Thursday 5 January 2017

പെരുങ്കള്ളന്‍

കാറ്റിനെപ്പോലൊരു കള്ളനെ 
ഞാനെന്‍റെ  ജീവിതത്തില്‍ കണ്ടിട്ടില്ല 
അരയത്തിപ്പെണ്ണിന്‍റെ അളകവും 
അയയില്‍ ഉണക്കാനിട്ട കളസവും 
ഒരു പോലെ തലോടുന്നവന്‍...  

ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍ 
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്  
കണ്ണില്‍ മണ്ണ് വാരിയിട്ട്   
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍... 

കാറ്റുപായയിലൂതിയൊരു 
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ 
കൊലവിളി നടത്തുന്നവന്‍ 
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും 
കുംഭത്തില്‍ വെയിലൊനൊപ്പവും 
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍... 

ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും 
പിണങ്ങുമ്പോള്‍ പണി തന്നിട്ടും 
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും 
ഒരുപോലെയെന്നു കരുതുന്നവന്‍...

മുരളിയിലൂതി കൊതിപ്പിച്ചും  
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും 
വിളയാടിത്തിമിര്‍ക്കുന്നവന്‍... 
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!   

Monday 2 January 2017

ഈ വഴിയിങ്ങനെ...



നീണ്ടു കിടക്കുന്ന വഴിയാണിത് 
ചങ്ക് പൊട്ടിത്തെറിക്കുന്ന സങ്കടം പേറി 
പലരും പലവുരു നടന്നു നീങ്ങിയ വഴി... 
ഇനിയെന്തെന്ന ആശങ്ക ഏറ്റിയേറ്റി  
അലഞ്ഞു തീര്‍ന്നവരുടെ പെരുവഴി...! 

പൂനിലാവത്ത് മധുര ചിന്തയില്‍ മുഴുകി 
പാടിനടക്കാന്‍ കൊതിച്ച കാമുകരുടെ 
പറുദീസയിലെക്കുള്ള പൂമൂടിയ വഴി...
മേദസ്സുരുക്കാന്‍ പല മാന്യരും 
ഓടിക്കിതച്ച നാട്ടുവഴി...!    

അശാന്തി വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ
ശാന്തി ധൂതരെന്നു വിളിപ്പേരുള്ളവര്‍ 
പാതിരനേരത്തോരുമിച്ചു കൂടിയ നടവഴി
സദാചാരപ്പെരുമയുടെ പുതപ്പ് മൂടിയവര്‍ 
ഇണകളെ തിരഞ്ഞു മടുത്ത്
അന്തിനേരങ്ങളില്‍ ഉഴറിയതീ വഴി  

കണ്‍പോളകളില്ലാത്തവര്‍ , വിഷക്കൂട്ടുകള്‍  
അറ്റം പിളര്‍ന്ന നാവു നീട്ടി 
ഇരകളെ തിരഞ്ഞു നടന്ന പൊതുവഴി
വിളക്കിച്ചേര്‍ക്കാനാവാത്ത ജീവിതക്കണ്ണികള്‍ 
വലിച്ചെറിഞ്ഞൊടുവില്‍ വിവശരായ്    
നാടും വീടും വിട്ടോടിപ്പോയവര്‍  
നിരാശയാല്‍ കണ്ണീര്‍ തൂകിയ നടവഴി

   
നേരമിങ്ങനെ ഒരുപാടിരുട്ടി വെളുത്തപ്പോള്‍ 
നിറം മാറിയതാണീ ഊടുവഴി
കാലത്തിന്‍റെ ധമനികള്‍ പോലെ 
ഇന്നിന്‍റെ പരിചേഛദമായ വെട്ടുവഴി...

Saturday 22 October 2016

ഒരേ വഴിയിലെ യാത്രികര്‍....


റനുടുത്ത ധനുമാസക്കാറ്റത്ത്
കര്‍ക്കിടകത്തിലെ പെരൂമഴയത്ത് 
മരം കോച്ചുന്ന തണുപ്പത്ത്  
ഇറങ്ങി നടക്കണമെന്ന് 
പറഞ്ഞിറങ്ങിപ്പോയവനാണ്

പരിദേവവും സങ്കടവുമല്ലാതെ
വേറൊന്നും വിളയാത്ത 
മരുക്കാട് വിട്ടിനി എന്നേയ്ക്കും 
പിറന്ന് വളര്‍ന്ന നാട്ടില്‍ 
ആര്‍ത്തുല്ലസിച്ചു നടക്കണമെന്ന് 
ഉറപ്പിച്ചിറങ്ങിയവനാണ് 

