ പറയാവൂ...( കവിത )


ല കുനിച്ചു കടന്നു പോയിട്ട്
ഇലയനങ്ങാതെ തിരിഞ്ഞു നോക്കുമ്പോൾ
അതിലൊരു കവിതയുണ്ട്.
ഇഷ്ടമെന്ന് മൃദുവായുരയ്ക്കവേ
രൂക്ഷമായി നോക്കി മറഞ്ഞിട്ട്
ആരും കാണാതെ
മുഖം പൊത്തി ചിരിയ്ക്കുമ്പോൾ
അതിലൊരു കവിതയുണ്ട്.
ഉറക്കമുണർന്നു അലസമായി കിടക്കുമ്പോൾ
രാത്രി കണ്ട കിനാവുകൾ
ചുണ്ടിലൊരു പൂ വിടർത്തുന്നുവെങ്കിൽ
അതിലുമൊരു കവിതയുണ്ട്
കാണുമ്പോഴൊക്കെയും കവിളിൽ മൈലാഞ്ചിച്ചോപ്പ് പടരുന്നുവെങ്കിൽ,
നട്ടുച്ചയ്ക്കും കരിമഷിക്കണ്ണുകളിൽ
മെഴുതിരി നാളം തെളിയുന്നുവെങ്കിൽ,
ആൾക്കൂട്ടത്തിലെപ്പോഴും കണ്ണുകൾ
അറിയാതൊരാളെ തിരയുന്നുവെങ്കിൽ....
അതിലൊക്കെയുണ്ടാകും ഒരു സുന്ദര കവിത...
ഓർത്തു നോക്കൂ
ഇതിലേതെങ്കിലുമൊന്ന്
നിങ്ങൾക്കുണ്ടെങ്കിൽ
ഉറപ്പായും നിങ്ങളിലുമുണ്ടാകും
ഒരു കടങ്കവിത.