Wednesday, 8 March 2023

പനിച്ചൂട്

 പനിച്ചൂട്

✺✺✺✺✺✺✺
പനിച്ചു കിടക്കുമ്പോൾ
സ്വപ്നം കണ്ടിട്ടുണ്ടോ
മരിച്ചു കിടക്കുന്നതായി..?
പനയോളം വലിപ്പമുള്ളൊരു
പെരുമ്പാമ്പ്
ഞെരിച്ചമർത്തുന്നതായി...
ഒറ്റപ്പെട്ട ദ്വീപിൽ അകപ്പെട്ടതായി?

ഒരു കാൽ വലിച്ചെടുക്കുമ്പോൾ
മറുകാൽ ആണ്ടു പോകുന്ന
ചതുപ്പിൽ പെട്ടതായി,
മലമുകളിലേക്ക് കയറവേ
കാലിടറിപ്പോകുമ്പോൾ
അള്ളിപ്പിടിച്ച പാറകൾക്കൊപ്പം
അടർന്നു വീണു ചിതറുന്നതായി ?
ഉണ്ടോ..?
മരിച്ചു കിടക്കുമ്പോൾ
ചിരിച്ചു കിടക്കുന്നതായി,
മറ്റുള്ളവർ
കരച്ചിലടക്കുന്നതായി?

ഒരു കുഴലിലൂടെന്ന പോലെ
ഭൂമിയുടെ അഗാതതയിലേക്ക്
വയറിലൊരു തീഗോളവുമായി
താഴേക്ക് വീഴുന്നതായി ,
മാനത്തോളം പറന്നുയർന്ന്
ഒരു നൊടിയിടകൊണ്ട്
മണ്ണിൽ പതിക്കുന്നതായി,
കടലിലിങ്ങനെ തിരകളോടൊപ്പം
ഉടലനങ്ങാതെ ഒഴുകുന്നതായി...?

ഇല്ലെങ്കിൽ കാണണം...
ജ്വരം വളർത്തുന്ന ചൂടിൽ
തലച്ചോറ് തളരുമ്പോൾ
നിസ്സഹായതയുടെ അങ്ങേയറ്റത്ത്
ഒരു പേക്കിനാവിന്റെ കുരുക്കിൽ
ആലംബമില്ലാതെ ഒരിക്കലെങ്കിലും
കുരുങ്ങിക്കിടക്കണം...!

അതെന്തിനെന്നോ..?
മരിച്ച് തുടങ്ങുമ്പോൾ
ഇതൊരു പനിച്ചൂടിന്റെ വിഭ്രാന്തിയെന്ന്
മനസ്സിൽ തോന്നാനെങ്കിലും
പനിച്ചു കിടക്കുമ്പോൾ
മരിച്ചു കിടക്കുന്ന പോലൊരു
സ്വപ്നം കാണണം...!!.

പുറകോട്ടു നടക്കുന്നവർ.

 പുറകോട്ടു നടക്കുന്നവർ.

✿☆✿☆✿☆✿☆✿☆✿☆✿☆✿

ജീവിതത്തിൽ
പുറകോട്ടു നടന്നാൽ
ഞാനെവിടെയും എത്തേണ്ടവനല്ല...
മുമ്പോട്ടു നടന്നാൽ
എവിടെയെങ്കിലും എത്തുന്നവനും.

നടത്തം ഒരു കലയാണ്.
കരളുറപ്പിച്ച് കാലുറപ്പിച്ച്‌,
ചവിട്ടുറപ്പിക്കേണ്ടുന്ന കല.
ചവിട്ടിയത് ഒരറപ്പുമില്ലാതെ
തേച്ചു തുടയ്ക്കാനറിയണം.
ബന്ധുവന്നോ ശത്രുവെന്നോ
മുഖം നോക്കാതെ ചവിട്ടണം
എങ്കിലും,
നേരേ നോക്കി ആരാലും
ബുദ്ധനെന്നു വിളിപ്പിക്കണം.

