Wednesday, 2 September 2020

നനച്ചുണക്കുന്നൊരാളെ കാത്ത്

നനച്ചുണക്കുന്നൊരാളെ കാത്ത്...
☁☁☁☁☁☁☂☁☁☁☁☁☁
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
കുത്തിയിരിപ്പുണ്ടൊരുവൾ
കറുത്തൊരാൾ പെയ്തൊഴിഞ്ഞു തോർന്ന
പുല്ലുപായ മടക്കി , അഴിഞ്ഞ മുടി കെട്ടി.....

വർഷം മുഴുവൻ ഇടവപ്പാതി അടയാളപ്പെടുത്തിയ
യൗവ്വനത്തിന്റെ കലണ്ടറിൽ
ഇരച്ചു കയറി പ്രളയം തീർത്തവർ
മുച്ചീട്ടുകളിക്കാർ,  ഒറ്റുകാർ,  മുടന്തർ , യാചകർ....

മഴമേഘങ്ങളിൽ ചിലർ 
മൂടിക്കെട്ടി ആർത്തലച്ചു പെയ്തൊഴിയുന്നവർ
ചിണുങ്ങിപ്പെയ്യുന്ന വർഷപാതം ,ചിലത്
കാറ്റടിച്ചു പറന്ന് , പെയ്യാതെ പോകുന്ന വൃഷ്ടികൾ ,
ഇടിയും മിന്നലും ചേർന്ന ജലപാതങ്ങൾ ,
പെയ്യുമ്പോൾ എല്ലാറ്റിനും 
 ഒരേ ശരീരഭാഷയുള്ളവർ...

ശരീരം പെരുമഴപ്പെയ്ത്തിന്
പെരുക്കാനെറിഞ്ഞുകൊടുത്ത്
ഒരു തരിപോലും നനയാതവൾ
അടഞ്ഞുപോയ മഴക്കുഴികൾ തുറന്ന്
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
ഒരു ചെറുമഴച്ചാറ്റലിൽ നനച്ചുണക്കുന്നൊരാളെയും
കാത്ത്..

    ( സലീം കുലുക്കല്ലുർ )

Friday, 28 August 2020

ഹൃദയമിടിപ്പ് ഇറങ്ങിപ്പോയ നേരം



ഏഴേ മുക്കാലിന്റെ ആരതി
കുഴിയിൽ വീണു മെല്ലെ മെല്ലെ
വീടിനു മുൻപിൽ മോങ്ങി നിൽക്കും
ഉപ്പാടെ സ്വന്തം സ്റ്റോപ്പ്.

മുളകൊണ്ടു കെട്ടിയുണ്ടാക്കിയ കയ്യാല 
എളിമ മറന്നു ദേഷ്യത്തിലൊന്നു  മുരളും
തൊട്ട വീട്ടിലെ പാണ്ടൻ
മയക്കം വിട്ടു ഞെട്ടിയുണർന്ന്
ആളെയറിഞ്ഞാലും ഇല്ലെങ്കിലും
ഒറ്റക്കുര കുരച്ചു മുൻ കാലിൽ
തല ചായ്ച്ചു പിന്നെയുമുറങ്ങും.

വീട്ടിലപ്പോൾ..
ഇലമുളച്ചിയും മയിൽപ്പീലിയും പെറ്റു കിടക്കുന്ന 
തടിച്ച കണക്കു പുസ്തകം
തോൾ സഞ്ചിയിലേക്കു പടപടാന്ന് കയറിപ്പോകും
കൂടെ പെൻസിലും പെന്നും റബ്ബറും

മുറ്റത്തിട്ട പരന്ന കല്ലിനടുത്തെ കിണ്ടി ,
നിറഞ്ഞ വെള്ളത്തിൽ നിലാവിനെ മുക്കി
വെളുക്കെ ചിരിയ്ക്കും.
ഉപ്പ വെള്ളത്തിനൊപ്പം നിലാവിനെയും
കാലിലൊഴിച്ചു കഴുകും .

പൂമുഖത്തേക്കുപ്പ കയറും മുമ്പേ
ഓൽക്ക് മാത്രമുള്ളൊരു സുഗന്ധം
അകത്തേക്ക് കയറിയിരിയ്ക്കും
തുറന്നു വച്ചൊരു അത്തറിൻ കുപ്പി പോലെ 
പിന്നെ വീടകം മുഴുവൻ നിറയും

കോഴിക്കൂടടച്ചോന്ന് ആടിനെ കെട്ടിയോ ന്ന്
അടുക്കള വിലാസമെഴുതിയ ഓർമ്മപ്പെടുത്തലുകൾ
ഷാർട്ടഴിച്ചു കലണ്ടറിലെ ആണിയിൽ തൂക്കുമ്പോൾ
ലക്ഷ്യത്തിലേക്ക് പറക്കും...
അടുക്കളയിൽ നിന്നൊരു തളർന്ന മൂളൽ
കേട്ടാലായി , ഇല്ലെങ്കിലായി.

