മരണം കാത്ത്...
****************
മരണം കാത്ത് ഈ കട്ടിലില്‍ ഇതേ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് എത്രയായി? ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..ചുറ്റും നില്‍ക്കുന്നവരുടെ ശബ്ദം കൊണ്ട് അവരെ തിരിച്ചറിയാനുണ്ട്. പക്ഷെ കണ്ണുതുറന്നു വരെ കാണാന്‍ വയ്യാ..വായ് തുറന്നു എന്തെങ്കിലും പറയാനും.എങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് .....? ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഇതാണോ മരിക്കാന്‍ കിടക്കുക എന്നാല്‍? ദൈവമേ....ആശകളോന്നും ബാക്കി വെച്ചിട്ടില്ല ഉത്തരവാദിത്തങ്ങളും....ആണ്‍ മക്കള്‍ രണ്ടും കല്യാണം കഴിച്ചു .പെണ്മക്കള്‍ മൂന്നിന്‍റെയും കല്ല്യാണം കഴിഞ്ഞു. പിന്നെ ആയ കാലത്ത് അദ്വാനിച്ചുണ്ടാക്കിയ സ്വത്ത് ആര്‍ക്കും പരാതി കൂടാതെ എല്ലാവര്‍ക്കുമിടയില്‍ കൃത്യമായി വീതിച്ചു കൊടുക്കണം അത് മാത്രമേ ഇനി ബാക്കിയുള്ളൂ .അതുകൂടി ചെയ്തു കൊടുക്കണം .എന്നിട്ട് മരിച്ചാലും വേണ്ടില്ല .പക്ഷെ ഈ കിടപ്പ് ഇങ്ങനെ കിടക്കാന്‍ വയ്യ ..ഒന്നും കാണാതെ ഒന്നും മിണ്ടാനാവാതെ ഈ കിടപ്പ് ..അസഹ്യമാണിത്. ജീവിതത്തിനും മരണത്തിനുമിടയിലെ ആ നൂല്‍പ്പാലത്തിനിടയില്‍ ആടിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഒരു സുഗന്ധം അയാളുടെ മൂക്കിലേക്ക് അടിച്ചു കയറി.നാസാരന്ദ്രങ്ങള്‍ ആവോളം വികസിപ്പിച്ച് അയാള്‍ ആ സുഗന്ധത്തെ ഉള്ളിലേക്ക് ആവാഹിച്ചു.ദൈവമേ..എവിടുന്നാണ് ഈ മനം മയക്കുന്ന സുഗന്ധം..? ഈ കിടപ്പ് തുടങ്ങിയിട്ട് ഇതുവരെ ഒരു ഗന്ധവും തനിക്ക് കിട്ടിയിട്ടില്ല...ഇതിപ്പോ..... ആരോ തന്‍റെഅടുത്തു ഇരിക്കുന്നുണ്ട് ..ആരാ...? അയ്യാള്‍ കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു പകുതി വിടര്‍ന്ന കണ്ണുകള്‍ കൊണ്ട് അയാള്‍ അത് കണ്ടു.****************
