Saturday, 21 June 2014

നീ ഒരു വര്‍ണ്ണ ചിത്രം.


നാഥ നീയെന്‍ കൂടെ ഇല്ലാതിരുന്നി 
ട്ടിത്പോലെ വേപഥു പൂണ്ടാതില്ലൊരു നാളും 
എന്തിത്ര താമസം ഒന്നണഞ്ഞീടാ
നെന്തിത്ര സങ്കോചം ചാരത്തിരിപ്പാന്‍ ...

എത്ര നാള്‍ കൊണ്ടിതെഴുതുന്നു ഞാന്‍ നിന്‍ 
ചിത്രമെന്നന്തരഗത്തിന്‍ ഭിത്തിയില്‍
എന്തിതു തെളിയാത്തു നിന്‍ രൂപം വല്ലഭാ  
വര്‍ണ്ണങ്ങളെത്ര ചേര്‍ത്തു ഞാനെങ്കിലും..

ചന്തമേവുന്ന ലോകത്തിലെനിക്ക് നീ
കാന്തനായി വന്നു ഭവിച്ചിടാന്‍  
നേര്‍ച്ച നൊയമ്പുകള്‍  അതിനായിയെത്ര
ഉരുക്കഴിച്ചു ഞാന്‍ പ്രാര്‍ത്ഥനകളും.. 

നേര്‍ത്ത ജീവിതം പൊലിഞ്ഞൊടുവിലീ  
പാരിലൊരു പിടി മണ്ണ് മാത്രമായ് 
മാറും മുമ്പേ നീ തന്നു കനിയണം 
ഓര്‍ത്ത്‌ വെച്ചിടാന്‍ നല്ലയോര്‍മ്മകള്‍
ഒമാനിച്ചിടാന്‍ കുഞ്ഞു സ്വപ്നങ്ങള്‍....!  

Thursday, 12 June 2014

കശ്മലന്‍,ഇവനെന്‍ കണവന്‍ ..


കശ്മലന്‍ , കണവനാണെന്നാലുമാ    
കാലനെയങ്ങനെ വിളിക്കട്ടെ ഞാന്‍ 
കണ്ടിട്ടേയില്ല ഇന്നോളം ഞാനൊറ്റ
ദിനവുമാ ദേഹത്തെ സ്വബോധാമോടെ ..

പത്തുമഞ്ഞൂറും കിട്ടുമോരോ ദിനം 
ചത്തു പണിഞ്ഞാല്‍ കൂലിയായ് നിത്യം 
എന്നിട്ടുമെന്നും  കടം പറഞ്ഞീടും 
വാറ്റ് മോന്തുന്ന ഷാപ്പില്‍ പോലും...  

പിള്ളേര് നാലുണ്ട് പിന്നെ ഞാനും
കള്ള് നിറയ്ക്കുമങ്ങേര്‍ തന്‍ വയര്‍,ഈ 
പിള്ളേര്‍ വിശപ്പാല്‍ പൊരിഞ്ഞലറീടുമ്പോള്‍ 
പള്ള നിറയ്ക്കാന്‍ ഞാനെന്തു ചെയ്യും ?

കള്ളെന്ന വെള്ളം മോന്തുവാനില്ലെങ്കില്‍ 
എള്ളോളം പിന്നില്ല അങ്ങേര്‍ക്കു ശൌര്യം 
ഉള്ള് പൊരിഞ്ഞു ഇതെത്ര ശപിച്ചീ 
കള്ളുകുടിയനെ ഞാനെത്ര വട്ടം ! 

കൊള്ളാം ഇതൊക്കെ ഞാനെത്ര ചൊല്ലി
കേള്‍ക്കാനാര്‍ക്കുണ്ട് കാത് രണ്ട് 
തല്ലുവാന്‍ കൊല്ലുവാന്‍ ശക്തിയുണ്ട് ,പക്ഷെ 
തെല്ലും എല്ലില്ല എന്‍ അല്ലല്‍ തീര്‍ക്കാന്‍..   


കല്ലിനാലല്ല പണിതതെന്‍ ഹൃത്തടം 
എന്നെങ്കിലുമാ ദേഹം ഓര്‍ത്തിടെണ്ടേ 
എന്ത് ഞാന്‍ ചൊല്ലേണ്ടു ഇനിയുമേറെ ,ഈ 
പൊള്ളുന്ന ജീവിതക്കടല്‍ തീര്‍ത്തിടാനായ് 
ആര് തീര്‍ത്തുലകിലീ മദ്യമാവോ  ?

Friday, 6 June 2014

തിരശ്ശീലക്ക്‌ പിന്നിലെ പൂക്കള്‍


ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍ 
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം 
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍  
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം. 

ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്  

ആറടി മണ്ണിലും നെഞ്ചോട്‌ ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ 
കരളുതകര്‍ക്കുന്ന കദനഗീതം,

സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ 

ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ   
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും.... 

മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന് 

മായ പോലെ മാഞ്ഞുപോയവര്‍ 
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത് 
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം 

മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ് 
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍   കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി  
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക്‌ പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .

Monday, 2 June 2014

ഇരുട്ടില്‍ ഒറ്റ രൂപം തെളിയുന്നവര്‍

ദൈവം കാഴ്ച്ച നല്‍കി പരീക്ഷിച്ചവര്‍,
ഞങ്ങളെപ്പോലല്ല അന്ധര്‍ നിങ്ങള്‍,
കാണേണ്ട ചീഞ്ഞു നാറിയ കാഴ്ചകള്‍
അണിയേണ്ട മുഖം മൂടി ജീവിതത്തില്‍ ..

ലോകം ഇതപ്പാടെ നിഴലുകള്‍
പ്രകാശത്തിന്‍ ദിശ മാറും നേരം
മടിയാതെ മാറുന്ന രൂപങ്ങള്‍.
കൊടും ചതിയുടെ പുണ്യാവതാരങ്ങള്‍.

ഭാഗ്യം ഇതല്ലയോ അന്ധര്‍ നിങ്ങള്‍
ദൈവത്തിന്‍ അരുമയാം സൃഷ്ടികള്‍
കുഞ്ഞു കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍
ക്രൂര കാഴ്ചയില്‍ നിന്നും മോചിതര്‍..

ഇരുട്ടില്‍ *ഒറ്റ രൂപം തെളിയുന്നവര്‍
കാതു കണ്ണാക്കി മാറ്റിയോര്‍ ,നിങ്ങള്‍
നിറങ്ങളില്‍ നീരാടും  നീചര്‍ തന്‍
പൊയ്മുഖം കാണാത്ത പൂജ്യര്‍ ..

നമിക്കുന്നു നിങ്ങള്‍ തന്‍ ജീവിതം
തെല്ലുമേ അല്ല ദുഷ്കരം
ഒട്ടുമേ വേണ്ടിനി ദുഷ് ചിന്ത, ഈ
അന്ധത ശാപമേയല്ല  തെല്ലും..!
---------------------------------------------------------
*ദൈവ രൂപം.