Wednesday 21 August 2013

ആണായി പിറന്നവന്‍ .

ആണായി പിറന്നവന്‍ .

നാളെ സൂര്യോദയം വരെയും 
ഞാന്‍ നിന്‍റെതാണ് 
പിന്നെ നിറപറയും നിലവിളക്കും
കതിര്‍മണ്ഡപവും, തുള വീണ കന്യകാത്വവും 
മറ്റൊരാളുടെ വിയര്‍പ്പും 
എനിക്ക് നിന്നെ  അന്യനാക്കും...

പുതിയൊരു ജീവിതം മോഹിച്ച്  
പാറിയടുക്കുന്ന ഒരാള്‍കൂടി 
ഒരിക്കലുമണയാത്തൊരീ 
ചതിയുടെ ചിതയില്‍ നീറിയൊടുങ്ങും....  

ഒരാളെ മോഹിച്ച് 
മറ്റൊരാളെ കുടിയിരുത്തി 
പെണ്ണായി പിറന്ന ഞാന്‍ 
ഒരിക്കല്‍ക്കൂടി പരാജയപ്പെടും.... 

ജീവിതം മുഴുവന്‍ നിന്‍ ചിന്തകള്‍  
ഒരു പരാദം കണക്കെ അസ്വസ്തതയേകി 
ഒഴിവു നേരങ്ങളിലെന്‍റെ 
രക്തം കുടിച്ചു വീര്‍ക്കും.

നിനക്കോ ..?
പ്രണയ പൂവാടികളില്‍ വിടര്‍ന്ന 
പല പൂക്കളില്‍ ഒന്ന് കൂടി 
കരിഞ്ഞു വീഴും, 
കരയില്‍ പിടിച്ചിട്ട ഒരു മത്സ്യം കൂടി 
ആരും കാണാതെ പിടഞ്ഞ് തീരും..

നിലക്കാത്ത വേദനയേകി 
നീ പിരിഞ്ഞു പോകും മുന്‍പ് 
നിന്‍റെ പൊയ്മുഖംതീര്‍ത്ത എന്‍റെ
മുറിവുകളില്‍കൂടി മണ്ണിട്ട്‌ മൂടുക. 

ചൊല്ലിപ്പഴകിയ പ്രതിജ്ഞകളും 
പാഴ് കിനാക്കളും നല്‍കി
ഒരായുസ്സ് മുഴുവനെന്നെ 
നീറിമരിക്കാന്‍ വിധിച്ച്  
ഒളിച്ചോടിയ നിന്നെ ഞാന്‍ 
എന്‍റെ ജീവിതാന്ത്യം വരെ ,
സത്യം 
ആണായി പിറന്നവനെന്ന്‍ വാഴ്ത്തും  ...!

3 comments:

  1. ആണൊരുത്തൻറെ ചെയ്തികളിൽ നീറുന്ന ഒരു പെണ് മനസ്സ് - നന്നായി വരച്ചുകാട്ടി
    ആശംസകൾ.

    ReplyDelete
  2. പെണ്ണുങ്ങളില്‍ ഭൂരിഭാഗവും ഈയാംപാറ്റകളെപ്പോലെയാണ്..പൊള്ളിചിറകുകരിയുമെന്നറിഞ്ഞിട്ടും വെളിച്ചം അവരം പ്രലോഭിപ്പിക്കുന്നു.....

    ReplyDelete
  3. ആണായി പിറന്നവരുടെ വീരകൃത്യങ്ങൾ..!!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete