Sunday 24 November 2013

ഓര്‍മ്മകളുടെ നിലവറ


നിലാവസ്തമിക്കും , കിഴക്കന്‍മല ചുവക്കും
നീളം കൂടിയ നിഴലുകള്‍ കുറുകി ചെറുതായി
നീണ്ടു നിവര്‍ന്ന് മരിക്കാന്‍ കിടക്കും
നിനക്കൊപ്പമുള്ള ഓര്‍മ്മകളുടെ താഴിട്ടു പൂട്ടിയ
നിലവറ ഞാനപ്പോള്‍ തുറന്നു വെക്കും . 

ഭൂമിക്കും അകാശത്തിനുമിടയില്‍ ഒറ്റക്കാകുമ്പോള്‍  
ഇതിപ്പോഴെനിക്കെന്നും ഒരു പതിവാണ് 
കൂട്ടിനാരും ഇല്ലാതാകുമ്പോഴാണല്ലോ 
സങ്കടങ്ങള്‍ പടകൂട്ടി പറന്നെത്തുന്നത് ..

തിരിച്ചെടുക്കാനാവാതെ ജീവിതത്തില്‍ പലതും
തീരാ ദുഖമായി മാറുമ്പോള്‍ മാത്രം 
പിറവിയെടുക്കുന്ന തിരിച്ചറിവുകളില്‍ നിന്നാണ് 
നമ്മളെപ്പോഴും പച്ചയായ ജീവിതം പഠിക്കുന്നത്‌.. 

ആരോടുംപറയാത്ത ചില മൌന ദുഃഖങ്ങള്‍ 
മനസ്സിങ്ങനെ ഒരു ഉല പോലെ നീറ്റി നീറ്റി  
ഓര്‍മ്മ മറയാത്ത കാലത്തോളമിതുപോലെ
വെന്തു കനലാറാതെ കിടക്കും 

പണ്ട്... 
വീതം വെച്ചപ്പോള്‍ കുറഞ്ഞു പോയതിന് 
വിഹിതമായി കിട്ടിയ മഞ്ചാടിമണികള്‍ 
വിതുമ്പലോടെ വലിച്ചെറിഞ്ഞ് മുഖംകറുപ്പിച്ചവള്‍ 
മനസ്സിലൊരു നീറ്റലാകുന്നത് എനിക്കങ്ങനെയാണ്..

Monday 11 November 2013

സ്വര്‍ഗ്ഗയാത്രികര്‍

യാത്ര സ്വര്‍ഗ്ഗത്തിലേക്കാണ്.....
ആണ്ടറുതികളിലെക്കുള്ള വഴിയ്ക്കിരുവശവും
മോഹങ്ങളുടെ പൂക്കാമരങ്ങള്‍ നട്ടുനനച്ച്
സ്വപ്നം കണ്ട സ്വര്‍ഗ്ഗത്തിലേക്ക് ..

ജീവിതമോഹങ്ങള്‍ക്ക് മുകളില്‍ അടയിരിക്കും
വിധി, നിഴലുകള്‍ പോലെയാണ്
ആകാരത്തില്‍  ഏറിയും കുറഞ്ഞും എന്നും
വെളിച്ചത്തിനെതിരാകുന്നു അവ...

ഇന്നലെ പെയ്ത മഴയ്ക്ക് പിറന്നു വീണും
ഇന്നിന്‍റെ  വെളിച്ചത്തില്‍ പറന്നകന്നും
നാളെയുടെ പ്രഭാതത്തില്‍ മരിച്ചു വീണും
വീണ്ടുമൊരു പിറവിക്കായി കച്ചകെട്ടുന്നു
ഈയാംപാറ്റകളാകുന്ന മോഹങ്ങള്‍..

അറിഞ്ഞു കൊണ്ട് എരിഞ്ഞേ തീരുന്ന
മെഴുകുതിരി വെളിച്ചത്തിലെ ഈ നിഴല്‍ നാടകം
നൂറ്റൊന്നാവര്‍ത്തിച്ചു കുറുക്കിയെടുക്കുന്നു
മരുക്കാറ്റിലുലഞ്ഞുണങ്ങുന്ന ജീവിതങ്ങള്‍....

കത്തിത്തീരുന്നതിനു മുമ്പ് കറുത്ത പുക ശേഷിപ്പിച്ചു
കാലമെത്താതെ കെട്ട് പോയേക്കാം ..
കൂരിരുട്ടകറ്റാനാവാതെ മുനിഞ്ഞു കത്തി
കരുണയറിയാത്ത വിധിയുടെ കൊമ്പല്ലില്‍
കുരുങ്ങി പിടഞ്ഞ് തീര്‍ന്നേക്കാം..
എന്നിരുന്നാലും ,
സ്വര്‍ഗ്ഗത്തിലേക്കുള്ള മോഹയാത്രകള്‍
എന്നുമെപ്പോഴും ഇവര്‍ക്കുമാത്രം സ്വന്തം ..!  

