പഥികന് ഞാന്‍ ജീവിതക്കടല്‍ താണ്ടാനിപ്പോഴും
പൊട്ടിപ്പൊളിഞ്ഞൊരു തുഴ മാത്രമുള്ലോന്‍
നിനക്കായി നല്കാന് എനിക്കില്ലയൊന്നും
കനമുള്ള കീശയോ പുലരുന്ന വാക്കോ
നല്‍കാം ചങ്കിലെ ചൂടുള്ള ചോരയും
നിറമുള്ള സ്വപ്നവും പ്രാര്‍ത്ഥനയും
അല്ലാതൊന്നില്ല നിനക്കായെന്‍ കയ്യില്‍
മനം നിറഞ്ഞേകാന്‍ എനിക്ക് തോഴാ ...
പൂക്കട്ടെ തളിര്‍ക്കട്ടെ ജീവിതപ്പൂമരം
പുലരട്ടെ നീ കണ്ട സ്വപ്നങ്ങളൊക്കെയും,
നേരുന്നു നിനക്കായെന്‍ കൂട്ടുകാരാ
നേരുള്ള കാഴ്ചയും നെറിയുള്ള ചിന്തയും
നന്മകള് പുലരുന്ന പുതുവര്‍ഷവും ...
Tuesday, 31 December 2013
Tuesday, 24 December 2013
പരേതരുടെ പതിറ്റടി പൂക്കള്‍
മാനമിരുണ്ടു തുടങ്ങുമ്പോള്‍
ശവക്കോട്ടക്കടുത്തുള്ള കലുങ്കില്‍
മരിച്ചു മണ്ണായ മനസ്സുകള്‍
കഥപറയാനൊത്തുകൂടും...
പകയുടെയും പ്രതികാരത്തിന്റെയും
പ്രണയത്തിന്റെയും കഥകളപ്പോള്‍
പതിറ്റടി ചെടി പോലെ അവിടെ പൂത്തുലയും.
നഷ്ട്ടപ്പെട്ടതും വെട്ടിപ്പിടിച്ചതും
ഇല്ലാത്ത നാളേക്ക് വേണ്ടി സമ്പാദിച്ച
വല്ലാത്ത പോഴത്തരമോര്‍ത്ത്
കുലുങ്ങി കുലുങ്ങിച്ചിരിക്കും.
പശ്ചാത്താപത്തിന്റെ മേലങ്കിയണിഞ്ഞ്
പിഴവുകള്‍ക്ക് മാപ്പിരക്കാന്‍ ചിലര്‍
പുതിയൊരു ജന്മത്തിനു കൊതിക്കും.
നഷ്ട്ടപ്പെട്ട പ്രണയമോര്‍ത്ത് പുഞ്ചിരിക്കും.
നെടുവീര്‍പ്പോടെ, മരിക്കാത്ത പാതികള്‍ക്ക്
നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കും .
ഉറപ്പില്ലാത്ത പുതുജന്മത്തിന്റെ പാതയില്‍
വീണ്ടും പിച്ചവെക്കാന്‍ മോഹിക്കും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ലെന്നറിഞ്ഞും
ഉടഞ്ഞ കഷ്ണങ്ങളെ വാരിപ്പുണരും.
കിഴക്ക് തുടുക്കും വരെ കൂടിയിരുന്ന്
കഥകള്‍ പലതും കൈമാറും
പിന്നെയൊരു വാവുബലി കാത്ത്
നിശ്വാസത്തോടെ കല്ലറയിലേക്ക് മടങ്ങും ....
Tuesday, 17 December 2013
നീ വിണ്ണിറങ്ങുക,,,,!
ഉറങ്ങുമ്പോഴും സ്വന്തം കുലത്തിനു നേരെ
തുറന്നുവെച്ച രണ്ടു കണ്ണുകളുണ്ടായി നിനക്ക്...
കലികാലം മുടിയഴിച്ചാടും നരകത്തില്‍
കനിവിന്റെ ശോഭയുള്ള കൈത്തിരിനാളം
ഉലയാതെ കാക്കാന്‍ കരുത്തുണ്ടായി...
ഓട്ടപ്പാത്രത്തില്‍ അരവയര്‍ നിറക്കുന്നവരെ
വട്ടം കറക്കുന്ന ഭരണാധികാരികള്‍ക്ക്
തിട്ടൂരമേകാന്‍ മാത്രം ചങ്കുറപ്പുണ്ടായി നിനക്ക്....
പാവങ്ങള്‍ക്ക് മുന്‍പേ ഇടറാതെ നടക്കുവാന്‍
വിറക്കാത്ത കാലുകളുണ്ടായി നിനക്ക് ..
കദനമേറി കണ്ണിലിരുട്ട് കയറിയ സാധുക്കളെ
പതറാതെ നയിക്കാന്‍ ഗരുഡന്റെ കാഴ്ചയുണ്ടായി..
ദൈവത്തിനും മുകളില്‍ വിധിക്കാന്‍ കഴിവുള്ളവര്‍
ദയാവധത്തിന് വിധിച്ചവരുടെ ഹൃദയമിടിപ്പ്
പെരുമ്പറ കണക്കെ മുഴങ്ങിക്കേള്‍ക്കാന്‍
കരുത്തുള്ള കാതുകളുണ്ടായി ..
ഭീരുത്വത്തേക്കാള്‍ നല്ലത് മരണമേന്നോതി
തണുത്ത ഞങ്ങളുടെ രക്തം തിളപ്പിച്ച നീ
ഒരു വട്ടം കൂടി പുനര്‍ജ്ജനിക്കുക....
ബൊളീവിയിലെ കാടന്മാരുടെ പിന് തലമുറക്കായി
വാരിക്കുഴി തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയേകുക...
സത്യം , നിനക്ക് വേണ്ടി കഴുമരം പണിതവര്‍
നിരാശരാകുന്ന ഒരു കാലം വരാനുണ്ട്
ശിരസ്സ് ചിതറുന്ന വേതാള ചോദ്യങ്ങള്‍ക്ക്
കറപറ്റാത്ത ഉത്തരം നല്കി സുഹൃത്തേ
നീ വിണ്ണിറങ്ങുക ,പടനയിക്കാന്‍ പിന്നെ
നീ ഞങ്ങള്‍ക്കൊപ്പം തലയെടുപ്പോടെ നില്ക്കുക ...
Tuesday, 3 December 2013
ഞാന്‍ നിന്നോട് പറയാതെ പോയത് ..
മൌനം കൊറിച്ചിങ്ങനെ നിന്നെ നോക്കിയിരുന്നാല്‍
ഒന്നും പറയാതെ ഈ സന്ധ്യയും കടന്നു പോകും
നിനക്കറിയാമെങ്കിലും ഞാന്‍ പറയാതെ പൂര്‍ണ്ണമാകാത്ത
നനുത്ത നോവിന്നും വാക്കായ് പൂക്കാതെ പോകും
പറയാനാവാതെ തീ വിഴുങ്ങി വിയര്‍ത്തും
ഹൃദയ മിടിപ്പേറി പരവശരായും
പലതവണയീ തീരത്ത് അര്‍ത്ഥശൂന്യമാം വാക്കുകള്‍ ചവച്ച്
ചിരപരിചിതരെങ്കിലും എത്രവട്ടം അപരിചിതരായി നാം?
കിനാവുകളില്‍ പൂമുല്ലക്കാടുകള്‍ പൂത്തിറങ്ങിയും
ഏകാന്ത ചിന്തകളില്‍ നിന് പൂമുഖം നിറഞ്ഞും
എന്നും നിനക്കൊപ്പമൊരു ജീവിതം കിനാ കണ്ടും
എനിക്കുറക്കം നഷ്ട്ടപെട്ട് നാളുകളേറെയായിരിക്കുന്നു
നിറുത്താതെ മൊഴിഞ്ഞിരുന്ന നീയുമിപ്പോള്‍
പാടാന്‍ മറന്ന പൈങ്കിളിപോല്‍ മൂകയാകുന്നു
വാക്കുകളുടെ കടല്‍ തേടി യാത്രയാകാന്‍ മറന്ന്
ഒഴുക്ക് നിലച്ച പുഴയായിരിക്കുന്നു നീയും ...
ഞാനൊന്ന് വിളിക്കുകില്‍ ഏതു നരകത്തിലേക്കും
എനിക്കൊപ്പം മടിയാതെ യാത്രപോരാന്‍ മാത്രം
നിനക്കെന്നോടിഷ്ടമാണെന്നറിഞ്ഞിട്ടും ഇപ്പോഴും
ഒന്നും പറയാനാവാതെ തൊണ്ടയില്‍ കുരുങ്ങി
ആ ഒറ്റ വാക്കെന്റെ കുരല് നീറ്റുന്നു ...
കനല് തിന്നു ഞാന്‍ നീറി ഇല്ലാതാവും മുന്‍പ്
മര്‍ദ്ധമേറി ഞരമ്പുകള്‍ പൂത്തിരി കത്തും മുന്‍പ്
ഇന്നെങ്കിലും എനിക്കത് നിന്നോട് പറഞ്ഞേ മതിയാകൂ ,
പ്രിയേ ..എനിക്ക്........ എനിക്ക് നിന്നെ ഇഷ്ടമാണ് ....
ഒന്നും പറയാതെ ഈ സന്ധ്യയും കടന്നു പോകും
നിനക്കറിയാമെങ്കിലും ഞാന്‍ പറയാതെ പൂര്‍ണ്ണമാകാത്ത
നനുത്ത നോവിന്നും വാക്കായ് പൂക്കാതെ പോകും
പറയാനാവാതെ തീ വിഴുങ്ങി വിയര്‍ത്തും
ഹൃദയ മിടിപ്പേറി പരവശരായും
പലതവണയീ തീരത്ത് അര്‍ത്ഥശൂന്യമാം വാക്കുകള്‍ ചവച്ച്
ചിരപരിചിതരെങ്കിലും എത്രവട്ടം അപരിചിതരായി നാം?
കിനാവുകളില്‍ പൂമുല്ലക്കാടുകള്‍ പൂത്തിറങ്ങിയും
ഏകാന്ത ചിന്തകളില്‍ നിന് പൂമുഖം നിറഞ്ഞും
എന്നും നിനക്കൊപ്പമൊരു ജീവിതം കിനാ കണ്ടും
എനിക്കുറക്കം നഷ്ട്ടപെട്ട് നാളുകളേറെയായിരിക്കുന്നു
നിറുത്താതെ മൊഴിഞ്ഞിരുന്ന നീയുമിപ്പോള്‍
പാടാന്‍ മറന്ന പൈങ്കിളിപോല്‍ മൂകയാകുന്നു
വാക്കുകളുടെ കടല്‍ തേടി യാത്രയാകാന്‍ മറന്ന്
ഒഴുക്ക് നിലച്ച പുഴയായിരിക്കുന്നു നീയും ...
ഞാനൊന്ന് വിളിക്കുകില്‍ ഏതു നരകത്തിലേക്കും
എനിക്കൊപ്പം മടിയാതെ യാത്രപോരാന്‍ മാത്രം
നിനക്കെന്നോടിഷ്ടമാണെന്നറിഞ്ഞിട്ടും ഇപ്പോഴും
ഒന്നും പറയാനാവാതെ തൊണ്ടയില്‍ കുരുങ്ങി
ആ ഒറ്റ വാക്കെന്റെ കുരല് നീറ്റുന്നു ...
കനല് തിന്നു ഞാന്‍ നീറി ഇല്ലാതാവും മുന്‍പ്
മര്‍ദ്ധമേറി ഞരമ്പുകള്‍ പൂത്തിരി കത്തും മുന്‍പ്
ഇന്നെങ്കിലും എനിക്കത് നിന്നോട് പറഞ്ഞേ മതിയാകൂ ,
പ്രിയേ ..എനിക്ക്........ എനിക്ക് നിന്നെ ഇഷ്ടമാണ് ....
Saturday, 30 November 2013
മരണ ശിക്ഷ
ഞാനുമ്മറത്തിരുന്ന് നിശ്ശബ്ദം
ചെറുമഴയുടെ നനുത്ത താളത്തിനൊപ്പം
നനയാതെ നനയുമ്പോഴായിരിക്കണം
അകത്തെ ഈര്‍പ്പം മൂടിയ ഇരുട്ട് മുറിയില്‍
നീ പിടഞ്ഞ് തീര്‍ന്നത് ...
കണ്ണ് തുറന്നിരുന്ന് സ്വപ്നം കാണുന്ന
എനിക്ക് മുമ്പിലൂടെയായിരിക്കണം
ഉമ്മറപ്പടിയും കടന്ന് മരണം
പാതി തുറന്ന വാതിലിലൂടെ അകത്തേക്ക്
പതിയെ ഒച്ചയനക്കമില്ലാതെ കയറിപ്പോയത് ...
മരണത്തിനു മുമ്പുള്ള പരുക്കന്‍ ശൂന്യതയില്‍
നീ നിശബ്ദം നിലവിളിച്ചിരിക്കണം
നിശ്വാസം നിലയ്ക്കുമ്പോള്‍ വലിഞ്ഞു പൊട്ടുന്ന
ശ്വാസകോശത്തിന്റെ നീറ്റലകറ്റാന്‍
ഉച്ച്വാസവായുവിന് വേണ്ടി നീ ദാഹിച്ചിരിക്കണം
ഹൃത്തടം പൊട്ടിയകലുന്ന നോവാറ്റാന്‍
നെഞ്ചകം ഞാനൊന്ന് തലോടുമെന്ന്
വെറുതെയെങ്കിലും നീ മോഹിച്ചിരിക്കണം
വരണ്ടുണങ്ങുന്ന തൊണ്ട നനയ്ക്കാന്‍
ഒരു തുള്ളി വെള്ളത്തിന് കൊതിച്ചിരിക്കണം.
മരണത്തിനൊപ്പം പടിയിറങ്ങുമ്പോള്‍
നീയെന്നെ അലിവോടെ നോക്കിയിരിക്കണം
മരിച്ചവരുടെ ഭാഷയില്‍ പതിയെ
യാത്രാമൊഴിയെന്നോട് ചൊല്ലിയിരിക്കണം
ഒരു ചുമരിനിപ്പുറം ഞാനുണ്ടായിട്ടും
ഒന്നും പറയാതെ നീ പടിയിറങ്ങുമ്പോള്‍
ഒട്ടുമേ ഞാനതറിയാതെ പോയത്
ഉടയോന് എന്നോട് കാണിച്ച സ്നേഹമോ
അടിയാന് ഞാനിത് അര്‍ഹിച്ച ശിക്ഷയോ....
Sunday, 24 November 2013
ഓര്‍മ്മകളുടെ നിലവറ
നിലാവസ്തമിക്കും , കിഴക്കന്‍മല ചുവക്കും
നീളം കൂടിയ നിഴലുകള്‍ കുറുകി ചെറുതായി
നീണ്ടു നിവര്‍ന്ന് മരിക്കാന്‍ കിടക്കും
നിനക്കൊപ്പമുള്ള ഓര്‍മ്മകളുടെ താഴിട്ടു പൂട്ടിയ
നിലവറ ഞാനപ്പോള്‍ തുറന്നു വെക്കും .
ഭൂമിക്കും അകാശത്തിനുമിടയില്‍ ഒറ്റക്കാകുമ്പോള്‍
ഇതിപ്പോഴെനിക്കെന്നും ഒരു പതിവാണ്
കൂട്ടിനാരും ഇല്ലാതാകുമ്പോഴാണല്ലോ
സങ്കടങ്ങള്‍ പടകൂട്ടി പറന്നെത്തുന്നത് ..
തിരിച്ചെടുക്കാനാവാതെ ജീവിതത്തില്‍ പലതും
തീരാ ദുഖമായി മാറുമ്പോള്‍ മാത്രം
പിറവിയെടുക്കുന്ന തിരിച്ചറിവുകളില്‍ നിന്നാണ്
നമ്മളെപ്പോഴും പച്ചയായ ജീവിതം പഠിക്കുന്നത്..
ആരോടുംപറയാത്ത ചില മൌന ദുഃഖങ്ങള്‍
മനസ്സിങ്ങനെ ഒരു ഉല പോലെ നീറ്റി നീറ്റി
ഓര്‍മ്മ മറയാത്ത കാലത്തോളമിതുപോലെ
വെന്തു കനലാറാതെ കിടക്കും
പണ്ട്...
വീതം വെച്ചപ്പോള്‍ കുറഞ്ഞു പോയതിന്
വിഹിതമായി കിട്ടിയ മഞ്ചാടിമണികള്‍
വിതുമ്പലോടെ വലിച്ചെറിഞ്ഞ് മുഖംകറുപ്പിച്ചവള്‍
മനസ്സിലൊരു നീറ്റലാകുന്നത് എനിക്കങ്ങനെയാണ്..
Monday, 11 November 2013
സ്വര്‍ഗ്ഗയാത്രികര്‍
യാത്ര സ്വര്‍ഗ്ഗത്തിലേക്കാണ്.....
ആണ്ടറുതികളിലെക്കുള്ള വഴിയ്ക്കിരുവശവും
മോഹങ്ങളുടെ പൂക്കാമരങ്ങള്‍ നട്ടുനനച്ച്
സ്വപ്നം കണ്ട സ്വര്‍ഗ്ഗത്തിലേക്ക് ..
ജീവിതമോഹങ്ങള്‍ക്ക് മുകളില്‍ അടയിരിക്കും
വിധി, നിഴലുകള്‍ പോലെയാണ്
ആകാരത്തില്‍ ഏറിയും കുറഞ്ഞും എന്നും
വെളിച്ചത്തിനെതിരാകുന്നു അവ...
ഇന്നലെ പെയ്ത മഴയ്ക്ക് പിറന്നു വീണും
ഇന്നിന്റെ വെളിച്ചത്തില്‍ പറന്നകന്നും
നാളെയുടെ പ്രഭാതത്തില്‍ മരിച്ചു വീണും
വീണ്ടുമൊരു പിറവിക്കായി കച്ചകെട്ടുന്നു
ഈയാംപാറ്റകളാകുന്ന മോഹങ്ങള്‍..
അറിഞ്ഞു കൊണ്ട് എരിഞ്ഞേ തീരുന്ന
മെഴുകുതിരി വെളിച്ചത്തിലെ ഈ നിഴല്‍ നാടകം
നൂറ്റൊന്നാവര്‍ത്തിച്ചു കുറുക്കിയെടുക്കുന്നു
മരുക്കാറ്റിലുലഞ്ഞുണങ്ങുന്ന ജീവിതങ്ങള്‍....
കത്തിത്തീരുന്നതിനു മുമ്പ് കറുത്ത പുക ശേഷിപ്പിച്ചു
കാലമെത്താതെ കെട്ട് പോയേക്കാം ..
കൂരിരുട്ടകറ്റാനാവാതെ മുനിഞ്ഞു കത്തി
കരുണയറിയാത്ത വിധിയുടെ കൊമ്പല്ലില്‍
കുരുങ്ങി പിടഞ്ഞ് തീര്‍ന്നേക്കാം..
എന്നിരുന്നാലും ,
സ്വര്‍ഗ്ഗത്തിലേക്കുള്ള മോഹയാത്രകള്‍
എന്നുമെപ്പോഴും ഇവര്‍ക്കുമാത്രം സ്വന്തം ..!
ആണ്ടറുതികളിലെക്കുള്ള വഴിയ്ക്കിരുവശവും
മോഹങ്ങളുടെ പൂക്കാമരങ്ങള്‍ നട്ടുനനച്ച്
സ്വപ്നം കണ്ട സ്വര്‍ഗ്ഗത്തിലേക്ക് ..
ജീവിതമോഹങ്ങള്‍ക്ക് മുകളില്‍ അടയിരിക്കും
വിധി, നിഴലുകള്‍ പോലെയാണ്
ആകാരത്തില്‍ ഏറിയും കുറഞ്ഞും എന്നും
വെളിച്ചത്തിനെതിരാകുന്നു അവ...
ഇന്നലെ പെയ്ത മഴയ്ക്ക് പിറന്നു വീണും
ഇന്നിന്റെ വെളിച്ചത്തില്‍ പറന്നകന്നും
നാളെയുടെ പ്രഭാതത്തില്‍ മരിച്ചു വീണും
വീണ്ടുമൊരു പിറവിക്കായി കച്ചകെട്ടുന്നു
ഈയാംപാറ്റകളാകുന്ന മോഹങ്ങള്‍..
അറിഞ്ഞു കൊണ്ട് എരിഞ്ഞേ തീരുന്ന
മെഴുകുതിരി വെളിച്ചത്തിലെ ഈ നിഴല്‍ നാടകം
നൂറ്റൊന്നാവര്‍ത്തിച്ചു കുറുക്കിയെടുക്കുന്നു
മരുക്കാറ്റിലുലഞ്ഞുണങ്ങുന്ന ജീവിതങ്ങള്‍....
കത്തിത്തീരുന്നതിനു മുമ്പ് കറുത്ത പുക ശേഷിപ്പിച്ചു
കാലമെത്താതെ കെട്ട് പോയേക്കാം ..
കൂരിരുട്ടകറ്റാനാവാതെ മുനിഞ്ഞു കത്തി
കരുണയറിയാത്ത വിധിയുടെ കൊമ്പല്ലില്‍
കുരുങ്ങി പിടഞ്ഞ് തീര്‍ന്നേക്കാം..
എന്നിരുന്നാലും ,
സ്വര്‍ഗ്ഗത്തിലേക്കുള്ള മോഹയാത്രകള്‍
എന്നുമെപ്പോഴും ഇവര്‍ക്കുമാത്രം സ്വന്തം ..!
Monday, 4 November 2013
അതേ ഒറ്റവാക്ക്.....
ഇഷ്ട്ടമാണെന്നെ ഒറ്റവാക്ക് കൊണ്ട് കുത്തിനോക്കി
ഇടക്കെപ്പോഴോ നീയെന്റെ മനമളന്നു
തുഴ മുറിഞ്ഞൊരു തോണി യാത്രയുടെ പകുതിയില്‍
തീരമണയാനുള്ള ജീവന്റെ അടങ്ങാത്ത വ്യഗ്രതയില്‍
നീ എനിക്ക് നീട്ടിയ കച്ചിത്തുരുമ്പ്....
നിമിഷാര്‍ദ്ധം കൊണ്ട് മറന്നൊരു ഫലിത കഥ പോലെ
ദയയേതുമില്ലാതെ നീയിന്നത് തിരിച്ചെടുക്കുമ്പോള്‍
കരയാനാവാതെ കണ്ണീരൊളിപ്പിക്കേണ്ടി വന്നത്
ചെയ്തു കൂട്ടിയ പാപകര്‍മങ്ങളുടെ പ്രതിഫലം ..
ആശകള്‍ക്കൊരു അതിരുണ്ടാകേണ്ടതായിരുന്നു
അഭിനിവേശത്തിന്റെ മായക്കാഴ്ചയില്‍
കൈമോശം വന്ന ആഗ്രഹങ്ങള്‍
തിരിച്ചു കിട്ടാനാവാത്ത വിധം
അടയാളങ്ങളായി ജീര്‍ണ്ണിച്ചു തീര്‍ന്നിരിക്കുന്നു.
തീക്കൂനകള്‍ക്കിടയിലെക്കെന്നെ തള്ളിയിട്ടു നീ
തിരശ്ശീലയ്ക്കു പിറകില്‍ മറ്റൊരാളുടെ മനമളക്കുകയാണ്
എനിക്കെപ്പോഴോ കാച്ചിത്തുരുമ്പായ അതേ വാക്കുകൊണ്ട്
ഇഷ്ടമാണെന്ന ഒറ്റവാക്ക് കൊണ്ട് ....
Sunday, 29 September 2013
വില കൂടിയ സ്വപ്നം
മരണനേരത്തു ജീവിക്കാനാഗ്രഹിക്കുന്നവര്‍
മരണത്തോടെ ഉപേക്ഷിക്കുന്ന മധുര സ്വപ്നങ്ങള്‍
ചുടലത്തീചൂടില്‍ ചാരമാകാറില്ല
പാതി വെന്തും അല്പം കരിഞ്ഞും
ചാകാതെ ചുറ്റിത്തിരിയുന്നവ
മറ്റൊരു മരണക്കിടക്കയെ തേടിയിറങ്ങുന്നു ..
എനിക്കിനി മരിച്ചാല്‍ മതിയെന്നുരക്കുന്നവരുടെ
തണുത്തു തുടങ്ങുന്ന തലച്ചോറിലേക്ക്
സുഖജീവിതത്തിന്റെ നിറമാര്‍ന്ന സ്വപ്നങ്ങള്‍
മരണനേരം നോക്കി കടന്നു വരുന്നു ..
മരിക്കാന്‍ കിടക്കുന്നവന്റെ മനസ്സ് ചോദിക്കുന്നത്
ദയകൂടാതെ ദൈവം നിരാകരിക്കുമ്പോള്‍
ഒരാളുടെ കൂടി മരണ ചിത്രം പൂര്‍ണ്ണമാകുന്നു ..
ജീവിതത്തെ മോഹിച്ചാലും വെറുത്താലും
അന്ത്യ നേരത്ത് ജീവിതം സ്വപ്നം കാണുന്നതാണ്
ഞാനും നിങ്ങളും കണ്ടേക്കാവുന്ന
വില കൂടിയ സ്വപ്നം ...
