Sunday, 31 March 2013

തിരകളും ഞാനും ..


തിരമാലകളേ തീരത്തിതെന്നും
തിരയുന്നതെന്താണ് നീ  
തരിമണല്‍ തീരത്തെ കഴുകിയരിച്ചെന്നും 
പരതുന്നതെന്താണ് നീ .. 

വിണ്ണിലെ മേടയില്‍ നിന്നുമടര്‍ന്നൊരു 
താരകം തീരത്ത്‌ കളഞ്ഞു പോയോ?
മാണിക്ക്യകല്ലുമായ്‌ പാഞ്ഞൊരു മിന്നലിന്‍
കയ്യില്‍ നിന്നാകല്ല് താഴെ വീണോ ? 

എത്ര തിരഞ്ഞിട്ടും കിട്ടാതെ പിന്നെയും
രാവും പകലും മടുപ്പൊട്ടുമില്ലാതെ 
തന്നേ മറന്നും തളരാതെയെന്നും 
തിരയുന്നതെന്തു നീ  തിരകളെ നിത്യവും..? 

ഞാനുമെന്‍ തിരകളെ നിങ്ങളെപ്പോലെ 
കാണാതെ പോയെന്നു കരുതുന്നതൊക്കെയും
കണ്ണീരും കയ്യുമായ് കാലങ്ങളായി 
തേടി മടുത്തു കഴിയുന്നതിന്നും ..

നഷ്ടമായ് പോയൊരു എന്നിലെ എന്നെ 
തിരഞ്ഞു മടുത്തീ തീരത്തിരിക്കവേ 
കളഞ്ഞു പൊയ്പ്പോയതെന്നും തിരയും നിന്‍ 
കരളുറപ്പെന്നെ ഉണര്‍ത്തുന്നു വീണ്ടും
പതറാതെ എന്നും നയിക്കുന്നു വീണ്ടും .. 

Friday, 22 March 2013

ജാഗ്രത...!


ചക്രവാളങ്ങളിലേക്ക് ചെവി കൂര്‍പ്പിക്കുക 
കടലിരമ്പും പോലൊരു മുഴക്കം കേള്‍ക്കാം 
അനീതിക്കെതിരെ പടയോരുക്കവുമായി 
അക്രമത്തിന്‍റെ ചിറകരിയാന്‍ 
അധര്‍മ്മത്തിന്‍റെ  വേരറുക്കാന്‍
ഘോരാന്ധകാരത്തില്‍ ഒരു തിരി വെട്ടവുമായ്‌ 
യുദ്ധ കാഹളം മുഴക്കി അവരണയുകയാണ്... 

കണ്ണുകളില്‍ അഗ്നി ജ്വലിപ്പിച്ച് , കരങ്ങളില്‍ 
ആയിരം ആനകളുടെ കരുത്താവാഹിച്ച് 
അവര്‍ അശ്വമേധം നടത്തും...

അധികാരികളുടെ കോട്ട കൊത്തളങ്ങളില്‍ 
രാവുറങ്ങാത്ത മദ്യശാലകളില്‍ 
വേട്ടയാടിപ്പിടിച്ച കന്യകമാരുടെ 
തേങ്ങലുകളുയരുന്ന  അകത്തളങ്ങളില്‍ 
പൂഴ്ത്തിവെപ്പുകാരുടെ പാണ്ടികശാലകളില്‍ 
കൊടുങ്കാറ്റായവര്‍  ആഞ്ഞടിക്കും .

പേ പിടിച്ച വെട്ടനായ്ക്കളുടെ തലച്ചോറുകള്‍ 
അരിപ്പ പോലെ തുളച്ച് തള്ളി 
പാവങ്ങള്‍ക്കിണങ്ങാത്ത നീതിയുടെ തുലാസുകള്‍ 
വെട്ടിമുറിച്ചവര്‍  പകരം വീട്ടും ..

രക്ഷകരിവര്‍ അണയുന്ന മുഹൂര്‍ത്തം നോക്കി 
ചുവന്ന പരവതാനി വിരിച്ച് 
നമുക്ക് കാത്തിരിക്കാം ...

Monday, 18 March 2013

യാത്ര


കാണാന്‍ കൊതിക്കുമ്പോള്‍ കണ്ണ് നിറയുന്നതും 
കണാതിരിക്കുമ്പോള്‍ മനസ്സില്‍ കനലെരിയുന്നതും 
നീയൊട്ടും അറിഞ്ഞതേയില്ല...