Monday 4 November 2013

അതേ ഒറ്റവാക്ക്.....


ഇഷ്ട്ടമാണെന്നെ ഒറ്റവാക്ക് കൊണ്ട് കുത്തിനോക്കി 
ഇടക്കെപ്പോഴോ നീയെന്‍റെ മനമളന്നു
തുഴ മുറിഞ്ഞൊരു തോണി യാത്രയുടെ പകുതിയില്‍ 
തീരമണയാനുള്ള ജീവന്‍റെ അടങ്ങാത്ത വ്യഗ്രതയില്‍ 
നീ എനിക്ക് നീട്ടിയ കച്ചിത്തുരുമ്പ്....

നിമിഷാര്‍ദ്ധം കൊണ്ട് മറന്നൊരു ഫലിത കഥ പോലെ 

ദയയേതുമില്ലാതെ നീയിന്നത് തിരിച്ചെടുക്കുമ്പോള്‍ 
കരയാനാവാതെ കണ്ണീരൊളിപ്പിക്കേണ്ടി വന്നത് 
ചെയ്തു കൂട്ടിയ പാപകര്‍മങ്ങളുടെ പ്രതിഫലം ..

ആശകള്‍ക്കൊരു അതിരുണ്ടാകേണ്ടതായിരുന്നു

അഭിനിവേശത്തിന്‍റെ മായക്കാഴ്ചയില്‍
 കൈമോശം വന്ന ആഗ്രഹങ്ങള്‍ 
തിരിച്ചു കിട്ടാനാവാത്ത വിധം 
അടയാളങ്ങളായി ജീര്‍ണ്ണിച്ചു തീര്‍ന്നിരിക്കുന്നു. 

തീക്കൂനകള്‍ക്കിടയിലെക്കെന്നെ തള്ളിയിട്ടു നീ

തിരശ്ശീലയ്ക്കു പിറകില്‍ മറ്റൊരാളുടെ മനമളക്കുകയാണ് 
എനിക്കെപ്പോഴോ കാച്ചിത്തുരുമ്പായ അതേ വാക്കുകൊണ്ട് 
ഇഷ്ടമാണെന്ന ഒറ്റവാക്ക് കൊണ്ട് .... 

Sunday 29 September 2013

വില കൂടിയ സ്വപ്നം


മരണനേരത്തു ജീവിക്കാനാഗ്രഹിക്കുന്നവര്‍ 

മരണത്തോടെ ഉപേക്ഷിക്കുന്ന മധുര സ്വപ്‌നങ്ങള്‍ 
ചുടലത്തീചൂടില്‍ ചാരമാകാറില്ല 
പാതി വെന്തും അല്പം കരിഞ്ഞും 
ചാകാതെ ചുറ്റിത്തിരിയുന്നവ 
മറ്റൊരു മരണക്കിടക്കയെ തേടിയിറങ്ങുന്നു  ..

എനിക്കിനി മരിച്ചാല്‍ മതിയെന്നുരക്കുന്നവരുടെ 

തണുത്തു തുടങ്ങുന്ന തലച്ചോറിലേക്ക് 
സുഖജീവിതത്തിന്‍റെ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ 
മരണനേരം നോക്കി കടന്നു വരുന്നു ..

മരിക്കാന്‍ കിടക്കുന്നവന്‍റെ മനസ്സ് ചോദിക്കുന്നത് 

ദയകൂടാതെ ദൈവം നിരാകരിക്കുമ്പോള്‍ 
ഒരാളുടെ കൂടി മരണ ചിത്രം പൂര്‍ണ്ണമാകുന്നു ..

ജീവിതത്തെ മോഹിച്ചാലും വെറുത്താലും 

അന്ത്യ നേരത്ത് ജീവിതം സ്വപ്നം കാണുന്നതാണ് 
ഞാനും നിങ്ങളും കണ്ടേക്കാവുന്ന 
വില കൂടിയ സ്വപ്നം ...

Tuesday 24 September 2013

വ്യര്‍ത്ഥമീ യാത്ര

തോ വ്യര്‍ത്ഥമാം യാത്രയിലാണ് ഞാന്‍ 
ഏതോ വിസ്മയ കാഴ്ചയിലാണ് ഞാന്‍ 
ഇതള്‍ വിരിയാതുള്ലൊരു പൂവിന്‍റെ നെഞ്ചകം 
മലര്‍ക്കെ തുറക്കുന്ന സ്വപ്നത്തിലാണ് ഞാന്‍ ....