Tuesday, 24 September 2013
വ്യര്‍ത്ഥമീ യാത്ര
ഏതോ വ്യര്‍ത്ഥമാം യാത്രയിലാണ് ഞാന്‍
ഏതോ വിസ്മയ കാഴ്ചയിലാണ് ഞാന്‍
ഇതള്‍ വിരിയാതുള്ലൊരു പൂവിന്റെ നെഞ്ചകം
മലര്‍ക്കെ തുറക്കുന്ന സ്വപ്നത്തിലാണ് ഞാന്‍ ....
വന്നവര്‍ പോയവര്‍ വിട ചൊല്ലിപ്പിരിഞ്ഞവര്‍
ഇനി വരാതെന്നേക്കും അകലെ മറഞ്ഞവര്‍
എല്ലാര്‍ക്കുമുണ്ടായിരുന്നിതേ നല്ല സ്വപ്നങ്ങള്‍
എന്നെങ്കിലും പൂത്തു തളിര്‍ക്കുമെന്നോര്‍ത്തു
എത്രയോ നാളുകള്‍ കണ്ട കിനാവുകള്‍.
കാലങ്ങളെത്ര കഴിഞ്ഞാലും പുലരില്ല
കയ്യും കണക്കുമിലാതെ കണ്ടവ,
കയ്യെത്തി പിടിക്കാന്‍ അകലത്തില്‍ വന്നവ
വയ്യാതെ ഇച്ഛാഭംഗത്തില്‍ വീണവ.
മുമ്പേ ഗമിച്ചവര് തന്നുടെ പാതയില്‍
ഞാനും ഗമിച്ചിടുന്നെന്നുള്ള സത്യം
അറിയാത്തതല്ല എനിക്കൊട്ടുമെങ്കിലും
എന്നെങ്കിലും എന്റെ സ്വപ്നങ്ങളൊക്കെയും
സത്യമായ് പുലര്‍ന്നെങ്കിലെന്നോര്‍ത്തു മാത്രം
വ്യര്‍ത്ഥമീ യാത്ര തുടരുന്നു ഞാന്‍ ...
ഏതോ വിസ്മയ കാഴ്ചയിലാണ് ഞാന്‍
ഇതള്‍ വിരിയാതുള്ലൊരു പൂവിന്റെ നെഞ്ചകം
മലര്‍ക്കെ തുറക്കുന്ന സ്വപ്നത്തിലാണ് ഞാന്‍ ....
വന്നവര്‍ പോയവര്‍ വിട ചൊല്ലിപ്പിരിഞ്ഞവര്‍
ഇനി വരാതെന്നേക്കും അകലെ മറഞ്ഞവര്‍
എല്ലാര്‍ക്കുമുണ്ടായിരുന്നിതേ നല്ല സ്വപ്നങ്ങള്‍
എന്നെങ്കിലും പൂത്തു തളിര്‍ക്കുമെന്നോര്‍ത്തു
എത്രയോ നാളുകള്‍ കണ്ട കിനാവുകള്‍.
കാലങ്ങളെത്ര കഴിഞ്ഞാലും പുലരില്ല
കയ്യും കണക്കുമിലാതെ കണ്ടവ,
കയ്യെത്തി പിടിക്കാന്‍ അകലത്തില്‍ വന്നവ
വയ്യാതെ ഇച്ഛാഭംഗത്തില്‍ വീണവ.
മുമ്പേ ഗമിച്ചവര് തന്നുടെ പാതയില്‍
ഞാനും ഗമിച്ചിടുന്നെന്നുള്ള സത്യം
അറിയാത്തതല്ല എനിക്കൊട്ടുമെങ്കിലും
എന്നെങ്കിലും എന്റെ സ്വപ്നങ്ങളൊക്കെയും
സത്യമായ് പുലര്‍ന്നെങ്കിലെന്നോര്‍ത്തു മാത്രം
വ്യര്‍ത്ഥമീ യാത്ര തുടരുന്നു ഞാന്‍ ...
Sunday, 15 September 2013
പ്രതീക്ഷ
മണ് ചെരാതുകള്‍ ഉറങ്ങിയിട്ടും
അലങ്കാര വിളക്കുകള്‍ കണ് ചിമ്മിയിട്ടും
പിന്നെയും കാത്തിരുന്നത്
നിനക്ക് വേണ്ടിയാണ്
വേലയും പൂരവും കഴിഞ്ഞിട്ടും
അമ്പലപ്പറമ്പൊഴിഞ്ഞിട്ടും
വികൃതി കാട്ടുന്ന ചെറുകാറ്റ്
അരയാലിലകളെ വിട്ടൊഴിഞ്ഞിട്ടും
വേദനയോടെ കാത്തിരിപ്പതും
നിനക്ക് വേണ്ടിയാണ്
കണ്മഷിയും ചാന്തും
കരിവളയും കല്ലുവെച്ച കമ്മലും
കൈ നിറക്കാന്‍ മൈലാഞ്ചിയും
കരുതി വെച്ചതും നിനക്ക് വേണ്ടിയാണ് .
വര്‍ഷം പെയ്തു തീര്‍ന്നിട്ടും
വേനല്‍ വരണ്ടു തീര്‍ന്നിട്ടും
വസന്തങ്ങള്‍ഒരുപാട് പോയ്മറഞ്ഞിട്ടും
നിറുത്താതെയുള്ള ഈ കാത്തിരിപ്പ്
നിനക്ക് മാത്രം വേണ്ടിയാണ്
പ്രിയേ ..
കാത്തിരിക്കാനായി ഇനിയുമെനിക്കുണ്ട്
മരണം വരെ ജീവിതം ബാക്കി.
അതിനെനിക്ക് അന്നെന്റെ കണ്ണില്‍ നോക്കി
വന്നു ചേരാമെന്ന നീ തന്ന ഒരു വാക്ക് ...
അതുമാത്രം മതിയാകും .
അലങ്കാര വിളക്കുകള്‍ കണ് ചിമ്മിയിട്ടും
പിന്നെയും കാത്തിരുന്നത്
നിനക്ക് വേണ്ടിയാണ്
വേലയും പൂരവും കഴിഞ്ഞിട്ടും
അമ്പലപ്പറമ്പൊഴിഞ്ഞിട്ടും
വികൃതി കാട്ടുന്ന ചെറുകാറ്റ്
അരയാലിലകളെ വിട്ടൊഴിഞ്ഞിട്ടും
വേദനയോടെ കാത്തിരിപ്പതും
നിനക്ക് വേണ്ടിയാണ്
കണ്മഷിയും ചാന്തും
കരിവളയും കല്ലുവെച്ച കമ്മലും
കൈ നിറക്കാന്‍ മൈലാഞ്ചിയും
കരുതി വെച്ചതും നിനക്ക് വേണ്ടിയാണ് .
വര്‍ഷം പെയ്തു തീര്‍ന്നിട്ടും
വേനല്‍ വരണ്ടു തീര്‍ന്നിട്ടും
വസന്തങ്ങള്‍ഒരുപാട് പോയ്മറഞ്ഞിട്ടും
നിറുത്താതെയുള്ള ഈ കാത്തിരിപ്പ്
നിനക്ക് മാത്രം വേണ്ടിയാണ്
പ്രിയേ ..
കാത്തിരിക്കാനായി ഇനിയുമെനിക്കുണ്ട്
മരണം വരെ ജീവിതം ബാക്കി.
അതിനെനിക്ക് അന്നെന്റെ കണ്ണില്‍ നോക്കി
വന്നു ചേരാമെന്ന നീ തന്ന ഒരു വാക്ക് ...
അതുമാത്രം മതിയാകും .
സ്വത്വം മറക്കുന്നവര്‍
പ്രവാസ ജീവിതം തിരകള്‍ പോലെ
സ്വന്ത ബന്ധങ്ങളെ ഇടയ്ക്കിടെ
പുണര്‍ന്നും അല്പം തഴുകിയും
പ്രാരാബ്ദക്കടലേക്ക് തിരിച്ച് വീണ്ടും
യാത്രയാകും..
വേദനയുടെ തിരയിളക്കി
ഈ കടലിങ്ങനെ ക്ഷോഭിച്ചിരിക്കും,
ചേതനയുണ്ടെങ്കിലും ഇല്ലാത്ത പോലെ
ദുഖത്തിന് വെള്ള വിരിപ്പിന്നടിയില്‍
ജീവനോടെ മരിച്ചു കിടക്കും
വ്യഥയും ഉന്മാദവും വൃഥാ
നാക്കിന് തുമ്പില്‍ പെയ്തിറങ്ങി
വരണ്ട കൃഷിയിടങ്ങളെ നനക്കാതെ നനച്ച്
ഉയിര് വെടിയും
എത്ര സഞ്ചരിച്ചാലും ചെന്നെത്താത്ത
സ്വപ്നത്തിലെ ദ്വീപു തേടി
വിശ്രമമില്ലാതെ തുഴയെറിഞ്ഞ്
വിയര്‍പ്പാറാതെ അദ്ധ്വാനിക്കും
സന്താപം കരളു തുരക്കുമ്പോഴും
സന്തോഷം കണ്ണില്‍ വിടര്‍ത്തി
നടനകലയില്‍ കൊടികെട്ടിയവനെ
നിമിഷാര്‍ദ്ധം കൊണ്ട് തോല്‍പ്പിക്കും
സഖിമാരുടെ കുറ്റപ്പെടുത്തലില്‍
മുഖം നഷ്ട്ടപ്പെട്ട് വിമ്മിക്കരയും,
രക്ത ബന്ധങ്ങളെയോര്‍ത്ത് തപിച്ച്
മനം വിണ്ടുകീറും
പ്രവാസം ഇങ്ങനെയാണ് ..
ജനിച്ച മണ്ണില്‍നിന്നും അന്യനാട്ടിലേക്ക്
പറിച്ചു നട്ടാല്‍ വേരോടാന്‍
സ്വന്തം കണ്ണീരു തന്നെ നനക്കണം
പിന്നെ , സ്വത്വം തന്നെ മറക്കണം.
Saturday, 14 September 2013
ഓണാശംസകള്‍
പൂത്തുലഞ്ഞീടട്ടെ പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .
നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്
എല്ലാര്ക്കും ഓണത്തിന് ആശംസകള്‍.
Sunday, 8 September 2013
കമ്മ്യുണിസ്റ്റ്
തീജ്വാലയെ മുറുകെ പുണര്ന്നവര്
തീരത്തണയാത്ത പായക്കപ്പലുകളായി.
ആര്‍ത്തിമൂത്തവര്‍ അമരത്തണഞ്ഞപ്പോള്‍
വിപ്ലവത്തില്‍ വെള്ളം ചേര്‍ത്ത്
ആളും തരവും നോക്കി തൂക്കിവിറ്റു...
മനുഷ്യനെ മനുഷ്യനാക്കാന്‍ പിറന്ന സത്യം,
അങ്ങനെ മരിച്ചു മണ്ണടിയുന്ന തത്ത്വമായി...
ഒടിവിദ്യയും ഒളിപ്പോരും അറിയാത്തവരും
സംഘര്‍ഷത്തിലേക്ക് കണ്ണുംപൂട്ടി
എടുത്തു ചാടിയവരും
സ്തൂപങ്ങളും സ്മൃതി മണ്ഡപങ്ങളുമായി
രക്തബന്ധങ്ങള്‍ക്ക് തീരാ നോവായി
നാല്ക്കവല തോറും നിരന്നു ...
പുതിയ പുലരി പിറന്നെന്ന്
പതിവ് തെറ്റാതെ ഏമാന്മാര് ഓരിയിട്ടു...
കേട്ട് പുളകം കൊണ്ടവരുടെ തലയ്ക്കു മുകളില്‍
കൂരാ കൂരിരുട്ട് കോരിയിട്ട്
കുലുങ്ങിച്ചിരിച്ചു വര്‍ഗ്ഗ സ്നേഹികള്‍ ..
തിന കൊയ്യന്‍ വെച്ച അരിവാള്‍ കൊണ്ട്
തലകൊയ്യാന്‍ അലിവില്ലാതെ ഉത്തരവിട്ട്
കളം നിറഞ്ഞു കളിച്ചു
ക്രാന്തദര്‍ശികള്‍ ,പാവങ്ങളുടെ പടനായകര്‍..
അദ്ധ്വാനിക്കുന്നവന്റെ തലച്ചോറില്‍
പൊരുളറിയാത്ത പഠന ക്ലാസ്സുകള്‍
അന്യനോടുള്ള പക നിറച്ചു
പട്ടിണി മാറ്റാന്‍ പട നയിച്ചവര്‍
പാതി വഴിയില്‍ പട തുടരാന്‍
പകരക്കാരില്ലാതെ മരിച്ചു വീണു ..
ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ
ചങ്കറുത്താല്‍ ചീറ്റിത്തെറിക്കും
കൊഴു കൊഴുത്ത ചുടുരക്തം
പ്രത്യശാസ്ത്ര ന്യായം പുരട്ടി
പുകമറക്ക് പിന്നിലിരുന്ന് നേതാക്കള്‍
പങ്കിട്ടെടുത്തു ഭുജിച്ചു
സ്മൃതി പദങ്ങളില്‍ ഇടിനാദം നിറച്ച
അമരത്വം കിട്ടിയ രക്തസാക്ഷികള്‍ക്ക്,
കാലത്തെ തോല്‍പ്പിക്കും പോരാളികള്‍ക്ക് ,
ഈയുള്ളവന്റെ പ്രണാമം,,!
നിങ്ങളൊരു കമ്മ്യുണിസ്റ്റാണോ ..?എങ്കില്‍
പറയുക രാജാവ് നഗ്നനാണെന്ന്...
സത്യം ഉച്ചത്തില്‍ വിളിച്ചു പറയാതെ
നിങ്ങളെങ്ങനെയൊരു കമ്മ്യുണിസ്റ്റാകും..?
Sunday, 1 September 2013
പടിയിറങ്ങുന്നവര്‍
അമ്മ മരിച്ചു.......
തലയ്ക്കു താഴെ നിന്ന് തലയിണ എടുത്ത്
അലിവോടെ കണ്ണുകള്‍ രണ്ടും തഴുകിയടച്ച്
വല്യേട്ടന് തൊണ്ടയിടറി പറഞ്ഞു,
അമ്മ മരിച്ചു ...
ഒരു ചുടുനിശ്വാസം പുറത്തേക്കു ചാടി
കൈത്തണ്ടയിലെ സമയമാപിനിയില്‍
രണ്ടു സൂചികളും ഇപ്പോള്‍ ഒരക്കത്തിലാണ്
ദൈവം കാത്തു , അല്ലങ്കില്‍ യാത്ര മുടങ്ങിയേനെ ..
വൈദ്യനെ പുകഴ്ത്താതെ വയ്യ ,എന്താ ഒരു സിദ്ധി
വല്ലാത്ത ജ്ഞാന ദൃഷ്ടി, പറഞ്ഞ സമയം തെറ്റിയില്ല
അച്ഛന്റെ മരണവും ഇങ്ങനെ പ്രവചിച്ച്
വൈഭവം തെളിയിച്ച ഭിഷഗ്വരന്....
വാമഭാഗത്തിന്റെ തോള് സഞ്ചിയില്‍ നിന്ന്
വലിയ അക്കങ്ങളുള്ള ഒരു കെട്ട് നോട്ടെടുത്ത്
വല്യട്ടനു നേരെ നീട്ടി അയാള്‍ പറഞ്ഞു
വച്ചോളൂ ,ചടങ്ങുകളൊന്നും മോശമാക്കരുത് ..
ആകെയുള്ളൊരു പുളിമാവ് വെട്ടേണ്ട
അമ്മയെ തിരുവില്വാമലയിലേക്കു കൊണ്ട് പോണം
വീട്ടുവളപ്പില്‍ ഒരു ചിതയും ശവകുടീരവും വേണ്ട
നാളെ എനിക്ക് ഒരു വീട് വെക്കേണ്ടതാണ്
പിന്നീടതൊരു അഭംഗിയാകും
പത്തുമാസം ചുമന്നതിനും പേറ്റുനോവിനും
പഴന്തുണിയുടെ വിലയിട്ട രക്തബന്ധം
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാതെ
പാവം വല്ല്യേട്ടന് അന്ധകാരത്തിലാണ്ടു .
പിന്നെ.......
അമ്മയുടെ ആത്മാവ് ഇല്ലം വിടും മുമ്പേ
അയാളും കുടുബവും പടിയിറങ്ങി...
എന്തിനോ വേണ്ടി ഓടിത്തളര്‍ന്നൊടുവില്‍
ഒരു പിടി നുര വാരിപ്പിടിച്ചു തളരുമ്പോള്‍
തനിക്കും പഴന്തുണിയുടെ വിലയിട്ട്
ഓട്ടം തുടരും നമ്മുടെ മക്കള്‍ ...!
നമ്മളൊന്നും പഠിപ്പിക്കാതെ
നമ്മെക്കണ്ട് പഠിക്കുന്നുണ്ട് നമ്മുടെ മക്കളെന്ന്
നമ്മളൊന്നോര്‍ക്കുന്നത് ഇനിയെന്നാണാവോ....!
തലയ്ക്കു താഴെ നിന്ന് തലയിണ എടുത്ത്
അലിവോടെ കണ്ണുകള്‍ രണ്ടും തഴുകിയടച്ച്
വല്യേട്ടന് തൊണ്ടയിടറി പറഞ്ഞു,
അമ്മ മരിച്ചു ...
ഒരു ചുടുനിശ്വാസം പുറത്തേക്കു ചാടി
കൈത്തണ്ടയിലെ സമയമാപിനിയില്‍
രണ്ടു സൂചികളും ഇപ്പോള്‍ ഒരക്കത്തിലാണ്
ദൈവം കാത്തു , അല്ലങ്കില്‍ യാത്ര മുടങ്ങിയേനെ ..
വൈദ്യനെ പുകഴ്ത്താതെ വയ്യ ,എന്താ ഒരു സിദ്ധി
വല്ലാത്ത ജ്ഞാന ദൃഷ്ടി, പറഞ്ഞ സമയം തെറ്റിയില്ല
അച്ഛന്റെ മരണവും ഇങ്ങനെ പ്രവചിച്ച്
വൈഭവം തെളിയിച്ച ഭിഷഗ്വരന്....
വാമഭാഗത്തിന്റെ തോള് സഞ്ചിയില്‍ നിന്ന്
വലിയ അക്കങ്ങളുള്ള ഒരു കെട്ട് നോട്ടെടുത്ത്
വല്യട്ടനു നേരെ നീട്ടി അയാള്‍ പറഞ്ഞു
വച്ചോളൂ ,ചടങ്ങുകളൊന്നും മോശമാക്കരുത് ..
ആകെയുള്ളൊരു പുളിമാവ് വെട്ടേണ്ട
അമ്മയെ തിരുവില്വാമലയിലേക്കു കൊണ്ട് പോണം
വീട്ടുവളപ്പില്‍ ഒരു ചിതയും ശവകുടീരവും വേണ്ട
നാളെ എനിക്ക് ഒരു വീട് വെക്കേണ്ടതാണ്
പിന്നീടതൊരു അഭംഗിയാകും
പത്തുമാസം ചുമന്നതിനും പേറ്റുനോവിനും
പഴന്തുണിയുടെ വിലയിട്ട രക്തബന്ധം
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാതെ
പാവം വല്ല്യേട്ടന് അന്ധകാരത്തിലാണ്ടു .
പിന്നെ.......
അമ്മയുടെ ആത്മാവ് ഇല്ലം വിടും മുമ്പേ
അയാളും കുടുബവും പടിയിറങ്ങി...
എന്തിനോ വേണ്ടി ഓടിത്തളര്‍ന്നൊടുവില്‍
ഒരു പിടി നുര വാരിപ്പിടിച്ചു തളരുമ്പോള്‍
തനിക്കും പഴന്തുണിയുടെ വിലയിട്ട്
ഓട്ടം തുടരും നമ്മുടെ മക്കള്‍ ...!
നമ്മളൊന്നും പഠിപ്പിക്കാതെ
നമ്മെക്കണ്ട് പഠിക്കുന്നുണ്ട് നമ്മുടെ മക്കളെന്ന്
നമ്മളൊന്നോര്‍ക്കുന്നത് ഇനിയെന്നാണാവോ....!
Monday, 26 August 2013
ബലി , ദൈവനാമത്തില്‍........
ദരിദ്ര നാരായണരുടെ പെണ്മക്കള്ക്ക്
തെല്ലും കരുണ വിധിച്ചിട്ടില്ല,
അനാഥാലയത്തിലെ പാഴ് ജന്മങ്ങള്‍ക്കൊപ്പം
പതിര് വിളയാന്‍ മറ്റൊരു പാഴ്ച്ചെടി കൂടി...
വളര്‍ച്ചയുടെ കൊഴുത്ത മുഴുപ്പുകളിലേക്ക്
കൊളുത്തിവലിക്കുന്ന പിശാചിന്റെ കണ്ണുകള്‍
മനസ്സിനും മുന്‍പേ മേനി വളരുന്ന പൂക്കള്‍ക്ക്
പരിഹാരമില്ലാത്ത കൊടും ശാപമാണ് .
ദൈവനാമത്തില്‍ ദാനം നല്‍കുന്നതിന്
പരലോക മോക്ഷവും സ്വര്‍ഗ്ഗവുമല്ല
അറവുമാടുകളുടെ കൂടാരത്തില്‍ നിന്ന്
മൂപ്പെത്താത്ത ഇളം മേനിയത്രേ പ്രതിഫലം..
മതവിധി പ്രകാരം കടമ നിര്‍വ്വഹിക്കപ്പെട്ട്
ആളും ആരവവുമടങ്ങി ഇരയെയും വഹിച്ച്
കശാപ്പു ശാലയിലേക്കുള്ള യാത്രയില്‍ ,
തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം തേടി
ഉറ്റവര്‍ക്ക് നേരെ പകച്ചു നോക്കിയിരിക്കണം
അമ്പരപ്പ് മാറാതെ ആ ബലിമൃഗം..
വാതിലിനു പുറത്ത് സ്വര്‍ഗ്ഗത്തിന്റെ പേരെഴുതി
മലര്‍ക്കെ തുറന്ന നരകത്തില്‍
അലങ്കാരങ്ങള്‍ ചൂടി കാത്തിരിക്കുന്നത്
രതി പരീക്ഷണങ്ങളുടെ അറപ്പുളവാക്കുന്ന ഭോഗശാല..!
അണമുറിയാത്ത ആവേശം ആറിത്തണുത്ത്
അടയാളങ്ങള്‍ ബാക്കിയാക്കി ,ആരാച്ചാര്‍ മടങ്ങും..
പേക്കിനാവ് ചവിട്ടി മെതിച്ച് മറ്റൊരു പൂമൊട്ട് കൂടി
പുഴുക്കുത്തേറ്റ്, വിടരും മുമ്പേ കൊഴിഞ്ഞു വീഴും... .
പത്തു കാശിനു സ്വന്തം രക്തത്തെ
വില്‍പ്പനക്ക് വെക്കുന്നവരുടെ ന്യായങ്ങള്‍
ദൈവത്തിന്റെ ഒരു കണക്കു പുസ്തകത്തിലും
വരവ് വെക്കപ്പെടുകയില്ല.....!
ഓര്‍ക്കുക ...
പാതിപോലും വിടരും മുന്‍പേ
പുറം പോക്കില്‍ വിടരുന്ന പൂക്കളെ
പറിച്ചെടുത്തു നുകരുന്ന മാന്യര്‍ ,
ആര്‍ക്കും പ്രവേശനമേകാതെ
വേലികെട്ടി വേര്‍ത്തിരിക്കുന്നുണ്ട്
സ്വന്തം വീട്ടിലുമൊരു പൂന്തോട്ടം ..
തെല്ലും കരുണ വിധിച്ചിട്ടില്ല,
അനാഥാലയത്തിലെ പാഴ് ജന്മങ്ങള്‍ക്കൊപ്പം
പതിര് വിളയാന്‍ മറ്റൊരു പാഴ്ച്ചെടി കൂടി...
വളര്‍ച്ചയുടെ കൊഴുത്ത മുഴുപ്പുകളിലേക്ക്
കൊളുത്തിവലിക്കുന്ന പിശാചിന്റെ കണ്ണുകള്‍
മനസ്സിനും മുന്‍പേ മേനി വളരുന്ന പൂക്കള്‍ക്ക്
പരിഹാരമില്ലാത്ത കൊടും ശാപമാണ് .
ദൈവനാമത്തില്‍ ദാനം നല്‍കുന്നതിന്
പരലോക മോക്ഷവും സ്വര്‍ഗ്ഗവുമല്ല
അറവുമാടുകളുടെ കൂടാരത്തില്‍ നിന്ന്
മൂപ്പെത്താത്ത ഇളം മേനിയത്രേ പ്രതിഫലം..
മതവിധി പ്രകാരം കടമ നിര്‍വ്വഹിക്കപ്പെട്ട്
ആളും ആരവവുമടങ്ങി ഇരയെയും വഹിച്ച്
കശാപ്പു ശാലയിലേക്കുള്ള യാത്രയില്‍ ,
തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം തേടി
ഉറ്റവര്‍ക്ക് നേരെ പകച്ചു നോക്കിയിരിക്കണം
അമ്പരപ്പ് മാറാതെ ആ ബലിമൃഗം..
വാതിലിനു പുറത്ത് സ്വര്‍ഗ്ഗത്തിന്റെ പേരെഴുതി
മലര്‍ക്കെ തുറന്ന നരകത്തില്‍
അലങ്കാരങ്ങള്‍ ചൂടി കാത്തിരിക്കുന്നത്
രതി പരീക്ഷണങ്ങളുടെ അറപ്പുളവാക്കുന്ന ഭോഗശാല..!