തിരിച്ചു പോരണമെന്ന് 
തീരേ വ്യാകുലപ്പെടാതെ
കണ്ട് കൊതി തീരാത്ത  
തന്‍റെ രക്തത്തുള്ളികള്‍ക്കൊപ്പം   
സസുഖം വാഴണമെന്ന് പറഞ്ഞ്   
യാത്ര പറഞ്ഞവനാണ്‌ 

പെരുന്നാളിന് , ഓണത്തിന് ,
പൂരത്തിന് കാളവേലയ്ക്ക്
ആരവങ്ങളുടെ അടങ്ങാത്ത  
പെരുമയില്‍ മുങ്ങിപ്പൊങ്ങി 
നീരാടണമെന്നു മോഹിച്ചവനാണ്  

സമ്പത്തില്ലെങ്കിലും 
സമാധാനം വിളയുന്ന
കുഞ്ഞോലപ്പുരയില്‍ 
പട്ടിണി പുതച്ചാണെങ്കിലും
കഴിഞ്ഞുകൂടാമെന്നെപ്പോഴും 
വീമ്പിളക്കിയവനാണ് 

എന്നിട്ടിപ്പോ..... 

നീയില്ലാതായപ്പോള്‍ 
എന്നെന്നേക്കും അനാഥരായിപ്പോയ 
നിന്‍റെ കിനാക്കളെല്ലാം കൂടി  
എനിയ്ക്ക് ചുറ്റുമാണ് പൊറുതി

ഞാനും അറിയാതെയാണെങ്കിലും 
സ്നേഹിച്ചു തുടങ്ങിയ 
ഒരിയ്ക്കലും പൂക്കാതെ പോയ
നിന്‍റെ സ്വപ്നങ്ങളുടെ 
അതേ പൂമരക്കൊമ്പിലാണിപ്പോള്‍  
ഈയുള്ലവന്‍റെയും വാസവും ...!  

ജീവിതയാത്രയില്‍ നിനക്കുമെനിക്കും 
ഒരേ സ്വപനങ്ങളും 
ഒരേ വഴിയുമാണെന്ന് 
നീയെപ്പോഴും പറയാറുള്ളത് 
കതിരാകാതെങ്ങനെ പതിരാകാന്‍....!



Sunday 16 October 2016

വടക്കോട്ടുള്ള പാത


ണ്ട്.........
പണ്ടേയ്ക്കും പണ്ടെന്‍റെ കുട്ടിക്കാലത്ത് 
തീക്കട്ട പോലെ പഴുത്തൊരുച്ചയ്ക്ക് 
വടക്കോട്ട്‌ പോയ നിലമ്പൂര് വണ്ടിക്ക് ,
നൂറുനൂറ് ചക്രം തിരിച്ച്  
നീണ്ടു നിവര്‍ന്നു കിടക്കുന്ന 
കൂട്ടിമുട്ടാത്ത പാളം താണ്ടി
മൂച്ചിപ്പാലവും മാട്ടായിക്കട്ടിയും കടന്ന് 
സ്വപ്‌നങ്ങള്‍ കയറ്റിയിറക്കി  
നിലമ്പൂരിലേക്ക് പാഞ്ഞ വണ്ടിക്ക് 
അന്നൊരാള്‍ വട്ടം ചാടിയിരുന്നു  

കഴുത്തും പിന്നെ അരയും മുറിഞ്ഞ്  
മൂന്നായി മാറിയൊരുത്തന്‍ 
മലവും മൂത്രവുമുണങ്ങിക്കറുത്ത് 
പൊരി വെയിലില്‍ ചുട്ടുപഴുത്ത   
ഇരുമ്പ് പാളത്തിലിങ്ങനെ
അറുത്തു മുറിച്ചിട്ട മാടിനെപ്പോലെ 
ചിതറിക്കിടന്നിരുന്നു

കരിഞ്ഞുണങ്ങിയൊരു വള്ളി പോലെ 
ചെറുകുടല്‍ നീണ്ടു കിടന്നിരുന്നു 
കറുത്തു ചുരുണ്ട മുടിയിഴയപ്പോഴും 
ചെറു കാറ്റില്‍ മെല്ലെ വിറച്ചിരുന്നു 
ജീവിതത്തിലന്നോളം കിനാവ്‌ കണ്ട കണ്ണുകള്‍ 
പാതി തുറന്നേ കിടന്നിരുന്നു
പിന്നിപ്പോയ ഉടയാടകളില്‍ 
ചെഞ്ചോര പടര്‍ന്നുണങ്ങിയിരിന്നു 