പൂമുഖത്ത് നിന്നും മുത്തേ ന്നൊരു വിളി
വീടകത്തേക്ക് ഓടിക്കയറും
പാലോളം വെളുത്തൊരു പുഞ്ചിരി
പാദസര കിലുക്കത്തിനൊപ്പം
പൂമുഖത്തേക്ക്‌ ഓടിയണയും

പിന്നെയൊരു കലമ്പലാണ്,
എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ
ഇടവപ്പാതി പോലെ നിറുത്താതെ 
പട്ടിയും പൂച്ചയും അണ്ണാറക്കണ്ണനുമായി
പെയ്തു വീണ്‌ ഓടിപ്പോകും

ഉണക്കമീൻ വറുക്കുന്ന മണത്തിനൊപ്പം
ഒരു ഗ്ളാസ് കടുപ്പത്തിലൊരു ചായ
അടുക്കളയിൽ നിന്നു പുറത്തേക്കു വരും
തോർത്തുമുണ്ടും കുളി സോപ്പും കൊടുത്ത് 
ഒന്നോ രണ്ടോ മിണ്ടി , മീൻ വറുത്ത മണത്തിലേക്ക്
തിരികെ അലിഞ്ഞു ചേരും

പതിമൂന്ന് വയസ്സില് കെട്ടിച്ചു വിട്ടയന്ന്
പടിയിറങ്ങിപ്പോയ ഉപ്പാടെ മണം
പിന്നെ ഇന്നോളം ഏഴരയുടെ ആരതിയിറങ്ങി
മുത്തേന്ന് വിളിച്ചു കേറി വന്നിട്ടില്ല...
മുറ്റത്ത് നിന്നു നിലാവ് കോരി കാലിലൊഴിച്ചിട്ടുമില്ല...

എന്റെ നെഞ്ചിനകത്തെ മിടിപ്പാണ് നീയെന്ന്
എന്നെ മാറോടമർത്തി പറഞ്ഞിരുന്നത്
എനിയ്ക്കിപ്പോ മനസ്സിലാവുന്നുണ്ട്.
അന്നെനിയ്ക്കാതിനായില്ലെങ്കിലും... 
   ( സലീം കുലുക്കല്ലുർ )

Friday, 21 August 2020

നിയോഗം

നിയോഗം 
👣👣👣👣
കടന്നലിരമ്പിയ തലച്ചോറിൽ
ശിരസ്സു പിളർക്കുന്ന വേതാള ചോദ്യങ്ങൾ 
തെരു തെരെ മുട്ടിവിളിച്ചപ്പോൾ
ഈ ചെക്കന് വട്ടാണെന്ന്‌
ഗുരുമുഖം പുലമ്പിയത് തൊട്ട്....

നാടോടുമ്പോൾ നടുവേ ഓടാത്തവനെ
നാട്ടാർക്കും വീട്ടാർക്കും വേണ്ടാതായപ്പോ 
അകത്തറയിലെ ചുമരിൽ തട്ടി
ഉത്തരമില്ലാതെ മടങ്ങിവരുന്ന
സ്വന്തം ചോദ്യങ്ങളോട് കലഹിച്ച്...

കറുപ്പും വെളുപ്പും വീതം വെച്ചെടുത്ത 
ഇരുട്ടറയിലെ ജീവിതത്തിൽ
അന്യമായിപ്പോയ യൗവ്വനം
സ്വപ്നം കണ്ട്...

മുരടിപ്പിന്റെ ആണിവേരിൽ
ഒരു തുള്ളി ഇറ്റുന്നത് കിനാക്കണ്ട്‌
നിറങ്ങളുടെ ലോകത്തേക്ക്
പറന്നിറങ്ങാൻ കൊതിച്ച നാളുകളിൽ...

ഒരിയ്ക്കൽ... 
ആരും കാണാതെ
അടയ്ക്കാത്ത പടിപ്പുര താണ്ടി 
ഇടയ്ക്കെപ്പോഴോ ഊർന്നിറങ്ങി 
ഒരുപ്പോക്കു പോയവൻ,
തല്ലിയും തലോടിയും 
തിര കണക്കു തീർക്കുന്നൊരു 
കടലോരത്തിരുന്നു..

ഉഷ്ണം പൊതിഞ്ഞു പകൽ തന്ന വെയിലത്ത് 
ഒരു കൂട്ടം വ്യഥകളെ ഉണക്കാനിട്ട്
കാൽമുട്ടുകളിൽ മുഖം ചേർത്തങ്ങനെ....

സൂത്രക്കാരായ പെരുമീനുകൾ 
ഇര തിന്നു തുപ്പിയ ലോഹക്കോളുത്തുകൾ 
മിന്നി മറയുന്നത് നോക്കി
ഒറ്റയിരുപ്പ്...

തിര തഴുകിയുരുമ്മി
തേഞ്ഞു തീർന്ന മണൽത്തരികൾ
പതം പറഞ്ഞു കരയുന്ന 
കഥകളിൽ മുങ്ങി...

ഒടുവിൽ...

ഉപ്പു തിന്നു മടുത്ത ഉഷ്ണക്കാറ്റ് 
കടലിനെ തെറി പറഞ്ഞ്
കര കയറിപ്പോയ നേരത്ത്‌ ,
കടൽ ഞണ്ടുകൾ കളി മതിയാക്കി
മണൽ പുതപ്പിലൊളിച്ച നേരത്ത്...

ആളും കോളുമൊഴിഞ്ഞു
ആരാവങ്ങളടങ്ങിയപ്പോൾ
കടലോരം നറുനിലാവിൽ
ആടകളൂരി നഗ്നയായപ്പോൾ....

ഉപ്പൂറ്റിക്കൊപ്പം , കാൽമുട്ടിനൊപ്പം ,
അരയ്ക്കൊപ്പം കടൽ നനഞ്ഞ്
കാൽപ്പാദങ്ങൾ കടപുഴകിയ നേരത്ത്
കരകയറിപ്പോകാൻ കൽപ്പിച്ച്
തിര കരയോളം തള്ളി നീക്കിയിട്ടും... 

എനിയ്ക്ക് ചിരിയാണ് വരുന്നത്..
സ്വപ്നത്തിലെ ജീവിതം കൊതിച്ച് 
ഇരുട്ടറ വിട്ട ഒരാൾക്ക് 
മരണത്തിന്റെ തണുത്ത് നീലിച്ച
ആഴങ്ങളിലേക്ക്
നടന്നു നീങ്ങാൻ എന്തെളുപ്പം...!!.