Friday 4 July 2014

വിലക്കുകള്‍


ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ 
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്‌ 
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ 
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..

മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത്‌ നല്‍കിയ 

നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..  
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച് 
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!

ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത 

വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട് 
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ 
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...! 

നമ്മളെ  ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ 

ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍ 
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍ 
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത. 

ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍  

എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍  
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍  
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?

Tuesday 1 July 2014

നമ്മുടെ ലോകം


ണ്ട് നിന്നിളം ചുണ്ടിലെ മധു 
കണ്ടു വണ്ട്‌ പോല്‍ ചുറ്റിയില്ലയോ 
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ 
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ.. 

വെള്ളിനാരുകള്‍ പോലെ നിന്‍ മുടി 
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ്‌ കവിളുകള്‍ ,ഇന്നു 
വാടിവീണോരാ പൂവ് പോലെ നീ... 

എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍ 
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു 
ലോകമേയുള്ളൂ എന്നിലെപ്പൊഴും...  

Saturday 21 June 2014

നീ ഒരു വര്‍ണ്ണ ചിത്രം.


നാഥ നീയെന്‍ കൂടെ ഇല്ലാതിരുന്നി 
ട്ടിത്പോലെ വേപഥു പൂണ്ടാതില്ലൊരു നാളും 
എന്തിത്ര താമസം ഒന്നണഞ്ഞീടാ
നെന്തിത്ര സങ്കോചം ചാരത്തിരിപ്പാന്‍ ...

എത്ര നാള്‍ കൊണ്ടിതെഴുതുന്നു ഞാന്‍ നിന്‍ 
ചിത്രമെന്നന്തരഗത്തിന്‍ ഭിത്തിയില്‍
എന്തിതു തെളിയാത്തു നിന്‍ രൂപം വല്ലഭാ  
വര്‍ണ്ണങ്ങളെത്ര ചേര്‍ത്തു ഞാനെങ്കിലും..

ചന്തമേവുന്ന ലോകത്തിലെനിക്ക് നീ
കാന്തനായി വന്നു ഭവിച്ചിടാന്‍  
നേര്‍ച്ച നൊയമ്പുകള്‍  അതിനായിയെത്ര
ഉരുക്കഴിച്ചു ഞാന്‍ പ്രാര്‍ത്ഥനകളും.. 

നേര്‍ത്ത ജീവിതം പൊലിഞ്ഞൊടുവിലീ  
പാരിലൊരു പിടി മണ്ണ് മാത്രമായ് 
മാറും മുമ്പേ നീ തന്നു കനിയണം 
ഓര്‍ത്ത്‌ വെച്ചിടാന്‍ നല്ലയോര്‍മ്മകള്‍
ഒമാനിച്ചിടാന്‍ കുഞ്ഞു സ്വപ്നങ്ങള്‍....!  

Thursday 12 June 2014

കശ്മലന്‍,ഇവനെന്‍ കണവന്‍ ..


കശ്മലന്‍ , കണവനാണെന്നാലുമാ    
കാലനെയങ്ങനെ വിളിക്കട്ടെ ഞാന്‍ 
കണ്ടിട്ടേയില്ല ഇന്നോളം ഞാനൊറ്റ
ദിനവുമാ ദേഹത്തെ സ്വബോധാമോടെ ..

പത്തുമഞ്ഞൂറും കിട്ടുമോരോ ദിനം 
ചത്തു പണിഞ്ഞാല്‍ കൂലിയായ് നിത്യം 
എന്നിട്ടുമെന്നും  കടം പറഞ്ഞീടും 
വാറ്റ് മോന്തുന്ന ഷാപ്പില്‍ പോലും...  

പിള്ളേര് നാലുണ്ട് പിന്നെ ഞാനും
കള്ള് നിറയ്ക്കുമങ്ങേര്‍ തന്‍ വയര്‍,ഈ 
പിള്ളേര്‍ വിശപ്പാല്‍ പൊരിഞ്ഞലറീടുമ്പോള്‍ 
പള്ള നിറയ്ക്കാന്‍ ഞാനെന്തു ചെയ്യും ?

