Saturday, 13 August 2011

മുഖഭാവം

ആദ്യമായി യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു  സ്നേഹത്തോടെ ഉള്ളം കയ്യിലെ നെല്ലിക്ക ഒരിളം ചിരിയോടെ അവള്‍ എനിക്ക് നേരെ നീട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വേണ്ട " എന്ന് . അന്ന് എന്തായിരുന്നു ആ മുഖത്തെ ഭാവം എന്ന് എനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ വയ്യ . പിന്നെ ഹൈസ്കൂളില്‍ വെച്ച് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ വെളുത്തു തടിച്ചു വാലിട്ടു കണ്ണെഴുതി എന്നും മുഖത്തൊരു പുഞ്ചിരി ഒളിപ്പിച്ചു വന്നിരുന്ന ആ പാവം പെണ്ണിന് ഒരു മറുപടിയും കൊടുക്കാതെ തല താഴ്ത്തി നടന്നു നീങ്ങിയപ്പോഴും അവളുടെ മുഖത്തെ ഭാവം എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസം .പിന്നെയും സ്കൂളിലും കൊളെജിലുമായി എത്ര പേര്‍..?  ഞാന്‍ ആരെയും മനസ്സ് തുറന്നു പ്രേമിച്ചിട്ടില്ല . എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരോടൊക്കെ ഞാന്‍ പറഞ്ഞതും ചെയ്തതും നിഷേധഭാവത്തിലായിരുന്നു .പഠിത്തം കഴിഞ്ഞ് പിന്നെയും എത്ര പേര്‍ ...രമ്യ മേനോന്‍ ..അശ്വതി വര്‍മ ...ലതിക ...ഗീത .. പിന്നെ..  അങ്ങനെ എത്ര പേര്‍..?  എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു . എനിക്കും എല്ലാവരെയും ഇഷ്ടമായിരുന്നു പക്ഷെ ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല
എല്ലാം കേട്ട് കഴിഞ്ഞ് ഭാര്യ പറഞ്ഞു .."ശരിയാണ് നിങ്ങള്‍ക്ക് പ്രേമിക്കാനറിയില്ല ..ഈ എന്നെയും " അത് പറഞ്ഞു അവള്‍ തിരിഞ്ഞു കിടന്നു . ഇരുട്ടാണെങ്കിലും ഭാര്യയുടെ മുഖത്തെ ഇപ്പോഴത്തെ  ഭാവം എന്താണെന്ന് എനിക്കിപ്പോള്‍ കൃത്യമായി വായിച്ചെടുക്കാനാവുന്നുണ്ട് .

No comments:

Post a Comment