ഒരാള്‍.. വെളുത്ത നീളന്‍ കുപ്പായമിട്ട് തനിക്കരികെ തന്‍റെ കട്ടിലില്‍ ...കണ്ണുകള്‍ മുഴുവനായി അയാള്‍ കഷ്ടപ്പെട്ട് തുറന്നു..ഉണ്ട് ...വെളുത്ത നീളന്‍ കുപ്പായമിട്ട്..അസാമാന്യ നീളമുള്ള ഒരാള്‍ ..തനിക്കരികെ തന്നെയും നോക്കി കട്ടിലില്‍....എന്തൊരു ത്വേജസ്സാണ് ആ മുഖത്ത്...! പെട്ടെന്ന് കാല്‍വിരലില്‍ നിന്ന് ഒരു ഭയം അയാളുടെ തലച്ചോറിലേക്ക് വൈദ്വ്യുതതരംഗം പോലെ പാഞ്ഞു കയറി ...മരണം.....?.അയാളുടെ കണ്ണിലെ ഭയം കണ്ടിട്ടാവണം അടുത്തിരുന്നയാള്‍ അയാളുടെ കരം ഗ്രഹിച്ചു ..ഭയപ്പെടേണ്ട ..ഞാന്‍ മരണമല്ല ....സമാധാനമായിരിക്കൂ.വെപ്രാളത്തോടെ അയാള്‍ ചോദിച്ചു. പിന്നെ നിങ്ങള്‍ ആരാ....? പറയാം...എന്‍റെ കൂടെ വരൂ...അതിനു എനിക്ക് നിങ്ങളെയല്ലാതെ ഒന്നും കാണാനും കേള്‍ക്കാനും വയ്യല്ലോ ..അയാള്‍ പുഞ്ചിരിച്ചു..പിന്നെ കൈകൊണ്ടു അയാളുടെ മുഖം തലോടി.'ഇനി നിങ്ങള്‍ക്ക് എല്ലാം കാണാം..എല്ലാം കേള്‍ക്കാം..."ദൈവമേ...എന്തോരല്‍ഭുതം ...എനിക്കിപ്പോള്‍ കാണാം എല്ലാം കേള്‍ക്കാം...രാത്രിയാണ് ...ഈ മുറിയില്‍ ഞാന്‍ തനിച്ചേ ഉള്ളൂ ..അപ്പൊ തന്‍റെ കൂടെ ആരും ഇല്ലേ..?അവളെവിടെ..? തന്‍റെ ഭാര്യ...? വരൂ ആഗതന്‍ അയാളുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു .ഒരു സ്വപ്നത്തിലെന്നവണ്ണം അയാള്‍ എഴുന്നേറ്റു അഗതന്‍റെ കൂടെ പുറത്തേക്കു നടക്കവേ അയാള്‍ കേട്ടു ...തന്‍റെ കിടപ്പുമുറിയില്‍ നിന്ന് ഒരു കൂര്‍ക്കം വലി ശബ്ദം..അതെ അത് തന്‍റെ ഭാര്യയുടെതാണ്.മരണം കാത്തു കിടക്കുന്ന തന്നെ തനിച്ചാക്കി അവള്‍ സമാധാനമായി ഉറങ്ങുന്നോ.....?.ആഗതനോപ്പം പുറത്തേക്കുള്ള വഴിയെ അയാള്‍ കേട്ടു.. ഒരു പൊട്ടിച്ചിരിയുടെയും കുശു കുശുപ്പിന്‍റെയും ശബ്ദം ..!ഇളയ മകന്‍റെ മുറിയില്‍ നിന്നാണ്...അയാളുടെ അമ്പരപ്പ് കണ്ടിട്ടാവണം...ആഗതന്‍ പറഞ്ഞു.."നിങ്ങള്‍ അമ്പരക്കുന്നത് എന്തിന്? നിങ്ങള്‍ മാത്രമേ മരണം കാത്തു കിടക്കുന്നുള്ളൂ.. ബാക്കിയെല്ലാവരും ജീവിതത്തിലാണ്....നിങ്ങള്‍ ഒരാള്‍ ഇല്ലെങ്കിലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല അത് മുന്നോട്ടു പോകും .. എന്നത്തെയും പോലെ...:"നടത്തത്തിനിടെ അയാള്‍ ആഗതന്‍റെ കൈ പിടിച്ചു നിര്‍ത്തി.പിന്നെ പറഞ്ഞു എനിക്ക് എല്ലാവരെയും ഒന്ന് കാണണം ..ജീവിതത്തില്‍ എന്‍റെ എല്ലാമായ ഭാര്യയേയും ..