Saturday 13 October 2012

ജീവിതവഴികള്‍

മാതാപിതാക്കള്‍ കാണിച്ച വഴികളില്‍ 
പുണരാനാവാത്ത ലക്ഷ്യങ്ങള്‍ തേടി 
ബാല്യം വെറുതെ കളഞ്ഞവനാണ് ഞാന്‍ ..

ഒന്നിന് പകരം  ഒരു പാട് വഴികള്‍ 
ശിഖരങ്ങളായി പിരിഞ്ഞ കൌമാരത്തില്‍ 
നിറമുള്ള പൂക്കള്‍ വിരിഞ്ഞുള്ള വഴിയില്‍ 
അമ്പരപ്പോടെ ഗമിച്ചവനാണ് ഞാന്‍...

പ്രാരാബ്ദ ജീവിതം ഇരു തോളിലും തൂക്കി 
പരിഹാസച്ചുവയോടെ യൌവ്വനം ചിരിച്ചപ്പോള്‍ 
പതറാതെ മുന്നോട്ടു നീങ്ങുവാന്‍ വഴി തേടി 
പടുകുഴി പാതയില്‍ വീണവാനാണ് ഞാന്‍ ..

ഇരുട്ട് നിറഞ്ഞൊരു ഇടവഴി മാത്രം 
മുന്നില്‍ തുറന്നിട്ട്‌ കാത്തു നില്‍ക്കുന്നു 
ജീവിതാന്ത്യത്തില്‍ എല്ലാര്‍ക്കുമുള്ളോരു       
ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യമിപ്പോള്‍...

ജനിക്കുമ്പോള്‍ ഒരു വഴി ,ജീവിതം പലവഴി    
വാര്‍ദ്ധക്യജീവിതം  വേണ്ടെന്നു വെക്കുവാന്‍
മാനവര്‍ നമുക്കില്ല മറ്റൊരു പോംവഴി  ...

വഴികളേതെന്നറിയാതെ ഒഴുകും 
ചുഴികള്‍ നിറഞ്ഞുള്ളതാണീ ജീവിതം 
മിഴിവുള്ള സ്വപ്‌നങ്ങള്‍ തേടിയലഞ്ഞു 
കൊഴിയുന്നതാണീ വിലയുള്ള ജീവിതം 

ഓര്‍ക്കുന്നു ഞാനിപ്പോള്‍ പഴയോരാ പഴമൊഴി 
ജീവിതാന്ത്യത്തില്‍ ഓര്‍ക്കുന്ന വരമൊഴി 
വഴിയൊന്നു തെറ്റിയാല്‍ പുതു വഴി തേടുവാന്‍ 
കഴിയാത്ത ജീവിതം നമുക്കൊന്നെന്ന പുതുമൊഴി  ...

Thursday 11 October 2012

സന്ദേഹം


നീണ്ടും കുറുകിയും പിന്നെയും നീളുന്ന 
നിഴലിന്‍റെ ജീവനോടുങ്ങിയൊടുവിലായ്   
നീളെ പരക്കും നിലാവ് പോലെ 
നിര്‍മ്മലമാമെന്‍റെ  സ്നേഹത്തിനെപ്പോഴും 
അളവ് ചോദിക്കുന്നു നീ 
തെളിവ് ചോദിക്കുന്നു നീ ...

അളവിനായ് ഞാന്‍ ചൊല്ലും 
ചിന്തയിലോതുങ്ങാത്ത വലിയൊരു സംഖ്യയില്‍ 
സംതൃപ്തയാകും നീ എന്നറിയാം ...

തെളിവിനായ് ഞാന്‍ നല്‍കും  
ചുണ്ടോടു ചേര്‍ത്തൊരു ചുംബനത്തില്‍ 
സംപ്രീതയാകും നീ അതുമറിയാം...

എങ്കിലും കാണുന്ന വേളയിലൊക്കെയും 
സന്ദേഹമെന്തേ നിനക്കിനിയും ..?  

