Wednesday, 21 March 2012

മോഹം


സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ  
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ 
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം 
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .   


കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും   
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും  
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ  
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.  


നാളത്തെ പുലരിയെ കാണുവാനായെങ്കില്‍  
നാവെടുത്തെനിക്കൊന്നു  മിണ്ടുവാനായെങ്കില്‍ 
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും 
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .

നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍ 
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍  .


നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ 
നിനവുകള്‍ എന്‍റെതുമതു  പോലെയല്ലേ 
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍ 
നിസ്തുല സത്യമായ് തീരുവതെന്നോ...?.

Saturday, 10 March 2012

ഭ്രൂണഹത്യ

ചിതലരിച്ച ആതുരാലയത്തിന്‍റെ 
ചീഞ്ഞളിഞ്ഞ പിന്നാമ്പുറത്ത്
ചിതറിത്തെറിച്ച ഭ്രൂണത്തിന്‍റെ 
ചങ്ക് പിടയുന്ന ആര്‍ത്തനാദം ...

പത്തുമാസത്തെ കണക്കു പറയാതെ

പേറ്റുനോവ് പഴങ്കഥയാക്കി
പാപക്കറ പുരണ്ട ആതുരാലയത്തിന്‍റെ 
പടിയിറങ്ങി ഒരമ്മ ...!

നിമിഷ സുഖത്തിന്‍റെ നിറമാര്‍ന്ന ജീവിതം

നിറവയറില്‍ ജീവനായ് തുടിച്ചെങ്കില്‍
പിറക്കും മുന്‍പേ
കൊലമരമേറിയ
പൂങ്കുരുന്നെന്തു പിഴച്ചു ....?

Wednesday, 7 March 2012

സമയമുണ്ടോ ബാക്കി ......?

കഴിഞ്ഞകാലത്തിന്‍റെ ഇടവഴികളില്‍ കളഞ്ഞു പോയ നനുത്ത പ്രണയത്തിന്‍റെ വളപ്പൊട്ടുകള്‍ ഓര്‍മ്മചെപ്പില്‍ നിന്ന് പെറുക്കിയെടുത്തു താലോലിക്കാന്‍ , പരുക്കന്‍ ജീവിത ചിന്തകള്‍ യൌവ്വനകാലത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ വഴിയിലുപേക്ഷിച്ച നഷ്ട സ്വപ്നങ്ങളെ മുറുകെയൊന്നു പുണരാന്‍ , സുഖ ദുഖങ്ങളുടെ ചൂടും ചൂരും ഒപ്പിയെടുത്ത് താങ്ങും തണലും നല്‍കി കൂടെ നിന്നവരുടെ മനോദുഖങ്ങള്‍ക്ക്‌ സ്വാന്തനം പകരാന്‍ ,ഇനിയെന്ന് എരിഞ്ഞു തീരുമെന്നറിയാത്ത ഈ ജീവിതത്തില്‍  സമയമുണ്ടോ ബാക്കി ......? 

Monday, 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.