Friday 20 March 2015

റിവേഴ്സ് ഗിയര്‍

ടലില്‍നിന്നൊരു പുഴ 
മലയുടെ മടിത്തട്ടിലേക്ക് 
തിരിച്ച് യാത്രയാകുന്നു 
നനഞ്ഞു കുതിര്‍ന്ന സമതലങ്ങള്‍ 
പാതി മുങ്ങിയ മുളങ്കൂട്ടങ്ങള്‍
പായലുകള്‍ കുളവാഴകള്‍ 
വ്യസനം സഹിക്കവയ്യാതെ  
കണ്ണ് നനയ്ക്കുന്നു... 

തെക്കേ തൊടിയിലെ മാവ്  
വിത്തിനകത്തേക്ക് തിരികെ
മടക്കയാത്രക്കൊരുങ്ങുന്നു 
പറ്റുകാരനായ കാറ്റ്  
പാട്ടുകാരായ പറവകള്‍ 
പുഴുക്കള്‍ പുളിയുറുമ്പുകള്‍ 
ഇനിയെന്ന് കാണുമെന്നോതി
സങ്കടപ്പെടുന്നു...  

ഉതിര്‍ന്നു വീണൊരു നക്ഷത്രം 
മാനം തേടി വീണ്ടും 
തിരിച്ചു പോകുന്നു... 
പുല്ലാങ്കുഴല് തേടിയൊരു 
ആര്‍ദ്ര നാദം തിരികെ മടങ്ങുന്നു...

സ്വന്തമെന്ന് കരുതുന്ന 
ഇടങ്ങള്‍ ഉപേക്ഷിച്ച് 
മടങ്ങിപ്പോവുകയെന്നാല്‍ 
ജീവന്‍ വെടിഞ്ഞൊരു 
ജഡത്തിന്‍റെ യാത്ര തന്നെ ..!!! 

Saturday 14 March 2015

അറിയില്ല നിനക്കൊന്നും...


ണ്ണിട്ട്‌ മൂടിയ ഒരുപാട് ഓര്‍മ്മകളുണ്ട്‌
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെ 
മണ്ണിന്നടിയില്‍ നിന്ന് അവയില്‍ ചിലത്
മുള പൊട്ടി മുട്ട് കുത്തി എഴുന്നേറ്റു നിന്നു

ദ്രവിച്ചു തീര്‍ന്ന ബീജങ്ങള്‍ക്കിടയില്‍ നിന്ന് 
ജീവിതത്തിലേക്ക് മുളപൊട്ടി വരുമ്പോഴൊക്കെ
ചവിട്ടി ഞെരിച്ചു കളഞ്ഞിട്ടും 
പിന്നെയും അരുതെന്ന് വിലപിച്ചു 
എന്നിലേക്ക്‌ മുളച്ചു പടരുന്നവ..

ഈ മണല്‍ക്കാട്ടില്‍ വളരാനാവില്ലെന്ന് 
നിന്നെ പന്തല്‍ കെട്ടി പടര്‍ത്താനാവില്ലെന്ന്
നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും അനുസരണയില്ലാതെ 
കണ്ണീരു നനഞ്ഞപ്പോള്‍ ഇന്നലെയും, 
പെണ്ണേ...
നിന്‍റെ  മുഖമുള്ള വിത്തുകള്‍..
നിന്‍റെ മണമുള്ള വിത്തുകള്‍.. 
പിന്നെയും പൊട്ടിമുളയ്ക്കുന്നു

നിനക്കൊന്നുമറിയില്ലല്ലോ
നാളെ ,നമുക്കൊന്നിച്ചു പടരാനൊരു 
നല്ല നാള് നോക്കിയാണെടീ 
ഇന്ന് നിന്‍റെ ഓര്‍മ്മകളെയിങ്ങനെ
ഞെരിച്ചു കളയുന്നത് ഞാനും...!

Friday 6 March 2015

പഠിക്കാത്ത പാഠം



മീ
നത്തില്‍ മരിക്കാന്‍ കിടക്കുന്ന തൂതപ്പുഴയുടെ 
കനവ്‌ വറ്റിയ കണ്ണീര്‍ ചാലില്‍ കാല്‍ നനച്ച്  
ഞങ്ങള്‍ മാട്ടായി താലപ്പൊലിക്ക് പോകും.
വേഗം നടന്നില്ലെങ്കില്‍ കൂമ്പന്‍ മല പൊട്ടി
മലവെള്ളം വരുമെന്ന് പറഞ്ഞു പേടിപ്പിച്ച് 
കാരണവന്മാര്‍ മുന്‍പേ നടക്കും. 

