നീണ്ടു കിടക്കുന്ന വഴിയാണിത്
ചങ്ക് പൊട്ടിത്തെറിക്കുന്ന സങ്കടം പേറി
പലരും പലവുരു നടന്നു നീങ്ങിയ വഴി...
ഇനിയെന്തെന്ന ആശങ്ക ഏറ്റിയേറ്റി
അലഞ്ഞു തീര്‍ന്നവരുടെ പെരുവഴി...!
പൂനിലാവത്ത് മധുര ചിന്തയില്‍ മുഴുകി
പാടിനടക്കാന്‍ കൊതിച്ച കാമുകരുടെ
പറുദീസയിലെക്കുള്ള പൂമൂടിയ വഴി...
മേദസ്സുരുക്കാന്‍ പല മാന്യരും
ഓടിക്കിതച്ച നാട്ടുവഴി...!
അശാന്തി വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ
ശാന്തി ധൂതരെന്നു വിളിപ്പേരുള്ളവര്‍
പാതിരനേരത്തോരുമിച്ചു കൂടിയ നടവഴി
സദാചാരപ്പെരുമയുടെ പുതപ്പ് മൂടിയവര്‍
ഇണകളെ തിരഞ്ഞു മടുത്ത്
അന്തിനേരങ്ങളില്‍ ഉഴറിയതീ വഴി
കണ്‍പോളകളില്ലാത്തവര്‍ , വിഷക്കൂട്ടുകള്‍
അറ്റം പിളര്‍ന്ന നാവു നീട്ടി
ഇരകളെ തിരഞ്ഞു നടന്ന പൊതുവഴി
വിളക്കിച്ചേര്‍ക്കാനാവാത്ത ജീവിതക്കണ്ണികള്‍
വലിച്ചെറിഞ്ഞൊടുവില്‍ വിവശരായ്
നാടും വീടും വിട്ടോടിപ്പോയവര്‍
നിരാശയാല്‍ കണ്ണീര്‍ തൂകിയ നടവഴി
നേരമിങ്ങനെ ഒരുപാടിരുട്ടി വെളുത്തപ്പോള്‍
നിറം മാറിയതാണീ ഊടുവഴി
കാലത്തിന്‍റെ ധമനികള്‍ പോലെ
ഇന്നിന്‍റെ പരിചേഛദമായ വെട്ടുവഴി...