Saturday 27 October 2012

കടം തന്ന സ്നേഹം

കൂട്ടുകാരാ നിന്‍ കലിയോന്നടങ്ങിയാല്‍
കനിയണം കാതുകള്‍ തുറന്നു വെക്കാന്‍ 
കടമാണ് നീ തന്ന സ്നേഹം എനിക്കെന്നും 
കഴിവില്ലെനിക്കത് തിരിച്ചു നല്‍കാന്‍.........

കഥയിതു നമ്മളെഴുതുന്നതല്ല
കാലത്തിന്‍ കയ്യിലെ പുസ്തകത്തില്‍ 
ഖണ്ഡിക്കയല്ല ഞാന്‍ നിന്‍റെ ചോദ്യങ്ങളെ  
കേവലം വ്യര്‍ത്ഥമാം ഉത്തരത്താല്‍ .

സമ്പത്തിതൊട്ടും എനിക്കില്ലെയെന്നോര്‍ത്ത   
കുണ്ഡിതമാണ് നിനക്കെന്നറിയാം ,
എങ്കിലും കേള്‍ക്കണം സങ്കടപ്പെരുമഴ 
ചിന്തുന്ന സന്താപ നീര്‍ത്തുള്ളികള്‍ .

സദയം പൊറുക്കണം മാപ്പ് നല്‍കിടേണം 
കുറ്റമെന്‍റെതെന്നറിയുന്നു ഞാന്‍ 
പൊന്നും പണവും ഇല്ലാത്ത പെണ്ണിന് 
സ്നേഹത്തിന്നവകാശം തെല്ലുമില്ല ... 
പൊന്നേ സര്‍വ്വവും എന്നാകില്‍ പിന്നെയീ 
ലോകത്തിലാര്‍ക്കിനി എന്ത് രക്ഷ ...?.

വിലയുണ്ട്‌ നിര്‍മ്മല സ്നേഹത്തിനെപ്പോഴും 
അളവില്ലാ സ്വത്തിനെക്കാളുമേറെ  
അതറിയുന്ന കാലം നിനക്കണഞ്ഞീടുന്ന 
നാള്‍ വരും നിശ്ചയം കൂട്ടുകാരാ ..  

അന്ന് നീ ഓര്‍ക്കണം പാവമീയെന്നെ  ,
നിസ്തുല സ്നേഹത്തിന്‍ താമരപ്പൂവുകള്‍
നെഞ്ചോട്‌ ചേര്‍ത്തു കേഴുന്നോരെന്നെ.....

Sunday 21 October 2012

മുഖപടം


മുഖം മറച്ച പെണ്‍കുട്ടിയുടെ 
മുഖഭാവം ആരും അറിയുന്നില്ല ..
മുഖത്തേക്ക് നോക്കുമ്പോള്‍ 
മുനയോടിയുന്ന കാഴ്ച കാരണം 
തുറിച്ചു നോക്കിയിട്ടും കാര്യമില്ല .

മൂക്കും ചുണ്ടും വായും നോക്കി 
മുഖലക്ഷണം ചൊല്ലാന്‍ വയ്യ ......
മറച്ചുവെക്കപ്പെട്ടത്‌ ഗംഭീരമെന്നു ചൊല്ലി  
മനം നിറക്കാമെങ്കിലും ,
മനക്കണ്ണില്‍ തെളിയുന്നതുപോലെയെന്ന്   
മുറിച്ചു പറയാനും വയ്യ .... 

മധുമതികള്‍ ഇവര്‍ക്കൊക്കെ  എന്തുമാകാം... 
മങ്ങിയതെങ്കിലും എല്ലാം കാണാം 
മൂക്കും ചുണ്ടും വായും നോക്കാം 
മുഖരേഖയപ്പാടെ വായിച്ചെടുക്കാം. 

മനസ്സിലാകാത്ത ഒരു കാര്യമുണ്ട് 
മത്തു പിടിച്ച നോട്ടമൊഴിവാക്കാന്‍
മുഖംമൂടി ധരിക്കുന്നവര്‍ 
മയ്യെഴുതി കറുപ്പിച്ച കണ്ണുകള്‍ കൊണ്ട് 
മുഖപടത്തിനു പിന്നിലിരുന്ന്, 
നമ്മളെയിങ്ങനെ നോക്കാമോ ..?