കള്ളെന്ന വെള്ളം മോന്തുവാനില്ലെങ്കില്‍ 
എള്ളോളം പിന്നില്ല അങ്ങേര്‍ക്കു ശൌര്യം 
ഉള്ള് പൊരിഞ്ഞു ഇതെത്ര ശപിച്ചീ 
കള്ളുകുടിയനെ ഞാനെത്ര വട്ടം ! 

കൊള്ളാം ഇതൊക്കെ ഞാനെത്ര ചൊല്ലി
കേള്‍ക്കാനാര്‍ക്കുണ്ട് കാത് രണ്ട് 
തല്ലുവാന്‍ കൊല്ലുവാന്‍ ശക്തിയുണ്ട് ,പക്ഷെ 
തെല്ലും എല്ലില്ല എന്‍ അല്ലല്‍ തീര്‍ക്കാന്‍..   


കല്ലിനാലല്ല പണിതതെന്‍ ഹൃത്തടം 
എന്നെങ്കിലുമാ ദേഹം ഓര്‍ത്തിടെണ്ടേ 
എന്ത് ഞാന്‍ ചൊല്ലേണ്ടു ഇനിയുമേറെ ,ഈ 
പൊള്ളുന്ന ജീവിതക്കടല്‍ തീര്‍ത്തിടാനായ് 
ആര് തീര്‍ത്തുലകിലീ മദ്യമാവോ  ?

Friday 6 June 2014

തിരശ്ശീലക്ക്‌ പിന്നിലെ പൂക്കള്‍


ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍ 
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം 
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍  
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം. 

ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്  

ആറടി മണ്ണിലും നെഞ്ചോട്‌ ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ 
കരളുതകര്‍ക്കുന്ന കദനഗീതം,

സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ 

ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ   
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും.... 

മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന് 

മായ പോലെ മാഞ്ഞുപോയവര്‍ 
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത് 
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം 

മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ് 
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍   കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി  
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക്‌ പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .

Monday 2 June 2014

ഇരുട്ടില്‍ ഒറ്റ രൂപം തെളിയുന്നവര്‍

ദൈവം കാഴ്ച്ച നല്‍കി പരീക്ഷിച്ചവര്‍,
ഞങ്ങളെപ്പോലല്ല അന്ധര്‍ നിങ്ങള്‍,
കാണേണ്ട ചീഞ്ഞു നാറിയ കാഴ്ചകള്‍
അണിയേണ്ട മുഖം മൂടി ജീവിതത്തില്‍ ..

ലോകം ഇതപ്പാടെ നിഴലുകള്‍
പ്രകാശത്തിന്‍ ദിശ മാറും നേരം
മടിയാതെ മാറുന്ന രൂപങ്ങള്‍.
കൊടും ചതിയുടെ പുണ്യാവതാരങ്ങള്‍.

ഭാഗ്യം ഇതല്ലയോ അന്ധര്‍ നിങ്ങള്‍
ദൈവത്തിന്‍ അരുമയാം സൃഷ്ടികള്‍
കുഞ്ഞു കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍
ക്രൂര കാഴ്ചയില്‍ നിന്നും മോചിതര്‍..

ഇരുട്ടില്‍ *ഒറ്റ രൂപം തെളിയുന്നവര്‍
കാതു കണ്ണാക്കി മാറ്റിയോര്‍ ,നിങ്ങള്‍
നിറങ്ങളില്‍ നീരാടും  നീചര്‍ തന്‍
പൊയ്മുഖം കാണാത്ത പൂജ്യര്‍ ..

നമിക്കുന്നു നിങ്ങള്‍ തന്‍ ജീവിതം
തെല്ലുമേ അല്ല ദുഷ്കരം
ഒട്ടുമേ വേണ്ടിനി ദുഷ് ചിന്ത, ഈ
അന്ധത ശാപമേയല്ല  തെല്ലും..!
---------------------------------------------------------
*ദൈവ രൂപം. 

