Tuesday, 21 February 2017

ഭൂമിയുടെ ചിത്രം

ഭൂമിയില്‍ പൂക്കളും പൂമ്പാറ്റകളും 
വേരറ്റു പോകുന്ന കാലത്ത് 
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍  
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക് 
കരമടച്ച രശീതുണ്ടാകണം 
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം 
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം 

പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത് 
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന 
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച് 
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍ 
നനയാതെ കുളിക്കാമെന്നു 
വാക്ക് കൊടുക്കണം 
നീന്താതെ അക്കരെ കടക്കാമെന്ന് 
പ്രത്ജ്ഞ ചെയ്യണം 

ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍ 
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍ 
ആറടി മണ്ണ് വേണ്ടവര്‍ക്ക് 
ജീവിതം തീരും മുന്‍പേ 
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം 
ഭൂമി നശിപ്പിച്ചതിന് 
മാപ്പെഴുതി കൊടുക്കണം 

ഇനി , വ്യവസ്ഥകള്‍ നിയമമാക്കി 
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ് 
നിനക്കുമെനിക്കും ഒളിച്ചോടാം 
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം 
കാലം വരച്ചു തീരാനിരിക്കുന്ന 
അക്ഷാംശവും രേഖാംശവും ഇല്ലാത്ത 
ഭൂമിയുടെ ചിത്രം 

Thursday, 9 February 2017

കുട്ട്യാലി


ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു 
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍ 
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച് 
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും  
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു 
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്  
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ 
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച് 
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ  

തള്ളയാടും കുട്ട്യോളും 
കുട്ട്യാലിയുടെ അസാരം മുയലുകളും 
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി 
പോറ്റി വളര്‍ത്തിയ പനം തത്ത 

വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു 
പഴുത്ത പെരക്കേടെ നിറാര്‍ന്നു 
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു 
തങ്കം പോലത്ത സൊഭാവാര്‍ന്നു

സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍ 
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത് 
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു 

ആവശ്യല്ലാത്ത ഒരു വാക്ക് 
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു 
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട് 
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു

പറഞ്ഞിട്ടെന്താ.... 
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട് 
വല്ലാതെ വാഴാതെ കുട്ട്യാലി പോയി 
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ് 
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി 
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി 
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി

മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത് 
പട്ടം പറത്ത്ണ കുട്ട്യാലി 
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...

മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ 
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ 
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!

ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും 
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള 
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും 
എഴാനാകാശത്തിനമപ്പുറത്ത് 
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....      

Thursday, 19 January 2017

ചീത്തപ്പേര്




രിഞെണ്ടും പാല്‍ഞെണ്ടും
വരമ്പ് തുളയ്ക്കാത്ത പാടമാണ്  
പരലും കരുതലയും 
പുളഞ്ഞു കളിയ്ക്കാത്ത തോടാണ് 
കാരിയും ചെമ്പനും അമറാത്ത 
മാറാല പിടിച്ച തൊഴുത്താണ്
കോരനും ചാമിയ്ക്കും മേയാനൊരു 
കൂര പോലുമില്ലാത്ത നാടാണ്
ചെറുങ്ങനെ ഒന്ന് മിനുങ്ങാത്തോര് 
ആണാകാത്ത കാലാമാണ് 

ചവിട്ടി നിന്ന മണ്ണൊക്കെ 
ഒലിച്ചുപോയിട്ടൊടുവില്‍ 
പരുപരുത്ത പാറക്കല്ലില്‍ 
എന്ത് വിളയാനാണെന്ന്
ചോദിച്ചവനാനെന്നു തോന്നുന്നു 
ഒറ്റക്കുത്തിന് കുടല് വെളിയില്‍ ചാടി 
ഇന്നലെ മരിച്ചു കിടന്നത് 

മണ്ണായ മണ്ണൊക്കെ പൊയ്ക്കോട്ടെ 
കൈനോട്ടവും പുള്ളുവന്‍പാട്ടും 
ചത്തു തീര്‍ന്നോട്ടെ....
തേക്ക്കൊട്ടയും ഞാറ്റുപാട്ടും 
കടലെടുത്തോട്ടെ 
ഞാറ്റുവേലയും ഇടവപ്പാതിയും 
നാട് നീങ്ങിക്കോട്ടേ  
ഒന്നരയും മുണ്ടും ഉരിഞ്ഞെറിഞ്ഞ് 
ഇരുമ്പുചട്ട ഉടുത്തോട്ടെ 

നാടായ നാട്ടിലൊക്കെ 
പഴമയില്‍ ചിതലരിച്ചത് , 
നാട്ടാരായ നാട്ടാര്‍ക്കൊക്കെ 
ഓര്‍മ്മയില്‍ തുരുമ്പ് വന്നത് 
എന്‍റെ കുറ്റാണോ ? 

