ജീവിതത്തിലെ കയറ്റങ്ങള്‍ കയറാനാവാതെ
ശ്വാസം മുട്ടിയാണ് അച്ഛന്‍ ജീവിതമൊഴിഞ്ഞത്
എന്നിട്ടും ...
കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് ജീവിതമെന്ന്
തെര്യപ്പെടുത്തിയാണ് അച്ഛന്‍ കണ്ണുകളടച്ചത്
തെക്കേ തൊടിയിലെ അച്ഛന്‍റെ കുഴിമാടത്തില്‍
പുല്ലു കിളിര്‍ത്തു തുടങ്ങും മുന്‍പേ
എനിക്ക് പറ്റില്ലെന്നോതി ,പരിഭവം പറഞ്ഞ്
പ്രാരാബ്ദങ്ങളുടെ തോളൊഴിഞ്ഞ്
ജ്യേഷ്ട്ടനും കുടുംബവും പടിയിറങ്ങി..
കുടുംബ ഭാരം താങ്ങാന്‍ ഉരുക്ക് തൂണാകാന്‍
നിനക്കാവും നിനക്കാവും എന്ന്
മനസ്സിനെ പലതവണ പറഞ്ഞു പഠിപ്പിച്ചിട്ടും
ഞാനൊടുവില്‍ തോറ്റു പോയോ?
ഇറക്കങ്ങളുമുണ്ട് ജീവിതത്തില്‍ എന്ന്
പലവട്ടം പറഞ്ഞു പഠിപ്പിച്ച അച്ഛനും
ഒടുവിലെന്നെ ചതിക്കുകയായിരുന്നെന്ന്
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു...
കയറിത്തീര്‍ക്കാനാവാത്ത ജീവിതത്തിലെ
കൊടും കയറ്റങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി
ഞാനിതാ ആദ്യത്തേതും അവസാനത്തേതുമായ
ഇറക്കത്തിലേക്ക് കൂപ്പുകുത്തുന്നു ...
ഇപ്പോള്‍....
മാവിന്‍ കൊമ്പില്‍ കെട്ടിയ ഈ കുരുക്ക്
ആ ഇറക്കത്തിലേക്കെന്നെ നയിക്കുമത്രേ ...!