വിധിക്ക് മുന്നിലായ് കഴുത്തു നീട്ടുമീ
വിരിഞ്ഞപൂക്കള്‍ തന്‍ വ്രണിത മാനസം
വെറുമോരോമല്‍ കിനാവ് പോലെയീ
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..
വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ
കടും നിറങ്ങളും നറു , സുഗന്ധവും പേറി
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..
നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍
തരുന്ന മാനസ സുഖങ്ങളോക്കെയും
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..
ഇറുത്തെടുത്തിടും കനിവതില്ലാതെ
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..
കറുത്ത മാനസം ഭരിക്കും ലോകമില്‍
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും
കരഞ്ഞു തീര്‍ത്തിടാം സ്വയം പഴിച്ചിടാം.
വരിക താരകം നിറഞ്ഞ മാനമേ
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്‍
കരുത്തു നല്‍കുകെന്‍ മഹാ പ്രപഞ്ചമേ ....