Sunday, 9 December 2012

മരണശേഷം

സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കുള്ള
അനിശ്ചിതത്വത്തിന്‍റെ പാതയില്‍
കാത്തിരുന്നു മടുത്താണ് അവന്‍ ഭൂമിയിലെക്കിറങ്ങിയത്..
മരിച്ചു മണ്ണടിഞ്ഞ ശ്മശാനത്തിലെ മരച്ചില്ലയില്‍
മാനത്തു നിന്ന് തൂങ്ങിയിറങ്ങി അവന്‍
ഭൂമിയുടെ കപടമായ കാഴ്ചകളിലേക്ക് ..

താനില്ലെങ്കിലും എല്ലാം പഴയ പോലെ
വീടും നാടും നാട്ടാരും
ജീവനോളം സ്നേഹിച്ചിരുന്ന കൂട്ടുകാരും
എന്നോട് പ്രണയമാണെന്ന് നടിച്ചിരുന്ന അവളും ..

മരണം തുടച്ചു നീക്കുന്നത് ശരീരത്തെ മാത്രമല്ല
മരിച്ചവന്‍റെ  ഓര്‍മ്മകളെ കൂടിയാണ്
മരിച്ചവന് ഓര്‍മ്മകളുണ്ടാകുന്നതാകട്ടെ
മരണത്തെക്കാള്‍ ഭയാനകവും ..

ഒരാള്‍ ഇല്ലാതെയാകുമ്പോള്‍ മറ്റൊരാള്‍ക്ക്
അയാളില്ലാത്ത ശിഷ്ട ജീവിതം
ചിട്ടപ്പെടുത്താനുള്ള സമയം മാത്രമാണ്
വേണ്ടപ്പെട്ടവരുടെ ദുഖ കാലം .

എല്ലാം മാറിയിട്ടുണ്ടെങ്കിലും
ഒന്ന് മാത്രം മാറാതെ ഇപ്പോഴുമുണ്ട് ..
ഇരുളടഞ്ഞ സ്വന്തം മുറിയില്‍ ഏകയായി
ചില്ലിട്ട എന്റെ ചിത്രത്തിന് മുന്‍പില്‍
എരിഞ്ഞു തീരുന്ന ചന്ദനത്തിരിപ്പുക വരയ്ക്കും
അവ്യക്ത ചിത്രങ്ങളില്‍ നോക്കി
കണ്ണീര്‍തുള്ളികള്‍ പാടുതീര്‍ത്ത കവിളുമായി
മൂകം ഒരു വിഗ്രഹം കണക്കെ ..എന്നമ്മ ...!


ഒന്നിനോടൊന്നു ചേര്‍ന്നതില്‍ നിന്നും
ഒന്നുമാത്രം മാറിയാല്‍ ,ഒന്നും മാറുന്നില്ല
മരണത്തിന്‍റെ കാര്യത്തിലെങ്കിലും
അത് തികച്ചും സത്യമാണ് .

Wednesday, 5 December 2012

നരക ജിവിതം

ന്‍റെ ജീവിതം ഇങ്ങനെയാണ് ..
വര്‍ഷത്തില്‍ പതിനൊന്നു മാസവും
എനിക്ക് വേനലാണ്
ബാക്കി വര്‍ഷപാതവും  ...

മരുഭൂമിയുടെ പൊള്ളുന്ന ചൂടില്‍ നിന്നുള്ള
പാലായനമാണ്‌ എന്‍റെ വര്‍ഷപാതം ..
എരിയുന്ന തീയില്‍ നിന്ന്
കുളിരുന്ന മഞ്ഞിലേക്കൊരു ഒളിച്ചോട്ടം....

ഒരു മാസത്തെ മഴക്കോളില്‍
പെയ്തു തോരാന്‍ വെമ്പി കാത്തിരിപ്പുണ്ടാകും
പരിഭവക്കാര്‍മേഘം നിറഞ്ഞ
ഇടവപ്പാതിയും കര്‍ക്കിടകവും ..

********************************************

ഇന്ന്, ഈയാണ്ടത്തെ അവസാനത്തെ  മഴയാണ്
മടക്കയാത്രക്ക്‌ മുമ്പുള്ള മനമുരുക്കുന്ന പെരുമഴ ..
ഇനിയൊരു മഴക്കാലം വരെ പെയ്തൊഴിയാന്‍ ഭൂമിയില്ലാതെ
അലയുന്ന കാര്‍മേഘങ്ങളുടെ അവസാന തീമഴ ..

ഇനിയാ ഊഷരഭൂമിയില്‍ കത്തുന്ന വേനലാണ് 
 ജീവന്‍ എരിഞ്ഞു തീരുന്ന
പതിനൊന്നു മാസത്തെ  കൊടുംവേനല്‍ ..

എന്‍റെ ജീവിതം എന്നും ഇങ്ങനെയാണ് ..
പെയ്യാന്‍ ബാക്കിയായ മഴ  മേഘങ്ങള്‍ക്ക് കടപ്പെട്ട്
വീണ്ടുമൊരു അവധിക്കാലം വരെ
പ്രതീക്ഷയുടെ പടവുകളിലേക്ക്  പകച്ചു നോക്കി
ദിനമെണ്ണിത്തീര്‍ക്കുന്ന നരക ജീവിതം