വന്നവര്‍ പോയവര്‍ വിട ചൊല്ലിപ്പിരിഞ്ഞവര്‍ 
ഇനി വരാതെന്നേക്കും അകലെ മറഞ്ഞവര്‍  
എല്ലാര്‍ക്കുമുണ്ടായിരുന്നിതേ നല്ല സ്വപ്‌നങ്ങള്‍ 
എന്നെങ്കിലും പൂത്തു തളിര്‍ക്കുമെന്നോര്‍ത്തു 
എത്രയോ നാളുകള്‍ കണ്ട കിനാവുകള്‍.  

കാലങ്ങളെത്ര കഴിഞ്ഞാലും പുലരില്ല   
കയ്യും കണക്കുമിലാതെ കണ്ടവ, 
കയ്യെത്തി പിടിക്കാന്‍ അകലത്തില്‍ വന്നവ 
വയ്യാതെ ഇച്ഛാഭംഗത്തില്‍ വീണവ.

മുമ്പേ ഗമിച്ചവര്‍ തന്നുടെ പാതയില്‍ 
ഞാനും ഗമിച്ചിടുന്നെന്നുള്ള സത്യം 
അറിയാത്തതല്ല എനിക്കൊട്ടുമെങ്കിലും 
എന്നെങ്കിലും എന്‍റെ സ്വപ്നങ്ങളൊക്കെയും   
സത്യമായ് പുലര്‍ന്നെങ്കിലെന്നോര്‍ത്തു മാത്രം
വ്യര്‍ത്ഥമീ യാത്ര തുടരുന്നു ഞാന്‍ ...

Sunday 15 September 2013

പ്രതീക്ഷ

 ണ്‍ ചെരാതുകള്‍ ഉറങ്ങിയിട്ടും 
അലങ്കാര വിളക്കുകള്‍ കണ്‍ ചിമ്മിയിട്ടും 
പിന്നെയും കാത്തിരുന്നത് 
നിനക്ക് വേണ്ടിയാണ് 

വേലയും പൂരവും കഴിഞ്ഞിട്ടും 
അമ്പലപ്പറമ്പൊഴിഞ്ഞിട്ടും 
വികൃതി കാട്ടുന്ന ചെറുകാറ്റ്‌ 
അരയാലിലകളെ വിട്ടൊഴിഞ്ഞിട്ടും
വേദനയോടെ കാത്തിരിപ്പതും 
നിനക്ക് വേണ്ടിയാണ് 

കണ്മഷിയും ചാന്തും 
കരിവളയും കല്ലുവെച്ച കമ്മലും 
കൈ നിറക്കാന്‍ മൈലാഞ്ചിയും 
കരുതി വെച്ചതും നിനക്ക് വേണ്ടിയാണ് .

വര്‍ഷം പെയ്തു തീര്‍ന്നിട്ടും 
വേനല്‍ വരണ്ടു തീര്‍ന്നിട്ടും 
വസന്തങ്ങള്‍ഒരുപാട് പോയ്മറഞ്ഞിട്ടും 
നിറുത്താതെയുള്ള ഈ കാത്തിരിപ്പ് 
നിനക്ക് മാത്രം വേണ്ടിയാണ് 

പ്രിയേ ..
കാത്തിരിക്കാനായി ഇനിയുമെനിക്കുണ്ട് 
മരണം വരെ ജീവിതം ബാക്കി.
അതിനെനിക്ക് അന്നെന്‍റെ കണ്ണില്‍ നോക്കി 
വന്നു ചേരാമെന്ന നീ തന്ന ഒരു വാക്ക് ... 
അതുമാത്രം മതിയാകും . 

സ്വത്വം മറക്കുന്നവര്‍

                      
പ്രവാസ ജീവിതം തിരകള്‍ പോലെ 
സ്വന്ത ബന്ധങ്ങളെ ഇടയ്ക്കിടെ 
പുണര്‍ന്നും അല്പം തഴുകിയും 
പ്രാരാബ്ദക്കടലേക്ക് തിരിച്ച് വീണ്ടും  
യാത്രയാകും.. 