ചവിട്ടുന്നിടങ്ങളിൽ ഒരിയ്ക്കലും
പാദമുദ്ര പതിയാതിരിക്കണം.
ചവിട്ടുന്നവനേ അല്ലെന്നു
മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കണം .
അസ്സലൊരു ഗാന്ധിയനായിരിക്കണം...

കാൽ പാദത്തേക്കാൾ തൊലിക്കട്ടി
കരളിനുണ്ടായിരിക്കണം.
കടന്നു കളയുമ്പോൾ പോലും
പാദപതനം ആരും
കേൾക്കാതിരിക്കണം .
എന്ന് വെച്ചാൽ
ലക്ഷണമൊത്തൊരു കള്ളനായിരിക്കണം.
എന്നാലും
രക്ഷകാ എന്ന് മറ്റുള്ളവർ
അലമുറയിടണം

കനിവെന്നും കരുണയെന്നും
കനവിൽ നിന്ന് പോലും വെട്ടിക്കളയണം.
നീചനെന്ന വാക്കിനുമുകളിൽ
നിർമ്മലത പൊതിഞ്ഞെടുക്കണം .
എന്നിരുന്നാലും
പരിശുദ്ധനെന്ന് എല്ലാവരാലും
വാഴ്ത്തപ്പെടണം.

ഇതൊന്നുമല്ലെങ്കിൽ നിങ്ങൾ
പുറകോട്ടു നടന്നാൽ
എവിടെയും എത്തിയിട്ടുണ്ടാവില്ല
മുമ്പോട്ടു നടക്കുകിൽ
എവിടെയും എത്തുകയുമില്ല...

എത്താത്തിടങ്ങൾ ലക്ഷ്യമാക്കുന്നവരാണ്
നടത്തക്കാരിൽ ഏറെയും..
ഞാനും ,പിന്നെ
നിങ്ങളിൽ ചിലരെങ്കിലും....!!.

Tuesday, 29 March 2022

 കാഴ്ചക്കറുപ്പുകൾ

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

വെളിയിൽ പാതയിൽ ഇരുട്ടുകേറി
ഒളിച്ചിരിയ്ക്കുന്നൊരു നേരം,
വെളുക്കുവോളം വെളിച്ചമേകാൻ
കൊളുത്തി ഞാനൊരു മണിദീപം.

കാലിൽ കാലു കയറ്റി കസേരയിൽ
മെല്ലെ ചാഞ്ഞു കിടക്കുമ്പോൾ
അമ്പോ വഴിയിലെ കാഴ്ചകൾ കണ്ണിൽ
അമ്പായ് വന്നു തറയ്ക്കുന്നു.

അളന്നു കാലടിയൊരു പടുവൃദ്ധൻ
വളഞ്ഞ ജീവിത വഴി നീളെ
തളർന്നു ലഹരിയിൽ ആടിയുമിടറിയും
കളഞ്ഞു പോയതു തിരയുന്നോ....?

തെളിഞ്ഞ ചിരിയാലാളെ മയക്കി
വെളുത്ത സുന്ദരി ഈ വഴിയെ
പളുങ്കു മേനിയിൽ ഒളികണ്ണുള്ളൊരു
പലരെത്തേടി അവൾ പതിയെ...

ഉരുക്കു കായം എണ്ണയിൽ മുക്കി
ഒരു ചെറു തസ്കരൻ ഇര തേടി
പാർപ്പിടമേറ്റം പണവും സ്വർണ്ണവും
ഒരുക്കി വെച്ചൊരിടം നോക്കി...

കാത്തിരിയ്ക്കും കാമിനിയവളെ
പാതിരാ നേരം പൂകാനായ്
പതിഞ്ഞ കാലടിയമർത്തിയൊരുവൻ
പതുങ്ങി നീങ്ങുന്നീ വഴിയേ...

ഒരു കവിൾ പുകയിൽ സ്വർഗ്ഗം കാണാൻ
കരുത്തു നൽകുന്നൊരു സൂത്രം
പലരുമിരുട്ടിൽ പകുത്തെടുത്തു
കലിപ്പ് കാട്ടി തിമർക്കുന്നു..