ഞാന്‍ ഓമനിച്ചു വളര്‍ത്തിയ എന്‍റെ മക്കളെയും പേരക്കിടാങ്ങളെയും എല്ലാം...ആഗതന്‍ ചിരിച്ചു ..പിന്നെ പറഞ്ഞു കാണാം ..അതിനു മുമ്പ് നിങ്ങള്‍ക്ക് വേറെ ചിലത് കാണാനുണ്ട് ..വരൂ ..അവര്‍ വീടിനു പുറത്തേക്ക് നടന്നു..നല്ല നിലാവുണ്ട്..പൂ പോലുള്ള നിലാവില്‍ എല്ലാം പകല്‍ പോലെ കാണാം .ആഗതന്‍ അയാളെയും കൊണ്ട് വീട്ടു വളപ്പിനു പുറത്തെ വയലിലേക്കു നടന്നു....മകരക്കൊയ്ത്ത് കഴിഞ്ഞ പാടം പൂനിലാവില്‍ കുളിച്ചു കിടക്കുന്നു..."ഈ സ്ഥലം ഓര്‍മ്മയില്ലേ..? ആഗതന്‍ ചോദിച്ചു . ഉണ്ട് ഇവിടെയാണ് ഞാന്‍ എന്‍റെ കുട്ടിക്കാലം കളിച്ചു തിമിര്‍ത്തു നടന്നത് ...അതെ വയല്‍ വരമ്പുകള്‍ ..ചെടികള്‍ .ഞാന്‍ ചാടിത്തിമിര്‍ത്തു കുളിച്ചിരുന്ന അത്തികുളം...കുളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന അത്തിമരം പോലും അതേപടി ഉണ്ട്..പിന്നെ കാക്കത്തോട്...അയ്യപ്പന്‍ കാവ്...... .എല്ലാം എല്ലാം അതുപോലെ...അയാള്‍ അമ്പരന്നു ...ആഗതന്‍ ചിരിച്ചു .പിന്നെ പറഞ്ഞു...നിങ്ങളിപ്പോള്‍ അറുപതു വര്‍ഷം പിന്നിലാണ്.അയാള്‍ അമ്പരപ്പോടെ ആഗതനെ നോക്കി...അത്ഭുതപ്പെടേണ്ട...അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ജീവിച്ചിരുന്നത് ഇവിടെയായിരുന്നില്ലേ..? അതെ..അതെ.. എല്ലാം എനിക്കോര്‍മ്മയുണ്ട്..അയാള്‍ ദുഖങ്ങളെ മറക്കാന്‍ തുടങ്ങിയിരുന്നു തന്‍റെ കുട്ടിക്കാലത്തെ കാഴ്ചകള്‍ അയാളെ ഒരു കുട്ടിയാക്കി മാറ്റാന്‍ തുടങ്ങിയിരുന്നു.അവര്‍ പിന്നെയും നടന്നു പാടവരമ്പിലൂടെ ....പുല്ലാനിക്കാട്ടിലൂടെ ..പിന്നെ കവലയിലൂടെ ..എല്ലാം പഴയത് പോലുണ്ട്...ഒരു മാറ്റവുമില്ലാതെ ..നടത്തത്തിന്നിടെ അയാള്‍ പെട്ടെന്ന് നിന്നു.അതാ ..അയാള്‍ ചൂണ്ടിക്കാട്ടി ..ഞാന്‍ പഠിച്ച സ്കൂള്‍ ..നമുക്ക് അവിടെ ഒന്ന് പോകണം..അയാള്‍ പറഞ്ഞു ...പോകാം.. ആഗതന്‍ മുമ്പേ നടന്നു...അവര്‍ സ്കൂളിലേക്ക് കയറി .ആ പഴയ സ്കൂള്‍... നിറമടര്‍ന്ന് ഒറ്റക്കമ്പിയില്‍ തൂങ്ങിയാടുന്ന സ്കൂളിന്‍റെ പേരെഴുതിയ തകര ഷീറ്റ്...പേര് കഷ്ടിച്ച് വായിച്ചെടുക്കാം...സ്കൂള്‍ മുറ്റത്തെ രാമചന്ദ്രന്‍ മാഷ് ഓമനിച്ചു വളര്‍ത്തിയ ഏഴിലം പാല..