Tuesday 9 October 2012

അപകട ചിത്രം


ലക്ഷ്യങ്ങളിലേക്ക് വേഗമടുക്കാനാണ് 
അവരെല്ലാവരും ആ ശകടത്തെ 
അഭയമാക്കിയത്..
വേഗത പോരെന്ന സാരഥിയുടെ തോന്നലാണ് 
അതിനെ  ജ്വരം പിടിച്ചു തപിച്ച 
നടുറോഡില്‍  കീഴ്മേല്‍ മറിച്ചതും ..

നിലവിളികള്‍ക്ക്‌ പുറകെ ഓടിയടുത്തവര്‍
ആദ്യം തിരഞ്ഞത് വിലപിടിപ്പുള്ള 
മഞ്ഞലോഹക്കഷ്ണങ്ങളാണ്... 
ശുഭ്ര വസ്ത്രധാരികള്‍  
ആബുലന്‍സിലെ  ജീവനക്കാര്‍
ദീനരോദനം വകവെക്കാതെ ആസ്വദിച്ചത് 
രക്തം പുരണ്ട നഗ്നതയും .

ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് വിലപിടിച്ചതൊന്നും 
സൂക്ഷിക്കാന്‍  അവകാശമേയില്ല... 
ആര്‍ത്തി മൂത്ത് കര്‍മ്മം മറന്ന് 
തുന്നിക്കൂട്ടുന്നതിനു മുന്‍പേ 
ഭിഷഗ്വരന്‍മാര്‍  കണ്ണും കരളും 
അറുത്തെടുത്തു വില്‍ക്കാന്‍ വെച്ചു  ...

മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്ക്  
കിട്ടാവുന്ന സഹായമാകാം 
ദുഃഖ മേഘങ്ങളേ മതിമറന്നു പെയ്യിക്കാന്‍ 
ഉടയവര്‍ക്കും ഹേതുവായി ...

സന്മാര്‍ഗ്ഗികളെയും സല്‍കര്‍മ്മികളെയും പ്രതീക്ഷിച്ച് 
അപകട ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍ 
ദൈവത്തിനു ലഭിച്ചതോ 
ഒരു പിടി നരകവാസികളെയും ..

Sunday 7 October 2012

ദൈവം ഞാനായിരുന്നെങ്കില്‍........


കണ്ണുണ്ടായിട്ടും കാഴ്ച കുറഞ്ഞവനാണ്
കാലാള്‍ പടയുടെ നായകന്‍ ..
കറുത്ത കണ്ണടവെച്ച് അന്യന്‍റെ  കാഴ്ച മറച്ച്
എല്ലാം കാണുന്നവനെന്ന നാട്യക്കാരന്‍ ....

ചെവിയുണ്ടായിട്ടും രോദനം കേള്‍ക്കാത്തവനാണ് 
രാജ്യത്തിന്‍റെ ഭരണാധികാരി.....
മധുരം പുരട്ടിയ വാക്കാല്‍ പ്രജകളെ മയക്കുന്ന 
സ്വര്‍ണ്ണ സിംഹാസനത്തിന്‍റെ അധിപന്‍ ..  

ദൈവം ഞാനായിരുന്നുവെങ്കില്‍ 
മരണശേഷം ഇവര്‍ക്ക് ഞാനൊരു തടവറ പണിഞ്ഞേനെ 
പാമ്പും പഴുതാരയും കരിന്തേളും നിറയുന്ന 
നിത്യ നരകം പോലൊരു കല്‍ തുറുങ്ക് ... 
   
അവകാശികളുടെ പ്രാര്‍ത്ഥന ഫലം കാണുമ്പോള്‍ 
ആയുസ്സിന്‍റെ അവസാന തുള്ളിയും എരിഞ്ഞു തീര്‍ന്ന്
ആശ്രയമറ്റവരായി ഇവര്‍ എന്നെതേടി അണയുമ്പോള്‍  
വറചട്ടികളില്‍  തിളയ്ക്കുന്ന എണ്ണ നിറച്ച്.
നട്ടെല്ലുരുക്കുന്ന അഗ്നികുണ്ഡം തീര്‍ത്ത്‌ 
ഞാനവരെ കാത്തിരുന്നേനെ...... 

