Tuesday, 28 July 2015

ഒറ്റവാക്കിനുമപ്പുറം...


ന്നോടൊന്നു മിണ്ടുവാനാവാതെ
ഒളിച്ചിരിപ്പുണ്ടൊരു മൌനം,
എന്നോ മിണ്ടിപ്പഴകേണ്ട സൗഹൃതം...
നാവിന്‍ തുമ്പോളം വളര്‍ന്ന്‍
പൊള്ളിയടര്‍ന്നു പോയ
നോവ്‌ പൂക്കും വാക്കിന്‍ കാനനം..

പിണങ്ങുമ്പോഴോക്കെയും ഇനി
ഇണങ്ങുന്നില്ലെന്നുറപ്പിച്ച്  
വഴിപിരിയുന്ന ചങ്ങാത്തം
വെറുപ്പില്‍ മുക്കിയ ഒറ്റയുറക്കം
അലിയിച്ചു തീര്‍ക്കുന്ന നീരസം...

ഒരുപക്ഷേ  നിനക്കറിയില്ലായിരിക്കാം
നിന്‍റെ മധുരനാദത്തില്‍ മുക്കിയ
സുഖമല്ലേ എന്ന ഒറ്റവാക്കിന്‍ ദൂരത്ത്‌
ഞാനിവിടെ കാത്തിരിക്കുന്നുണ്ടെന്ന് ..  

Wednesday, 15 July 2015

കൊന്ന പാപം...



വേട്ടക്കാരന്‍ മുരുകനെ അറിയാത്തവരുണ്ടോ ? 
ഒറ്റക്കണ്ണ് ചിമ്മി ലാക്കു നോക്കുമ്പോള്‍ 
മറ്റേ കണ്ണിന് ചാട്ടുളിയുടെ മൂര്‍ച്ചയുള്ളവന്‍,
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കാലിടറാത്തവന്‍.

ഇരയുടെ കണ്ണിന് ഇരട്ടക്കുഴല്‍ ചൂണ്ടുമ്പോള്‍, 
ഒരിയ്ക്കലും വിറയ്ക്കാത്ത ചങ്കുള്ളവന്‍.
മുളയങ്കാവ് അങ്ങാടിയില്‍ മുക്രയിട്ട്‌ നടന്നവരെ  
എളിമയുടെ ആള്‍ രൂപങ്ങളാക്കിയോന്‍ . 

കാര്‍ത്യായനിയുടെ ഉള്ള് നോക്കി ഉന്നം വെച്ച് 
കരള് മുറിഞ്ഞ കള്ളക്കാമുകന്‍ ,പിന്നെ 
വേട്ടയ്ക്ക് കോപ്പുകൂട്ടി നടന്ന് നടന്ന് 
കൂട്ടിനൊരാളെ കൂട്ടാന്‍ മറന്നു പോയവന്‍.


ആണ്ടവന്‍റെ പേരാണെങ്കിലും എല്ലാ 
വേണ്ടാതീനങ്ങളും കയ്യിലുള്ളവന്‍, 
ഇടത്തേ കണ്ണിന്‍റെ കൃഷ്ണമണിയെയും,തന്‍റെ 
ഇരട്ടക്കുഴലിനെയും അതിരറ്റു സ്നേഹിച്ചവന്‍, 

വയസ്സുകാലത്തൊരു കൂട്ടുവേണ്ടെയെന്ന  
അയല്‍ക്കാരുടെ അടങ്ങാത്ത ആകുലതയ്ക്ക്
മുരുകനെന്തായാലും കിടന്നു നരകിയ്ക്കില്ലെന്ന് 
ചെറു ചിരിയോടെ മറുപടി കൊടുത്തവന്‍.

പാമ്പിന്‍കാവിലെ കരിയിലക്കൂട്ടില്‍ അടയിരുന്ന
പാവം കാട്ടുകോഴിയുടെ കണ്ണൊരു നാള്‍,സ്വന്തം 
കണ്ണിനും കുഴലിനും നേര്‍ക്കുനേരായ നേരത്ത് 
മണിനാഗം തീണ്ടി അവശനായി മുരുകന്‍.  


മരണത്തിന്‍റെ കാരുണ്യത്തിന്‌ കാത്തുനില്‍ക്കാന്‍ 

മനസ്സ് മടിച്ചതുകൊണ്ടായിരിയ്ക്കണം 
നീലിച്ച് പിടഞ്ഞു മരിയ്ക്കും മുന്‍പ് സ്വന്തം 
തലച്ചോറിലേക്കൊരു വെടിയുണ്ട പറത്താന്‍ 
വലതു കാലിന്‍റെ പെരുവിരലിലല്‍പ്പം ജീവന്‍
പൊലിയാതെ കാത്തു വെച്ചിരുന്നു മുരുകന്‍.  

കൊന്ന പാപങ്ങള്‍ ഈ ജന്മത്തൊരിയ്ക്കലും
തിന്നാല്‍ തീരില്ലെന്ന് എനിയ്ക്ക് മനസ്സിലായത്‌ 
നാഗം തീണ്ടിയ  മുരുകന്‍റെ ജീവിതം കൊണ്ടാണ്. 
എങ്കിലും ജീവിതത്തിലോരിയ്ക്കലും ഇന്നോളം 
ആരെയും കൂസാത്ത ആണൊരുത്തന്‍ മുരുകന് 
ചേരുന്നത് തന്നെയാ ജീവിതവും മരണവും...!

Thursday, 2 July 2015

പങ്കില ജീവിതം


ലോകമിങ്ങനെയൊക്കെയാ മാനവാ 
പാകമാകാത്ത വസ്ത്രം ധരിച്ചു നീ 
പാടണം ആടണം ജീവന്‍റെ മഴമേഘം
പെയ്തൊഴിഞ്ഞു തീരും വരേയ്ക്കും.  

പാപ ഭാരങ്ങളാകാം അല്ലെങ്കില്‍ 
പൂര്‍വ്വജന്മ കര്‍മ്മ ദോഷങ്ങളാകാം 
പാരിലിങ്ങനെ ആര്‍ക്കുമേ വേണ്ടാത്ത 
നരനാകുവാനെന്നു കരുതല്ലേ നീ... 

ദുഃഖമെത്രയും കരളുലച്ചീടിലും 
ദൃക്കൊരല്‍പ്പവും നനയാതിരിക്കുവാന്‍ 
ദോഷി നീയൊട്ടും ഗ്രഹിയ്ക്കാതെയെങ്ങനെ 
ധീരനായ് വാഴ്ത്തിടുമന്ന്യനാല്‍ നീ...?

ചഞ്ചല ചിന്തകള്‍ ദൂരെക്കെറിയണം 
ചിത്തമുരുക്കാക്കി ഉറപ്പാക്കി നിര്‍ത്തണം
ചിന്തയെ കൂര്‍പ്പിച്ചൊരമ്പാക്കി മാറ്റണം
ചേലില്‍ മുഖത്താത്മവിശ്വാസം മുറ്റണം  

എങ്കിലീ ലോകത്തിലൊന്നിനുമാവില്ല 
ചങ്കെടുത്തംമ്മാനമാടുവാന്‍ നിന്‍റെ 
പാപങ്ങള്‍ കര്‍മ്മ ദോഷങ്ങള്‍ക്കാവില്ല 
പങ്കിലമാക്കുവാന്‍ ജീവിതം നിന്‍റെ...!