എന്തിനധികം നട്ടപ്പാതിര നേര
ത്തെന്റെ യാത്രക്കിടക്കൊരു
ചുടല താണ്ടവേണം, ചടുല
പാദമേറ്റം ഭൂമി തൊട്ടുതൊട്ടില്ലയെന്ന പോലെയതിവേഗം
ഭയത്താൽ വിറച്ചും വിയർത്തും
ഇഴഞ്ഞു വലിഞ്ഞും നീങ്ങവേ
കുഴഞ്ഞു നാവും പാദവും വല്ലാത്ത
കാഴ്ച തന്നെയെന്റയമ്മേ
ചുഴിഞ്ഞ നോട്ടത്താലൊരുത്തി
അഴിച്ചിട്ട വേണി കാറ്റിലുലഞ്ഞും
കുഴിച്ചിട്ട വേഷത്തിലെന്ന പോൽ
വഴിയിലുണ്ട് നിൽപ്പൂ മോഹിനി
ചുണ്ണാമ്പ് ചോദിച്ചിടാനോ അല്ല
നിണമൂറ്റിയൂറ്റി കുടിച്ചിടാനോ
അണ്ണാക്ക് വറ്റി മരുഭൂമിപോൽ
കണ്ണിന്റെ കാഴ്ചയും മങ്ങിയിരുളായ്
അണ്ണീ പൊറുക്കണം പാവം,
അടിയനൊരു യാത്രികൻ സാധു
അറിയാതെ വഴിതെറ്റിയവൻ
മണ്ണോളം താഴ്ന്നു കുമ്പിട്ടു
എണ്ണി പതം പറഞ്ഞും കരഞ്ഞും
കണ്ണു നീരണിഞ്ഞു തേങ്ങിയും...
ഒറ്റയടിക്കുണർത്തിയെന്നെ പ്രിയതമ ,
ഞെട്ടിയുണർന്നു കൺ തുറക്കേ
ഈറ്റപ്പുലി പോലെ ചീറി നിൽപ്പൂ
ചുറ്റുപാടും മുഴങ്ങുന്നയൊച്ചയിൽ
പുലഭ്യത്തിലെന്നെ മൂക്കോളം മുക്കിയും
പുലരുറക്കം കളഞ്ഞ കലിയാൽ
പൂതന, കണ്ണിലഗ്നി ജ്വലിപ്പൂ സൂര്യനായ്...
എന്നാലും ഇങ്ങനെയുണ്ടോ നമ്മളെ
കൊന്നു തിന്നുന്ന സ്വപ്നം
പുലർക്കിനാവിൽ ഞാൻ കണ്ട യക്ഷിയും
കൊന്നു തിന്നുന്ന പാതിയും
ഒന്നു തന്നെ രണ്ടുമെന്നു കൂറുന്നു
ഉള്ളിലിരുന്നൊരാളിപ്പൊഴും...