നിര്‍ഭാഗ്യവശാല്‍........
ദൈവത്തിന്‍റെ വേഷത്തില്‍ ഇപ്പോള്‍ അവരാണ് 
പാമ്പിന്‍റെയും പഴുതാരയുടെയും വിഷം തീണ്ടി 
എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടപ്പെട്ട്
അസ്ഥിയുരുക്കുന്ന അഗ്നികുണ്ഡത്തില്‍ , 
ഞാനും നിങ്ങളും .......

Friday 5 October 2012

കയ്പ്പാണീ ജീവിതം...

കാല യവനികക്കുള്ളില്‍ മറഞ്ഞൊരു
കാമിനിയെ ചൊല്ലി തുടിക്കുമൊരു ഹൃത്തടം
കാലങ്ങളെത്ര കഴിഞ്ഞാലുമോര്‍ത്തിടും
കര്‍മ്മമെന്നോര്‍ത്തു വിലപിച്ചിടും സദാ..


കാതര നീ കനിഞ്ഞേകിയ സ്നേഹത്തിന്‍
കാണാപ്പുറങ്ങളില്‍ അലയുമെന്‍ ജീവന്‍
കോകിലേ നീ വാഴും കോവിലിന്‍ മുന്നില്‍
കോമരം തുള്ളി തളര്‍ന്നു നിന്നോര്‍മ്മയില്‍ .



കണ്ണീരുണങ്ങിയിട്ടില്ലത്ര നാളും    
കൊടും ദുഃഖത്തിലാണ്ടു കഴിഞ്ഞിത്ര കാലവും
കടും വഞ്ചന ,സുന്ദര ജീവിതം നമ്മളെ
കാട്ടിക്കൊതിപ്പിച്ചു വിധിയിത്ര നാളും.


കണ്ണേ മായയില്‍ കുഴയുമൊരു ലോകം
കാരസ്കരം പോലെ കയ്പ്പതില്‍ ജീവിതം
കത്തുന്നു കലര്‍പ്പിന്‍റെ തീക്കൂനയെങ്ങും
കറ തീര്‍ന്ന നിന്‍ സ്നേഹം പോലിതല്ലൊന്നും..   


കരള്‍കൂട്ടില്‍ നിറസ്വപ്ന ശയ്യയൊരുക്കി നീ
കൈനീട്ടി വിളിക്കാത്തതെന്തു നീയെന്‍ സഖീ
കാത്തിരുന്നീടുവാനാവില്ലെനിക്കിനി
കുന്തിരിക്കം പോലെ പുകയുമെന്‍ ജീവനെ
കാത്തു മരണം വിളിക്കും വരെയും ...

Thursday 4 October 2012

കൂട്


തെക്കേ തൊടിയിലെ മാവിന്‍റെ കൊമ്പില്‍
കൂടോരുക്കുമ്പോഴും ഞാനവളോട് പറഞ്ഞതാണ്
ഇവിടൊരു വല്ല്യപ്പനുണ്ട് മരിക്കാറായി കിടക്കുന്നു എന്ന് ..
അന്നും അവളതു കേട്ടില്ല.....!

Sunday 30 September 2012

അടിയാന്‍റെ കണക്കു പുസ്തകം .


വിയര്‍പ്പിനുപ്പു പുരണ്ടു മങ്ങിയ 
അടിയാന്‍റെ കണക്കു പുസ്തകത്തില്‍ 
പകയും പ്രതികാരവും വരവ് വെക്കാത്തതിനാല്‍ 
തമ്പ്രാന്‍റെ ജീവിതം എന്നും ലാഭത്തിലായിരുന്നു .

ആദ്യരാവെങ്കിലും അടിയാത്തിയെ 
ആദ്യമായ് പ്രാപിച്ചത് തമ്പ്രാനെന്ന ചിന്ത
അടിയാന്‍റെ മനസ്സിലെന്നും ഉമിത്തീപോലെ നീറി. 