ഓര്‍മ്മകള്‍ക്ക് മീതെ മറവിയുടെ മണ്ണിട്ട്‌ 
പുതിയ പൂച്ചെടികള്‍  നട്ടു നനച്ച്
പൂവാടിയൊരുരുക്കുന്ന തിരക്കിലായിരുന്നു നീ. 

എന്നില്‍നിന്നും നീ അകന്നെന്ന തിരിച്ചറിവ്
കണ്ണ് നനയിക്കുംമ്പോഴേക്കും 
ചക്രവാളങ്ങളില്‍ ചുകപ്പു വിരിച്ച് 
ഞാന്‍ നിന്നില്‍ അസ്തമിച്ചിരുന്നു ..

കൂട്ടിവെച്ച കിനാക്കള്‍ക്ക് മീതെ 
കനല്‍മഴ പെയ്തപ്പോള്‍ കരിഞ്ഞു  പോയത് 
ഞാനോമനിച്ച വളപ്പൊട്ടുകളും മയില്‍പീലിയും
ഒരു നൂറു സ്വപ്നങ്ങളുടെ താഴ്വരയും ..


സ്വപ്‌നങ്ങള്‍ പകുത്തെടുക്കാന്‍ ആരുമില്ലാതെ 
പഴിവാങ്ങിയ ജീവിതമായി ഞാനിന്നും 
സമാധാനത്തിന്‍റെ കാണാത്ത തീരങ്ങള്‍ തേടി 
ഇനി ഒരിക്കലും നിലക്കാത്ത യാത്രയിലാണ്.


കനല്‍ മഴ പെയ്യാത്ത കൊടുംങ്കാറ്റടിക്കാത്ത 
ശാന്തിയുടെ തീരത്ത്‌ നീയിപ്പോള്‍ സുരക്ഷിതയാണ് 
എന്നില്‍നിന്നും ഇരന്നുവാങ്ങിയ സുന്ദരനിമിഷങ്ങള്‍ 
നിന്‍റെ ഉള്ള് പൊള്ളിക്കുന്നില്ലെങ്കില്‍  മാത്രം.... 

Wednesday, 13 March 2013

കാത്തിരിപ്പ്


മലമടക്കുകളില്‍ നീയൊരു കൊടുങ്കാറ്റായ് 
എന്നോട് ചേരാന്‍ കാത്തുനില്‍ക്കുന്നു 
മേഘമാലകളില്‍ മിന്നല്‍ പിണരായും 
പെരുമഴയായും ..

ദൂരെ മരച്ചില്ലകളില്‍ മുഹൂര്‍ത്തം കുറിക്കാന്‍ 
ആരുടെയോ സമ്മതത്തിന് കാതോര്‍ത്തിരിക്കുന്നു
ഒരു കാലന്‍ കോഴി . 
ചെന്തീ കത്തിയണഞ്ഞ ശ്മശാനങ്ങളില്‍  
എനിക്കുനേരെ കണ്ണുരുട്ടുന്നു 
കനല്‍കട്ടകള്‍ ...

ഉറ്റവരുടെ സങ്കടപ്പെരുമഴയിലും
ഉലയാത്ത ചങ്കുറപ്പുമായി 
ഞാന്‍ കാത്തിരിക്കുന്നു നിന്നെ..
സമയം തെറ്റാതെ സമ്മതം നോക്കാതെ നീ 
ഉമ്മറപ്പടി കയറിവരുന്ന  നാള് നോക്കി .

ഇവിടെയീ പഞ്ഞിക്കിടക്കയില്‍ 
തൊലി പൊട്ടിയടര്‍ന്ന മുതുകുമായി 
കണ്ണുകളടച്ചു കൈകാലുകള്‍ നീട്ടി 
സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയിലുള്ള 
നൂല്‍പ്പാലം സ്വപ്നം കണ്ട്,
പെരുവിരലില്‍ നിന്ന് കണങ്കാലിലൂടെ 
നീ വലിച്ചെടുക്കുന്ന എന്‍റെ അവസാന ശ്വാസവും 
ഇടനെഞ്ചിലേറ്റി ...

കാത്തിരിപ്പാണ് ഞാന്‍ ..
പാപക്കറകള്‍ ചുടുകണ്ണീരാല്‍ കഴുകിക്കളഞ്ഞ് 
ശുഭ്ര വസ്ത്രം ധരിച്ചൊരു യാത്രക്കൊരുങ്ങി 
നിന്‍റെ വരവും നോക്കി ഇവിടെയിങ്ങനെ ......