Thursday 18 October 2012

ഒരു പഞ്ചതന്ത്രം കഥ


വായന മരിച്ചു മരവിച്ച ഗ്രന്ഥശാലയുടെ 
ചിതലരിച്ചു പൊളിഞ്ഞ അലമാരയിലെ 
പഞ്ചതന്ത്രം കഥയുടെ പഴകിദ്രവിച്ച 
പുസ്തകത്താളില്‍ നിന്നും 
കാലങ്ങളായി മുന്തിരി പുളിക്കുമെന്ന് 
ഇല്ലാക്കഥ മെനഞ്ഞവരെ മനസ്സാ ശപിച്ച്
അവനന്ന് രാത്രി  ഒളിച്ചോടി ..

നിശ്ശബ്ദ യാമങ്ങളിലെ കുലുഷിതചിന്തകള്‍ 
വര്‍ഷങ്ങളായി ഉറക്കം കെടുത്തിയ 
മുന്തിരിത്തോട്ടം ലക്ഷ്യമാക്കി ഒരു പാലായനം ..

എന്നാല്‍ യാത്രയിലെ മനമുരുക്കുന്ന കാഴ്ചകള്‍ 
അവന്‍റെ സ്വപ്നങ്ങളുടെ ശബളിമക്ക് കത്തിവെച്ചു 
വടിവാളുകള്‍ മേയുന്ന തെരുവോരങ്ങള്‍............
അഭിസാരികകള്‍ ഇരതിരയുന്ന നാല്‍ക്കവലകള്‍........

മദ്യത്തില്‍  നനഞ്ഞു കുതിര്‍ന്ന് 
കാലുറക്കാതെ സ്വര്‍ഗ്ഗസവാരി നടത്തുന്നവര്‍ ..
ലഹരിപ്പുകയില്‍ വിലയം പ്രാപിച്ച്
ശാന്തിതീരമണഞ്ഞു സുകൃതം നേടിയവര്‍ ..
പീടികവരാന്തകളില്‍  വിശപ്പ്‌ സഹിക്കാതെ 
കരഞ്ഞു തളര്‍ന്നുറങ്ങും എല്ലിന്‍കൂടുകള്‍ ...

കാഴ്ചകള്‍ കാലില്‍ തീര്‍ത്ത വിലങ്ങുകള്‍ 
വര്‍ദ്ധിച്ച ഭീതിയോടെ കുടഞ്ഞെറിഞ്ഞ്‌ 
സ്വപ്നങ്ങളിലെ മുന്തിരിത്തോട്ടത്തിന് 
പുഴുക്കുത്തേറ്റ യാഥാര്‍ത്ഥ്യം മറക്കാന്‍ ശ്രമിച്ച് 
ചിതലരിച്ച ഗ്രന്ഥശാലയിലെ പുസ്തകത്താളില്‍ 
ഒഴിഞ്ഞു പോയ നിദ്രയെ കാത്ത്, 
ഇനിയൊരു മുന്തിരിത്തോട്ടം സ്വപ്നം കാണാനാവാതെ 
അവന്‍ വീണ്ടും ....  

Monday 15 October 2012

മലാല


മലാല ...
ദൈവനാമത്തില്‍ വായിക്കാന്‍ കല്‍പ്പിച്ച 
വേദഗ്രന്ഥത്തിന്‍റെ പിന്മുറക്കാര്‍ 
വധശിക്ഷക്ക് വിധിച്ച മാലാഖ ..
വിറളിപിടിച്ച വിദ്യാര്‍ത്ഥിക്കൂട്ടം
വിദ്യക്ക് വിലങ്ങുവെച്ച താഴ്വരയിലെ 
വിടര്‍ന്നു തുടങ്ങും മുമ്പേ പുഴുക്കുത്തേറ്റ 
വിപ്ലവ നായിക ..