അണമുറിയാത്ത ആവേശം ആറിത്തണുത്ത്
അടയാളങ്ങള്‍ ബാക്കിയാക്കി ,ആരാച്ചാര്‍ മടങ്ങും..
പേക്കിനാവ് ചവിട്ടി മെതിച്ച് മറ്റൊരു പൂമൊട്ട് കൂടി
പുഴുക്കുത്തേറ്റ്, വിടരും മുമ്പേ കൊഴിഞ്ഞു വീഴും... .
പത്തു കാശിനു സ്വന്തം രക്തത്തെ
വില്‍പ്പനക്ക് വെക്കുന്നവരുടെ ന്യായങ്ങള്‍
ദൈവത്തിന്റെ ഒരു കണക്കു പുസ്തകത്തിലും
വരവ് വെക്കപ്പെടുകയില്ല.....!
ഓര്‍ക്കുക ...
പാതിപോലും വിടരും മുന്‍പേ
പുറം പോക്കില്‍ വിടരുന്ന പൂക്കളെ
പറിച്ചെടുത്തു നുകരുന്ന മാന്യര്‍ ,
ആര്‍ക്കും പ്രവേശനമേകാതെ
വേലികെട്ടി വേര്‍ത്തിരിക്കുന്നുണ്ട്
സ്വന്തം വീട്ടിലുമൊരു പൂന്തോട്ടം ..
Sunday, 25 August 2013
അകക്കണ്ണ് തുറക്ക നീ
ഭോഗത്തിനായുള്ള വസ്തു മാത്രം ഈ
ഭൂമിയില്‍ പെണ്ണെന്ന ചിന്തയൊന്നേ
ഭരിക്കുന്നൊരസുര ജന്മങ്ങള് വാഴും
ദൈവത്തിന് സ്വന്തം നാട്ടിലിന്നും
വാക്കാലറുത്തും വാളാല്‍ മുറിച്ചും
വഞ്ചിച്ചിതന്യന്റെ സമ്പാദ്യമൊക്കെയും
തഞ്ചത്തില്‍ തന്റെതായ് മാറ്റുന്ന വിദ്യയില്‍
വ്യാപൃതരാണിന്നീ കുറുനരി കൂട്ടം
നീതിയും നിയമവും കാറ്റില്‍ പറത്തി
നിരാലംബ ജനത്തിനു കൊലക്കയര്‍ നല്കി
നാട് ഭരിക്കുന്നു മറ്റൊരു കൂട്ടം
നാണവും മാനവും ഇല്ലാത്ത വര്‍ഗ്ഗം.
നല്ലൊരു നാളെ ഇനിയൊന്നു പുലരാന്‍
നേരിന്റെ പുലരി എന്നിനി തെളിയാന്‍
പാരിലീ പാവങ്ങളെത്തേടി അണയാന്‍
ആരിനി എന്നിനി വന്നണഞ്ഞീടാന്‍...
അകക്കണ്ണ് തുറക്ക നീ ദഹിപ്പിക്ക സര്‍വ്വമീ
അകത്തലിവ് തീണ്ടാത്ത കൂട്ടങ്ങളെ
അതിനു കഴിവെനിക്കില്ലാ അതല്ലേ
ആ പാദങ്ങളില്‍ വീണു കേഴുന്നതും ...
ഭൂമിയില്‍ പെണ്ണെന്ന ചിന്തയൊന്നേ
ഭരിക്കുന്നൊരസുര ജന്മങ്ങള് വാഴും
ദൈവത്തിന് സ്വന്തം നാട്ടിലിന്നും
വാക്കാലറുത്തും വാളാല്‍ മുറിച്ചും
വഞ്ചിച്ചിതന്യന്റെ സമ്പാദ്യമൊക്കെയും
തഞ്ചത്തില്‍ തന്റെതായ് മാറ്റുന്ന വിദ്യയില്‍
വ്യാപൃതരാണിന്നീ കുറുനരി കൂട്ടം
നീതിയും നിയമവും കാറ്റില്‍ പറത്തി
നിരാലംബ ജനത്തിനു കൊലക്കയര്‍ നല്കി
നാട് ഭരിക്കുന്നു മറ്റൊരു കൂട്ടം
നാണവും മാനവും ഇല്ലാത്ത വര്‍ഗ്ഗം.
നല്ലൊരു നാളെ ഇനിയൊന്നു പുലരാന്‍
നേരിന്റെ പുലരി എന്നിനി തെളിയാന്‍
പാരിലീ പാവങ്ങളെത്തേടി അണയാന്‍
ആരിനി എന്നിനി വന്നണഞ്ഞീടാന്‍...
അകക്കണ്ണ് തുറക്ക നീ ദഹിപ്പിക്ക സര്‍വ്വമീ
അകത്തലിവ് തീണ്ടാത്ത കൂട്ടങ്ങളെ
അതിനു കഴിവെനിക്കില്ലാ അതല്ലേ
ആ പാദങ്ങളില്‍ വീണു കേഴുന്നതും ...
Wednesday, 21 August 2013
ആണായി പിറന്നവന് .
ആണായി പിറന്നവന് .
നാളെ സൂര്യോദയം വരെയും
ഞാന്‍ നിന്റെതാണ്
പിന്നെ നിറപറയും നിലവിളക്കും
കതിര്‍മണ്ഡപവും, തുള വീണ കന്യകാത്വവും
മറ്റൊരാളുടെ വിയര്‍പ്പും
എനിക്ക് നിന്നെ അന്യനാക്കും...
പുതിയൊരു ജീവിതം മോഹിച്ച്
പാറിയടുക്കുന്ന ഒരാള്‍കൂടി
ഒരിക്കലുമണയാത്തൊരീ
ചതിയുടെ ചിതയില്‍ നീറിയൊടുങ്ങും....
ഒരാളെ മോഹിച്ച്
മറ്റൊരാളെ കുടിയിരുത്തി
പെണ്ണായി പിറന്ന ഞാന്‍
ഒരിക്കല്‍ക്കൂടി പരാജയപ്പെടും....
ജീവിതം മുഴുവന്‍ നിന് ചിന്തകള്‍
ഒരു പരാദം കണക്കെ അസ്വസ്തതയേകി
ഒഴിവു നേരങ്ങളിലെന്റെ
രക്തം കുടിച്ചു വീര്‍ക്കും.
നിനക്കോ ..?
പ്രണയ പൂവാടികളില്‍ വിടര്‍ന്ന
പല പൂക്കളില്‍ ഒന്ന് കൂടി
കരിഞ്ഞു വീഴും,
കരയില്‍ പിടിച്ചിട്ട ഒരു മത്സ്യം കൂടി
ആരും കാണാതെ പിടഞ്ഞ് തീരും..
നിലക്കാത്ത വേദനയേകി
നീ പിരിഞ്ഞു പോകും മുന്‍പ്
നിന്റെ പൊയ്മുഖംതീര്‍ത്ത എന്റെ
മുറിവുകളില്‍കൂടി മണ്ണിട്ട് മൂടുക.
ചൊല്ലിപ്പഴകിയ പ്രതിജ്ഞകളും
പാഴ് കിനാക്കളും നല്കി
ഒരായുസ്സ് മുഴുവനെന്നെ
നീറിമരിക്കാന്‍ വിധിച്ച്
ഒളിച്ചോടിയ നിന്നെ ഞാന്‍
എന്റെ ജീവിതാന്ത്യം വരെ ,
സത്യം
ആണായി പിറന്നവനെന്ന് വാഴ്ത്തും ...!
നാളെ സൂര്യോദയം വരെയും
ഞാന്‍ നിന്റെതാണ്
പിന്നെ നിറപറയും നിലവിളക്കും
കതിര്‍മണ്ഡപവും, തുള വീണ കന്യകാത്വവും
മറ്റൊരാളുടെ വിയര്‍പ്പും
എനിക്ക് നിന്നെ അന്യനാക്കും...
പുതിയൊരു ജീവിതം മോഹിച്ച്
പാറിയടുക്കുന്ന ഒരാള്‍കൂടി
ഒരിക്കലുമണയാത്തൊരീ
ചതിയുടെ ചിതയില്‍ നീറിയൊടുങ്ങും....
ഒരാളെ മോഹിച്ച്
മറ്റൊരാളെ കുടിയിരുത്തി
പെണ്ണായി പിറന്ന ഞാന്‍
ഒരിക്കല്‍ക്കൂടി പരാജയപ്പെടും....
ജീവിതം മുഴുവന്‍ നിന് ചിന്തകള്‍
ഒരു പരാദം കണക്കെ അസ്വസ്തതയേകി
ഒഴിവു നേരങ്ങളിലെന്റെ
രക്തം കുടിച്ചു വീര്‍ക്കും.
നിനക്കോ ..?
പ്രണയ പൂവാടികളില്‍ വിടര്‍ന്ന
പല പൂക്കളില്‍ ഒന്ന് കൂടി
കരിഞ്ഞു വീഴും,
കരയില്‍ പിടിച്ചിട്ട ഒരു മത്സ്യം കൂടി
ആരും കാണാതെ പിടഞ്ഞ് തീരും..
നിലക്കാത്ത വേദനയേകി
നീ പിരിഞ്ഞു പോകും മുന്‍പ്
നിന്റെ പൊയ്മുഖംതീര്‍ത്ത എന്റെ
മുറിവുകളില്‍കൂടി മണ്ണിട്ട് മൂടുക.
ചൊല്ലിപ്പഴകിയ പ്രതിജ്ഞകളും
പാഴ് കിനാക്കളും നല്കി
ഒരായുസ്സ് മുഴുവനെന്നെ
നീറിമരിക്കാന്‍ വിധിച്ച്
ഒളിച്ചോടിയ നിന്നെ ഞാന്‍
എന്റെ ജീവിതാന്ത്യം വരെ ,
സത്യം
ആണായി പിറന്നവനെന്ന് വാഴ്ത്തും ...!
Sunday, 18 August 2013
കാത്തിരിക്കുക ...!
മരണശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍
ചോര മണക്കുന്ന ബലിക്കല്ല് നോക്കി
പുഞ്ചിരി തൂകുന്നതില്‍ അര്‍ത്ഥമില്ല..
കൊലമരങ്ങളുടെ നിസ്സംഗതയെ
അധിക്ഷേപിക്കുന്നതിലും...!
ചുടലക്കളങ്ങളിലെക്കുള്ള വഴികളില്‍
പൂക്കുന്ന തുമ്പച്ചെടികളുടെ പൂക്കള്‍
ചുവന്നു തുടുക്കുന്ന ഒരു കാലം വരും..
അന്ന് ,ചത്വരങ്ങളിലും
ചക്രവര്‍ത്തികള്‍ ചുരമാന്തുന്ന
ചില്ലു കൊട്ടാരങ്ങളിലും
ഒരു പുതിയ സൂര്യനുദിക്കും .
പഞ്ചനക്ഷത്ര സ്വര്‍ഗ്ഗങ്ങളില്‍
ഉടുമുണ്ടഴിക്കുന്ന അഭിസാരികകളുടെ
നവദ്വാരങ്ങളില്‍ ചലവും ചോരയും
നിറഞ്ഞൊഴുകും..
കള്ളപ്പണക്കാരുടെ വെള്ളിപ്പാത്രങ്ങളില്‍
പുഴുക്കള്‍ നുരക്കും
കരിഞ്ചന്തക്കാരുടെ പാണ്ടികശാലകള്‍
ചിതലരിക്കും..
അശരണരെങ്കിലും തെരുവിലലയുന്നവരുടെ
ചുടുനിശ്വാസങ്ങള്‍ തീപ്പന്തങ്ങളാകും..
അകലെയല്ലാത്ത ആ കാലത്തേക്ക് ,
കള വിളയാതെ കതിര് വിളയുന്ന
നല്ല കാലത്തേക്ക് ,
കൈക്കരുത്തും മനക്കരുത്തും
അണമുറിയാത്ത ആവേശവും
കരുതിവെച്ചു കാത്തിരിക്കുക ..
Thursday, 15 August 2013
തിരിച്ചു വരവും കാത്ത് ...
ഈ താഴ്വരയിലെ മാമരങ്ങള്‍
അവസാനത്തെ ഇലയും പൊഴിച്ച്
വരണ്ട ഭൂമിക്കു മുകളില്‍ മെത്ത വിരിക്കുമ്പോള്‍ ,
ഒടുവിലെ തൂവലും പൊഴിച്ചൊരു നിലാക്കിളി
ഒരിക്കലും വിരിയാ മുട്ടകള്‍ക്ക് അടയിരിയ്ക്കുമ്പോള്‍...