ചിലന്തി വലകള്‍

ചിലന്തി വലകളാണ് ചുറ്റും
കയ്യൊന്നനങ്ങിയാല്‍ മെയ്യേന്നോളികിയാല്‍ 
ആര്‍ത്തിയോടെ ചുറ്റിപ്പിടിക്കുവാന്‍ 
കാത്തിരിക്കുന്നവ ...

ഇഷ്ട്ടത്തോടെ കാത്തിരിപ്പവരും 
നഷ്ട്ട ബോധത്തോടെ ഓര്‍ത്തിരിപ്പവരും 
കരുതലോടെ തുന്നുന്ന വലകളില്‍
കുരുങ്ങിക്കിടക്കുന്നു ഞാനും .

മോചനം നല്ല വാക്കാണ്
ജീവിതം കൂട്ടിത്തുന്നിയ ബന്ധനങ്ങളില്‍ നിന്ന്
സ്നേഹം പുരട്ടിയ ചിലന്തി വലകളില്‍ നിന്ന്
കുതറി മാറുന്നവന് പ്രത്യാശയുടെ വാക്ക് ..

ഇനിയെങ്കിലും
ആരുടെയോ ചാതുരഗപ്പലകയില്‍
ഉയരും ആരവങ്ങള്‍ക്കിടയില്‍
ജീവിതം വെച്ച് കളിക്കുമെനിക്ക്
ജയിച്ചേ മതിയാകൂ ..

അകക്കാഴ്ച



നിന്‍റെ ചിത്രമെഴുതുമ്പോള്‍ 
ഞാന്‍ ഉപയോഗിക്കാത്ത വര്‍ണ്ണങ്ങളില്ല 
പച്ചയും ചുവപ്പും കറുപ്പും വെളുപ്പും 
അങ്ങനെ നിറങ്ങള്‍ എത്ര ചേര്‍ത്തിട്ടും 
എനിക്ക് മതിയായുമില്ല .

എത്ര നിറങ്ങള്‍ ചേര്‍ത്തിട്ടും 
മുഖം തെളിയാതെയായപ്പോള്‍ 
ഞാന്‍ ചിത്രമെഴുത്ത്‌ നിര്‍ത്തിയതാണ്... 
പിന്നെയും നിന്‍റെ മുഖമെപ്പോഴും 
മനസ്സിലിരുന്നു വിങ്ങിയപ്പോള്‍ 
ചായക്കൂട്ടുകളുമായി വീണ്ടും  
അകക്കണ്ണിലെ മുഖം പകര്‍ത്താന്‍ 
ഒരു വട്ടം കൂടി ഞാന്‍ ..

ഒടുവില്‍ ചുവന്ന ചായം തട്ടിമറിഞ്ഞു 
എല്ലാം ഇല്ലാതായപ്പോള്‍ 
എനിക്ക് നഷ്ട്ടപ്പെട്ടത്‌ 
നിന്‍റെ ചിത്രം മാത്രമായിരുന്നില്ല 
എന്‍റെ അകക്കണ്ണിന്‍റെ കാഴ്ചകൂടിയായിരുന്നു

 നിനക്കെന്നോട് പ്രണയമില്ലായിരിക്കാം  
അതായിരിക്കണം എനിക്കെന്‍റെ 
അകക്കാഴ്ച നഷ്ട്ടപ്പെട്ടത്‌ ...

Sunday, 10 March 2013

നരബലി



ഊഷരതയില്‍ വിരിയുന്ന 
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.

മരുക്കാറ്റില്‍ ഉലഞ്ഞാടി 
മരിച്ചു വീഴും വരെ 
ആരെയും ആകര്‍ഷിക്കുന്നുമില്ല.

ജീവിതത്തിന്‍റെ 
പുറന്തോടിനു മുകളില്‍ 
കുമിളുകള്‍ പോലെ  മുളച്ചു പൊന്തി 
ആരാരും ശ്രദ്ധിക്കാതെ 
മരിച്ചു വീഴുന്നു അവ.

മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ 
ശീതക്കാറ്റടിക്കാതെ 
തണുത്ത് മരവിച്ച് 
നാല് ചുമരുകള്‍ക്കുള്ളില്‍ 
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍  
ഗര്‍ഭം ധരിച്ചു പ്രസവിച്ച് 
വീണ്ടും പ്രവാസജന്മങ്ങള്‍ 
നിര്‍വൃതിയടയുന്നു.

രക്തബന്ധങ്ങളുടെ ഓര്‍മ്മകള്‍ 
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ 
ഒരു പിടി ബലിച്ചോറിന് 
കൈ നീട്ടിയിരിക്കുന്നു .

ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന 
നരബലി .....