Friday 26 February 2016

ഇഷ്ടം

റു മാസം വയറ്റിലുണ്ടായിരിക്കെ
പുറപ്പെട്ടിറങ്ങിപ്പോയ അച്ഛനെയോര്‍ത്താണ്
ഉറക്കത്തില്‍ പോലും അമ്മയിങ്ങനെ
ഉറക്കെയുറക്കെ തേങ്ങുന്നത്‌

അടുപ്പ് പുകയാത്ത ആണ്ടറുതികളില്‍
അച്ഛന്‍ മിണ്ടാതിറങ്ങിപ്പോകുന്നത് 
പുത്തരിയല്ലാത്തത് കൊണ്ടാവണം
തിരുവോണത്തിന്‍റന്ന്  ആളെ കാണാഞ്ഞ് 
ആരും തിരയാന്‍ പോയില്ലത്രേ.. 
ചതയത്തിന്‍റന്നാണ് അമ്മയും നാട്ടാരും
താതനെ തപ്പിയിറങ്ങുന്നതത്രേ

ചാരായ ഷാപ്പും ചീട്ടുകളി ക്ലബ്ബും
മാരായമംഗലത്തെ പെങ്ങടെ വീടും
പട്ടാമ്പിയിലെ സിനിമാക്കൊട്ടകയും
പൊട്ടക്കിണറും കുണ്ടും കുഴിയും തിരഞ്ഞ്
നാട്ടാരവസാനം ഒന്നടങ്കം വിധിയെഴുതി
കുട്ടേട്ടന്‍ മരിച്ചു ,,,

അന്നെന്‍റമ്മ  കരഞ്ഞോ ഉരുകിയോ എന്ന്
ഇന്നും എനിക്കറിയില്ല
മാട്ടായിലന്നൊരാള് തീവണ്ടി മുട്ടി മരിച്ചപ്പോ
കുണ്ടുകുളത്തിലൊരാള് മുങ്ങിമരിച്ചപ്പോ
കേട്ടവരൊക്കെയന്നത് അച്ഛനെന്ന് പറഞ്ഞപ്പോ
ഞെട്ടിത്തരിച്ചിരിക്കണം എന്‍റെയമ്മ . 

കൊളുത്ത് പൊട്ടി പെട്ടിയില്‍ 
ഒളിച്ചു വെച്ച താലിമാല ഒരുനാള്‍ 
വിളക്കിച്ചേര്‍ക്കാന്‍ തിരഞ്ഞപ്പോഴാണ്
നിലവിളക്കും നിറപറയും സാക്ഷിയാക്കി
വല്ലഭനോട് ചേര്‍ത്തു ബന്ധിച്ചതും ഒടുവില്‍ 
കാലം ചെയ്തത് അമ്മയറിഞ്ഞതത്രേ

അരപ്പവന്‍റെ ഒരിയക്കലും പൊട്ടാത്തതെന്ന്
അന്നോളം അമ്മ കരുതിയ ഉറപ്പും
പൊട്ടിത്തകര്‍ന്നെന്നു വിശ്വസിക്കാന്‍
പാവം അവര്‍ക്കന്ന് കഴിഞ്ഞതേയില്ല


ഇടയ്ക്കൊരു  ഓലച്ചൂട്ടിന്‍റെ  വെളിച്ചം
ഇടവഴി താണ്ടി നീന്തി വരുമ്പോള്‍
അടുത്തവീട്ടിലെ പട്ടി നിറുത്താതെ കുരുക്കുമ്പോള്‍
മുറ്റത്തൊരു കാല്‍പെരുമാറ്റം കേള്‍ക്കുമ്പോള്‍
വേറുതെയാണെന്നറിഞ്ഞിട്ടും അമ്മ
ഉമ്മറവാതില്‍ തുറന്നു നോക്കാറുണ്ട് .

എട്ടു വര്‍ഷം കൂടെ കഴിഞ്ഞിട്ടും
പട്ടിണിയല്ലാതെ മറ്റൊന്നും നല്‍കാതെ 
ഇഷ്ടത്തോടെ ഒന്ന് ചേര്‍ത്തമര്‍ത്താതെ
തന്‍റെ രക്തത്തില്‍ പിറന്ന മക്കളെ
മടിയിലിരുത്തി ഒരിക്കല്‍ പോലും ഓമനിക്കാതെ
ഭീരുവിനെപ്പോലെ ഒളിച്ചോടിയ അച്ഛനോടാണ് 
അമ്മ്യ്ക്കിന്നും എന്നെക്കാള്‍ ഇഷ്ടം .....!!!