വളര്‍ന്നു വലുതായി വേരുറച്ചാല്‍ 
വേണ്ടാതീനങ്ങളുടെ വേരറുക്കണമെന്ന്  
വേദനയോടെ സ്വപ്നം കണ്ടവള്‍ ..  
വധിക്കാനെത്തുന്നവരുടെ മുഖത്തു നോക്കി 
വെറുപ്പോടെ കാര്‍ക്കിച്ചു തുപ്പാന്‍ 
വാക്കുകള്‍ കരുതിവെച്ചവള്‍......

പെങ്ങളേ..... 
വിധിയെ പൊരുതി തോല്‍പ്പിക്കാന്‍ 
വിജനമായ സ്വാത്തിന്‍റെ  താഴ്വരകളില്‍ 
വിരിയുന്ന പൂക്കളൊക്കെയും   
വീണ്ടും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .. 

കരളിലെ മോഹങ്ങള്‍ കരിഞ്ഞുണങ്ങാതെ   
കലങ്ങിമറിഞ്ഞ കണ്ണുകള്‍ കരഞ്ഞു തീര്‍ക്കാതെ 
കാലത്തെ തോല്‍പ്പിക്കും കരുത്തുമായി 
കറുത്ത ശക്തികള്‍ക്കു താക്കീതായി 
കൊടികുത്തി വാഴാനെന്‍ പ്രാര്‍ത്ഥനകള്‍....................................
******************************************************
  വിദ്യാര്‍ത്ഥിക്കൂട്ടം  ത്വാലിബാന്‍

Saturday 13 October 2012

ജീവിതവഴികള്‍

മാതാപിതാക്കള്‍ കാണിച്ച വഴികളില്‍ 
പുണരാനാവാത്ത ലക്ഷ്യങ്ങള്‍ തേടി 
ബാല്യം വെറുതെ കളഞ്ഞവനാണ് ഞാന്‍ ..

ഒന്നിന് പകരം  ഒരു പാട് വഴികള്‍ 
ശിഖരങ്ങളായി പിരിഞ്ഞ കൌമാരത്തില്‍ 
നിറമുള്ള പൂക്കള്‍ വിരിഞ്ഞുള്ള വഴിയില്‍ 
അമ്പരപ്പോടെ ഗമിച്ചവനാണ് ഞാന്‍...

പ്രാരാബ്ദ ജീവിതം ഇരു തോളിലും തൂക്കി 
പരിഹാസച്ചുവയോടെ യൌവ്വനം ചിരിച്ചപ്പോള്‍ 
പതറാതെ മുന്നോട്ടു നീങ്ങുവാന്‍ വഴി തേടി 
പടുകുഴി പാതയില്‍ വീണവാനാണ് ഞാന്‍ ..

ഇരുട്ട് നിറഞ്ഞൊരു ഇടവഴി മാത്രം 
മുന്നില്‍ തുറന്നിട്ട്‌ കാത്തു നില്‍ക്കുന്നു 
ജീവിതാന്ത്യത്തില്‍ എല്ലാര്‍ക്കുമുള്ളോരു       
ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യമിപ്പോള്‍...

ജനിക്കുമ്പോള്‍ ഒരു വഴി ,ജീവിതം പലവഴി    
വാര്‍ദ്ധക്യജീവിതം  വേണ്ടെന്നു വെക്കുവാന്‍
മാനവര്‍ നമുക്കില്ല മറ്റൊരു പോംവഴി  ...

വഴികളേതെന്നറിയാതെ ഒഴുകും 
ചുഴികള്‍ നിറഞ്ഞുള്ളതാണീ ജീവിതം 
മിഴിവുള്ള സ്വപ്‌നങ്ങള്‍ തേടിയലഞ്ഞു 
കൊഴിയുന്നതാണീ വിലയുള്ള ജീവിതം 

ഓര്‍ക്കുന്നു ഞാനിപ്പോള്‍ പഴയോരാ പഴമൊഴി 
ജീവിതാന്ത്യത്തില്‍ ഓര്‍ക്കുന്ന വരമൊഴി 
വഴിയൊന്നു തെറ്റിയാല്‍ പുതു വഴി തേടുവാന്‍ 
കഴിയാത്ത ജീവിതം നമുക്കൊന്നെന്ന പുതുമൊഴി  ...