കണ്ണീരു നനഞ്ഞു പുഴമണല്‍ പുരണ്ട 
തേഞ്ഞു തുളഞ്ഞ റബ്ബര്‍ ചെരിപ്പുകള്‍ 
തൊള്ള തുറന്ന് കെക്കക്കേ എന്നപ്പോള്‍   
കൊല്ലുന്ന പോലെ കളിയാക്കിച്ചിരിക്കും. 

ഇടവം പകുതി കടക്കുവോളം തൂതപ്പുഴയിങ്ങനെ  
കൊടും ചൂടിലും രാത്രിയുടെ ഏകാന്തതയിലും
ഇവള്‍ മേലാട നഷ്ടപ്പെട്ടവള്‍,ചോര വറ്റിയ ദേഹം മൂടി 
വെറും കണ്ണീര്‍ തൂവാലയുടുത്തു മാനം നോക്കി
ഉടല് മറച്ച്   നെടുവീര്‍പ്പിട്ട് കിടക്കും. 

പുഴക്കരയിലെ ഷാപ്പില്‍ നിന്ന് എന്നത്തെയും പോലെ 
മുളക് പൊടി  ചുവപ്പിച്ച ചൂട് പോത്തിറച്ചി തിന്ന്‍,
ചുണ്ടും നാവും ചുവപ്പിച്ച അധോദ്വാരങ്ങള്‍  
പോത്തുപോലെ അമറി ഇവളുടെ മാറിലേക്ക്‌ തുറക്കും... 

അരണ്ട വെളിച്ചത്തില്‍ വിഷം മുറ്റിയ നാഗങ്ങള്‍
ഉടുമുണ്ടഴിച്ചു മണലില്‍ വിരിച്ചു കിതച്ച്, 
കാമം തിളച്ചാറി കുറുകിയ കൊഴുത്ത വിഷം 
ഒരു സീല്‍ക്കാരത്തോടെ പുറത്തേക്ക് ചീറ്റും...

പേയിളകി , തുടലില്‍ കിടന്ന് നാലാം ദിവസം 
വെള്ളം കിട്ടാതെ കണ്ണ് തുറിച്ച് പിടഞ്ഞു ചത്ത
പപ്പനാവന്‍റെ പാവം പാണ്ടന്‍ നായക്ക് 
ഇവളുടെ നെഞ്ച് തുരന്നൊരു കുഴിയെടുക്കും.

പൂരവും ഉത്സവങ്ങളും കൊടിയിറങ്ങി 
പാലക്കാടന്‍ മണ്ണ് തളര്‍ന്നു കിടക്കുമ്പോള്‍
ആലിപ്പഴം വാരിയെറിഞ്ഞ് ഇക്കളി കൂട്ടി 
ഇടവപ്പാതിക്കൊരു വരവുണ്ട് 

തൂതപ്പുഴയപ്പോള്‍ ചോന്ന പട്ടുടുക്കും 
പൂമാലയണിഞ്ഞ് അരമണികിലുക്കി ചിലമ്പണിഞ്ഞ്  
ഉറഞ്ഞു തുള്ളി ഉന്മാദിനിയായി നിറഞ്ഞൊഴുകും,
ഞങ്ങള് നാട്ടുകാര് കനിഞ്ഞു നല്‍കിയ 
അവിഹിത ഗര്‍ഭങ്ങള്‍ കലക്കിക്കളഞ്ഞ് തൂതപ്പുഴ 
അഗ്നിശുദ്ധി വരുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കും...

മാസം മൂന്നോ  നാലോ പോലും കഴിയേണ്ട 
നഗ്നത കാട്ടി കണ്ണീരൊഴുക്കി  പിന്നെയുമവള്‍ 
ഇടവപ്പാതി സ്വപ്നം കണ്ടു മലര്‍ന്നു കിടക്കും,
ഞങ്ങള്‍ നാട്ടുകാരപ്പോള്‍ വേലയും വെടിക്കെട്ടും 
കൈവിരലില്‍ കണക്കു കൂട്ടിത്തുടങ്ങും...  

നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം 
നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല 
സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍  നാട്ടുകാര്‍  
ഇനിയൊന്നും  ഒരിക്കലും പഠിക്കുകയുമില്ല...  

Sunday 1 March 2015

ലാഭക്കണക്കുകള്‍



ലാഭ നഷ്ട്ടക്കണക്കുകള്‍ കോറിയിട്ട 
അച്ഛന്‍റെ ജീവിതപുസ്തകം
ഞാന്‍ വായിച്ചിട്ടുണ്ട്..
അമ്മയ്ക്ക് വേണ്ടി ചെലവഴിച്ച
സ്നേഹത്തിന്റെ കണക്കുകള്‍
എല്ലാ താളിലുമുണ്ട്.