Thursday 18 February 2016

ബാക്കിപത്രം

റക്കാതിരിക്കാന്‍ നീ തന്ന 
ഓര്‍മ്മകളില്‍ പെണ്ണേ
കനലെരിയുന്ന കണ്ണ് കൊണ്ട്
കനപ്പിച്ചൊരു നോട്ടമുണ്ട്. 
പിറകെയിങ്ങനെ നടക്കരുതെന്ന്
തറപ്പിച്ചൊരു മുന്നറിയിപ്പുണ്ട്.
കാലം നനഞ്ഞുണങ്ങി നിവര്‍ന്നിട്ടും
ഉറുമ്പിന്‍ കണ്ണോളം പോലും കുറയാത്ത
വെറുപ്പ്‌ തേച്ചുണക്കിയ മുഖമുണ്ട്.

ഒടുവില്‍.... 
ഇരുട്ടിനോട്‌ കലഹിച്ച് 
ഉരുകിത്തീര്‍ന്ന മെഴുകുതിരിയ്ക്ക് 
ഒഴുക്കിനോട്‌ ക്ഷോഭിച്ച് 
തേഞ്ഞു തീര്‍ന്ന വെള്ളാരം കല്ലിന്
സ്നേഹം കൊണ്ട് പൊതിഞ്ഞ് 
എന്നേയ്ക്കും ഓര്‍മ്മിക്കാന്‍
മനസ്സ് നിറച്ചൊരു വാക്ക് തന്ന്
ചായം തേയ്ക്കാത്ത ചുണ്ട് കൊണ്ട്
കായം കുളിര്‍ത്തൊരു മുദ്ര തന്ന്
ഒരു യാത്രപോലും പറയാതൊടുവില്‍  
കരിന്തിരി കത്തി തീർന്നവളേ,,,,,,

വര്‍ഷങ്ങള്‍ക്കിപ്പുറം
ഓര്‍മ്മയുടെ മാറാപ്പ് കുടഞ്ഞ് ഞാന്‍ 
ഭൂതകാലത്തെ തിരയുമ്പോള്‍ , പെണ്ണേ ,
എല്ലാം ഭദ്രമാണ് , നീയൊഴികെ....!!!!.

Saturday 13 February 2016

മംഗളം മംഗളം...!

തിരുവടി അവിടുന്ന് കനിയണം സദയം
അടിയനിത് കഷ്ടം ,  ജീവിത ക്ലേശം 
മടിയാണെല്ലാറ്റിനും നിത്യവൃത്തിക്കശേഷവും
മുടിവില്ല ദുരിതക്കയത്തിലാണീയെന്‍റെ   
പേടിയ്ക്കുപായം ചൊല്ലണം വൈകാതെ 

*     *     *     *     *     *     *
ക്ലേശ പാതാളമില്‍ നിന്നുയര്‍ത്തിടാം നിന്നെ
മോശം ജീവിത പാതയിതിലെ യാത്രയില്‍ 
ആശ പലതും പരിത്യജിച്ചീടുകില്‍ 
ദോഷമെല്ലാമകറ്റാന്‍ ഞാന്‍ കനിഞ്ഞിടാം 

ഭൂത പ്രേത പിശാചുക്കളില്‍ നിന്ന് 
ദ്രുത രക്ഷ നിനക്കിനി ഭയമേതുമില്ലാ  
തിതെന്നേക്കും സുന്ദര ജീവിതം ലഭിച്ചിടാന്‍ 
മന്ത്ര തന്ത്രങ്ങള്‍  ചൊല്ലാം നിനക്കായ് 

ദിവ്യ നാമങ്ങള്‍ ജപിച്ചേലസ്സ് നല്‍കാം 
ധരിച്ചെന്നാല്‍ നിശ്ചയം സംശയം വേണ്ടാ  
ജീവിത ക്ലേശങ്ങളകന്നിടും നിത്യം 
തവ മനമതിലെന്നും കളിയാടിടും തുഷ്ടി 

സുരപാനം വെടിയണം നീ  , മത്സ്യ
മാംസാദികളാകെയും ത്യജിക്കണം 
അശേഷമാരുതൊരു നാരീ സംസര്‍ഗ്ഗവും 
മാസങ്ങള്‍ മൂന്ന് താണ്ടണം തഥൈവ 

എങ്കിലെന്നില്‍ വിശ്വസിച്ചീടുക
ശങ്കയല്‍പ്പവും കൂടാതെ ഭക്താ 
എന്നിലര്‍പ്പിയ്ക്ക ദുഃഖങ്ങള്‍ സര്‍വ്വവും 
വന്നു ഭവിച്ചിടും മംഗളം മംഗളം...! 