ഇന്ന്....... 
ആണ്ടറുതികളിലെ യാത്രകളിലിപ്പോഴും
പാളത്തിലൂടെ നടക്കുമ്പോള്‍
ജീവിതത്തോടു കലഹിച്ച്  
തന്നോട് തന്നെ പക തീര്‍ത്ത്
പടിയിറങ്ങിപ്പോയ വെറും പാവങ്ങള്‍
ഓര്‍മ്മപ്പൂന്തോപ്പുകളില്‍ നീളെ  
ചുവപ്പ് പടര്‍ത്താറുണ്ട് .

അവസാനമില്ലത്ത ചോദ്യങ്ങള്‍ക്ക് 
ഉത്തരം കണ്ടെത്തിയവരൊക്കെ 
ഞാനൊറ്റയ്ക്കാകുമ്പോള്‍ 
എന്‍റെ കൂടെ പാളത്തിലൂടെ നടക്കാറുണ്ട് 
ഏതു ജീവിത പടുകാലത്തിലും
എന്തൊക്കെയുണ്ടായാലും തളരാതെ    
പതറാതെ നില്‍ക്കാന്‍ ഉപദേശിക്കാറുണ്ട്

സ്വപ്നങ്ങള്‍ക്ക് പിറകെ പാഞ്ഞ് 
ദുരിതങ്ങള്‍ ഇരന്നു വാങ്ങരുതെന്നോട്  
അടക്കം പറയാറുണ്ട്‌ 
വല്ലാണ്ട് മോഹിച്ച് വെറുതെ 
ഇല്ലാതാവരുതെന്ന്‍ കാതില്‍ മൊഴിയാറുണ്ട്..

പരമ സാധുക്കള്‍.......
മരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്‍റെ
നൂറിലൊന്ന് കൊണ്ടെങ്കിലും
ജീവിതത്തോട് പൊരുതിയിരുന്നെങ്കില്‍ 
നിലമ്പൂരിലെക്കുള്ള ഈ പാളത്തിലിങ്ങനെ 
ഇടയ്ക്കിടക്ക് 
ചോരപ്പൂക്കള്‍ വിടരുമായിരുന്നില്ല....
വടക്കോട്ടുള്ള ഈ പാതയിങ്ങനെ 
മരിച്ചുപോയ സ്വപ്നങ്ങള്‍ കൊണ്ട് 
നിറയുമായിരുന്നില്ല....! 

Thursday 6 October 2016

നാം വേനലിലായിരുന്ന കാലം


ഞാനും നീയും കടുത്ത വേനലിലായിരുന്ന കാലം, 
മണ്ണും മനസ്സും ഊതിപ്പറപ്പിച്ച് 
ഉഷ്ണക്കാറ്റു വീശിയിരുന്നപ്പോഴും 
നീ വിയര്‍പ്പാറ്റാതിരിക്കാന്‍ ഞാനും
ഞാന്‍ ഉഷ്ണമാകറ്റാതിരിക്കാന്‍ നീയും 
മഴയ്ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാതിരുന്ന കാലം.... 

നമുക്കിടയില്‍ നാം തന്നെ 
ആകാശത്തോളം ഉയര്‍ത്തിയ വേലിയ്ക്കിരുപുറം 
പക നട്ട് നനച്ചു വളര്‍ത്തി നാം രണ്ടും
പരസ്പ്പരം മത്സരിച്ചപ്പോള്‍ 
നല്ല വാക്കുരച്ച് , വെള്ളം കോരി നനച്ച് 
വെറുപ്പലിയിക്കാന്‍ വന്നവര്‍ക്ക് നേരെ 
മുഖം തിരിച്ച് നാം രണ്ടും നിന്നപ്പോള്‍...
   
സ്നേഹം തീരെ പെയ്യാത്ത വറുതിയിലന്ന്‍ 
ഇനിയൊരിക്കലും തളിര്‍ക്കാതെ 
കരിഞ്ഞുണങ്ങിപ്പോയില്ലേ , വെറും  . 
ദുര്‍വാശിയില്‍ കല്ലായ രണ്ട് ജീവിതങ്ങള്‍..?