ഓരോ താളിലും അമ്മയുടെ പേരില്‍
വായിക്കാനാകാത്ത സംഖ്യാ രൂപത്തില്‍
അമ്മയ്ക്ക് നല്‍കിയ സ്നേഹം
മുറതെറ്റാതെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മക്കളുടെ കോളം അപ്പോഴും അനാഥമായി 
അച്ഛന്റെ പുസ്തകത്തില്‍ ഒഴിഞ്ഞേ കിടന്നു ....

കണക്കു പുസ്തകം സൂക്ഷിക്കാത്ത
അമ്മയുടെ ജീവിതത്തില്‍
മനസ്സിന്‍റെ ഉള്ളറകളിലെവിടെയോ
മക്കളുടെ പേരില്‍ ലാഭം ലാഭമെന്ന്
കോറി വെച്ചിരുന്നു
അച്ഛന്റെ പേര് മറന്നിട്ടെന്ന പോലെ
എല്ലാ അറകളും ശൂന്യമായിരുന്നു .

അച്ഛനും മുമ്പേ അമ്മ മരിച്ചപ്പോള്‍ മാത്രം
മക്കള്‍ക്കുള്ള കണക്കില്‍ അച്ഛന്‍
ലാഭമെന്ന് വലിയക്ഷരത്തില്‍ കൊത്തിവെച്ചു
എന്നിട്ടും അച്ഛനെ സ്നേഹശൂന്യനെന്ന്
മരിയ്ക്കുവോളം അമ്മ കൂറ്റപ്പെടുത്തിയിരുന്നു....
  

Monday 23 February 2015

നീ...



നിന്നെ മാത്രം വരച്ചു 
തേഞ്ഞു തീര്‍ന്ന 
കുറ്റിപ്പെന്‍സില്‍, 
തഴമ്പെടുത്ത വിരലുകള്‍.. 

നിനക്കൊരു പൂ തരാന്‍ 
നട്ടു വളര്‍ത്തി
പൂമണം വറ്റിയ  
പൂന്തോട്ടം.. 

നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് 
കൈവിരലുകള്‍ക്കിടയില്‍ 
തേഞ്ഞ് തീര്‍ന്ന 
ജപമാല മണികള്‍.. 

മിന്നാമിനുങ്ങും മഴവില്ലും 
കൂടൊഴിഞ്ഞു പോയ 
സ്വപ്നലോകം... 

നീ ഉപേക്ഷിച്ചു പോയപ്പോള്‍ 
മരിച്ചു പോയത് 
ഞാന്‍ മാത്രമല്ലല്ലോ ...!

Tuesday 17 February 2015

പൊറുക്കട്ടെ ദൈവം ...!


ടുത്തെറിയുന്നു ബന്ധങ്ങള്‍ സര്‍വ്വവും
നടുക്കുന്ന ജീവിത ചിന്തകളൊക്കെയും
അത്രമേല്‍ ജീവിത ക്ലേശങ്ങള്‍ ജീവന്‍റെ  
ചിത്രത്തില്‍ ചായങ്ങള്‍ കോരിയൊഴിക്കവേ  

ഇന്നിതവസാന രാത്രിയെനിയ്ക്കും 
എനിയ്ക്കേറ്റം പ്രിയമുള്ള ഗേഹിനി മക്കള്‍ക്കും
ഏറിയ നാളും സഹിച്ചീ നരകത്തെ 
വേറൊരു വഴിയില്ല ഒഴിയാതീ രൗരവം 

ഇല്ലിനി നേരം ചിന്തിയ്ക്കാനല്‍പ്പവും  
പുലരിയുദിപ്പതിന്‍  മുന്‍പേ പിരിയണം 
അല്ലലാല്‍ മാത്രം തീര്‍ത്തൊരീ ഓല തന്‍ 
ആലയം വിട്ടുടന്‍ പറക്കവേണം 

അവസാന അത്താഴം തിളയ്ക്കുന്നടുപ്പില്‍
വിവശതയില്ല ആ  ചിന്തകള്‍ അത്രമേല്‍   
അശാന്തി പെറ്റു കൂട്ടിയ ദുഃഖങ്ങള്‍
നിശാന്തമിതിലെന്നെ കരയിച്ചിരുന്നു 

ജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ 
ഈവിധം മരണത്തെ പുല്‍കുന്നതൊട്ടും 
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും 
പ്രകാശം പരത്തിടും ജനാലകള്‍ വേറെ

നഷ്ടമെന്നോതുവാന്‍ ഒന്നുമില്ലെങ്കിലും
നോവുന്നെനിയ്ക്കല്‍പ്പം ഓര്‍ത്തെന്‍റെ മക്കളെ 
വിടര്‍ന്നില്ല അവരോട്ടും ജീവിതവാടിയില്‍ 
അടരുന്നതിന്‍ മുമ്പേ ക്ഷമിക്കണം നിങ്ങളും 
ഞങ്ങള്‍ക്ക് ജനിച്ചെന്ന  കുറ്റത്താലിപ്പൂക്കള്‍ 
വിടരാതെ കൊഴിയട്ടെ , പൊറുക്കട്ടെ ദൈവം...! 

