ഈറനുടുത്ത ധനുമാസക്കാറ്റത്ത്
കര്‍ക്കിടകത്തിലെ പെരൂമഴയത്ത്
മരം കോച്ചുന്ന തണുപ്പത്ത്
ഇറങ്ങി നടക്കണമെന്ന്
പറഞ്ഞിറങ്ങിപ്പോയവനാണ്
പരിദേവവും സങ്കടവുമല്ലാതെ
വേറൊന്നും വിളയാത്ത
മരുക്കാട് വിട്ടിനി എന്നേയ്ക്കും
പിറന്ന് വളര്‍ന്ന നാട്ടില്‍
ആര്‍ത്തുല്ലസിച്ചു നടക്കണമെന്ന്
ഉറപ്പിച്ചിറങ്ങിയവനാണ്
തിരിച്ചു പോരണമെന്ന്
തീരേ വ്യാകുലപ്പെടാതെ
കണ്ട് കൊതി തീരാത്ത
തന്‍റെ രക്തത്തുള്ളികള്‍ക്കൊപ്പം
സസുഖം വാഴണമെന്ന് പറഞ്ഞ്
യാത്ര പറഞ്ഞവനാണ്
പെരുന്നാളിന് , ഓണത്തിന് ,
പൂരത്തിന് കാളവേലയ്ക്ക്
ആരവങ്ങളുടെ അടങ്ങാത്ത
പെരുമയില്‍ മുങ്ങിപ്പൊങ്ങി
നീരാടണമെന്നു മോഹിച്ചവനാണ്
സമ്പത്തില്ലെങ്കിലും
സമാധാനം വിളയുന്ന
കുഞ്ഞോലപ്പുരയില്‍
പട്ടിണി പുതച്ചാണെങ്കിലും
കഴിഞ്ഞുകൂടാമെന്നെപ്പോഴും
വീമ്പിളക്കിയവനാണ്
എന്നിട്ടിപ്പോ.....
നീയില്ലാതായപ്പോള്‍
എന്നെന്നേക്കും അനാഥരായിപ്പോയ
നിന്‍റെ കിനാക്കളെല്ലാം കൂടി
എനിയ്ക്ക് ചുറ്റുമാണ് പൊറുതി
ഞാനും അറിയാതെയാണെങ്കിലും
സ്നേഹിച്ചു തുടങ്ങിയ
ഒരിയ്ക്കലും പൂക്കാതെ പോയ
നിന്‍റെ സ്വപ്നങ്ങളുടെ
അതേ പൂമരക്കൊമ്പിലാണിപ്പോള്‍
ഈയുള്ലവന്‍റെയും വാസവും ...!
ജീവിതയാത്രയില്‍ നിനക്കുമെനിക്കും
ഒരേ സ്വപനങ്ങളും
ഒരേ വഴിയുമാണെന്ന്
നീയെപ്പോഴും പറയാറുള്ളത്
കതിരാകാതെങ്ങനെ പതിരാകാന്‍....!