പുത്തരിയായിരുന്നെങ്കിലും പുത്തനരി  
ആദ്യം വെന്തത്‌ തമ്പ്രാന്‍റെ അടുപ്പിലായതും 
അടിയാന്‍റെ മനസ്സിലെ പക ആളിക്കത്തിച്ചു 

പുത്തനുടുപ്പിട്ടതിന് ഉടുപ്പൂരി വാങ്ങി 
ചേറുപുരട്ടി    ചവിട്ടിയരച്ചതും
അടിയാനെ കൂട്ടത്തിലുള്ളോര്‍ക്ക് മുന്‍പില്‍ 
നാണം കെട്ടവനാക്കി മാറ്റി .

അടിയാത്തി നിറ മാറ് മറച്ചതിന്  
തമ്പ്രാന്‍  കരണം പുകച്ചപ്പോള്‍ ,
വെന്തുരുകിയതപ്പോഴും കവിളായിരുന്നില്ല ,  
അടിയാന്‍റെ  കരളായിരുന്നു 

പകല്‍ നീറിയോടുങ്ങി ഇരുട്ട് പരക്കുമ്പോള്‍
മെതിയടിനാദവും റാന്തല്‍ വിളക്കും നോക്കി 
കുടി വിട്ടു തൊടിയില്‍ അഭയം തേടുന്നതും  
അടിയാന്‍റെ  മനസ്സിനെ ഉലപോലെ നീറ്റി  

പക്ഷെ , അശരണന്‍റെ ജീവിത പുസ്തകത്തില്‍ 
പ്രതികാരത്തിനു സ്ഥലമില്ലാത്തതിനാല്‍ 
തമ്പ്രാന്‍റെ  ജീവിതം എന്നും പുസ്തകം നിറഞ്ഞു നിന്നു

ഒടുവില്‍ ,അടിയാത്തിപെണ്ണിന്‍റെ അടുപ്പിലെ തീയില്‍ 
തിളച്ച ചക്കരക്കാപ്പിയിലെ കൊടും വിഷം 
തമ്പ്രാന്‍റെ കുരലും കുടലും കരിച്ചപ്പോള്‍ 
അന്നാദ്യമായി ....
അടിമവര്‍ഗ്ഗത്തിന്‍റെ കണക്കു പുസ്തകത്തില്‍ 
പകയും പ്രതികാരവും വരവ് വെച്ചു... 

അടിയാത്തിയെങ്കിലും പെണ്ണായ് പിറന്നവള്‍ക്ക് 
കണ്‍കണ്ട  ദൈവമാം കാന്തന്‍റെ  നെഞ്ചിലെ 
കരളുരുക്കും പ്രതികാരച്ചൂടില്‍, 
തിളക്കാതിരിക്കുമോ  രക്തം ..?. 

Friday 28 September 2012

അയാള്‍ക്കെന്നോട് പ്രണയമാണ്.



അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
ആവേശത്തിന്‍റെ ആഴക്കടലില്‍ 
മുത്തും പവിഴവും തേടുമ്പോള്‍ 
അപസ്മാരം ബാധിച്ചവനെപ്പോലെ 
കൈകാലുകള്‍ വലിഞ്ഞു മുറുകി 
അയാള്‍ നിത്യവും പുലമ്പുന്ന മന്ത്രം ..

മുഖത്തേക്കൊന്ന് ആഞ്ഞുതുപ്പാന്‍ 
തൊണ്ടക്കുഴിയില്‍ കുമിഞ്ഞു കൂടും 
കൊഴുത്ത ഉമിനീര് പോലുള്ള വെറുപ്പ്‌ 
കഷ്ട്ടപ്പെട്ടു കടിച്ചിറക്കി 
ചിരിക്കാന്‍ ശ്രമിച്ചത് വെറുതെയായി  ..

