നനഞ്ഞ പൂച്ചയെപ്പോലെ മൂവന്തിയില്‍
കള്ളുഷാപ്പിന്റെ നനുത്ത ഇരുട്ടിലേക്ക്
ചങ്കരന് ഒരു പോക്കുണ്ട്
മൂന്ന് കുപ്പി കള്ളടിച്ച് ഒരേമ്പക്കവും വിട്ട്
പിന്നെ ചങ്കരന് തിരിച്ചിറങ്ങുന്നത്
ഹാലിളകിയ പുപ്പുലി പോലെയാണ്
പുറത്തിറങ്ങുന്ന ചങ്കരന്റെ മസ്തിഷ്ക്കത്തില്‍
കാക്കത്തൊള്ളായിരം പേജുള്ള നിഘണ്ടു തുറക്കും
പൂവും കൂവും കൊണ്ട് തുടങ്ങുന്ന
വാക്കുകളുടെ പൂമരങ്ങള്‍ അതില്‍ പൂത്തുലയും
കള്ളടിച്ച് കിറുങ്ങുമ്പോള്‍ ചങ്കരന്
ഭൂപടത്തിലെ ഒരു ചരാചരവും റെറ്റിനയില്‍ തെളിയില്ല
ലഹരിപ്പുരയില്‍ നിന്ന് നേരേ ഒരൊറ്റ വഴി
അത് നേരെ സ്വന്തം ഭവനത്തിലേക്ക് മാത്രം
നേര്‍ത്ത ഇരുട്ടില്‍ ആടിയുലഞ്ഞും വീണുരുണ്ടും
ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുമ്പോള്‍
ചങ്കരന് നിഘണ്ടു ഉരുവിട്ട് മനപ്പാഠമാക്കും...!
കൊടുങ്ങല്ലൂരമ്മയ്ക്ക് സ്തുതി...!
ഇത് ഞാനാണ് ചങ്കരന് , വെറുതെ തള്ളാന്‍ വരരുതെന്ന്
മുള്ള് വേലിയ്ക്ക് മുന്നറിയിപ്പ് കൊടുക്കും
പടിയ്ക്കലെത്തുമ്പോള്‍ എടീ പുലയാടി മോളെയെന്നു
നല്ല പാതിയെ ഈണത്തില്‍ നീട്ടിവിളിയ്ക്കും
വിളി കേള്‍ക്കുമ്പോള്‍ കാര്‍ത്യായനി ഉമ്മറപ്പടിയില്‍
വയലും വീടും കേട്ട് , കാലും നീട്ടി ഇരിയ്ക്കുകയാവും.
കണവന്റെ സ്തുതി ഗീതം കേള്‍ക്കുമ്പോള്‍
കാര്‍ത്ത്യായനി പഴയ മര്‍ഫി റേഡിയോയുടെ
തുരുമ്പിച്ച ചെവിയ്ക്കൊന്നു പിടിയ്ക്കും
കൃഷി ഓഫീസര്‍ ചെമ്പന്‍ചെല്ലിയെക്കുറിച്ച്
അല്‍പ്പം കൂടി ഉച്ചത്തില്‍ ക്ലാസ്സെടുക്കും...
പടിയ്ക്കലെ പഞ്ചാരിമേളം ഒന്ന് തണുക്കുമ്പോള്‍
കാര്‍ത്ത്യായനി മെല്ലെ എഴുന്നേല്ക്കും
കണവന് സവിധത്തിലേക്കു നടക്കുമ്പോള്‍
ഈശ്വരാ ഈ കാലന് മുടിഞ്ഞു പോണേ ന്നു പ്രാകും
സഖിയെ കാണുമ്പോള്‍ ചങ്കരന് ഒന്നുകൂടി ഉഷാറാകും
പുലയാട്ടു സംഗീതം അതിന്റെ പാരമ്യതയിലെത്തും
കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഉപദേശിച്ച്
പുച്ഛത്തിന്റെ പെരുങ്കടല്‍ തീര്‍ത്ത് ചുണ്ട് കൊട്ടി
കാര്‍ത്ത്യായനി കാന്തനെ കോലായിലേക്ക് ആനയിക്കും.
ഇത് പതിവാണ് , ചങ്കരനൊന്ന് ചുണ്ട് നനച്ച്
ഡീ പുലയാടി മോളേ ന്നു നീട്ടി വിളിക്കുന്നത്
പുറമേ പണ്ടാരടങ്ങട്ടെന്നു പ്രാകിയാലും
കാര്‍ത്ത്യായനിക്ക് ഉള്ളിലോരുപാടിഷ്ടമാണ്.
അതുകൊണ്ടായിരിക്കും കള്ള് മോന്താന് കാശില്ലാതെ
കുരങ്ങന് ചത്ത കുറവനെപ്പോലെ ഇരിയ്ക്കുന്ന ചങ്കരന്
സംമ്പാദ്യക്കുടുക്ക പൊട്ടിച്ചെങ്കിലും കാര്‍ത്ത്യായനി
അന്നത്തെ ചെലവിന് ഒപ്പിച്ചു കൊടുക്കുന്നത്...