മീനത്തില്‍ മരിക്കാന്‍ കിടക്കുന്ന തൂതപ്പുഴയുടെ
കനവ് വറ്റിയ കണ്ണീര്‍ ചാലില്‍ കാല്‍ നനച്ച്
ഞങ്ങള്‍ മാട്ടായി താലപ്പൊലിക്ക് പോകും.
വേഗം നടന്നില്ലെങ്കില്‍ കൂമ്പന്‍ മല പൊട്ടി
മലവെള്ളം വരുമെന്ന് പറഞ്ഞു പേടിപ്പിച്ച്
കാരണവന്മാര്‍ മുന്‍പേ നടക്കും.
കണ്ണീരു നനഞ്ഞു പുഴമണല്‍ പുരണ്ട
തേഞ്ഞു തുളഞ്ഞ റബ്ബര്‍ ചെരിപ്പുകള്‍
തൊള്ള തുറന്ന് കെക്കക്കേ എന്നപ്പോള്‍
കൊല്ലുന്ന പോലെ കളിയാക്കിച്ചിരിക്കും.
ഇടവം പകുതി കടക്കുവോളം തൂതപ്പുഴയിങ്ങനെ
കൊടും ചൂടിലും രാത്രിയുടെ ഏകാന്തതയിലും
ഇവള്‍ മേലാട നഷ്ടപ്പെട്ടവള്‍,ചോര വറ്റിയ ദേഹം മൂടി
വെറും കണ്ണീര്‍ തൂവാലയുടുത്തു മാനം നോക്കി
ഉടല് മറച്ച് നെടുവീര്‍പ്പിട്ട് കിടക്കും.
പുഴക്കരയിലെ ഷാപ്പില്‍ നിന്ന് എന്നത്തെയും പോലെ
മുളക് പൊടി ചുവപ്പിച്ച ചൂട് പോത്തിറച്ചി തിന്ന്‍,
ചുണ്ടും നാവും ചുവപ്പിച്ച അധോദ്വാരങ്ങള്‍
പോത്തുപോലെ അമറി ഇവളുടെ മാറിലേക്ക് തുറക്കും...
അരണ്ട വെളിച്ചത്തില്‍ വിഷം മുറ്റിയ നാഗങ്ങള്‍
ഉടുമുണ്ടഴിച്ചു മണലില്‍ വിരിച്ചു കിതച്ച്,
കാമം തിളച്ചാറി കുറുകിയ കൊഴുത്ത വിഷം
ഒരു സീല്‍ക്കാരത്തോടെ പുറത്തേക്ക് ചീറ്റും...
പേയിളകി , തുടലില്‍ കിടന്ന് നാലാം ദിവസം
വെള്ളം കിട്ടാതെ കണ്ണ് തുറിച്ച് പിടഞ്ഞു ചത്ത
പപ്പനാവന്‍റെ പാവം പാണ്ടന്‍ നായക്ക്
ഇവളുടെ നെഞ്ച് തുരന്നൊരു കുഴിയെടുക്കും.
പൂരവും ഉത്സവങ്ങളും കൊടിയിറങ്ങി
പാലക്കാടന്‍ മണ്ണ് തളര്‍ന്നു കിടക്കുമ്പോള്‍
ആലിപ്പഴം വാരിയെറിഞ്ഞ് ഇക്കളി കൂട്ടി
ഇടവപ്പാതിക്കൊരു വരവുണ്ട്
തൂതപ്പുഴയപ്പോള്‍ ചോന്ന പട്ടുടുക്കും
പൂമാലയണിഞ്ഞ് അരമണികിലുക്കി ചിലമ്പണിഞ്ഞ്
ഉറഞ്ഞു തുള്ളി ഉന്മാദിനിയായി നിറഞ്ഞൊഴുകും,
ഞങ്ങള് നാട്ടുകാര് കനിഞ്ഞു നല്‍കിയ
അവിഹിത ഗര്‍ഭങ്ങള്‍ കലക്കിക്കളഞ്ഞ് തൂതപ്പുഴ
അഗ്നിശുദ്ധി വരുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കും...
മാസം മൂന്നോ നാലോ പോലും കഴിയേണ്ട
നഗ്നത കാട്ടി കണ്ണീരൊഴുക്കി പിന്നെയുമവള്‍
ഇടവപ്പാതി സ്വപ്നം കണ്ടു മലര്‍ന്നു കിടക്കും,
ഞങ്ങള്‍ നാട്ടുകാരപ്പോള്‍ വേലയും വെടിക്കെട്ടും
കൈവിരലില്‍ കണക്കു കൂട്ടിത്തുടങ്ങും...
നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം
നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല
സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍ നാട്ടുകാര്‍
ഇനിയൊന്നും ഒരിക്കലും പഠിക്കുകയുമില്ല...