കാട്ടുചോലകള്‍ അവസാന തുള്ളിയും ചുരത്തി
ചെമ്മണ് കുന്നുകളോട് വിട പറയുമ്പോള്‍,
ഇനിയൊരു കണികയും പൊഴിക്കാനില്ലാതെ
വിണ്ണിനും ഭൂമിക്കുമിടയിലെ ജീവിതം വിട്ട്
മഴമേഘങ്ങള്‍ യാത്രാമൊഴി ചൊല്ലിപ്പിരിയുമ്പോള്‍...
എല്ലാം ഒടുങ്ങി ഈ ശ്മശാന മൂകതയും
ശൂന്യതയും മാത്രം ബാക്കിയായാലും പ്രിയേ
നിനക്കായി മാത്രം കാത്തിരിക്കും ഞാന്‍
എന്നോടോരുനാള്‍ നീ ചേരുവോളം .. ..
അവസാനത്തെ ഇലയും പൊഴിച്ച്
വരണ്ട ഭൂമിക്കു മുകളില്‍ മെത്ത വിരിക്കുമ്പോള്‍ ,
ഒടുവിലെ തൂവലും പൊഴിച്ചൊരു നിലാക്കിളി
ഒരിക്കലും വിരിയാ മുട്ടകള്‍ക്ക് അടയിരിയ്ക്കുമ്പോള്‍...
കാട്ടുചോലകള്‍ അവസാന തുള്ളിയും ചുരത്തി
ചെമ്മണ് കുന്നുകളോട് വിട പറയുമ്പോള്‍,
ഇനിയൊരു കണികയും പൊഴിക്കാനില്ലാതെ
വിണ്ണിനും ഭൂമിക്കുമിടയിലെ ജീവിതം വിട്ട്
മഴമേഘങ്ങള്‍ യാത്രാമൊഴി ചൊല്ലിപ്പിരിയുമ്പോള്‍...
എല്ലാം ഒടുങ്ങി ഈ ശ്മശാന മൂകതയും
ശൂന്യതയും മാത്രം ബാക്കിയായാലും പ്രിയേ
നിനക്കായി മാത്രം കാത്തിരിക്കും ഞാന്‍
എന്നോടോരുനാള്‍ നീ ചേരുവോളം .. ..
Monday, 12 August 2013
രണ്ടെന്ന സത്യം ..!
തീരാത്ത ദുഃഖത്തിന് തീക്കടല്‍ തീര്‍ത്തു നീ
തോരാത്ത കണ്ണുനീര് പകരം നല്കി
ദൂരെ ദൂരേക്ക് മറഞ്ഞെങ്കിലും പ്രിയാ
ചാരെ നീയുണ്ടെന്നറിയുന്നു ഞാന്‍ ..
എന്തിനോ യാത്രയാകുന്നോരീ വഴികളില്‍
കൂട്ടിനൊരാളില്ല കൂരിരുട്ടെങ്ങും
കേട്ടിടുന്നോരോ ചെറു ശബ്ദങ്ങളില്‍ പോലും
ഞെട്ടുന്നു ഞാനീ ഇരവിലും പകലിലും .
ജീവിതം ഇരുട്ട് നിറയുന്നതെപ്പോഴും
ഈ വിധം കണ്ണുകള്‍ മരിക്കുമ്പോഴല്ല
മനസ്സും ശരീരവും ഒന്നായിട്ടൂള്ളോരാള്‍
എല്ലാം വെടിഞ്ഞു പിരിയുമ്പോഴല്ലോ
ഇണപിരിയാത്തൊരീ ഞങ്ങളിലൊന്നിനെ
പിണമാക്കി മാറ്റി പിരിച്ചെടുക്കുമ്പോള്‍
കളിയായിട്ടെങ്കിലും ഓര്‍ക്കാണോ ദൈവം
മരിക്കുന്നതൊരാളല്ല രണ്ടെന്ന സത്യം ..!
Saturday, 10 August 2013
കുഞ്ഞിമാളു , കുഞ്ഞാമിന പിന്നെ ഞാനും..
ചെറുകോട് നിന്ന് അയ്യപ്പന്‍കാവും താണ്ടി
കൈത്തോട് മുറിച്ചു കടന്ന് പാടവരമ്പിലൂടെ
അന്തിമാഹാകാളന്‍ കാവിലേക്ക് ഒരു പോക്കുവരവുണ്ട് .
പണ്ട് തമ്പുരാന് പിഴപ്പിച്ച കുഞ്ഞിമാളു
പൊട്ടു തൊട്ട് ,കണ്ണെഴുതി ,നാലും കൂട്ടി മുറുക്കി
വടക്ക് ചെറുകോട്പാടവും കൈതക്കാടും കടന്ന്
ചൊവ്വാഴ്ച രാത്രികളില്‍ നടക്കാനിറങ്ങും
ശുഭ്ര വസ്ത്രം ധരിച്ച് കാലില്‍ ചിലങ്കയണിഞ്ഞ്
കെട്ടിവച്ച മുടിയില്‍ പാലപ്പൂ തിരുകി
നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ ഏകയായി
പാടവരമ്പിലൂടെ ഒരു നിശായാത്ര
പേടിയില്ലെങ്കിലും ചൊവ്വാഴ്ച രാത്രി
പാവം ഞങ്ങളാരും പക്ഷെ പുറത്തിറങ്ങാറില്ല
പൊടിപ്പും തൊങ്ങലും വെച്ച് ബുധനാഴ്ച രാവിലെ
പപ്പേട്ടന്റെ ചായക്കടയില്‍ ചുടു ചായക്കൊപ്പം
പ്രക്ഷേപണം ചെയ്യും പുതിയ വാര്‍ത്തകള്‍
പട്ടാളക്കാരന് വിശ്വനാഥന് ,പ്രതാപശാലി
മദയാനയുടെ മസ്തകം പോലെ നെഞ്ചുള്ളവന്‍
അതിര്‍ത്തികാത്ത് ക്ഷീണിച്ചൊരുനാള്‍
അര്‍ദ്ധരാത്രി ,ആരോടുമുരിയാടാതെ നാട്ടിലെത്തി
കുരുമുളക് കച്ചവടക്കാരന് കുഞ്ഞേനാച്ചനെ
കിടപ്പറയില്‍ നിന്ന് പിടികൂടി ഒറ്റവെടിക്ക് കൊന്ന്
കൂടെയൊരു വെളുത്ത പുതപ്പും ചിലമ്പിനുമൊപ്പം
കുളക്കടവില്‍ ചാക്കിലാക്കി കെട്ടിത്താഴ്ത്തി .
അന്നേക്കിന്നോളം കുഞ്ഞിമാളു പാലപ്പൂ ചൂടി
അയ്യപ്പന്‍കാവ് വഴി ചെറുകോട് നിന്നും
വെള്ളയുടുത്തു ചിലമ്പിട്ട് ,ചൊവ്വാഴ്ചകളില്‍
രാത്രിയാത്ര നടത്തുന്നത് ഞങ്ങളാരും കണ്ടിട്ടില്ല .
ഇപ്പൊ ഞാനൊരു ജോഡി ചിലങ്കയും
വെളുത്തൊരു പുതപ്പും വാങ്ങിവെച്ചിട്ടുണ്ട്
കുഞ്ഞാമിനയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാത്തത്
എനിക്കാരോടും പറയാന്‍ പറ്റില്ലല്ലോ ...!
Thursday, 8 August 2013
ഓര്‍മ്മതന്‍ വെളിച്ചം
ചോരുന്ന കൂരയില്‍ നനയാതിരിക്കുവാന്‍
ചേലത്തലപ്പാല്‍ പുതച്ചെന്നെയമ്മ
കൊരിച്ചോരിഞ്ഞന്നു പകതീര്‍ത്തു മാനം
തീരെ പ്രതീക്ഷിക്കാതന്നത്തെ രാത്രിയില്‍..
ചൂടുള്ള മഴനീരിതെവിടുന്നെന്നറിയാതെ
അമ്മതന്‍ മുഖത്തേക്കുറ്റു ഞാന്‍ നോക്കവേ
തോരാതെ പെയ്യുന്ന മഴയല്ലതെന്നും
ചുടുനീര് പെയ്യുന്നതമ്മതന്‍ കണ്ണെന്നും
അറിഞ്ഞിട്ടുമെന്തോ ഞാന്‍ കരഞ്ഞതേയില്ല .
മഴ തോര്‍ന്നുവെങ്കിലും പിന്നെയും പെയ്തു
മേല്ക്കൂരക്കൊപ്പം എന്നമ്മതന്‍ കണ്ണും
അറിയാം എനിക്കിന്നാ കണ്ണീരിന് നൊമ്പരം
അറിയുവാനായില്ല അന്നെനിക്കെങ്കിലും ..
ആടുന്ന ദേഹം അലങ്കാരമാക്കി
പൊടിയില്‍ കുളിച്ചച്ഛന്‍ പടികടന്നെത്തി
പേടിച്ച പേട മാനിന്റെ കണ്ണന്ന്
എന്നമ്മയില്‍ കണ്ടതിന്നുമോര്‍ക്കുന്നു ഞാന്‍.
വാതില്‍ തുറക്കുവാനെന്തെടീ താമസം,നിന്
മറ്റവനെങ്ങാനും അകത്തിരിപ്പുണ്ടോ ,എന്‍
മാനം കളഞ്ഞെന്നാല്‍ കൊന്നിടും നിന്നെ,
അലറുമ്പോള്‍ അയാളെന്റെ അച്ഛനല്ലേതോ
പിശാചിനെപ്പോലെയാണിന്നുമെന്നോര്‍മ്മയില്‍..
മുടിയില്‍ പിടിച്ചു ചുഴറ്റിയന്നച്ഛന്‍
ഞൊടിയില്‍ നിലത്തിട്ടു ചവിട്ടിയിട്ടോതി
ആരെന്നു ചോല്ലെടീ ഈ പന്നി തന് തന്ത
അല്ലെങ്കിലിന്നു നീ ശവമായി മാറും ..
ഉയിരോടെ ദഹിച്ചതന്നാകുമമ്മ
ഉടലോടെ ഉരുകിയതുമന്നാകുമമ്മ
പാതിവ്രത്യത്തിന് വിലയറിയാത്തവന്
പുരുഷനല്ലാതെ മറ്റാരുണ്ടീ ഭൂമിയില്‍ ..?
നായാട്ടു തീര്‍ന്നച്ഛന്‍ മയങ്ങിക്കിടന്നിട്ടും
തോര്‍ന്നില്ല അമ്മതന്‍ കണ്ണുകള്‍ മാത്രം
ആലോചിച്ചെന്തോ ഉറപ്പിച്ചമട്ടില്‍, പിന്നെ
തിളങ്ങിയാ കണ്ണുകള്‍ അന്നാദ്യമായി .
എന്നെ വിളിച്ചമ്മ മടിയിലുരുത്തി
കെട്ടിപ്പിടിച്ചൊന്നു തേങ്ങിയമ്മ ,പിന്നെ
സുഖമായുറങ്ങുവാന്‍ ചോല്ലിയെന്നോടും
പുതപ്പിച്ചെന്‍ ദേഹവും ഒരുമ്മയാലെ ..
പിറ്റേന്ന് കാലത്തു ഞാനറിഞ്ഞെല്ലാം
ഒറ്റയ്ക്കെന്നെ വിട്ടെങ്ങോ പറന്നമ്മ
കണ്ണീര് നനച്ചും കരള്‍ പുകച്ചും തീര്‍ത്ത
ജന്മമെന്നെക്കുമായെന്നെ പിരിഞ്ഞു .
ഓര്‍മ്മകള്‍ക്കിന്നും എന്തു വെളിച്ചം
എന്നമ്മതന്‍ പൂമുഖം പോലെ തെളിച്ചം
സദയം പൊറുക്കണം എന്നോട് തായേ
അശ്രുകണങ്ങള്‍ അല്ലാതെയില്ലയാ
തൃപ്പാദ പൂജക്കെന്നിലിന്നമ്മേ ....
Thursday, 18 July 2013
എങ്കിലും എന്റെ വനജേ...
നാം തമ്മില്‍ പിരിഞ്ഞ ശേഷം നിന്നെക്കുറിച്ചോര്‍ത്ത്
എനിക്കിപ്പോഴും ചിരി വരാറുണ്ട് .
മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..
സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത്
നീയിപ്പോള്‍ എന്നേ മറന്നിരിക്കും.
നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക് ഇന്നാ തിളക്കമില്ല
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്....
ഒരിക്കലും മറക്കാത്ത ആകാര വടിവ്
കരിവണ്ടിന് നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ
ഒന്നും ഒരല്പം പോലും വിശ്വസിക്കാനാവുന്നില്ല
അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള
കാന്തം പോലുള്ള കണ്ണുകളും മസിലുകളും
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്...
പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട്
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും
എന്റെ വിഡ്ഢിത്തരമോര്‍ത്ത്.......
