മനയ്ക്കലെ പറമ്പില്‍ തടിപിടിയ്ക്കാന്‍ വന്ന
വിരിഞ്ഞ നെഞ്ചും ഉരുക്ക് ഗാത്രവുമുള്ള
കറുകറുത്ത രാമേട്ടനെന്ന ആനപ്പാപ്പാനോട്
മനയ്ക്കലെ വല്ല്യമ്പ്രാട്ടിയ്ക്ക് എന്താ തോന്നിയതെന്ന്
എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടിയിരുന്നില്ല
ഉറച്ച ശബ്ദത്തില്‍ ഇടത്താനേ വലത്താനേന്ന്
പാപ്പാന്‍ രാമേട്ടന്‍ ആനയോടാജ്ഞാപിക്കുമ്പോള്‍
മട്ടുപ്പാവിലെ തുറന്നിട്ട കിളിവാതിലനിരികില്‍
ഒട്ടൊന്നു വിടര്‍ന്ന മിഴിയാല്‍ നിര്‍ന്നിമേഷയായി
തമ്പുരാട്ടി രാമേട്ടനെ നോക്കി നില്‍ക്കുമായിരുന്നു
ചേങ്ങില മേളവും കത്തിയും താടിയും തേടി
നാട് ചുറ്റി രാവു വെളുപ്പിച്ച പാവം വെല്ല്യമ്പ്രാന്‍
നല്ല പാതിയുടെ കത്തുന്ന യൌവ്വനവും
നിരാശയുടെ നിശ്വാസവും നെടുവീര്‍പ്പും,
ഒരിയ്ക്കലും പുലരാ കിനാവിന്‍റെ
കണ്ണീരു പുരണ്ട വേപഥുവും കണ്ടു കാണില്ല
മനയ്ക്കലെ പണിക്കാരി കുളക്കടവില്‍ പറഞ്ഞത്
ചുണ്ടും ചെവിയും കൈമാറി നാടാകെ പരന്നപ്പോള്‍
അളിയാ രാമേട്ടന്‍റെ ഒരു യോഗമെന്ന്
ആണുങ്ങള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു
എടീ തമ്പ്രാട്ടിയുടെ ഒരു ധൈര്യമെന്ന്
പെണ്ണുങ്ങള്‍ തമ്മില്‍ കുശു കുശുത്തു..
ഒരീസം കാളവേലേടന്ന്‍ പാലത്തിനു താഴെ തോട്ടില്‍
ചേറില്‍ മുഖം പൂഴ്ത്തി മരിച്ചു കിടന്നു
ആണെന്ന വാക്കിന്‍റെ ഞങ്ങടെ നാട് കണ്ട പര്യായം
രാമേട്ടനെന്ന ആനയെ മെരുക്കുന്ന ആണ്‍ സിംഹം ..!
ഷാപ്പീന്ന് വരുന്ന വഴി കാലു തെന്നിയെന്നും, അതല്ല
ആപ്പ് വെച്ചതു മറ്റാരുമല്ല വെല്ല്യമ്പ്രാനെന്നും,
കഥകള്‍ പലതുമങ്ങനെ ചരട് പൊട്ടിയ പട്ടം പോലെ
ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആകാശം മുട്ടി.
ദേശക്കാള കാവ് കേറുമ്പോ വന്ന പോലീസുകാര്
അളന്ന് നോക്കി എഴുതിക്കൂട്ടി പായയില്‍ പൊതിഞ്ഞ്
രാമേട്ടനെ എങ്ങോട്ടോ കൊണ്ട് പോയി
അന്ന് രാത്രി ഏമാന്മാര്‍ കോഴിയും ചാരായവും കൂട്ടി
മനയ്ക്കലെ തൊടിയില്‍ ഊഴം വെച്ച് ചര്‍ദ്ധിച്ചു..
ഇപ്പോഴെന്തായാലും കഥകളിയരങ്ങു തേടി
വെല്ല്യമ്പ്രാന്‍ ഊരും ഉലകവും ചുറ്റാറില്ല...
അസ്തമയം ചുവപ്പിച്ച കവിളുകളും
നക്ഷത്രം പൂത്തുലഞ്ഞ കണ്ണുകളുമായല്ലാതെ
വെല്ല്യമ്പ്രാട്ടിയിപ്പോ പുറത്തിറങ്ങാറുമില്ല...