വരകള്‍ മാഞ്ഞു മുഷിഞ്ഞു നാറും 
അടിയുടുപ്പിന്‍റെ മടക്കില്‍ നിന്നും 
നാലായി മടക്കിയൊരു ഗാന്ധിത്തല 
വിയര്‍പ്പു മണികള്‍ നിറയും 
 നിറമാറിലെ മുഴുപ്പിലേക്കെറിഞ്ഞ്  
യാത്രപോലും പറയാതയാള്‍ 
പുറത്തെ മഞ്ഞിലേക്ക് ലയിച്ചു .

റേഷന്‍കാര്‍ഡും  ഒരു തുണ്ട് ഭൂമിയും 
ഉടുമുണ്ടഴിക്കാതെ ഉണ്ടുറങ്ങാന്‍
തൂപ്പുകാരിയുടെ ജോലിയും
അയാള്‍ക്കൊപ്പം ഇന്നും പുകച്ചുരുളായി.  

അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
സത്യമായിരിക്കാം...
ജനനേന്ദ്രിയത്തിലെ കൊടുങ്കാറ്റടങ്ങി   
അയാള്‍ ശാന്തനാകുംവരെയെങ്കിലും .. 

Monday 24 September 2012

ദൈവത്തിന്‍റെ ശിക്ഷ

ആരോടും ചോദിക്കാതെ 
ചോരച്ചുവപ്പാര്‍ന്ന  
ഗര്‍ഭപാത്രത്തിന്‍റെ  ഭിത്തിയില്‍ 
അള്ളിപ്പിടിച്ചിരുന്നൊരു ഭ്രൂണം 
പത്തുമാസം തികക്കാന്‍ 
അനുവാദം കാത്തിരിക്കുന്നു .

ആവേശത്തിന്‍റെ കൊടുമുടിയില്‍ 

മദജലം നിറയും മാംസപാത്രത്തില്‍ 
അസ്ഥിയുരുക്കി ഒഴിക്കുമ്പോള്‍ 
ഓര്‍ത്തുകാണില്ലായിരിക്കാം രണ്ടു പേരും ,
ഇങ്ങനെയൊരു ജനനം  ..!  

രക്ത കഞ്ചുകം  ഊരിയെറിഞ്ഞ്

ഗര്‍ഭപാത്രം നഗ്നയാകാതിരിക്കുമ്പോള്‍ 
മസാന്ത്യം അന്യോഷിക്കുമായിരിക്കാം 
എന്ത് പറ്റിയെന്ന് .. 

ആധിക്കും ആകുലതകള്‍ക്കുമൊടുവില്‍  

മാനത്തിനു വില കുറയാതിരിക്കാന്‍ 
ഗര്‍ഭപാത്രത്തിലെ പുതിയ വിത്തിനെ 
വേരോടെ പിഴുതെടുക്കുമായിരിക്കാം ..

പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ 

മുതിര്‍ന്നവര്‍ പറയാറുണ്ട്‌ 
ജീവന്‍ നല്‍കുന്നതും ജനിപ്പിക്കുന്നതും 
ദൈവത്തിന്‍റെ ജോലിയാണെന്ന് ....

ഇന്നിപ്പോള്‍ ജീവന്‍ നല്‍കുന്നത് മാത്രമാണ് 

ദൈവത്തിന്‍റെ ജോലി ..
ജനിക്കണോ വേണ്ടയോ എന്ന് 
നമ്മള്‍, മനുഷ്യര്‍ തീരുമാനിക്കും ..

ദൈവത്തെ കാഴ്ചക്കാരനാക്കി 

നരഹത്യ നടത്തുന്നവര്‍ക്ക് 
ആദ്ദേഹം നല്‍കുന്ന ശിക്ഷ എന്താണാവോ?.

Sunday 23 September 2012

ഇനി ഞാന്‍ ഒറ്റക്കല്ല

ഇനിയെനിക്കാരുമില്ലെന്ന തോന്നലില്ല 
തനിയെ ഇരിക്കുമ്പോള്‍ അധമ ചിന്തയില്ല 
കനിവേഴുന്നൊരു നോട്ടമായെങ്കിലും 
കണി നീയെനിക്കരികിലുണ്ടല്ലോ ...!