അല്‍പ്പം മാറി ഉപ്പുമാവ് ഉണ്ടാക്കിയിരുന്ന ഊട്ടുപുര ....സ്വാതന്ത്ര്യദിനത്തിനും മറ്റും ദേശീയപതാക ഉയര്‍ത്തിയിരുന്ന കൊടിമരം.മതില്‍കെട്ടിനപ്പുറത്ത് പാവാടയും ബ്ലൌസുമിട്ട കൌമാരക്കാരികള്‍ നൂല്‍ നൂറ്റിരുന്ന ചര്‍ക്ക എന്ന് വിളിപ്പേരുള്ള കെട്ടിടം ..അതിനുമപ്പുറത്ത് പഞ്ചായത്ത് ഓഫീസ് ...എല്ലാം അതുപോലെ..അവര്‍ തിരിച്ചു നടന്നു..സ്കൂളിനു പുറത്തു മതില്‍കെട്ടിനരികില്‍ ....ഇവിടെയായിരുന്നു പലവര്‍ണ്ണത്തിലുള്ള ഐസ് വില്‍ക്കുന്ന സൈക്കിള്‍ വണ്ടി സ്ഥിരമായി നിന്നിരുന്നത്... എനിക്ക് എല്ലാം കാണണം അയാള്‍ പറഞ്ഞു . കാണാം വെളുക്കും വരെ സമയമുണ്ട് ..വരൂ..നടത്തത്തിനിടെ ആഗതന്‍ ചോദിച്ചു..ഈ സ്ഥലം ഓര്‍മ്മയുണ്ടോ? ഇപ്പോള്‍ ഇവിടം അല്പം കൂടി പുരോഗമിച്ചിരിക്കുന്നു ..അയാള്‍ ഓര്‍ത്ത് നോക്കി ..തന്‍റെ കൌമാരകാലം ..ഇവിടെ വെച്ചാണ് അവളെ ആദ്യമായി ഞാന്‍ കാണുന്നത്..ഓര്‍മ്മയുണ്ട്.. വെള്ളാരം കണ്ണുള്ള ഒരു സുന്ദരിക്കുട്ടി... പൂച്ചക്കണ്ണി എന്ന് ആരെങ്കിലും വിളിച്ചാല്‍ പുലിയെപ്പോലെ ചീറിയടുക്കുന്നവള്‍ ..പക്ഷേ താന്‍ മാത്രം പൂച്ചക്കണ്ണി എന്ന് കളിയാക്കി വിളിക്കുമ്പോള്‍ നാണം കൊണ്ട് ആ പഴുത്ത പേരക്കപോലുള്ള മുഖം ചുവന്നു തുടുത്തിരുന്നു.....തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായിരുന്ന കാലഘട്ടം...വര്‍ഷങ്ങള്‍ പോയപ്പോള്‍ പിന്നെ അവളൊരു വേദനയായി ...വിങ്ങലായി ....! ഇപ്പോഴും ആ വിങ്ങല്‍ തന്‍റെ ഇടനെഞ്ചിലില്ലേ...? പോകാം ..ആഗതന്‍റെ വാക്കുകള്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി....നിലാവ് അസ്തമിക്കാന്‍ തുടങ്ങുന്നു...നേരം വെളുക്കാന്‍ ഇനി അധികം ബാക്കിയില്ല..കാഴ്ചകള്‍ കണ്ടു സമയം പോയത് അറിഞ്ഞു പോലുമില്ല....താനിപ്പോള്‍ എവിടെയാണ്... വര്‍ത്തമാനകാല ചിന്തകള്‍ പെട്ടെന്നായിരുന്നു അയാളെ പിടികൂടിയത്...! മരണക്കിടക്കയിലായിരുന്നു ഞാന്‍...ആ ചിന്ത അയാളുടെ മുഖത്തെ ചുളിവുകള്‍ വീണ മുഖത്തെ രക്തമയം മായ്ച്ചു കളഞ്ഞു.ഇയാള്‍ ആരാണ്? ഞാന്‍ ഞാന്‍ മരിക്കാറായോ ?