Thursday 11 October 2012

സന്ദേഹം


നീണ്ടും കുറുകിയും പിന്നെയും നീളുന്ന 
നിഴലിന്‍റെ ജീവനോടുങ്ങിയൊടുവിലായ്   
നീളെ പരക്കും നിലാവ് പോലെ 
നിര്‍മ്മലമാമെന്‍റെ  സ്നേഹത്തിനെപ്പോഴും 
അളവ് ചോദിക്കുന്നു നീ 
തെളിവ് ചോദിക്കുന്നു നീ ...

അളവിനായ് ഞാന്‍ ചൊല്ലും 
ചിന്തയിലോതുങ്ങാത്ത വലിയൊരു സംഖ്യയില്‍ 
സംതൃപ്തയാകും നീ എന്നറിയാം ...

തെളിവിനായ് ഞാന്‍ നല്‍കും  
ചുണ്ടോടു ചേര്‍ത്തൊരു ചുംബനത്തില്‍ 
സംപ്രീതയാകും നീ അതുമറിയാം...

എങ്കിലും കാണുന്ന വേളയിലൊക്കെയും 
സന്ദേഹമെന്തേ നിനക്കിനിയും ..?  

Tuesday 9 October 2012

അപകട ചിത്രം


ലക്ഷ്യങ്ങളിലേക്ക് വേഗമടുക്കാനാണ് 
അവരെല്ലാവരും ആ ശകടത്തെ 
അഭയമാക്കിയത്..
വേഗത പോരെന്ന സാരഥിയുടെ തോന്നലാണ് 
അതിനെ  ജ്വരം പിടിച്ചു തപിച്ച 
നടുറോഡില്‍  കീഴ്മേല്‍ മറിച്ചതും ..

നിലവിളികള്‍ക്ക്‌ പുറകെ ഓടിയടുത്തവര്‍
ആദ്യം തിരഞ്ഞത് വിലപിടിപ്പുള്ള 
മഞ്ഞലോഹക്കഷ്ണങ്ങളാണ്... 
ശുഭ്ര വസ്ത്രധാരികള്‍  
ആബുലന്‍സിലെ  ജീവനക്കാര്‍
ദീനരോദനം വകവെക്കാതെ ആസ്വദിച്ചത് 
രക്തം പുരണ്ട നഗ്നതയും .

ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് വിലപിടിച്ചതൊന്നും 
സൂക്ഷിക്കാന്‍  അവകാശമേയില്ല... 
ആര്‍ത്തി മൂത്ത് കര്‍മ്മം മറന്ന് 
തുന്നിക്കൂട്ടുന്നതിനു മുന്‍പേ 
ഭിഷഗ്വരന്‍മാര്‍  കണ്ണും കരളും 
അറുത്തെടുത്തു വില്‍ക്കാന്‍ വെച്ചു  ...

മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്ക്  
കിട്ടാവുന്ന സഹായമാകാം 
ദുഃഖ മേഘങ്ങളേ മതിമറന്നു പെയ്യിക്കാന്‍ 
ഉടയവര്‍ക്കും ഹേതുവായി ...

സന്മാര്‍ഗ്ഗികളെയും സല്‍കര്‍മ്മികളെയും പ്രതീക്ഷിച്ച് 
അപകട ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍ 
ദൈവത്തിനു ലഭിച്ചതോ 
ഒരു പിടി നരകവാസികളെയും ..

Sunday 7 October 2012

ദൈവം ഞാനായിരുന്നെങ്കില്‍........


കണ്ണുണ്ടായിട്ടും കാഴ്ച കുറഞ്ഞവനാണ്
കാലാള്‍ പടയുടെ നായകന്‍ ..
കറുത്ത കണ്ണടവെച്ച് അന്യന്‍റെ  കാഴ്ച മറച്ച്
എല്ലാം കാണുന്നവനെന്ന നാട്യക്കാരന്‍ ....

ചെവിയുണ്ടായിട്ടും രോദനം കേള്‍ക്കാത്തവനാണ് 
രാജ്യത്തിന്‍റെ ഭരണാധികാരി.....
മധുരം പുരട്ടിയ വാക്കാല്‍ പ്രജകളെ മയക്കുന്ന 
സ്വര്‍ണ്ണ സിംഹാസനത്തിന്‍റെ അധിപന്‍ ..  