എന്താച്ചാ ആയ്ക്കോട്ടെ 
തുടല് പൊട്ടിച്ച പരിഷ്ക്കാരം 
എല്ലാരെയും കടിച്ച് 
പേയിളകി മരിച്ചോട്ടെ
തെക്കോട്ട്‌ പോണേനു മുമ്പ് 
വെളിച്ചത്ത് ജനിച്ച് 
ഇരുട്ടത്ത് മരിച്ചവനെന്ന 
ചീത്തപ്പേരും എനിയ്ക്കിരുന്നോട്ടെ....! 

Monday, 16 January 2017

പ്രജാപതിയുടെ ദുഃഖം


നീണാള്‍ വാഴേണ്ട തമ്പുരാനൊരു ദിനം 
നീറും വേദന മനസ്സിനുള്ളില്‍ 
നീതികെടെന്തോ ചെയ്തത് പോലൊരു 
ഭീതിയാണെപ്പോഴും ഉള്ളിനുള്ളില്‍

മന്ത്രിമാര്‍ കാര്യക്കാര്‍ വിദൂഷകനും
ചിന്തയിലാണ്ടുപോയ് മുഴുനേരവും 
ഇമ്മട്ടിലാണെങ്കില്‍ ഇപ്രകാരം 
നമ്മ ഭരണം നടക്കുവതെപ്രകാരം ?

ആധിയായ് മന്ത്രിമാര്‍ക്കൊക്കെയും രാജന് 
വ്യാധിയെങ്ങാനും ഭവിച്ചു പോയാല്‍ 
താതനില്ലതെയായിടും പ്രജകള്‍ 
നാഥനില്ലാതെയായിടും രാജ്യം 

ആശ്രിതക്കൂട്ടങ്ങളെല്ലാവരും
അരമന തന്നിലണഞ്ഞു മെല്ലെ
അരചനോടോതീ ദുഃഖാര്‍ത്ഥരായ് 
എന്തിത്ര കുണ്ഡിതം ശോകം പ്രഭോ 
വേവുന്നതെന്തിനീ ചൂള പോലെ

എന്തിനെന്നറിയാതെ നാടുവാഴി 
ചിന്താതുരനായ് ഒരല്‍പ്പനേരം
പിന്നെ പതിയെ മൊഴിഞ്ഞോരല്‍പ്പം 
അറിയില്ല എന്തെന്നു എനിക്കുമൊട്ടും 
വല്ലാത്ത വൈഷമ്യം മനസ്സിനുള്ളില്‍ 
ഒന്നുറങ്ങി എഴുന്നേറ്റ നേരം മുതല്‍ 

കുത്തിയിരുന്നൊട്ടു ചോദ്യമായി 
കൊട്ടാരവാസികള്‍ എല്ലാവരും 
വേട്ടയ്ക്ക് പോയൊരു നാളിലെങ്ങാനും
കാട്ടിന്നെങ്ങാനും പേടിച്ചതാണോ  
ആട്ടിടയനാമൊരു ബാലനെ അന്നങ്ങു 
വേട്ടയിലബദ്ധത്തില്‍ കൊന്നതാണോ... 

പൊട്ടനാണീ രാജ എന്ന് വിളിച്ചാര്‍ത്ത 
കുട്ടിയെ തുറുങ്കിലടച്ചതാണോ 
കട്ട് മുടിച്ചൊരു മന്ത്രിയദ്ദേഹത്തെ 
തട്ടിക്കളയാതിരുന്നതാണോ
ഓര്‍മ്മ വരുന്നുണ്ടോ എന്തെങ്കിലും 
കൂര്‍മ്മ ബുദ്ധിയില്‍ അങ്ങേക്കേതെങ്കിലും ?