Saturday 6 February 2016

കുലദൈവങ്ങളേ കാത്തോളണേ.......

ത്ത് മൂള്ണ  നട്ടപ്പാതിരാക്ക്‌ 
നാട്ടാരും നാടും ഒറങ്ങ്ണ നേരത്ത്
നാരേണന്‍ നായരെ പീടികക്കോലായില്‍ 
ചുരുട്ട് പുകച്ച് ചിന്തയാല്‍ കൂനിക്കൂടി 
ഇരുട്ടിലിങ്ങനെ ഇനിയുമിരുന്നാല്‍ 
നേരം വെളുക്കുമിന്നും  , എന്നത്തെയും പോലെ 

കല്ല്യാണം നിശ്ചയിച്ച കാദറിന്‍റെ പുരയിലെ 
ഇല്ലാത്ത പണം കൊണ്ടുണ്ടാക്കിയ പൊന്നിന്‍റെ 
വല്ലാത്ത തിളക്കം കണ്ണിലിങ്ങനെ 
വല്ലങ്ങി ദേശത്തിന്‍റെ വെടിക്കെട്ടുപോലെ 
വിളങ്ങാന്‍ തുടങ്ങീട്ടു നാളേറെയായി   

പടി കടക്കുമ്പോ തിന്നാന്‍ വരണ പട്ടീയെ 
മടിയിലിരിയ്ക്കണ ബിസ്ക്കറ്റ് കൊടുത്ത്  
കടി കൊള്ളും മുമ്പേ തണുപ്പിക്കണം 
ഓടിളക്കി അടുക്കള വഴി അകത്തെക്കിറങ്ങാന്‍ 
ചൂടിക്കയറൊന്നു കരുതണം .

അടുക്കളയിലെ പലവ്യഞ്ജന പാത്രങ്ങളില്‍ 
കിടപ്പുമുറിയുടെ കിടയ്ക്കക്കടിയില്‍
അടുക്കിവെച്ച പാത്രങ്ങള്‍ക്കിടയില്‍ 
ഇടയ്ക്കെവിടേലും ഒളിച്ചു വെച്ച , ആഭരണ  
പെട്ടിയുടെ താക്കോല് പരതണം

ദൈവം തുണച്ചാലുമില്ലേലും ,പിതൃസ്വത്തായ 
ചാവിക്കൂട്ടം കൂട്ടിനുണ്ടാകണം 
എല്ലാം ഒത്തുവന്നാലിന്നെനിയ്ക്ക് ഹാ   
കല്ലുവെച്ച സ്വര്‍ണ്ണമാല ,തങ്ക മോതിരം ,കടക വള...

വല്ലപ്പുഴ വിലാസിനിയുടെ കരളില്‍ നാളെ 
വില്ലടിച്ചാം പാട്ടൊന്നു മുഴങ്ങും 
കനകം കാണുമ്പോള്‍ പെണ്ണിന്‍റെ കണ്ണില്‍ 
കണിക്കൊന്ന പൂക്കും , പൂത്തിരി കത്തും .

മാലോകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിരുന്ന 
ഓലക്കുടിലിന്‍റെ ചെറ്റവാതില്‍ ഇനി 
വിലാസിനി എനിയ്ക്ക് മാത്രമായി തുറക്കും
കാലം കുറെയായി പൂക്കാന്‍ മടിച്ചയെന്‍ 
പുളിമരവും നിറയെ പൂത്തുലയും .. 

എങ്കിലും ഭയമല്‍പ്പം എനിക്കില്ലാതില്ല  
വല്ലാത്ത കാലമിത് പാവമൊരു കള്ളന് 
പുലരാനുള്ള പങ്കപ്പാടിത് ഭീകരം,  അമ്മേ 
വിലാസിനീ , കുലദൈവങ്ങളേ കാത്തോളണേ.......