ദൈവം ഞാനായിരുന്നുവെങ്കില്‍ 
മരണശേഷം ഇവര്‍ക്ക് ഞാനൊരു തടവറ പണിഞ്ഞേനെ 
പാമ്പും പഴുതാരയും കരിന്തേളും നിറയുന്ന 
നിത്യ നരകം പോലൊരു കല്‍ തുറുങ്ക് ... 
   
അവകാശികളുടെ പ്രാര്‍ത്ഥന ഫലം കാണുമ്പോള്‍ 
ആയുസ്സിന്‍റെ അവസാന തുള്ളിയും എരിഞ്ഞു തീര്‍ന്ന്
ആശ്രയമറ്റവരായി ഇവര്‍ എന്നെതേടി അണയുമ്പോള്‍  
വറചട്ടികളില്‍  തിളയ്ക്കുന്ന എണ്ണ നിറച്ച്.
നട്ടെല്ലുരുക്കുന്ന അഗ്നികുണ്ഡം തീര്‍ത്ത്‌ 
ഞാനവരെ കാത്തിരുന്നേനെ...... 

നിര്‍ഭാഗ്യവശാല്‍........
ദൈവത്തിന്‍റെ വേഷത്തില്‍ ഇപ്പോള്‍ അവരാണ് 
പാമ്പിന്‍റെയും പഴുതാരയുടെയും വിഷം തീണ്ടി 
എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടപ്പെട്ട്
അസ്ഥിയുരുക്കുന്ന അഗ്നികുണ്ഡത്തില്‍ , 
ഞാനും നിങ്ങളും .......

Friday 5 October 2012

കയ്പ്പാണീ ജീവിതം...

കാല യവനികക്കുള്ളില്‍ മറഞ്ഞൊരു
കാമിനിയെ ചൊല്ലി തുടിക്കുമൊരു ഹൃത്തടം
കാലങ്ങളെത്ര കഴിഞ്ഞാലുമോര്‍ത്തിടും
കര്‍മ്മമെന്നോര്‍ത്തു വിലപിച്ചിടും സദാ..


കാതര നീ കനിഞ്ഞേകിയ സ്നേഹത്തിന്‍
കാണാപ്പുറങ്ങളില്‍ അലയുമെന്‍ ജീവന്‍
കോകിലേ നീ വാഴും കോവിലിന്‍ മുന്നില്‍
കോമരം തുള്ളി തളര്‍ന്നു നിന്നോര്‍മ്മയില്‍ .



കണ്ണീരുണങ്ങിയിട്ടില്ലത്ര നാളും    
കൊടും ദുഃഖത്തിലാണ്ടു കഴിഞ്ഞിത്ര കാലവും
കടും വഞ്ചന ,സുന്ദര ജീവിതം നമ്മളെ
കാട്ടിക്കൊതിപ്പിച്ചു വിധിയിത്ര നാളും.


കണ്ണേ മായയില്‍ കുഴയുമൊരു ലോകം
കാരസ്കരം പോലെ കയ്പ്പതില്‍ ജീവിതം
കത്തുന്നു കലര്‍പ്പിന്‍റെ തീക്കൂനയെങ്ങും
കറ തീര്‍ന്ന നിന്‍ സ്നേഹം പോലിതല്ലൊന്നും..   


കരള്‍കൂട്ടില്‍ നിറസ്വപ്ന ശയ്യയൊരുക്കി നീ
കൈനീട്ടി വിളിക്കാത്തതെന്തു നീയെന്‍ സഖീ
കാത്തിരുന്നീടുവാനാവില്ലെനിക്കിനി
കുന്തിരിക്കം പോലെ പുകയുമെന്‍ ജീവനെ
കാത്തു മരണം വിളിക്കും വരെയും ...

Thursday 4 October 2012

കൂട്


തെക്കേ തൊടിയിലെ മാവിന്‍റെ കൊമ്പില്‍
കൂടോരുക്കുമ്പോഴും ഞാനവളോട് പറഞ്ഞതാണ്
ഇവിടൊരു വല്ല്യപ്പനുണ്ട് മരിക്കാറായി കിടക്കുന്നു എന്ന് ..
അന്നും അവളതു കേട്ടില്ല.....!