ഇന്നീ മരണക്കിടക്കയില്‍ നിന്ന് . നിന്നെയല്ല 
ഞാന്‍ കുറ്റപ്പെടുത്തുന്നത് . എന്നെത്തന്നെയാണ് 
എനിക്ക് മനസ്സലിവ് തോന്നാത്തത് കൊണ്ട് മാത്രം 
ഒരിയ്ക്കലും പൂക്കാതെ പോയ പൂമരമേ 
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്ന്‍ 
ഞാനിങ്ങനെ വാ തോരാതെ പിറുപിറുക്കുന്നത്
നിനക്കിപ്പോള്‍ കേള്‍ക്കാമെങ്കില്‍ 
കനിവിന്‍റെ ഒരൊറ്റ നോട്ടം കൊണ്ടെങ്കിലും 
എന്നെ നീ യാത്രയാക്കുക....! 

Sunday 25 September 2016

❝അങ്ങിനെയാണ് എനിക്ക് ഭ്രാന്താകുന്നത്❞

ങ്ങിനെയെന്നാല്‍...
ജീവിതത്തിലേക്ക് തിരിച്ചു നീന്താനുള്ള 
എല്ലാ നീക്കവും തടഞ്ഞ്   
ആരൊക്കെയോ ചെക്ക് പറഞ്ഞപ്പോള്‍

ചരട് പൊട്ടിയ ജീവിതം  
പരാജിതരുടെ സ്വര്‍ഗ്ഗത്തിലേക്ക്
വഴി കാട്ടിയപ്പോള്‍ 

കനവുകള്‍ നഷ്ട്ടപ്പെട്ടവന്‍  
കനമില്ലാത്ത മടിശ്ശീലക്കാരന്  
ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടും 
കാനാന്‍ ദേശം അന്യമായപ്പോള്‍  

വെറുപ്പ്‌ മൂര്‍ച്ച കൂട്ടിയ 
കൂര്‍പ്പിച്ച ശൂലമുനകള്‍ 
ഉയിരിന്‍റെ നേര്‍ക്ക്‌ ചൂണ്ടി   
ഉറ്റവര്‍ പുച്ഛം ദാനം തന്നപ്പോള്‍ 

ഹൃദയമിടിപ്പറിയേണ്ടവള്‍ 
ഇകഴ്ത്തിയികഴ്ത്തി 
നെല്ലിപ്പടിയ്ക്കും താഴെ 
കല്ലറയിലടക്കിയപ്പോള്‍

അപ്പോഴാണ്‌ 
ഒരു നാള്‍ ചങ്കിടിപ്പേറി 
സിരസ്സിലെ കടന്നല്‍ കൂടിളകി 
എനിയ്ക്ക് ജ്ഞാനോദയമുണ്ടാകുന്നത് 

ഇപ്പോഴെനിയ്ക്കറിയാം 
ജീവിയ്ക്കാനറിയാത്തവര്‍ക്ക്
അത് തിരിച്ചറിയാന്‍ 
മരണം വരെ ജീവിയ്ക്കണമെന്ന് 

അല്ലെങ്കിലും
അഭ്യാസങ്ങള്‍ പിഴക്കുന്ന ട്രിപ്പീസുകാര്‍ക്ക് 
കൂടാരങ്ങള്‍ അന്യമാണ്
ഒരേ ഒരവസരം തുലയ്ക്കുന്നവര്‍ക്ക് 
ജീവിതവും.....! 

Saturday 10 September 2016

നഷ്ട്ടപ്പെട്ടവര്‍

നിറം പൂശിയ സ്വപ്നം കൊണ്ട് ജീവിത 
പ്രതലത്തില്‍ നാം വരച്ച ചിത്രങ്ങള്‍
കറുത്തു പോയല്ലോ എന്നോര്‍ത്ത്
പ്രയാസപ്പെട്ടാവരല്ലോ നമ്മള്‍

പരിത്യാഗികള്‍ നമ്മളോളം 
വേര്‍പാടിനോട് പൊരുത്തപ്പെട്ടവര്‍
വേറെയാരുണ്ടെന്ന് നമ്മളന്യോന്യം 
കൂറിയത് നീയോര്‍ക്കുന്നുണ്ടോ  ?

നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് 
പ്രേമത്തോളം ദൃഢമായിരുന്നില്ലയെങ്കില്‍
ഇനിയൊന്നു കൂടി കോര്‍ക്കാനാകാത്തവിധം 
എന്നേ നാം ചിതറിപ്പോയേനേ    

ആഴക്ക്‌ വെള്ളത്തില്‍ മുങ്ങിച്ചത്തവര്‍ക്ക് 
പുഴ കാണുന്നത് ഒരു തമാശയാണ് 
വിരഹത്തിരമാല മൂടിയപ്പോഴും നമ്മള്‍ 
മരിയ്ക്കാതിരുന്നതും അത് കൊണ്ടാകണം  

ഇനിയും ....
കാറ്റും കോളും മാറി ശാന്തമാകും വരെ
നഷ്ട്ടപ്പെട്ടവര്‍ നമ്മള്‍ക്കിങ്ങനെ 
കറുത്തു പോകാത്ത ചിത്രങ്ങള്‍ സ്വപ്നം കണ്ട് 
വേര്‍പ്പെട്ടവരായി ഗതികിട്ടാതലയാം ...   

Sunday 4 September 2016

ഹൃദയതാപം


ചീവീട് കരയുന്ന നനഞ്ഞ രാത്രികളിലെ
പൂച്ചയുറക്കത്തിന്റെ ഇടവേളയില്‍
പലവുരു തോന്നിയിട്ടുണ്ട്
നീയില്ലതെന്തിനാണീ ജീവിതമെന്ന്

നെയ്തു കൂട്ടിയ സ്വപ്നത്തിനിരുപുറം
പെയ്തു തീരുന്ന നീയും ഞാനും
മോഹം കൊണ്ട് തീര്‍ത്ത മൺകൂനകള്‍
നക്കിത്തുടച്ച് നമുക്കിടയിലിങ്ങനെ
പരന്നു കിടന്നു കളിയാക്കിച്ചിരിച്ചു
കരുണ തോന്നാത്ത ജീവിതസമുദ്രം  

മൺകൂരയ്ക്കുള്ളിലേക്ക്
ഓട്ടകണ്ണിട്ടു നോക്കുന്ന നിലാവിനോട്
എന്നെപ്പറ്റിയെന്നും രാത്രിയില്‍
പരാതി പറഞ്ഞു മടുത്ത നി
ഉരുകിത്തീര്‍ത്ത കണ്ണീരൊരു കടലോളം
കെട്ടി നിന്ന് തപിക്കുന്നുണ്ടെന്‍റെ
ഇടനെഞ്ചിന്‍റെ ഉള്ളറയിലിപ്പോഴും

തർഷങ്ങള്‍ പൂത്തുലയേണ്ട കാലത്ത്
കരഞ്ഞു കുതിര്‍ന്ന ഈ കണ്ണുകളെനിയ്ക്ക്
ചിരിച്ചു നനയ്ക്കണമെന്നു പറഞ്ഞ്
കണ്ണുറങ്ങാതെ കാത്തിരുന്നൊരുനാള്‍
മണ്ണറ പൂകിയോളെ.......

അറിയുന്നുണ്ടോ ?
ഒരു വട്ടം കൂടി നിനക്ക് ജീവനേകാന്‍
കരഞ്ഞു പ്രാര്‍ത്ഥിച്ചിതെന്നും
ഉരുകിത്തീരുന്നുണ്ടെപ്പോഴും
ആരുമറിയാതിവിടിങ്ങനെ
ജീവനോടൊരു മെഴുകുതിരി....

Sunday 3 April 2016

ആത്മഹത്യകള്‍


രുഭൂമിയിലേക്കുള്ള യാത്രയില്‍ 
തിരിഞ്ഞു നോക്കരുത് 
ആവാഹിച്ചെടുത്ത ആത്മധൈര്യത്തില്‍ 
വെള്ളം ചേര്‍ക്കരുത് 
ഉറ്റവളുടെ കണ്ണുകളിലെ 
നഷ്ടബോധത്തിന്‍റെ ജലാശയങ്ങളില്‍ 
മുങ്ങിത്താഴരുത് 
മുന്നോട്ടുള്ള പ്രയാണത്തില്‍ വെറുതെ 
ഒരു പിന്‍വിളിക്ക് കാതോര്‍ക്കരുത് 
പകരം.... 
കണ്ണിനും കഴ്ച്ചയ്ക്കുമിടയില്‍ 
കറുത്തൊരു തിരശ്ശീല തൂക്കണം 
കരളിന്‍റെ സ്ഥാനത്ത്‌ കനത്തൊരു 
കരിങ്കല്ല് വെയ്ക്കണം,   
തേങ്ങലുകള്‍ പിറക്കുന്ന കണ്ഠത്തില്‍
അരക്കുരുക്കി ഒഴിയ്ക്കണം, 
മുന്നോട്ട് ചലിയ്ക്കുന്ന പാദങ്ങളെ 
പിന്നോട്ട് വിളിക്കുന്ന മനസ്സിനെ 
ചാട്ടവാറിനാല്‍ പ്രഹരിയ്ക്കണം ,
അലറിയടിക്കുന്ന വിരഹത്തിരയില്‍ 
അടി പതറാതെ നില്‍ക്കണം, 
ആകെയുലയ്ക്കുന്ന സങ്കടക്കൊടുങ്കാറ്റില്‍  
ഹൃദയം നിലയ്ക്കാതെ നോക്കണം....
  
