മറുത്തു പറഞ്ഞാലും ഇല്ലെങ്കിലും
മുറുമുറുക്കുന്ന നിനക്ക്
മരണമില്ലെന്ന തോന്നലാകാം ഈ
മദം പൊട്ടലിനുള്ള കാരണം.
മധുരം പുരട്ടിയ വാക്കുകള്‍
ആരതി ഉഴിയുമ്പോള്‍
മദനനാവേശിച്ചു തുടിയ്ക്കും ദേഹം
മധു നിറഞ്ഞു വഴിയുമ്പോള്‍
സുരത സ്വര്‍ഗ്ഗ തമോഗര്‍ത്തങ്ങളുടെ
ആഴമറിയാതെ പോയതെന്‍റെ കുറ്റം
എന്‍റെ മാത്രം കുറ്റം...!
വെറുപ്പിന്‍റെ കട്ടി നൂലുകൊണ്ട്
ഇറുക്കിത്തുന്നിയ കഞ്ചുകം ധരിച്ച്
മരിയ്ക്കുവോളം നീയെന്നെയിങ്ങനെ
ശാപവാക്കുകള്‍ കൊണ്ട് മൂടണം...
കരയാന്‍ പോലുമാകാതെ വാ പൊത്തി
കണ്ണുകള്‍ തുറിച്ച് ശ്വാസം മുട്ടി
പിടയുന്നത് കണ്‍പാര്‍ത്തെങ്കിലും
ഒടുങ്ങിത്തീരട്ടെ നിന്‍റെയീ പെരും പക .
ചുടല നൃത്തമാടി തളരുമ്പോള്‍ നിനക്ക്
ഉടല് മുറിച്ചൊരു ചിരട്ട നിറച്ചു നല്‍കാം
കൊഴുത്ത കടും ചുവപ്പിലെന്‍റെ
ഇളം ചൂടുള്ള ഉയിരിന്‍റെ ചോര ..
മതിയായില്ലെങ്കില്‍ ...
കനല് വീണു പോള്ളിയടര്‍ന്നയെന്‍
കരള് വറുത്തൊരു പാത്രം നല്‍കാം
പക തീരുവോളം കറുമുറെ
കൊറിച്ചുല്ലസിച്ചു തീര്‍ക്കാന്‍...
ഉച്ചിക്ക് വെച്ച കൈകള്‍ കൊണ്ട്
ഉദകക്രിയ ചെയ്യാന്‍ അറപ്പറ്റ നിനക്ക്
അല്പം അലിവെന്നോട് തോന്നുകില്‍
അന്നായിരിയ്ക്കും ഈ ലോകാവസാനം..