ഒന്നുമറിയില്ല മന്ത്രിശ്രേഷ്ടാ 
എനിക്കെന്തിതു പറ്റീ എന്നുപോലും
തനിച്ചിരിക്കേണമെനിക്കൊരല്‍പ്പം 
മനം ശാന്തമാകാനെനിക്കൊട്ടു നേരം 

പിരിഞ്ഞുപോയ്‌ പുംഗവരെല്ലാവരും
ഇരുട്ടറയിലൊളിച്ചു രാജശ്രേഷ്ടന്‍ , ഇപ്പോള്‍ 
അരചനിതെന്തു ഭവിച്ചെന്നറിയാതെ  
അന്തിച്ചിരിപ്പാണ് പ്രജകളും രാജ്യവും 
അന്തവും കുന്തവുമില്ലാതെ ഞാനും,,,,!.. 

Thursday, 5 January 2017

പെരുങ്കള്ളന്‍

കാറ്റിനെപ്പോലൊരു കള്ളനെ 
ഞാനെന്‍റെ  ജീവിതത്തില്‍ കണ്ടിട്ടില്ല 
അരയത്തിപ്പെണ്ണിന്‍റെ അളകവും 
അയയില്‍ ഉണക്കാനിട്ട കളസവും 
ഒരു പോലെ തലോടുന്നവന്‍...  

ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍ 
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്  
കണ്ണില്‍ മണ്ണ് വാരിയിട്ട്   
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍... 

കാറ്റുപായയിലൂതിയൊരു 
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ 
കൊലവിളി നടത്തുന്നവന്‍ 
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും 
കുംഭത്തില്‍ വെയിലൊനൊപ്പവും 
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍... 

ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും 
പിണങ്ങുമ്പോള്‍ പണി തന്നിട്ടും 
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും 
ഒരുപോലെയെന്നു കരുതുന്നവന്‍...

മുരളിയിലൂതി കൊതിപ്പിച്ചും  
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും 
വിളയാടിത്തിമിര്‍ക്കുന്നവന്‍... 
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!   

Monday, 2 January 2017

ഈ വഴിയിങ്ങനെ...



നീണ്ടു കിടക്കുന്ന വഴിയാണിത് 
ചങ്ക് പൊട്ടിത്തെറിക്കുന്ന സങ്കടം പേറി 
പലരും പലവുരു നടന്നു നീങ്ങിയ വഴി... 
ഇനിയെന്തെന്ന ആശങ്ക ഏറ്റിയേറ്റി  
അലഞ്ഞു തീര്‍ന്നവരുടെ പെരുവഴി...! 

പൂനിലാവത്ത് മധുര ചിന്തയില്‍ മുഴുകി 
പാടിനടക്കാന്‍ കൊതിച്ച കാമുകരുടെ 
പറുദീസയിലെക്കുള്ള പൂമൂടിയ വഴി...
മേദസ്സുരുക്കാന്‍ പല മാന്യരും 
ഓടിക്കിതച്ച നാട്ടുവഴി...!    

അശാന്തി വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ
ശാന്തി ധൂതരെന്നു വിളിപ്പേരുള്ളവര്‍ 
പാതിരനേരത്തോരുമിച്ചു കൂടിയ നടവഴി
സദാചാരപ്പെരുമയുടെ പുതപ്പ് മൂടിയവര്‍ 
ഇണകളെ തിരഞ്ഞു മടുത്ത്
അന്തിനേരങ്ങളില്‍ ഉഴറിയതീ വഴി  

കണ്‍പോളകളില്ലാത്തവര്‍ , വിഷക്കൂട്ടുകള്‍  
അറ്റം പിളര്‍ന്ന നാവു നീട്ടി 
ഇരകളെ തിരഞ്ഞു നടന്ന പൊതുവഴി
വിളക്കിച്ചേര്‍ക്കാനാവാത്ത ജീവിതക്കണ്ണികള്‍ 
വലിച്ചെറിഞ്ഞൊടുവില്‍ വിവശരായ്    
നാടും വീടും വിട്ടോടിപ്പോയവര്‍  
നിരാശയാല്‍ കണ്ണീര്‍ തൂകിയ നടവഴി

   
നേരമിങ്ങനെ ഒരുപാടിരുട്ടി വെളുത്തപ്പോള്‍ 
നിറം മാറിയതാണീ ഊടുവഴി
കാലത്തിന്‍റെ ധമനികള്‍ പോലെ 
ഇന്നിന്‍റെ പരിചേഛദമായ വെട്ടുവഴി...