വേദനയുടെ തിരയിളക്കി 
ഈ കടലിങ്ങനെ ക്ഷോഭിച്ചിരിക്കും, 
ചേതനയുണ്ടെങ്കിലും ഇല്ലാത്ത പോലെ 
ദുഖത്തിന്‍ വെള്ള വിരിപ്പിന്നടിയില്‍ 
ജീവനോടെ മരിച്ചു കിടക്കും 

വ്യഥയും ഉന്മാദവും വൃഥാ 
നാക്കിന്‍ തുമ്പില്‍ പെയ്തിറങ്ങി 
വരണ്ട കൃഷിയിടങ്ങളെ നനക്കാതെ നനച്ച് 
ഉയിര്‍ വെടിയും 

എത്ര സഞ്ചരിച്ചാലും ചെന്നെത്താത്ത  
സ്വപ്നത്തിലെ ദ്വീപു തേടി 
വിശ്രമമില്ലാതെ തുഴയെറിഞ്ഞ് 
വിയര്‍പ്പാറാതെ അദ്ധ്വാനിക്കും  

സന്താപം കരളു തുരക്കുമ്പോഴും 
സന്തോഷം കണ്ണില്‍ വിടര്‍ത്തി 
നടനകലയില്‍ കൊടികെട്ടിയവനെ 
നിമിഷാര്‍ദ്ധം കൊണ്ട് തോല്‍പ്പിക്കും 

സഖിമാരുടെ കുറ്റപ്പെടുത്തലില്‍
മുഖം നഷ്ട്ടപ്പെട്ട് വിമ്മിക്കരയും,
രക്ത ബന്ധങ്ങളെയോര്‍ത്ത് തപിച്ച് 
മനം വിണ്ടുകീറും 

പ്രവാസം ഇങ്ങനെയാണ് ..  
ജനിച്ച മണ്ണില്‍നിന്നും അന്യനാട്ടിലേക്ക് 
പറിച്ചു നട്ടാല്‍ വേരോടാന്‍ 
സ്വന്തം കണ്ണീരു തന്നെ നനക്കണം 
പിന്നെ , സ്വത്വം തന്നെ മറക്കണം. 

Saturday 14 September 2013

ഓണാശംസകള്‍


പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

Sunday 8 September 2013

കമ്മ്യുണിസ്റ്റ്

                 
തീജ്വാലയെ മുറുകെ പുണര്‍ന്നവര്‍
തീരത്തണയാത്ത പായക്കപ്പലുകളായി.
ആര്‍ത്തിമൂത്തവര്‍ അമരത്തണഞ്ഞപ്പോള്‍
വിപ്ലവത്തില്‍ വെള്ളം ചേര്‍ത്ത് 
ആളും തരവും നോക്കി തൂക്കിവിറ്റു...
മനുഷ്യനെ മനുഷ്യനാക്കാന്‍ പിറന്ന സത്യം,
അങ്ങനെ മരിച്ചു മണ്ണടിയുന്ന തത്ത്വമായി... 

ഒടിവിദ്യയും ഒളിപ്പോരും അറിയാത്തവരും 
സംഘര്‍ഷത്തിലേക്ക് കണ്ണുംപൂട്ടി  
എടുത്തു ചാടിയവരും
സ്തൂപങ്ങളും സ്മൃതി മണ്ഡപങ്ങളുമായി 
രക്തബന്ധങ്ങള്‍ക്ക് തീരാ നോവായി 
നാല്‍ക്കവല തോറും നിരന്നു ...

പുതിയ പുലരി പിറന്നെന്ന് 
പതിവ് തെറ്റാതെ ഏമാന്മാര്‍ ഓരിയിട്ടു... 
കേട്ട് പുളകം കൊണ്ടവരുടെ തലയ്ക്കു  മുകളില്‍ 
കൂരാ കൂരിരുട്ട് കോരിയിട്ട് 
കുലുങ്ങിച്ചിരിച്ചു വര്‍ഗ്ഗ  സ്നേഹികള്‍ ..

തിന കൊയ്യന്‍ വെച്ച  അരിവാള് കൊണ്ട് 
തലകൊയ്യാന്‍ അലിവില്ലാതെ ഉത്തരവിട്ട്   
കളം നിറഞ്ഞു കളിച്ചു 
ക്രാന്തദര്‍ശികള്‍ ,പാവങ്ങളുടെ പടനായകര്‍..

അദ്ധ്വാനിക്കുന്നവന്‍റെ തലച്ചോറില്‍ 
പൊരുളറിയാത്ത പഠന ക്ലാസ്സുകള്‍ 
അന്യനോടുള്ള പക നിറച്ചു
പട്ടിണി മാറ്റാന്‍ പട നയിച്ചവര്‍ 
പാതി വഴിയില്‍ പട തുടരാന്‍ 
പകരക്കാരില്ലാതെ മരിച്ചു വീണു ..

ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ 
ചങ്കറുത്താല്‍ ചീറ്റിത്തെറിക്കും 
കൊഴു കൊഴുത്ത ചുടുരക്തം 
പ്രത്യശാസ്ത്ര ന്യായം പുരട്ടി 
പുകമറക്ക് പിന്നിലിരുന്ന് നേതാക്കള്‍ 
പങ്കിട്ടെടുത്തു ഭുജിച്ചു 

സ്മൃതി പദങ്ങളില്‍ ഇടിനാദം നിറച്ച 
അമരത്വം കിട്ടിയ രക്തസാക്ഷികള്‍ക്ക്,
കാലത്തെ തോല്‍പ്പിക്കും  പോരാളികള്‍ക്ക് ,
ഈയുള്ളവന്‍റെ പ്രണാമം,,! 
നിങ്ങളൊരു കമ്മ്യുണിസ്റ്റാണോ ..?എങ്കില്‍
പറയുക രാജാവ്  നഗ്നനാണെന്ന്... 
സത്യം ഉച്ചത്തില്‍ വിളിച്ചു പറയാതെ  
നിങ്ങളെങ്ങനെയൊരു കമ്മ്യുണിസ്റ്റാകും..? 

Sunday 1 September 2013

പടിയിറങ്ങുന്നവര്‍

അമ്മ മരിച്ചു.......
തലയ്ക്കു താഴെ നിന്ന് തലയിണ എടുത്ത്  
അലിവോടെ കണ്ണുകള്‍ രണ്ടും തഴുകിയടച്ച് 
വല്യേട്ടന്‍ തൊണ്ടയിടറി പറഞ്ഞു, 
അമ്മ മരിച്ചു ...

ഒരു ചുടുനിശ്വാസം പുറത്തേക്കു ചാടി 
കൈത്തണ്ടയിലെ സമയമാപിനിയില്‍  
രണ്ടു സൂചികളും ഇപ്പോള്‍ ഒരക്കത്തിലാണ് 
ദൈവം കാത്തു , അല്ലങ്കില്‍ യാത്ര മുടങ്ങിയേനെ ..

വൈദ്യനെ പുകഴ്ത്താതെ വയ്യ ,എന്താ ഒരു സിദ്ധി 
വല്ലാത്ത ജ്ഞാന ദൃഷ്ടി, പറഞ്ഞ സമയം തെറ്റിയില്ല 
അച്ഛന്‍റെ മരണവും ഇങ്ങനെ പ്രവചിച്ച്
വൈഭവം തെളിയിച്ച ഭിഷഗ്വരന്‍.... 

വാമഭാഗത്തിന്‍റെ തോള്‍ സഞ്ചിയില്‍ നിന്ന് 
വലിയ  അക്കങ്ങളുള്ള ഒരു കെട്ട് നോട്ടെടുത്ത് 
വല്യട്ടനു നേരെ നീട്ടി അയാള്‍ പറഞ്ഞു 
വച്ചോളൂ ,ചടങ്ങുകളൊന്നും മോശമാക്കരുത് ..

ആകെയുള്ളൊരു പുളിമാവ് വെട്ടേണ്ട  
അമ്മയെ തിരുവില്വാമലയിലേക്കു കൊണ്ട് പോണം
വീട്ടുവളപ്പില്‍ ഒരു ചിതയും ശവകുടീരവും വേണ്ട
നാളെ  എനിക്ക് ഒരു  വീട് വെക്കേണ്ടതാണ് 
പിന്നീടതൊരു അഭംഗിയാകും 

പത്തുമാസം ചുമന്നതിനും പേറ്റുനോവിനും 
പഴന്തുണിയുടെ വിലയിട്ട രക്തബന്ധം 
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പാവം വല്ല്യേട്ടന്‍ അന്ധകാരത്തിലാണ്ടു  .

പിന്നെ....... 
അമ്മയുടെ ആത്മാവ് ഇല്ലം വിടും മുമ്പേ 
അയാളും കുടുബവും പടിയിറങ്ങി... 
എന്തിനോ വേണ്ടി ഓടിത്തളര്‍ന്നൊടുവില്‍ 
ഒരു പിടി നുര വാരിപ്പിടിച്ചു തളരുമ്പോള്‍ 
തനിക്കും പഴന്തുണിയുടെ വിലയിട്ട് 
ഓട്ടം തുടരും നമ്മുടെ മക്കള്‍ ...!

നമ്മളൊന്നും പഠിപ്പിക്കാതെ 
നമ്മെക്കണ്ട് പഠിക്കുന്നുണ്ട് നമ്മുടെ മക്കളെന്ന് 
നമ്മളൊന്നോര്‍ക്കുന്നത് ഇനിയെന്നാണാവോ....!