Friday 21 August 2020

നിയോഗം

നിയോഗം 
👣👣👣👣
കടന്നലിരമ്പിയ തലച്ചോറിൽ
ശിരസ്സു പിളർക്കുന്ന വേതാള ചോദ്യങ്ങൾ 
തെരു തെരെ മുട്ടിവിളിച്ചപ്പോൾ
ഈ ചെക്കന് വട്ടാണെന്ന്‌
ഗുരുമുഖം പുലമ്പിയത് തൊട്ട്....

നാടോടുമ്പോൾ നടുവേ ഓടാത്തവനെ
നാട്ടാർക്കും വീട്ടാർക്കും വേണ്ടാതായപ്പോ 
അകത്തറയിലെ ചുമരിൽ തട്ടി
ഉത്തരമില്ലാതെ മടങ്ങിവരുന്ന
സ്വന്തം ചോദ്യങ്ങളോട് കലഹിച്ച്...

കറുപ്പും വെളുപ്പും വീതം വെച്ചെടുത്ത 
ഇരുട്ടറയിലെ ജീവിതത്തിൽ
അന്യമായിപ്പോയ യൗവ്വനം
സ്വപ്നം കണ്ട്...

മുരടിപ്പിന്റെ ആണിവേരിൽ
ഒരു തുള്ളി ഇറ്റുന്നത് കിനാക്കണ്ട്‌
നിറങ്ങളുടെ ലോകത്തേക്ക്
പറന്നിറങ്ങാൻ കൊതിച്ച നാളുകളിൽ...

ഒരിയ്ക്കൽ... 
ആരും കാണാതെ
അടയ്ക്കാത്ത പടിപ്പുര താണ്ടി 
ഇടയ്ക്കെപ്പോഴോ ഊർന്നിറങ്ങി 
ഒരുപ്പോക്കു പോയവൻ,
തല്ലിയും തലോടിയും 
തിര കണക്കു തീർക്കുന്നൊരു 
കടലോരത്തിരുന്നു..

ഉഷ്ണം പൊതിഞ്ഞു പകൽ തന്ന വെയിലത്ത് 
ഒരു കൂട്ടം വ്യഥകളെ ഉണക്കാനിട്ട്
കാൽമുട്ടുകളിൽ മുഖം ചേർത്തങ്ങനെ....

സൂത്രക്കാരായ പെരുമീനുകൾ 
ഇര തിന്നു തുപ്പിയ ലോഹക്കോളുത്തുകൾ 
മിന്നി മറയുന്നത് നോക്കി
ഒറ്റയിരുപ്പ്...

തിര തഴുകിയുരുമ്മി
തേഞ്ഞു തീർന്ന മണൽത്തരികൾ
പതം പറഞ്ഞു കരയുന്ന 
കഥകളിൽ മുങ്ങി...

ഒടുവിൽ...

ഉപ്പു തിന്നു മടുത്ത ഉഷ്ണക്കാറ്റ് 
കടലിനെ തെറി പറഞ്ഞ്
കര കയറിപ്പോയ നേരത്ത്‌ ,
കടൽ ഞണ്ടുകൾ കളി മതിയാക്കി
മണൽ പുതപ്പിലൊളിച്ച നേരത്ത്...

ആളും കോളുമൊഴിഞ്ഞു
ആരാവങ്ങളടങ്ങിയപ്പോൾ
കടലോരം നറുനിലാവിൽ
ആടകളൂരി നഗ്നയായപ്പോൾ....

ഉപ്പൂറ്റിക്കൊപ്പം , കാൽമുട്ടിനൊപ്പം ,
അരയ്ക്കൊപ്പം കടൽ നനഞ്ഞ്
കാൽപ്പാദങ്ങൾ കടപുഴകിയ നേരത്ത്
കരകയറിപ്പോകാൻ കൽപ്പിച്ച്
തിര കരയോളം തള്ളി നീക്കിയിട്ടും... 

എനിയ്ക്ക് ചിരിയാണ് വരുന്നത്..
സ്വപ്നത്തിലെ ജീവിതം കൊതിച്ച് 
ഇരുട്ടറ വിട്ട ഒരാൾക്ക് 
മരണത്തിന്റെ തണുത്ത് നീലിച്ച
ആഴങ്ങളിലേക്ക്
നടന്നു നീങ്ങാൻ എന്തെളുപ്പം...!!.

No comments:

Post a Comment