വിശുദ്ധിയോടെയല്ലാതെ അന്യന്‍റെ
ജീവിതത്തിലേക്ക് കടക്കുന്നവള്‍
വേശ്യക്ക് തുല്യയെന്ന് വാദിച്ചവളോടാണ്
ഞാനെന്‍റെ അറുത്തെടുത്ത പാതി ഹൃദയം
തിരികേ യാചിക്കുന്നത്...
ഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍
മുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച്
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ്
ഞാനെന്‍റെ പകുത്തെടുത്ത കരള്‍
തിരിച്ചു ചോദിക്കുന്നത്...
തമ്മില്‍ പിരിയേണ്ടി വന്നാല്‍ പിന്നെ
മരിച്ചെന്ന്‍ കരുതിയാല്‍ മതിയെന്ന്
മുഖം മാറിലണച്ച് തേങ്ങിയവളോടാണ്
ഞാനെന്‍റെ കട്ടെടുത്ത യൗവ്വനം
തിരികെ വേണമെന്ന്അപേക്ഷിക്കുന്നത്...
സ്വപ്നങ്ങളോളം ശബളിമ യാഥാര്‍ത്ഥ്യത്തിനില്ലെന്ന്
തിരിച്ചറിയാന്‍ വൈകിപ്പോയ പടുവിഡ്ഢിയ്ക്ക്
ചതിയുടെ ചിതല്‍ തിന്ന് തീര്‍ത്ത ഈ ജീവിതത്തില്‍
യാചിയ്ക്കാനല്ലാതെ മറ്റെന്തിനാകും...?
ജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
പരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്,
നമുക്കൊരു കരളുമാത്രമുണ്ടായിരുന്നകാലത്തെ
ഒരു മാത്രപോലും ഉള്ളുരുക്കാത്ത നിനക്കിപ്പോള്‍
ചേരുന്നത് തന്നെയീ കരിങ്കല്ല് ഹൃദയം ..!