വേട്ടക്കാരന് മുരുകനെ അറിയാത്തവരുണ്ടോ ?
ഒറ്റക്കണ്ണ് ചിമ്മി ലാക്കു നോക്കുമ്പോള്‍
മറ്റേ കണ്ണിന് ചാട്ടുളിയുടെ മൂര്‍ച്ചയുള്ളവന്‍,
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കാലിടറാത്തവന്‍.
ഇരയുടെ കണ്ണിന് ഇരട്ടക്കുഴല്‍ ചൂണ്ടുമ്പോള്‍,
ഒരിയ്ക്കലും വിറയ്ക്കാത്ത ചങ്കുള്ളവന്‍.
മുളയങ്കാവ് അങ്ങാടിയില്‍ മുക്രയിട്ട് നടന്നവരെ
എളിമയുടെ ആള് രൂപങ്ങളാക്കിയോന്‍ .
കാര്‍ത്യായനിയുടെ ഉള്ള് നോക്കി ഉന്നം വെച്ച്
കരള്‍ മുറിഞ്ഞ കള്ളക്കാമുകന് ,പിന്നെ
വേട്ടയ്ക്ക് കോപ്പുകൂട്ടി നടന്ന് നടന്ന്
കൂട്ടിനൊരാളെ കൂട്ടാന്‍ മറന്നു പോയവന്.
ആണ്ടവന്റെ പേരാണെങ്കിലും എല്ലാ
വേണ്ടാതീനങ്ങളും കയ്യിലുള്ളവന്,
ഇടത്തേ കണ്ണിന്റെ കൃഷ്ണമണിയെയും,തന്റെ
ഇരട്ടക്കുഴലിനെയും അതിരറ്റു സ്നേഹിച്ചവന്,
വയസ്സുകാലത്തൊരു കൂട്ടുവേണ്ടെയെന്ന
അയല്‍ക്കാരുടെ അടങ്ങാത്ത ആകുലതയ്ക്ക്
മുരുകനെന്തായാലും കിടന്നു നരകിയ്ക്കില്ലെന്ന്
ചെറു ചിരിയോടെ മറുപടി കൊടുത്തവന്.
പാമ്പിന്‍കാവിലെ കരിയിലക്കൂട്ടില്‍ അടയിരുന്ന
പാവം കാട്ടുകോഴിയുടെ കണ്ണൊരു നാള്,സ്വന്തം
കണ്ണിനും കുഴലിനും നേര്‍ക്കുനേരായ നേരത്ത്
മണിനാഗം തീണ്ടി അവശനായി മുരുകന്.
മരണത്തിന്റെ കാരുണ്യത്തിന് കാത്തുനില്ക്കാന്
മനസ്സ് മടിച്ചതുകൊണ്ടായിരിയ്ക്കണം
നീലിച്ച് പിടഞ്ഞു മരിയ്ക്കും മുന്‍പ് സ്വന്തം
തലച്ചോറിലേക്കൊരു വെടിയുണ്ട പറത്താന്‍
വലതു കാലിന്റെ പെരുവിരലിലല്‍പ്പം ജീവന്
പൊലിയാതെ കാത്തു വെച്ചിരുന്നു മുരുകന്.
കൊന്ന പാപങ്ങള്‍ ഈ ജന്മത്തൊരിയ്ക്കലും
തിന്നാല്‍ തീരില്ലെന്ന് എനിയ്ക്ക് മനസ്സിലായത്
നാഗം തീണ്ടിയ മുരുകന്റെ ജീവിതം കൊണ്ടാണ്.
എങ്കിലും ജീവിതത്തിലോരിയ്ക്കലും ഇന്നോളം
ആരെയും കൂസാത്ത ആണൊരുത്തന് മുരുകന്
ചേരുന്നത് തന്നെയാ ജീവിതവും മരണവും...!