Friday, 28 August 2020

ഹൃദയമിടിപ്പ് ഇറങ്ങിപ്പോയ നേരം



ഏഴേ മുക്കാലിന്റെ ആരതി
കുഴിയിൽ വീണു മെല്ലെ മെല്ലെ
വീടിനു മുൻപിൽ മോങ്ങി നിൽക്കും
ഉപ്പാടെ സ്വന്തം സ്റ്റോപ്പ്.

മുളകൊണ്ടു കെട്ടിയുണ്ടാക്കിയ കയ്യാല 
എളിമ മറന്നു ദേഷ്യത്തിലൊന്നു  മുരളും
തൊട്ട വീട്ടിലെ പാണ്ടൻ
മയക്കം വിട്ടു ഞെട്ടിയുണർന്ന്
ആളെയറിഞ്ഞാലും ഇല്ലെങ്കിലും
ഒറ്റക്കുര കുരച്ചു മുൻ കാലിൽ
തല ചായ്ച്ചു പിന്നെയുമുറങ്ങും.

വീട്ടിലപ്പോൾ..
ഇലമുളച്ചിയും മയിൽപ്പീലിയും പെറ്റു കിടക്കുന്ന 
തടിച്ച കണക്കു പുസ്തകം
തോൾ സഞ്ചിയിലേക്കു പടപടാന്ന് കയറിപ്പോകും
കൂടെ പെൻസിലും പെന്നും റബ്ബറും

മുറ്റത്തിട്ട പരന്ന കല്ലിനടുത്തെ കിണ്ടി ,
നിറഞ്ഞ വെള്ളത്തിൽ നിലാവിനെ മുക്കി
വെളുക്കെ ചിരിയ്ക്കും.
ഉപ്പ വെള്ളത്തിനൊപ്പം നിലാവിനെയും
കാലിലൊഴിച്ചു കഴുകും .

പൂമുഖത്തേക്കുപ്പ കയറും മുമ്പേ
ഓൽക്ക് മാത്രമുള്ളൊരു സുഗന്ധം
അകത്തേക്ക് കയറിയിരിയ്ക്കും
തുറന്നു വച്ചൊരു അത്തറിൻ കുപ്പി പോലെ 
പിന്നെ വീടകം മുഴുവൻ നിറയും

കോഴിക്കൂടടച്ചോന്ന് ആടിനെ കെട്ടിയോ ന്ന്
അടുക്കള വിലാസമെഴുതിയ ഓർമ്മപ്പെടുത്തലുകൾ
ഷാർട്ടഴിച്ചു കലണ്ടറിലെ ആണിയിൽ തൂക്കുമ്പോൾ
ലക്ഷ്യത്തിലേക്ക് പറക്കും...
അടുക്കളയിൽ നിന്നൊരു തളർന്ന മൂളൽ
കേട്ടാലായി , ഇല്ലെങ്കിലായി.

പൂമുഖത്ത് നിന്നും മുത്തേ ന്നൊരു വിളി
വീടകത്തേക്ക് ഓടിക്കയറും
പാലോളം വെളുത്തൊരു പുഞ്ചിരി
പാദസര കിലുക്കത്തിനൊപ്പം
പൂമുഖത്തേക്ക്‌ ഓടിയണയും

പിന്നെയൊരു കലമ്പലാണ്,
എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ
ഇടവപ്പാതി പോലെ നിറുത്താതെ 
പട്ടിയും പൂച്ചയും അണ്ണാറക്കണ്ണനുമായി
പെയ്തു വീണ്‌ ഓടിപ്പോകും

ഉണക്കമീൻ വറുക്കുന്ന മണത്തിനൊപ്പം
ഒരു ഗ്ളാസ് കടുപ്പത്തിലൊരു ചായ
അടുക്കളയിൽ നിന്നു പുറത്തേക്കു വരും
തോർത്തുമുണ്ടും കുളി സോപ്പും കൊടുത്ത് 
ഒന്നോ രണ്ടോ മിണ്ടി , മീൻ വറുത്ത മണത്തിലേക്ക്
തിരികെ അലിഞ്ഞു ചേരും

പതിമൂന്ന് വയസ്സില് കെട്ടിച്ചു വിട്ടയന്ന്
പടിയിറങ്ങിപ്പോയ ഉപ്പാടെ മണം
പിന്നെ ഇന്നോളം ഏഴരയുടെ ആരതിയിറങ്ങി
മുത്തേന്ന് വിളിച്ചു കേറി വന്നിട്ടില്ല...
മുറ്റത്ത് നിന്നു നിലാവ് കോരി കാലിലൊഴിച്ചിട്ടുമില്ല...

എന്റെ നെഞ്ചിനകത്തെ മിടിപ്പാണ് നീയെന്ന്
എന്നെ മാറോടമർത്തി പറഞ്ഞിരുന്നത്
എനിയ്ക്കിപ്പോ മനസ്സിലാവുന്നുണ്ട്.
അന്നെനിയ്ക്കാതിനായില്ലെങ്കിലും... 
   ( സലീം കുലുക്കല്ലുർ )

No comments:

Post a Comment