Wednesday 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...! 

Saturday 17 May 2014

ഭരണാധികാരി


കര്‍മ്മനിരതരുടെ വഴിത്താരകളില്‍
കടല്‍ വഴിമാറും
കാറ്റ് മാറി വീശും
കാലം പോലും കാത്തു നില്‍ക്കും.

ഉയിര്‍ വെടിഞ്ഞാല്‍ പോലും
ഇവര്‍ ഉശിര് കാട്ടും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കും...

ഉയരേ പറക്കുമ്പോഴും
ഇരയില്‍ കണ്ണു വെക്കും.
കളം നിറഞ്ഞു കളിക്കുമ്പോഴും
കാണികള്‍ക്കൊപ്പം കയ്യടിക്കും ...

ചേറിലുറഞ്ഞാല്‍ പോലും
നറു താമരയായ് വിടരും.
രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
പരസ്യമായി ദൈവമെന്നു വാഴ്ത്തും....

ചിലരങ്ങനെയാണ് ..
ഉരുക്ക് ഹൃദയമുള്ളവര്‍ ,ഇവര്‍
ചേരിയില്‍ പിറന്നാലും
നാടിനേ നയിക്കും. 

Thursday 8 May 2014

മൂന്ന് ജീവിതങ്ങള്‍


ഇടി നാദത്തോടല്ലോ പൊഴിയുന്നീ മഴ 
ഇടവഴികള്‍ തോറും ചായം കലക്കി 
ചെടികളെ പൂക്കളെ തഴുകിത്തലോടി 
ഒടുവിലീ മണ്ണില്‍ അലിഞ്ഞോടുങ്ങി...

-------*****--------- 
കരയ്ക്കും തിരയ്ക്കുമിടയില്‍ 
പറഞ്ഞാല്‍ തീരാത്ത സ്വകാര്യമുണ്ട് 
കരഞ്ഞും ചിരി നുര തൂകിയും 
കരയെ അലിയിച്ചു കളയുന്ന സ്വകാര്യം ..

----------*****--------

കാറ്റ് മരങ്ങളോട് മൊഴിയുന്നത് 
കദനമായാലും കളിയായാലും 
മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍ 
മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ...

Monday 5 May 2014

തുറക്കാത്ത കോവില്‍



നീരാടിത്തീര്‍ന്നു നീ ഈറനുടുത്തീ വഴി
വരുന്നൊരു നേരവും കാത്തു നില്‍ക്കെ
വരുമോരോ വിചാരങ്ങള്‍ മനസ്സിന്റെ കോണില്‍
തരുമോരോ സ്വപ്‌നങ്ങള്‍ പുലര്‍ന്ന മട്ടില്‍

പതിവായി നിന്നെ കാണുമ്പോള്‍ മാത്ര
മിതെന്തേ വിടരുന്നു പൂക്കളി മട്ടില്‍
ദ്യോതം തിളച്ചു മറിയുന്ന നേരത്തു
മിതെന്തേ പൊഴിയുന്നു മഞ്ഞീ വിധം..

കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍
കണ്ടാല്‍ മറക്കുന്നു നിത്യവുമെങ്കിലും
കണ്ടീലയെന്നു നീ നടിക്കുന്നുഎന്നുമെന്‍
കണ്ണാല്‍ തൊടുക്കുന്ന വാക്കിന്‍ ശരങ്ങള്‍...

എത്ര നാളിങ്ങനെ അലയണം ഞാനിനി
സതീര്‍ത്ഥ്യ എന്നോടലിവൊന്നു കാട്ടുവാന്‍
താഴിട്ടു പൂട്ടാതെ തുറക്കുന്നതെന്ന് നിന്‍
തിരുനട അടിയന്നു ദര്‍ശനം നല്‍കുവാന്‍ ..