ഇരുട്ട് വീണാൽ ഈ വഴിയോരം
കറുത്തിരിയ്ക്കും ഇതുപോലെ
വെറുപ്പിൻ കാഴ്ചകൾ അല്ലാതൊന്നും
ഉരുവാകാത്തൊരിടം പോലെ.

വെളിച്ചം വേണ്ട, വിളക്കും വേണ്ട
തെളിച്ചു വെയ്ക്കെണ്ടൊരു ദീപം
തമസ്സു മാറ്റാൻ തുനിഞ്ഞിറങ്ങിയ
തമാശ ഇത് പോലൊന്നുണ്ടോ.?

ശരിയല്ലാത്തൊരു കാഴ്ചകളല്ലോ
പെരുവഴി തന്നിൽ മുഴു നീളെ
വെട്ടം കാട്ടാൻ ഉഴറിയ ഞാനൊരു
പൊട്ടൻ അല്ലാതാരാകാൻ..

വെളുക്കുവോളം വെളിച്ചമേകാൻ
കൊളുത്തി വെച്ചൊരു മണിദീപം
അണച്ചു ഞാനെൻ കതകിതടച്ചു
പുതച്ച് മൂടിയുറങ്ങട്ടേ.!

Sunday, 27 March 2022

 ഒരു കഥ പറയട്ടേ..?

★☆★☆★☆★★☆★☆★☆★☆★☆★★☆★☆

കുഞ്ഞിക്കാളി കറുത്തിട്ടായിരുന്നു
കുംഭ മാസത്തിലെ തീ വെയിലത്തവൾ
മയിൽപ്പീലി പോലെ തിളങ്ങിയിരുന്നു
കെട്ടഴിച്ചിട്ടാൽ അരക്കെട്ട് മറയുന്ന
കറുത്ത കൂന്തലുള്ളവൾ
കണ്ണിലെപ്പോഴും ഒരു ചൂണ്ടക്കൊളുത്ത്
തൂക്കിയിട്ടിരുന്നു
കവിളിൽ ആമ്പല് പൂക്കുന്നൊരു
കുഞ്ഞു നുണക്കുഴിയുണ്ടായിരുന്നു.
വർണ്ണിച്ചു വരുമ്പോ നിർത്താൻ തോന്നാത്ത വിധം
വസന്തം നിറഞ്ഞാടുന്ന പൂന്തോട്ടം പോലെ
കുഞ്ഞിക്കാളിയങ്ങനെ....

കാട്ടു മൂപ്പന്റെ മോളവൾ, ഊരിന്റെ വിളക്കവൾ
കുളിരു വീണു തുടങ്ങിയ മോന്തിക്കന്ന്‌
മലങ്കാളിയമ്മയുടെ തിരുനടയിൽ
ആയിരത്തോന്ന് തിരി തെളിഞ്ഞ നേരത്ത്
പെണ്ണിന്റെ കണ്ണിലെ ചൂണ്ടയിലാരോ കൊത്തി...!
ആമ്പല് പൂത്ത നുണക്കുഴിയിലാരോ
തെന്നി വീണു,
വസന്തം മലർ പാകിയ തോട്ടത്തിലൊരാൾ
കാട്ടുമുല്ല പൂത്ത സുഗന്ധമാകെ
താനേ നുകർന്ന് തന്നെ മറന്ന് നിന്നു..

കുഞ്ഞിക്കോരൻ കറുത്തിട്ടായിരുന്നു
കാട്ടുകൊമ്പന്റെ മസ്തകം പോലെ
വിരിഞ്ഞ നെഞ്ചായിരുന്നു
കരിവീട്ടിയിൽ കടഞ്ഞെടുത്ത മെയ്യുള്ളവന്
പുകയില കറുപ്പിക്കാത്ത ചുണ്ടായിരുന്നു
റാക്ക് നുണയാത്ത നാവായിരുന്നു
എലിവാല് മീശയും നനുത്ത താടിരോമവും.....,
കുഞ്ഞിക്കോരാൻ സുന്ദരനായിരുന്നു.

