കശ്മലന്‍ , കണവനാണെന്നാലുമാ
കാലനെയങ്ങനെ വിളിക്കട്ടെ ഞാന്‍
കണ്ടിട്ടേയില്ല ഇന്നോളം ഞാനൊറ്റ
ദിനവുമാ ദേഹത്തെ സ്വബോധാമോടെ ..
പത്തുമഞ്ഞൂറും കിട്ടുമോരോ ദിനം
ചത്തു പണിഞ്ഞാല്‍ കൂലിയായ് നിത്യം
എന്നിട്ടുമെന്നും കടം പറഞ്ഞീടും
വാറ്റ് മോന്തുന്ന ഷാപ്പില്‍ പോലും...
പിള്ളേര് നാലുണ്ട് പിന്നെ ഞാനും
കള്ള് നിറയ്ക്കുമങ്ങേര്‍ തന്‍ വയര്‍,ഈ
പിള്ളേര്‍ വിശപ്പാല്‍ പൊരിഞ്ഞലറീടുമ്പോള്‍
പള്ള നിറയ്ക്കാന്‍ ഞാനെന്തു ചെയ്യും ?
കള്ളെന്ന വെള്ളം മോന്തുവാനില്ലെങ്കില്‍
എള്ളോളം പിന്നില്ല അങ്ങേര്‍ക്കു ശൌര്യം
ഉള്ള് പൊരിഞ്ഞു ഇതെത്ര ശപിച്ചീ
കള്ളുകുടിയനെ ഞാനെത്ര വട്ടം !
കൊള്ളാം ഇതൊക്കെ ഞാനെത്ര ചൊല്ലി
കേള്‍ക്കാനാര്‍ക്കുണ്ട് കാത് രണ്ട്
തല്ലുവാന്‍ കൊല്ലുവാന്‍ ശക്തിയുണ്ട് ,പക്ഷെ
തെല്ലും എല്ലില്ല എന്‍ അല്ലല്‍ തീര്‍ക്കാന്‍..
കല്ലിനാലല്ല പണിതതെന്‍ ഹൃത്തടം
എന്നെങ്കിലുമാ ദേഹം ഓര്‍ത്തിടെണ്ടേ
എന്ത് ഞാന്‍ ചൊല്ലേണ്ടു ഇനിയുമേറെ ,ഈ
പൊള്ളുന്ന ജീവിതക്കടല്‍ തീര്‍ത്തിടാനായ്
ആര് തീര്‍ത്തുലകിലീ മദ്യമാവോ ?