പണ്ട്.........
പണ്ടേയ്ക്കും പണ്ടെന്‍റെ കുട്ടിക്കാലത്ത്
തീക്കട്ട പോലെ പഴുത്തൊരുച്ചയ്ക്ക്
വടക്കോട്ട് പോയ നിലമ്പൂര് വണ്ടിക്ക് ,
നൂറുനൂറ് ചക്രം തിരിച്ച്
നീണ്ടു നിവര്‍ന്നു കിടക്കുന്ന
കൂട്ടിമുട്ടാത്ത പാളം താണ്ടി
മൂച്ചിപ്പാലവും മാട്ടായിക്കട്ടിയും കടന്ന്
സ്വപ്‌നങ്ങള്‍ കയറ്റിയിറക്കി
നിലമ്പൂരിലേക്ക് പാഞ്ഞ വണ്ടിക്ക്
അന്നൊരാള്‍ വട്ടം ചാടിയിരുന്നു
കഴുത്തും പിന്നെ അരയും മുറിഞ്ഞ്
മൂന്നായി മാറിയൊരുത്തന്‍
മലവും മൂത്രവുമുണങ്ങിക്കറുത്ത്
പൊരി വെയിലില്‍ ചുട്ടുപഴുത്ത
ഇരുമ്പ് പാളത്തിലിങ്ങനെ
അറുത്തു മുറിച്ചിട്ട മാടിനെപ്പോലെ
ചിതറിക്കിടന്നിരുന്നു
കരിഞ്ഞുണങ്ങിയൊരു വള്ളി പോലെ
ചെറുകുടല്‍ നീണ്ടു കിടന്നിരുന്നു
കറുത്തു ചുരുണ്ട മുടിയിഴയപ്പോഴും
ചെറു കാറ്റില്‍ മെല്ലെ വിറച്ചിരുന്നു
ജീവിതത്തിലന്നോളം കിനാവ് കണ്ട കണ്ണുകള്‍
പാതി തുറന്നേ കിടന്നിരുന്നു
പിന്നിപ്പോയ ഉടയാടകളില്‍
ചെഞ്ചോര പടര്‍ന്നുണങ്ങിയിരിന്നു
ഇന്ന്.......
ആണ്ടറുതികളിലെ യാത്രകളിലിപ്പോഴും
പാളത്തിലൂടെ നടക്കുമ്പോള്‍
ജീവിതത്തോടു കലഹിച്ച്
തന്നോട് തന്നെ പക തീര്‍ത്ത്
പടിയിറങ്ങിപ്പോയ വെറും പാവങ്ങള്‍
ഓര്‍മ്മപ്പൂന്തോപ്പുകളില്‍ നീളെ
ചുവപ്പ് പടര്‍ത്താറുണ്ട് .
അവസാനമില്ലത്ത ചോദ്യങ്ങള്‍ക്ക്
ഉത്തരം കണ്ടെത്തിയവരൊക്കെ
ഞാനൊറ്റയ്ക്കാകുമ്പോള്‍
എന്‍റെ കൂടെ പാളത്തിലൂടെ നടക്കാറുണ്ട്
ഏതു ജീവിത പടുകാലത്തിലും
എന്തൊക്കെയുണ്ടായാലും തളരാതെ
പതറാതെ നില്‍ക്കാന്‍ ഉപദേശിക്കാറുണ്ട്
സ്വപ്നങ്ങള്‍ക്ക് പിറകെ പാഞ്ഞ്
ദുരിതങ്ങള്‍ ഇരന്നു വാങ്ങരുതെന്നോട്
അടക്കം പറയാറുണ്ട്
വല്ലാണ്ട് മോഹിച്ച് വെറുതെ
ഇല്ലാതാവരുതെന്ന്‍ കാതില്‍ മൊഴിയാറുണ്ട്..
പരമ സാധുക്കള്‍.......
മരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്‍റെ
നൂറിലൊന്ന് കൊണ്ടെങ്കിലും
ജീവിതത്തോട് പൊരുതിയിരുന്നെങ്കില്‍
നിലമ്പൂരിലെക്കുള്ള ഈ പാളത്തിലിങ്ങനെ
ഇടയ്ക്കിടക്ക്
ചോരപ്പൂക്കള്‍ വിടരുമായിരുന്നില്ല....
വടക്കോട്ടുള്ള ഈ പാതയിങ്ങനെ
മരിച്ചുപോയ സ്വപ്നങ്ങള്‍ കൊണ്ട്
നിറയുമായിരുന്നില്ല....!