ഞാനിങ്ങനെയോക്കെയാണ് ഒരു  
മരുഭൂയാത്രയ്ക്ക് തയ്യാറെടുക്കുന്നതും
ഒരു മടക്കയാത്ര വരേക്കെങ്കിലും 
ആത്മഹത്യ ചെയ്യുന്നതും......!!!. 

Tuesday 22 March 2016

ആണായിപ്പിറന്നവള്‍

വള്‍... ആണായിപ്പിറന്നവള്‍...
ഓട്ടക്കാലണയ്ക്കുപോലും വകയില്ലാത്ത
പട്ടിണി വേവുന്ന കുടിലിലും 
വസന്തകാല തൃഷ്ണകളെയൊക്കെയും 
പാതാളത്തോളം ചവിട്ടിത്താഴ്ത്തി 
അന്തസ്സുരുക്കഴിക്കാതെ വാണവള്‍...!

ആണ്‍ പ്രാവുകളുടെ കുറുകലുകളുകള്‍ക്ക്
കനത്ത നോട്ടത്തിനഗ്നി കൊണ്ട് 
കടുത്ത വാക്കിന്‍ വാള് കൊണ്ടിവള്‍  
തൊടുത്ത ശിക്ഷകള്‍ എല്‍ക്കാത്തവരില്ല    

അനുഭവങ്ങളുടെ മൂശയില്‍ ഉരുകി  
മനസ്സും വപുസ്സും ഉരുക്കായവള്‍ .
കാലം കിനാക്കളെ  കൊന്നു തിന്നപ്പോള്‍
കണ്ണീരുപ്പിട്ടു കഞ്ഞി കുടിച്ചവള്‍ ,
നിഴലുകള്‍ കയറി മേഞ്ഞ ജീവിതത്തില്‍ 
രൂപങ്ങള്‍ അന്യമായപ്പോഴും 
വിശേഷണങ്ങള്‍ക്കപ്പുറത്തെന്നും 
മഹാമേരുപോലെ ഉറച്ചേ നിന്നവള്‍...  

തന്തയുപേക്ഷിച്ചിട്ടും തകരാതെ 
ഒത്തൊരാണിനെപ്പോലെ പെറ്റമ്മക്ക് 
ഒട്ടും തളരാതെ കൂട്ടായവള്‍...  
ചെറ്റക്കുടിലിലെ തലയിണക്കടിയില്‍ 
രാകി മിനുക്കിയ അരിവാളിന്‍ ബലത്തില്‍ 
ഓരോ കുഞ്ഞനക്കങ്ങളിലും ഞെട്ടിയുണര്‍ന്ന് 
ഉറങ്ങാതെയുറങ്ങി നേരം വെളുപ്പിച്ചവള്‍...   

എന്നിട്ടും....കാളവേലയ്ക്ക് പിറ്റേന്ന്
ഈറ്റപ്പുലിയെന്ന്‍ ഞങ്ങള്‍ പേരിട്ടവള്‍   
മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
കറ്റക്കയറില്‍ തൂങ്ങിയാടിയത് 
നാട്ടുകാര്‍ക്കിന്നും വിശ്വാസമായിട്ടില്ല 

ഏത് കൊമ്പനൊരുത്തന്‍  കുത്തിയ 
ചതിക്കുഴിയിലാണവള്‍ വീണതെന്ന് 
പതം പറഞ്ഞു തളര്‍ന്ന നാട്ടുകാരുടെ 
കാത് കൈമാറിയ സ്വകാര്യങ്ങളില്‍ 
മുങ്ങിമരിയ്ക്കാതെ ഞങ്ങളിന്നും 
ഉണ്ണിയാര്‍ച്ചക്കൊപ്പം ചേര്‍ത്തിട്ടുണ്ട് 
പെണ്ണായി പിറന്നോരാണിന്‍റെ 
വീര്യം നിറഞ്ഞൊരോര്‍മ്മകള്‍....!