എനിക്കിപ്പോഴും ചിരി വരാറുണ്ട് .
മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..
സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത്
നീയിപ്പോള്‍ എന്നേ മറന്നിരിക്കും.
നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക് ഇന്നാ തിളക്കമില്ല
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്....
ഒരിക്കലും മറക്കാത്ത ആകാര വടിവ്
കരിവണ്ടിന് നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ
ഒന്നും ഒരല്പം പോലും വിശ്വസിക്കാനാവുന്നില്ല
അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള
കാന്തം പോലുള്ള കണ്ണുകളും മസിലുകളും
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്...
പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട്
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും
എന്റെ വിഡ്ഢിത്തരമോര്‍ത്ത്.......
Sunday, 14 July 2013
പ്രിയതമക്ക് ..
പ്രിയേ ...
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും
കരഞ്ഞു തളരേണ്ടി വരില്ല,
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്റെ മണിക്കൂറും മാത്രകളും
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്........, .
അകലങ്ങളിലിരുന്ന് നിന്റെ ശബ്ദവീചികളില്‍
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍,
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ ..
നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...
ഒരു സന്തോഷത്തിന്റെ വെയില് നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി
കനവുകള്‍ക്കു ജീവന് കൊടുത്തവള്‍ ...
കത്തിച്ചാരമാകാന്‍ ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്റെ പാവനമായ കാല്‍പാദങ്ങളിലാവണം
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത്
മരിക്കും വരെ നിന്നോടോപ്പവും .. .
തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍
വേണം ഒരാശ്രയവും അത്താണിയുമായി
എന്നും നീ എനിക്കൊപ്പം.....
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും
കരഞ്ഞു തളരേണ്ടി വരില്ല,
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്റെ മണിക്കൂറും മാത്രകളും
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്........, .
അകലങ്ങളിലിരുന്ന് നിന്റെ ശബ്ദവീചികളില്‍
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍,
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ ..
നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...
ഒരു സന്തോഷത്തിന്റെ വെയില് നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി
കനവുകള്‍ക്കു ജീവന് കൊടുത്തവള്‍ ...
കത്തിച്ചാരമാകാന്‍ ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്റെ പാവനമായ കാല്‍പാദങ്ങളിലാവണം
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത്
മരിക്കും വരെ നിന്നോടോപ്പവും .. .
തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍
വേണം ഒരാശ്രയവും അത്താണിയുമായി
എന്നും നീ എനിക്കൊപ്പം.....
Sunday, 7 July 2013
പ്രണയിനി
തിരഞ്ഞു നീയോരോ വരയിലും ചെറു വരിയിലും
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും
വിരിയും മലരിലും നറു മൊഴിയിലും
തിര പുണരുമോരോ കടല്ക്കരയിലും ..
നഭസ്സിലലയും മുകിലിലും,മഴവില്ലിലും
ജലധി നിറയും അലയിലും ,പാല് നുരയിലും
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും,
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...
തേടാന്‍ മറന്നു നീ നിന് ഉള്ളിന്റെ ഉള്ളില്‍
തിരയാന്‍ മറന്നു നിന് ഹൃത്തടം തന്നില്‍
തേടുകില് നിന് കണ്ണില്‍ തെളിഞ്ഞിരുന്നേനെ
വിരഹത്തില്‍ ഉരുകും നിന് ഹൃത്തിലായ് വേരാഴ്ത്തി
വളരുമോരോ മധുര നോവായ് തരള ചിന്തയായ്
പൂത്തുലഞ്ഞിടും നിന്റെ മാത്രമീ പ്രണയിനി ..
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും
വിരിയും മലരിലും നറു മൊഴിയിലും
തിര പുണരുമോരോ കടല്ക്കരയിലും ..
നഭസ്സിലലയും മുകിലിലും,മഴവില്ലിലും
ജലധി നിറയും അലയിലും ,പാല് നുരയിലും
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും,
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...
തേടാന്‍ മറന്നു നീ നിന് ഉള്ളിന്റെ ഉള്ളില്‍
തിരയാന്‍ മറന്നു നിന് ഹൃത്തടം തന്നില്‍
തേടുകില് നിന് കണ്ണില്‍ തെളിഞ്ഞിരുന്നേനെ
വിരഹത്തില്‍ ഉരുകും നിന് ഹൃത്തിലായ് വേരാഴ്ത്തി
വളരുമോരോ മധുര നോവായ് തരള ചിന്തയായ്
പൂത്തുലഞ്ഞിടും നിന്റെ മാത്രമീ പ്രണയിനി ..
Monday, 1 July 2013
ദുഖഭാരം
നിന്നെയും പെറ്റൊരമ്മ തന്നെ
എന്നെയും പെറ്റതീ മണ്ണില്‍
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ
എന്നെയും പോറ്റുന്നു മണ്ണില്‍
എന്നിട്ടുമെന്തേ എനിക്ക് മാത്രം
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി
നിനക്കൊത്ത ചന്തവും സുഗന്ധവും
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..
പാടിപ്പുകഴ്ത്തിയെത്ര പേര് നിന്നെ
വാടിക്കലങ്കാരമാണെന്നു ചൊല്ലി
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്റെ ഗാത്രം..
പരിപൂര്‍ണ്ണ പൂജ്യര്‍ തന് പാദങ്ങളില്‍
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല
ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന് വിധി,
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി
ഊഴിയില്‍ ഇവ്വിധം ഏകമായി...
എന്നെയും പെറ്റതീ മണ്ണില്‍
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ
എന്നെയും പോറ്റുന്നു മണ്ണില്‍
എന്നിട്ടുമെന്തേ എനിക്ക് മാത്രം
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി
നിനക്കൊത്ത ചന്തവും സുഗന്ധവും
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..
പാടിപ്പുകഴ്ത്തിയെത്ര പേര് നിന്നെ
വാടിക്കലങ്കാരമാണെന്നു ചൊല്ലി
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്റെ ഗാത്രം..
പരിപൂര്‍ണ്ണ പൂജ്യര്‍ തന് പാദങ്ങളില്‍
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല
ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന് വിധി,
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി
ഊഴിയില്‍ ഇവ്വിധം ഏകമായി...
Monday, 17 June 2013
വരുമൊരു കാലം.....
വരുമൊരു കാലം ഈ പഴഞ്ചൊല്ലൊക്കെയും
കതിരായി വിളയുന്ന കാലം , നമ്മള്
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു ചൊല്ലുന്ന കാലം ..
ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ
പെങ്ങളായ് കരുതുന്ന കാലം , പിന്നെ
ഒട്ടും കൂസാത്ത പോരിന്റെ വീറിനെ
ഒറ്റിക്കൊടുക്കാത്ത കാലം
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..
ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ
ഒമനിച്ചേറെ വളര്‍ത്തിയ താതനെ
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട്
ഒട്ടിച്ചു വെക്കുന്ന കാലം ...
വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും
നേരായി പുലരുന്ന കാലം ,
നോവിന്റെ ലോകത്തില്‍ അലിവായി വിളയും
നേരിന്റെ നേര്‍വഴിക്കാലം.....
കതിരായി വിളയുന്ന കാലം , നമ്മള്
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു ചൊല്ലുന്ന കാലം ..
ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ
പെങ്ങളായ് കരുതുന്ന കാലം , പിന്നെ
ഒട്ടും കൂസാത്ത പോരിന്റെ വീറിനെ
ഒറ്റിക്കൊടുക്കാത്ത കാലം
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..
ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ
ഒമനിച്ചേറെ വളര്‍ത്തിയ താതനെ
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട്
ഒട്ടിച്ചു വെക്കുന്ന കാലം ...
വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും
നേരായി പുലരുന്ന കാലം ,
നോവിന്റെ ലോകത്തില്‍ അലിവായി വിളയും
നേരിന്റെ നേര്‍വഴിക്കാലം.....
Tuesday, 11 June 2013
പുതുജീവന്‍
അന്ധകാരത്തില്‍ മുങ്ങിയ തെരുവുകളില്‍
അപമൃത്യു പെയ്തിറങ്ങുന്ന നടവഴികളില്‍
ആര്‍ക്കുമാരെയും കഴുത്തറുത്തു കൊല്ലാനുള്ള
വിധിപത്രവുമായി കാത്തു നില്ക്കുന്നവര്
കളഞ്ഞതെന്റെ കാഴ്ചയാണ് ...
പാതി രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍
പകല്‍ തെളിയാത്ത കൊടുംകാടുകളില്‍
പാവങ്ങളുടെ രക്തം തിളപ്പിക്കാന്‍
പാപികളൊരുക്കിയ വിഷ വാക്കുകള്‍
കെടുത്തിക്കളഞ്ഞത് എന്റെ കേള്‍വിയാണ് ...
പക മാത്രം മുളക്കുന്ന ചതുപ്പുകളില്‍
പ്രാണന് വിലയില്ലാത്ത പടനിലങ്ങളില്‍
പതിര് മാത്രം വാരി വിതച്ചവര്‍
പറഞ്ഞു ചതിച്ചവരുടെ ദീനരോദനങ്ങള്‍
മുറിച്ചെടുത്തത് എന്റെ ഹൃത്തടമാണ് .
പ്രതീക്ഷയോടൊരു പുതുജീവന്‍ മോഹിച്ച്
ഞാന്‍ മരിക്കുന്നതിനു മുന്‍പ്
ഇനി പിറക്കാനിരിക്കുന്നവരാരോ
ചുമന്നെത്തിക്കുന്ന മൃതസഞ്ജീവനിയിലാണ്
ഇനിയെനിക്കുള്ള പ്രതീക്ഷയത്രയും.....
Monday, 3 June 2013
Friday, 24 May 2013
ഉണ്ണീ നിനക്കായ് ...
ഉണ്ണീ എനിക്ക് നീ കുഞ്ഞായിരുന്നപ്പോള്‍
കണ്ടിരുന്നെത്ര കിനാക്കള്‍ നിന്നില്‍
കണ്ണ് നിറഞ്ഞു വളര്‍ന്നു വലുതാകാന്‍
കാത്തിരുന്നെത്ര കൊല്ലങ്ങള്‍ ഞാന്‍..
അച്ഛന് പിരിഞ്ഞു നിന് പിറവിക്കു മുന്‍പേ
കൊച്ചു പ്രായത്തില്‍ തനിച്ചാക്കിയെന്നെ
ആരും തുണച്ചില്ല അമ്മയാമെന്നെ
അടര്‍ക്കള നടുവില്‍ ഉപേക്ഷിച്ചുവെന്നെ.
നഷ്ടമെന്തോക്കെയാണെങ്കിലും ശരി
കഷ്ടമൊക്കെ സഹിച്ചു ഞാനെന്നും
കണ്ണിന്റെ മണിപോലെ കരുതിയെന്നും
ഉണ്ണീ നിനക്കായി ത്യജിച്ചെന്റെ ജീവന്...................
ഇന്നു തളര്‍ന്നു കിടക്കുമ്പോളല്‍പ്പം
കരുണ നനക്കുവാനില്ലയെന്‍ ചുണ്ടില്‍
ഇത്ര തിരക്കോ നിനക്കെന്റെയുണ്ണീ
എനിക്കിത്ര മതിയെന്നു നിനച്ചുവോ നീയും .
ജീവന് ത്യജിച്ചും വളര്‍ത്തുന്നമ്മതന്‍
ജന്മ കര്‍ത്തവ്യമെന്നാകിലും
ചൊല്ലി യാചിക്കാനില്ല ഞാനുണ്ണീ
കരുണ തോന്നുവാനെന്മേലെയൊട്ടും.
ആകാശം മുട്ടാന്‍ കൊതിച്ചു പറക്കും നീ
നോക്കണം താഴെക്കൊരല്‍പ്പമെന്നുണ്ണീ
ചിറകു തളരുന്ന നാളില്‍ നിനക്കൊന്നു
വിശ്രമിച്ചീടാനൊരു മരക്കൊമ്പ് കാണുവാന്‍ ..
Monday, 20 May 2013
Saturday, 18 May 2013
വിട സഖീ ...
നിലം പരിശാക്കപ്പെട്ട നമ്മുടെ ജീവിതത്തില്‍
നിറമുള്ള സ്വപ്നങ്ങള്‍ നമുക്കന്യമാണ് .
ഇന്നോ നാളെയെ വരാനുള്ള നല്ലകാലം
ഇനിയൊരിക്കലും വരാതെ നീളുമ്പോഴും
ഇവിടെയുരുകുന്ന പ്രതീക്ഷയുടെ തുരുത്തില്
ഇടറിയും പതറിയും നാം കണ്ട സ്വപ്നങ്ങള്‍ക്ക്
തീര്‍ത്താല്‍ തീരാത്ത കടപ്പാട് ..