കാടറിയുന്ന ബാല്യക്കാരൻ, കണ്ണ് കയ്യായവൻ
പരൽമീൻ മിഴിയുടെ മലർ ശരമേറ്റ്
മൂക്കും കുത്തി വീണ അന്നുമുതൽ
കാടാകെ പൂത്തു ചമഞ്ഞു
കാട്ടാറുകൾ പാടിത്തിമർത്തു....
നാണമില്ലാത്ത കാറ്റ്, കാടും നാടും
ഉള്ളതും കള്ളവും പറഞ്ഞു പരത്തി...
ആരുമറിയാതൊരു പ്രണയപ്പൂവാകയങ്ങനെ
നിറഞ്ഞു ചുവന്നു പൂത്തു...

നാട് കട്ടുമുടിച്ചവർ, കാടു കയറിയവരുടെ
കഞ്ചാവ് ചെടികളിൽ പൂക്കൾ o നാളിൽ
പത്തു പണത്തിന്, വാറ്റ് ചാരായത്തിന്
കാട്ട് മൂപ്പന്റെ കാലിടറിയ അന്ന്
കാട് കയറിയ നാട്ടു നായ്ക്കൾ
വസന്തം നിറഞ്ഞാടിയ പൂന്തോട്ടം
ചവിട്ടി മെതിച്ചു...

കഷ്ടം...
ചൂണ്ടക്കൊളുത്തുള്ള കണ്ണുകൾ,
ആമ്പൽ പൂക്കൾ,
തിളങ്ങുന്ന മയിൽ പീലി....
ഉദിച്ചുയർന്നില്ലതിൻ മുൻപേ വാനിൽ
അണഞ്ഞേ പോയൊരു പാർവണ ബിബം!!.

പച്ചിലക്കൂട്ടിന്റെ കൊടും വിഷത്തിൽ
കുളിച്ച് കയറി, ശുദ്ധി വരുത്തി,
കുഞ്ഞിക്കാളി ഉലകം വിട്ട്
നാട്ടു നായ്ക്കൾ നായാടാനെത്താത്ത
നക്ഷത്രം ലോകം പൂകി..

അന്നേക്കിന്നോളം
പൂവാകകളൊന്നും പിന്നെ ചോന്നു പൂത്തിട്ടില്ല
കണ്ടാൽ കണ്ണെടുക്കാത്ത
കാട്ടു ചെടികളൊന്നും മലരണിഞ്ഞിട്ടില്ല
നാടായ നാടും കാടായ കാടും തെണ്ടുന്ന
കാറ്റ് പോലും കുഞ്ഞിക്കോരനെ കണ്ടിട്ടില്ല....

ഉമ്മറത്തിരുനിന്നലെ ആകാശം നോക്കുമ്പോ
അങ്ങ് ദൂരെ മാനത്തുണ്ട്
മിന്നി മിന്നിത്തിളങ്ങുന്ന
ചോന്നു പൂത്ത പൂവാകക്കാടുകൾ...
ആമ്പൽപൂവുകൾ, കാട്ടുമുല്ലപ്പൂക്കൾ....

ശരിയാ...
കാറ്റ് പിന്നെയും കള്ളം പറഞ്ഞതാ
കുഞ്ഞിക്കോരനെ കണ്ടിട്ടേയില്ലെന്ന്..

Tuesday, 22 March 2022

 ഒറ്റയൊരോർമ്മയിൽ...

☉☉☉☉☉☉☉☉☉☉☉☉☉

മൂവന്തി ചുവന്നു കുറുകി കറുപ്പാകുമ്പോൾ
അടുത്ത വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുമ്പോൾ
പടിപ്പുരയിൽ നിന്നെന്തോ ശബ്ദം കേൾക്കുമ്പോൾ
കണ്ണ് വിടർന്നൊരു ഓലച്ചൂട്ട്
ഇടവഴിയിലൂടെ തെന്നി നീങ്ങുമ്പോൾ,
ആരും വരാനില്ലെന്നറിഞ്ഞിട്ടും വെറുതെ
ഓടി വന്നു വാതിൽ തുറക്കാറുണ്ട് അമ്മ..