അവര്‍ അയാളുടെ വീട്ടിലേക്കു തിരിച്ചു നടക്കുകയായിരുന്നു. പടി കടന്നു അവര്‍ അയാളുടെ വീടിന്‍റെ ഉമ്മറത്തെത്തി .നമുക്കിവിടെ അല്‍പ്പം ഇരിക്കാം..നേരം വെളുക്കാന്‍ ഇനി സമയമില്ല .എനിക്ക് തിരിച്ചു പോകണം .അതിനു മുമ്പ് നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?അയാള്‍ ആഗതന്റെ മുഖത്തേക്ക് നോക്കി .അയാളുടെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ആഗതന്‍ പറഞ്ഞു.ഇല്ല.. നിങ്ങള്‍ക്ക് മരിക്കാന്‍ സമയമായിട്ടില്ല ..പകഷെ നിങ്ങള്‍ ഈ ലോകം വിട്ടു പോകണമെന്ന് പലരും ആഗ്രഹിക്കുന്നു .. അമ്പരപ്പോടെ അയാള്‍ ചോദിച്ചു ..ആരാണവര്‍? ആഗതന്‍ പുച്ഛത്തോടെ ചിരിച്ചു .പിന്നെ പറഞ്ഞു ..നിങ്ങളുടെ മക്കളും മരുമക്കളും...അയാളുടെ ഇടനെഞ്ചു പൊട്ടി...എന്തിന്?
മൂത്ത മകന്‍റെ മകന് മെഡിക്കല്‍ സീറ്റ് വാങ്ങാന്‍ കാശ് വേണം.രണ്ടാമത്തെ മകന് ഒരു കാറ് വാങ്ങണം ..പെണ്‍മക്കള്‍ക്കൊക്കെ അവരുടെ .വീതം കിട്ടണം അവരുടെ ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിക്കണം...ആഗതന്‍ ഒന്ന് നിര്‍ത്തി ..പിന്നെ തുടര്‍ന്നു."അതുകൊണ്ട് താങ്കള്‍ ജീവിച്ചിരുന്നു കൂടാ...അതിനു അവര്‍ നിങ്ങള്‍ക്ക് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി അതാണ് നിങ്ങളെ ഈ നിലയില്‍ എത്തിച്ചത് .." അയാള്‍ക്ക് വിശ്വസികാനായില്ല.താന്‍ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ തന്‍റെ രക്തത്തിന്റെ ഭാഗമായ തന്‍റെ മക്കള്‍....! വേണ്ട എന്തിനിങ്ങനെ എല്ലാവര്‍ക്കും ഒരു ശല്യമായി ....വേണ്ടാ...ആഗതന്‍ പോകാനോരുങ്ങുകയായിരുന്നു .എനിക്കൊരപേക്ഷയുണ്ട് .. അയാള്‍ ആഗതന്‍റെ നേര്‍ക്ക് കൈകള്‍ കൂപ്പി .അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ശുഷ്ക്കിച്ച കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു.
എനിക്ക് നേരമായി ഞാന്‍ പോകുകയാണ് .. പറയൂ എന്താണ് നിങ്ങള്‍ക്ക് വേണ്ടത് ?. ആഗതന്‍ ചോദിച്ചു. വിറയാര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു " എന്നെ...എന്നെ ഒന്ന് കൊന്നു തരാമോ..?" ആഗതന്‍ പുഞ്ചിരിച്ചു..പിന്നെ പറഞ്ഞു " ഞാന്‍ പറഞ്ഞില്ലേ നിങ്ങള്‍ക്ക് മരിക്കാന്‍ സമയമായിട്ടില്ല ..മനുഷ്യരുടെ തിട്ടൂരങ്ങള്‍ക്ക് മുകളില്‍ വേറെ ഒന്നുണ്ട് .ദൈവ വിധി ..!.നിങ്ങള്‍ക്ക് നല്ലത് വരട്ടെ..! ആഗതന്‍ അപ്രത്യക്ഷനായി .ദൂരെ പള്ളിമണികള്‍ക്കും ബാങ്ക് വിളികള്‍ക്കുമൊപ്പം നാരായണീയവും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു .
No comments:
Post a Comment