Friday 13 February 2015

എങ്കിലും ശോഭിതേ...


രൊക്കെയുണ്ട് താമസം തിങ്കളില്‍
അറിയുവാനൊരു ചെറു മോഹം മുളപ്പിച്ചു  
പണ്ടേ കൊതിപ്പിച്ചതാണെന്നെ ചന്ദ്രിക
കണ്ടാലും കൊതി തീരാതുള്ളോരീ ശോഭിത.

മാനുണ്ട് മയിലുണ്ട് മരതകക്കുന്നുണ്ട് 
മായാവിയായുള്ള മാന്ത്രികനൊന്നുണ്ട്
മല്ലാക്ഷിയുണ്ടൊരു മാതാവും കുഞ്ഞും 
മനം മയക്കുന്നോരീ നിശാകേതു തന്നില്‍ .

ഇനിയുമാരോക്കെയുണ്ട് തേജസ്വിനീ 
ഈ പ്രപഞ്ചത്തിന്‍റെ മൂലയ്ക്കിരിക്കും 
പാവമാമിവനൊട്ടും ഗോചരമല്ലാത്ത
പൂര്‍ണ്ണിമേ നിന്‍റെ പൂമടിത്തട്ടില്‍ ? 

Tuesday 10 February 2015

കര , കടല്‍



 ജന്മനാട്

****************
നിഴല്‍ പുതച്ചിന്നും കിടപ്പുണ്ട് വെട്ടുവഴി
മുക്കുറ്റി തുമ്പകള്‍ചിരിതൂകുമിടവഴി
മേടം പൂക്കാത്ത  മകരം തണുക്കാത്ത
കനലെരിയും മണല്‍ക്കാട്ടിലിന്നോളം
കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി... 


കര , കടല്‍

***************** 
രയുകയല്ലീ  കടല്‍ തല തല്ലി
കരയുടെ മാറില്‍ കദനത്താല്‍ 
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.  
 


വ്യഥ

**********
രശ്ശതമുണ്ടാകും ദുഃഖം സദാ
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...

Sunday 1 February 2015

മുല്ലേ.....

മുല്ലേ.....
വറുതിയുടെ ആകാശത്ത് നീയെനിയ്ക്ക്‌ 
സമൃദ്ധിയുടെ നക്ഷത്രമാണ് 
കൊടുങ്കാറ്റുലയ്ക്കുന്ന നടുക്കടലില്‍ നീ
തിരയെടുക്കാത്ത തുരുത്താണ്.
എന്നിട്ടും, 
ഒരു ചുടു ചുബനത്തിന് ചുണ്ട് കൂര്‍പ്പിച്ച നിന്നെ 
കേട്ടുമടുത്ത അനശ്വര പ്രേമ ഗാഥകള്‍ ചൊല്ലി
ഇതാണ് ത്യാഗം , ഈ ത്യാഗമാണ് സ്നേഹമെന്ന് 
പറഞ്ഞു പറഞ്ഞ് പറ്റിച്ചവനാണ് ഞാന്‍..

കണ്ണകന്നാല്‍ കരളകന്നുവെന്നു പറയുന്നത്
ശരിയാണെന്ന് വാശിപിടിച്ച  നിന്നോട്
പിണക്കത്തിന്‍റെ പുറം പൂച്ചിലൊളിച്ച്
മുഖം കറുപ്പിച്ചവനാണ് ഞാന്‍...

എനിയ്ക്കിണയായത്‌ കൊണ്ട് മാത്രം
നിനക്കേറ്റം പ്രിയതരമായ സ്വപ്‌നങ്ങള്‍ 
ഇന്നും കരിമ്പടം മൂടി സൂക്ഷിക്കുന്ന നിനക്ക്
ഞാനെന്താണ് പ്രായശ്ചിത്തം ചെയ്യേണ്ടത് ?

നീ കരഞ്ഞു തീര്‍ത്ത കറുത്ത നാളുകളിനി  
ചിരി മധുരം പുരട്ടി മടക്കിത്തരാന്‍
ദൈവത്തോളം വലിയവനല്ലെങ്കിലും മുല്ലേ...  
നിനക്കായി സൂക്ഷിക്കുന്നുണ്ട് ഞാന്‍
നിന്നോടുള്ള സ്നേഹമല്ലാതൊന്നും
ഇന്നോളം മിടിക്കാത്തൊരു ഹൃത്തടം..... 

Monday 26 January 2015

വ്യഥ



രശ്ശതമുണ്ടാകാം ദുഃഖം സദാ 
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും 
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...