Thursday 24 December 2015

നിയന്ത്രണ രേഖ


ജീവിതത്തിനു ഞാനൊരു 
അതിര്‍ത്തി വരച്ചിട്ടുണ്ട് 
അതില്‍
സ്വപ്നങ്ങള്‍ക്ക് പോലും 
അതിര്‍വരമ്പുണ്ട് 
അറിയാതെ പോലും ആരും 
കടന്നു കയറാതിരിക്കാന്‍ 
കുഴിബോംബുകള്‍ പാകിയിട്ടുണ്ട് 
വഴിയാത്രക്കാരെ തടയാന്‍ 
കമ്പി വേലി കെട്ടിയിട്ടുണ്ട് 
നുഴഞ്ഞു കയറ്റക്കാരെ കാത്ത് 
കാവല്‍ക്കാരുണ്ട് 
അഥിതികളെ സ്വീകരിക്കില്ലെന്ന്
കൂറ്റന്‍ ബോഡ് വെച്ചിട്ടുണ്ട് 
യാചകരെ തടയാന്‍ 
കാവല്‍ നായ്ക്കളുണ്ട് 
ഈച്ചപോലും കടക്കാതിരിക്കാന്‍ 
സുരക്ഷാ ക്യാമാറകളുണ്ട്
എല്ലാം നിനക്ക് വേണ്ടിയാണ് പെണ്ണേ  
നിനക്കുമാത്രം വേണ്ടി,,,,,,,,    

Sunday 13 December 2015

നാം പരസ്പരം....



ള്ളു പിടയുമ്പോഴൊക്കെ 
നനയുന്ന കണ്ണിനോട് 
ഞാനെന്താ പറയുക...? 

കരയരതെന്ന് പറഞ്ഞാല്‍
ഉരുകിത്തിളയ്ക്കുന്ന കരളിലെ 
ഉയര്‍ന്നു പൊങ്ങുന്ന നീരാവി  
നമ്മോട് കലഹിച്ചേക്കും.

പുറമേയ്ക്ക് കാണിയ്ക്കാതെ 
പൊതിഞ്ഞു സൂക്ഷിക്കുന്ന നോവ് 
ഒരു പേക്കിനാവില്‍ നമ്മോട് 
അരിശം തീര്‍ത്തേയ്ക്കും.
  
പുകയുന്ന കണ്ണുകള്‍ കാഴ്ചയില്‍ 
പുകമറ തീര്‍ത്ത് നമ്മളെ വഞ്ചിച്ചേക്കും.

അതിനാല്‍...

കടലുണങ്ങുന്ന കാലത്തോളം 
കരയുരുകുന്ന കാലത്തോളം 
കണ്ണ് നിറച്ചും കരഞ്ഞു തീര്‍ക്കാന്‍ 
നാം പരസ്പരം സമ്മതിച്ചിരിക്കുന്നു . 

Sunday 6 December 2015

കൈ നോക്കാനുണ്ടോ...?

രണ്ട പാലക്കാടന്‍ കാറ്റ് 
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
വിള്ളല്‍ വീഴ്ത്തുമ്പോള്‍,  
ഉത്സവപ്പറമ്പുകളില്‍ 
വയ്യാ വയ്യാ എന്നോതി 
ചെണ്ടയും മദ്ദളവും 
പതം പറഞ്ഞ് കരയുമ്പോള്‍,

അപ്പോള്‍.... 
തെക്ക് നിന്നെവിടുന്നോ 
വാണിയംകുളത്തുന്നോ 
പാലക്കാട്ട്ന്നോ
നെറ്റിയില്‍ ചോന്ന പൊട്ടുകുത്തി
നിറം മങ്ങിയ ചേല ചുറ്റി  
കറുത്തു മെല്ലിച്ച കുറത്തിയമ്മ
നാലും കൂട്ടി മുറുക്കിച്ചോപ്പിച്ച്  
തോളില്‍ കിളിക്കൂട് തൂക്കി 
ഞങ്ങടെ നാട്ടിലെത്തും.

വെയിലേറി നിഴല്‍ ചുരുണ്ട 
ചെമ്മണ്‍ പാതകളില്‍ 
ശോഷിച്ച പാദമൂന്നി 
കൈനോക്കണോ ന്നിങ്ങനെ 
തളര്‍ന്ന ശബ്ദത്തില്‍ വിളിച്ചു ചോദിച്ച്
വീടുകള്‍ തോറും കയറിയിറങ്ങും.

കൈ നോക്കി ലക്ഷണം കേള്‍ക്കാന്‍ 
വിടര്‍ത്തിപ്പിടിച്ച വലതു കയ്യുമായി 
വിടര്‍ന്ന മുഖം കാട്ടി വീട്ടമ്മമാര്‍  
കുട്ട്യോള്‍ടച്ഛന്‍റെ സമ്മതം വാങ്ങി 
ഉമ്മറപ്പടിയില്‍ കാത്തിരിക്കും.

