മരുഭൂമിയിലേക്കുള്ള യാത്രയില്‍
തിരിഞ്ഞു നോക്കരുത്
ആവാഹിച്ചെടുത്ത ആത്മധൈര്യത്തില്‍
വെള്ളം ചേര്‍ക്കരുത്
ഉറ്റവളുടെ കണ്ണുകളിലെ
നഷ്ടബോധത്തിന്റെ ജലാശയങ്ങളില്‍
മുങ്ങിത്താഴരുത്
മുന്നോട്ടുള്ള പ്രയാണത്തില്‍ വെറുതെ
ഒരു പിന്‍വിളിക്ക് കാതോര്‍ക്കരുത്
പകരം....
കണ്ണിനും കഴ്ച്ചയ്ക്കുമിടയില്‍
കറുത്തൊരു തിരശ്ശീല തൂക്കണം
കരളിന്റെ സ്ഥാനത്ത് കനത്തൊരു
കരിങ്കല്ല് വെയ്ക്കണം,
തേങ്ങലുകള്‍ പിറക്കുന്ന കണ്ഠത്തില്
അരക്കുരുക്കി ഒഴിയ്ക്കണം,
മുന്നോട്ട് ചലിയ്ക്കുന്ന പാദങ്ങളെ
പിന്നോട്ട് വിളിക്കുന്ന മനസ്സിനെ
ചാട്ടവാറിനാല്‍ പ്രഹരിയ്ക്കണം ,
അലറിയടിക്കുന്ന വിരഹത്തിരയില്‍
അടി പതറാതെ നില്‍ക്കണം,
ആകെയുലയ്ക്കുന്ന സങ്കടക്കൊടുങ്കാറ്റില്‍
ഹൃദയം നിലയ്ക്കാതെ നോക്കണം....
ഞാനിങ്ങനെയോക്കെയാണ് ഒരു
മരുഭൂയാത്രയ്ക്ക് തയ്യാറെടുക്കുന്നതും
ഒരു മടക്കയാത്ര വരേക്കെങ്കിലും
ആത്മഹത്യ ചെയ്യുന്നതും......!!!.