Tuesday, 22 March 2016

ആണായിപ്പിറന്നവള്‍

വള്‍... ആണായിപ്പിറന്നവള്‍...
ഓട്ടക്കാലണയ്ക്കുപോലും വകയില്ലാത്ത
പട്ടിണി വേവുന്ന കുടിലിലും 
വസന്തകാല തൃഷ്ണകളെയൊക്കെയും 
പാതാളത്തോളം ചവിട്ടിത്താഴ്ത്തി 
അന്തസ്സുരുക്കഴിക്കാതെ വാണവള്‍...!

ആണ്‍ പ്രാവുകളുടെ കുറുകലുകളുകള്‍ക്ക്
കനത്ത നോട്ടത്തിനഗ്നി കൊണ്ട് 
കടുത്ത വാക്കിന്‍ വാള് കൊണ്ടിവള്‍  
തൊടുത്ത ശിക്ഷകള്‍ എല്‍ക്കാത്തവരില്ല    

അനുഭവങ്ങളുടെ മൂശയില്‍ ഉരുകി  
മനസ്സും വപുസ്സും ഉരുക്കായവള്‍ .
കാലം കിനാക്കളെ  കൊന്നു തിന്നപ്പോള്‍
കണ്ണീരുപ്പിട്ടു കഞ്ഞി കുടിച്ചവള്‍ ,
നിഴലുകള്‍ കയറി മേഞ്ഞ ജീവിതത്തില്‍ 
രൂപങ്ങള്‍ അന്യമായപ്പോഴും 
വിശേഷണങ്ങള്‍ക്കപ്പുറത്തെന്നും 
മഹാമേരുപോലെ ഉറച്ചേ നിന്നവള്‍...  

തന്തയുപേക്ഷിച്ചിട്ടും തകരാതെ 
ഒത്തൊരാണിനെപ്പോലെ പെറ്റമ്മക്ക് 
ഒട്ടും തളരാതെ കൂട്ടായവള്‍...  
ചെറ്റക്കുടിലിലെ തലയിണക്കടിയില്‍ 
രാകി മിനുക്കിയ അരിവാളിന്‍ ബലത്തില്‍ 
ഓരോ കുഞ്ഞനക്കങ്ങളിലും ഞെട്ടിയുണര്‍ന്ന് 
ഉറങ്ങാതെയുറങ്ങി നേരം വെളുപ്പിച്ചവള്‍...   

എന്നിട്ടും....കാളവേലയ്ക്ക് പിറ്റേന്ന്
ഈറ്റപ്പുലിയെന്ന്‍ ഞങ്ങള്‍ പേരിട്ടവള്‍   
മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
കറ്റക്കയറില്‍ തൂങ്ങിയാടിയത് 
നാട്ടുകാര്‍ക്കിന്നും വിശ്വാസമായിട്ടില്ല 

ഏത് കൊമ്പനൊരുത്തന്‍  കുത്തിയ 
ചതിക്കുഴിയിലാണവള്‍ വീണതെന്ന് 
പതം പറഞ്ഞു തളര്‍ന്ന നാട്ടുകാരുടെ 
കാത് കൈമാറിയ സ്വകാര്യങ്ങളില്‍ 
മുങ്ങിമരിയ്ക്കാതെ ഞങ്ങളിന്നും 
ഉണ്ണിയാര്‍ച്ചക്കൊപ്പം ചേര്‍ത്തിട്ടുണ്ട് 
പെണ്ണായി പിറന്നോരാണിന്‍റെ 
വീര്യം നിറഞ്ഞൊരോര്‍മ്മകള്‍....!