വേനല്‍ ചൂടില്‍ വിയര്‍ക്കുന്ന രാത്രികളില്‍
വേവലാതിയോടെ വെന്തുരുകുമ്പോള്‍
തണുത്തൊരു വേനല്ക്കാറ്റ് കിനാകണ്ട്
തിരുത്താനാവാതെ നമ്മള് ഇവിടെയിങ്ങനെ...
വിശന്നു പൊരിഞ്ഞ് കരയുമ്പോഴാണ്
വിലക്കപ്പെട്ട കനികള്‍ പശിയടക്കാനേകി
സാത്താന് നമ്മോട് കരുണ കാണിക്കുന്നത്....
പ്രലോഭനത്തിന്റെ കനികളെ പ്രധിരോധിക്കാന്‍
അതിജീവിനത്തിന്റെ മൃതസഞ്ജീവനി നഷ്ട്ടപ്പെത്
തിരിച്ചറിയാന്‍ വൈകിപ്പോയതായിരിക്കും
ഒരു പക്ഷെ നമുക്ക് പറ്റിപ്പോയ തെറ്റ് ....
ഒരിക്കല്‍ പ്രിയപ്പെട്ടവളായിരുന്നത് കൊണ്ട്
ഒരു വേനല്‍ മഴ തേടിയുള്ള നിന്റെ പ്രയാണത്തെ
തിരിച്ചറിഞ്ഞിട്ടും ഞാനൊട്ടും തടയുന്നതേയില്ല
നിനക്കെന്നും നല്ലത് വരുത്താനുള്ള പ്രാര്‍ത്ഥനയോടെ
വിട സഖീ ...
Thursday, 16 May 2013
രാധയോട്
രാവേറെയായിട്ടും ഉറങ്ങാത്തതെന്തു നീ
രാധേ നിനക്കിന്നെന്തു പറ്റി ?
കാര്‍മേഘ വര്ണ്ണന് കണ്ണന്റെ ഓര്‍മ്മയില്‍
രാവിത് നിദ്രാ വിഹീനമായോ ..?
രാരിരം പാടിയുറക്കുവാനായിന്നു
രാക്കുയില്‍ നിന്കൂടെ ഇല്ലാഞ്ഞതോ
പൂത്തൊരു പാരിജാതത്തിന്റെ മൊട്ടുകള്‍
തല്പ്പത്തില് നീളെ വിതറാഞ്ഞതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര
വഴിമാറി പോയതിതെന്തുകൊണ്ടോ ..?
തൂവെണ്ണ മേനിയില്‍ ചെമ്മേ പുരട്ടുവാന്‍
ചന്ദന ലേപമതില്ലാഞ്ഞതോ
സഖിമാരു മൊഴിഞ്ഞൊരു കളിവാക്ക് നിന്നെ
ചെറുതായോരല്‍പ്പം നോവിച്ചതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര
വഴിമാറി പോയതിതെന്തുകൊണ്ടോ ..?
ഒന്നുമില്ലെങ്കിലും കണ്ണന്റെ കനിയല്ലേ
കണ്ണിന്റെ മണിയായി കരുതുന്ന സഖിയല്ലേ
പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം
മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !
Friday, 10 May 2013
പൂവായ് പിറന്നാല്‍.....
വിധിക്ക് മുന്നിലായ് കഴുത്തു നീട്ടുമീ
വിരിഞ്ഞപൂക്കള്‍ തന് വ്രണിത മാനസം
വെറുമോരോമല്‍ കിനാവ് പോലെയീ
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..
വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ
കടും നിറങ്ങളും നറു , സുഗന്ധവും പേറി
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..
നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍
തരുന്ന മാനസ സുഖങ്ങളോക്കെയും
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..
ഇറുത്തെടുത്തിടും കനിവതില്ലാതെ
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..
കറുത്ത മാനസം ഭരിക്കും ലോകമില്‍
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും
കരഞ്ഞു തീര്ത്തിടാം സ്വയം പഴിച്ചിടാം.
വരിക താരകം നിറഞ്ഞ മാനമേ
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്
കരുത്തു നല്കുകെന് മഹാ പ്രപഞ്ചമേ ....
Saturday, 4 May 2013
മരണം കാത്ത് മുത്തശ്ശി
മരണം കാക്കുന്ന മുത്തശ്ശി ചിന്തയിലാണ് ,
മദം പൊട്ടി അലറുന്ന മഴക്കാല രാത്രിയില്‍
മാമാലകള്‍ക്കപ്പുറത്തെ മായാലോകത്ത് നിന്ന്
നിശബ്ദതയിലാരോ കയ്യിലൊരു കയറുമായി ....
കയറുമായി വരുന്നവനോട് ഇരിക്കാന്‍ പറയാം
കുടിക്കാനെന്തെങ്കിലും കൊടുത്ത് സല്‍ക്കരിക്കാം...
കരയാതെ കണ്ണീര് തൂകാതെ ആരോടും പറയാതെ
കരളു കല്ലാക്കി സധൈര്യം കൂടെ പോകാം
അതല്ലെങ്കില്‍ ...
കയറുമായി വരുന്നവനോട് പൊട്ടിക്കരയാം
കദനഭാരം നിറഞ്ഞ ചങ്ക് തുറന്നു കാണിക്കാം..
കരുണ ചെയ്യനപെക്ഷിച്ചു കനിഞ്ഞില്ലെങ്കില്‍
കൂടെ പോരില്ലെന്നു വാശി പിടിക്കാം
രണ്ടായാലും.....
കറുത്ത കഷായക്കറ പിടിച്ച മരക്കട്ടിലും
കുഴമ്പ് മണം നിറഞ്ഞ പഞ്ഞിക്കിടക്കയും
കണ്ടാല്‍ മുഖം തിരിക്കും കുടുംബത്തെയും
കണ്ടില്ലെന്നു നടിച്ചു ഒന്നുകൂടി മയങ്ങാം....
കയ്യിലൊരു കയറുമായി പോത്തിന് പുറത്ത്
കാലനവന്‍ എഴുന്നള്ളും വരെയും ...
Wednesday, 1 May 2013
മേഘരാഗം
മാരിക്കാറു നിറഞ്ഞൊരു മാനം
വാരിത്തൂകും നീര്മണികള്
മണ്ണിന് മാറില്‍ വീണു പടര്‍ന്നു
ജീവന് തൂകും നീര്മണികള് ..
പൊന്‍വെയില്‍ നാളം ജാലം കാട്ടി
മഴവില്‍ തീര്‍ക്കും ചന്തത്തില്‍
വേനല്‍ തീര്‍ക്കും പാപക്കറകള്‍
കഴുകിക്കളയും വര്‍ഷത്തില്‍ ..
അരുവിയായ് ഒഴുകും കടലായ് മാറും
കനിവായ് നിറയും ഭൂമിയിതില്‍
പതിരാല്‍ നിറയും അഴലിന് പാടം
കതിരായ് മാറ്റും നീര്മണികള് ..
ഉതിരും വെണ്മണി മുത്തുകള്‍ പോലെ
ഉണ്മകളായീ മഹി മേലെ ..
വാരിക്കോരി ചൊരിഞ്ഞിടുമെന്നും
തോരാതുള്ളോരു സംഗീതം ..
കാണാനില്ലിത് കനവില്‍ പോലും
കരയും മണ്ണിനു കളിയായ് പോലും
വരിയും നിരയും തെറ്റിത്തിരിയും
ഉലകില് ചെറിയൊരു കുളിരായ് പോലും ...
Saturday, 20 April 2013
തേടുന്നു നിത്യവും .....
കാറ്റോടി കിതച്ചെത്തി വിശ്രമിച്ചീടുന്ന
കാറ്റാടി മരത്തിന്റെ ചില്ലകളില്‍,
കരിവണ്ട് മധുവുണ്ട് മദിച്ചുറങ്ങീടുന്ന
കര്‍ണ്ണികാരത്തിന്റെ പൂങ്കുലയില്‍....
കായലോളങ്ങളില്‍ ചാഞ്ചാടി നീന്തുമീ
കരിമീന്റെ മഷിയിട്ട കണ്ണുകളില്‍,
ചന്ദ്രനെ മോഹിച്ചു നിത്യം തപം ചെയ്യും
ചെന്താമാരപ്പൂവിന്‍ മാനസത്തില്‍ ....
നാട്ടിടവഴിയിലെ വേലിക്കരികിലായ്
നാണിച്ചു നില്ക്കും മുക്കുറ്റിയില്‍,
തുള്ളിയോഴുകുന്ന പുഴയരികില്‍ തെന്നലില്‍
തലയാട്ടി നില്ക്കും പൂക്കൈതയില്‍ ..
എവിടെ ഒളിച്ചിരിപ്പാണെന്നു ചൊല്ലുകില്
അവിടെ ഞാന്‍ തേടിയെത്തിടാം നിന്നെ,
അത്രമേല്‍ തടയുവാനാവാത്തതെന്തോ
അണക്കുന്നു നിന്നിലേക്കീയെന്നെ നിത്യവും......
Sunday, 31 March 2013
തിരകളും ഞാനും ..
തിരമാലകളേ തീരത്തിതെന്നും
തിരയുന്നതെന്താണ് നീ
തരിമണല്‍ തീരത്തെ കഴുകിയരിച്ചെന്നും
പരതുന്നതെന്താണ് നീ ..
വിണ്ണിലെ മേടയില്‍ നിന്നുമടര്‍ന്നൊരു
താരകം തീരത്ത് കളഞ്ഞു പോയോ?
മാണിക്ക്യകല്ലുമായ് പാഞ്ഞൊരു മിന്നലിന്
കയ്യില്‍ നിന്നാകല്ല് താഴെ വീണോ ?
എത്ര തിരഞ്ഞിട്ടും കിട്ടാതെ പിന്നെയും
രാവും പകലും മടുപ്പൊട്ടുമില്ലാതെ
തന്നേ മറന്നും തളരാതെയെന്നും
തിരയുന്നതെന്തു നീ തിരകളെ നിത്യവും..?
ഞാനുമെന്‍ തിരകളെ നിങ്ങളെപ്പോലെ
കാണാതെ പോയെന്നു കരുതുന്നതൊക്കെയും
കണ്ണീരും കയ്യുമായ് കാലങ്ങളായി
തേടി മടുത്തു കഴിയുന്നതിന്നും ..
നഷ്ടമായ് പോയൊരു എന്നിലെ എന്നെ
തിരഞ്ഞു മടുത്തീ തീരത്തിരിക്കവേ
കളഞ്ഞു പൊയ്പ്പോയതെന്നും തിരയും നിന്
കരളുറപ്പെന്നെ ഉണര്‍ത്തുന്നു വീണ്ടും
പതറാതെ എന്നും നയിക്കുന്നു വീണ്ടും ..
Friday, 22 March 2013
ജാഗ്രത...!
ചക്രവാളങ്ങളിലേക്ക് ചെവി കൂര്‍പ്പിക്കുക
കടലിരമ്പും പോലൊരു മുഴക്കം കേള്‍ക്കാം
അനീതിക്കെതിരെ പടയോരുക്കവുമായി
അക്രമത്തിന്റെ ചിറകരിയാന്‍
അധര്‍മ്മത്തിന്റെ വേരറുക്കാന്‍
ഘോരാന്ധകാരത്തില്‍ ഒരു തിരി വെട്ടവുമായ്
യുദ്ധ കാഹളം മുഴക്കി അവരണയുകയാണ്...
കണ്ണുകളില്‍ അഗ്നി ജ്വലിപ്പിച്ച് , കരങ്ങളില്‍
ആയിരം ആനകളുടെ കരുത്താവാഹിച്ച്
അവര്‍ അശ്വമേധം നടത്തും...
അധികാരികളുടെ കോട്ട കൊത്തളങ്ങളില്‍
രാവുറങ്ങാത്ത മദ്യശാലകളില്‍
വേട്ടയാടിപ്പിടിച്ച കന്യകമാരുടെ
തേങ്ങലുകളുയരുന്ന അകത്തളങ്ങളില്‍
പൂഴ്ത്തിവെപ്പുകാരുടെ പാണ്ടികശാലകളില്‍
കൊടുങ്കാറ്റായവര് ആഞ്ഞടിക്കും .
പേ പിടിച്ച വെട്ടനായ്ക്കളുടെ തലച്ചോറുകള്‍
അരിപ്പ പോലെ തുളച്ച് തള്ളി
പാവങ്ങള്‍ക്കിണങ്ങാത്ത നീതിയുടെ തുലാസുകള്‍
വെട്ടിമുറിച്ചവര്‍ പകരം വീട്ടും ..
രക്ഷകരിവര്‍ അണയുന്ന മുഹൂര്‍ത്തം നോക്കി
ചുവന്ന പരവതാനി വിരിച്ച്
നമുക്ക് കാത്തിരിക്കാം ...
Subscribe to:
Posts (Atom)