കാൽ കഴുകാൻ ഒരു കിണ്ടി വെള്ളം
എന്തിനെന്നറിയാതെ ഉമ്മറത്ത്
നിറച്ചു വെച്ച്,
മുഖം തുടയ്ക്കാൻ പട്ട് പോലൊരു വെളുത്ത തോർത്ത്‌
വൃത്തിയിൽ നാലാക്കി മടക്കി
ഉമ്മറപ്പടിയിൽ വെക്കാറുണ്ട് അമ്മ..

ദൂരയാത്രക്ക് മാത്രം അച്ഛനണിയുന്ന
കറുത്ത ടയർ ചെരിപ്പൊരു ജോഡി
കഴുകിത്തുടച്ചു മിനുക്കി
പാറ്റഗുളിക മണക്കുന്ന അലമാരയെ
സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ട് അമ്മ

വെളുപ്പ് തിന്നു തുടങ്ങിയ കറുത്ത കാലൻ കുട
വൃത്തിക്ക് ചുരുട്ടി
അറയിലെ മൂലയ്ക്കൊതുക്കിയിട്ടുണ്ട്...
വെളുത്ത അരക്കയ്യൻ കുപ്പായം
സ്വർണ്ണക്കസവുള്ള മുണ്ടിനൊപ്പം
ഭദ്രമായിരിപ്പില്ലേയെന്ന്‌
ഓർമ്മ വരുമ്പോഴൊക്കെ പഴയ
ട്രങ്ക് പെട്ടിയോട് ചോദിക്കാറുണ്ട് അമ്മ

അച്ഛന്റെ കടും കാപ്പിയുടെ ചൂട്,
കുത്തരിച്ചോറിന്റെ വേവ്,
കറുത്ത കയ്പ്പ് കഷായത്തിന്റെ അളവ്,
അച്ഛനിപ്പോഴും അമ്മയുടെ കരുതലിലാണ്..

ഗൗരവം തീണ്ടിയ കറുത്ത മുഖത്ത്
ഒരു തരി ചിരി പോലും വിടർത്താത്തയച്ഛൻ,
ഒറ്റയ്ക്കാകുമ്പോൾ പോലും അമ്മയ്‌ക്കൊപ്പം
ഒരുമിച്ചിരിക്കാത്തയച്ഛൻ...
ശകാരങ്ങളില്ലാത്ത നേരം കടന്നുപോകാത്ത സന്ധ്യകളെ
കണി കണ്ടിട്ടില്ലാത്തയമ്മ...
എന്നിട്ടും,
അച്ഛന്റെയാത്മാവിനെ സ്വർഗ്ഗത്തിലേക്കു വിടാതെ
നെഞ്ചിൽ കുടിയിരുത്തിയിട്ടുണ്ട് അമ്മ

പാറക്കുളത്തിലെ അലക്കുകല്ലിൽ
തോർത്തും സോപ്പും ചെരിപ്പും ബാക്കിവെച്ച്
അഞ്ചാറാൾ ആഴത്തിലേക്കു വിരുന്നു പോയ അച്ഛൻ
മരിച്ചു പോയതാണെന്ന് പറഞ്ഞിട്ടും
ചിരിച്ചു തള്ളിയ അമ്മ...

പട്ടി കുരയ്ക്കുമ്പോൾ, ചൂട്ടു മിന്നുമ്പോൾ
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പൂമുഖപ്പടിയോളം ചെന്ന്
വാതിൽ തുറന്നിരുട്ടിലേക്ക് തുറിച്ചു നോക്കുന്നുണ്ടിപ്പോഴും...

ആണ്ടടുക്കാറായിട്ടും അമ്മയിങ്ങനെയൊക്കെയാണ്..
മരിച്ചതച്ഛനാണെങ്കിലും യഥാർത്ഥത്തിൽ
ജീവനില്ലാതായത് അമ്മയ്ക്കായിരുന്നല്ലോ..!!!