ദൈവങ്ങളുറങ്ങുന്ന ചീട്ടു നിരത്തി    
കുറത്തിയമ്മ കൂട് തുറക്കുമ്പോള്‍ 
ചുണ്ട് ചുവന്ന തത്തപ്പെണ്ണ് 
കൂടിറങ്ങി ചീട്ടെടുക്കും
പരമശിവനും സുബ്രഹ്മണ്യനും 
മുളയങ്കാവിലമ്മയും മുരുകനും 
അങ്ങനെ പരശ്ശതം ദൈവങ്ങളില്‍ നിന്ന് 
ഒരാളെ തെരഞ്ഞെടുക്കും.
  
ഉമ്മറപ്പടിയിലെ  തങ്കവിഗ്രഹത്തിന്‍റെ
മുഖത്തപ്പോള്‍ തിരിയഞ്ചും തെളിയും  
കൈപ്പടം നിവര്‍ത്തി കുറത്തിയമ്മ 
ചെറു ചിരിയോടെയപ്പോള്‍ 
മെല്ലെ മെല്ലെ വാചാലയാകും .

അന്തസ്സുറ്റ കുടുംബമെന്നുരയ്ക്കും  
വെണ്ണപോലലിയുന്ന മനമെന്ന് വാഴ്ത്തും 
മക്കളെത്രയെന്നു ചൊല്ലും  
അവരില്‍ മൂന്നാമന്‍ ശൂരനെന്നും 
ഇളയവള്‍ കുടുംബത്തിന്‍റെ വിളക്കെന്നും 
മനം നിറയ്ക്കും മധുവാക്ക് മൊഴിയും.
വരാനുള്ള നല്ല കാലത്തെ തടയാന്‍ 
ഉറ്റവരും ഉടയവരും ഉഴറി നടപ്പുണ്ടെന്ന്  
മുന്നറിയിപ്പ് കൊടുക്കും 
ദൈവേച്ഛയാല്‍ സര്‍വ്വം ശുഭമാകുമെന്ന് 
സമാധാനിപ്പിക്കും

പിന്നെ ...
കൊട്ടനുറുപ്പിക കൈനീട്ടം വാങ്ങി 
കുറത്തിയമ്മ പടിയിറങ്ങുമ്പോള്‍ 
ചോന്ന ചുണ്ടുള്ള തത്തമ്മയില്‍ 
കുഞ്ഞുമനസ്സുകളുടെ കണ്ണുടക്കും.
കരളുടക്കും കുഞ്ഞു മനമുടക്കും 

കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിന്ന് 
കരിവേലയും ചപ്പുവേലയും 
കളം നിറഞ്ഞൊഴിയുമ്പോള്‍
കാളയും തേരും കാവിറങ്ങുമ്പോള്‍,
  
അപ്പോള്‍...
തെക്ക്ദിക്കിലെവിടേക്കോ  
വാണിയംകുളത്തെക്കോ 
പാലക്കാട്ടേക്കോ 
നെറ്റിയില്‍ ചോന്ന പൊട്ടുകുത്തിയ 
നിറം മങ്ങിയ ചേല ചുറ്റിയ   
കറുത്തു മെല്ലിച്ച കുറത്തിയമ്മ 
തോളില്‍ കിളിക്കൂട് തൂക്കി
വെയിലാറി നിഴല്‍ നീണ്ട 
ചെമ്മണ്‍പാത താണ്ടി മെല്ലെ 
തളര്‍ന്ന ചുവടോടെ നടന്നു മറയും.

അപ്പോള്‍ അടുത്ത മേടത്തിന്, 
കരിവേലയ്ക്ക് കാളവേലയ്ക്ക് 
കണ്ണിലെണ്ണയൊഴിച്ച് 
ഞങ്ങള്‍ കുലുക്കല്ലൂരുകാര്‍  
കൊതിയോടെ കാത്തിരിയ്ക്കുകയാവും.

Monday 2 November 2015

ഞാം പറേണത് സത്യാ...



ചെങ്ങായ്മാരെ, 
ഇങ്ങള് ഞാമ്പറഞ്ഞാ വിശ്വസിക്ക്വോ ? 
പച്ച വെയില് പോലത്ത നിലാവില്‍ 
കൊച്ചമ്പ്രാന്‍റെ കാപ്പിത്തോട്ടത്തില്‍ 
ഇന്നലെ രാത്രി ഞാങ്കണ്ടതാ....

നിറയെ പൂത്ത മുല്ലവള്ളി പോലെ 
നിറ നിലാവിലിങ്ങനെ പൂത്തുലഞ്ഞ്, 
ഞാനുണ്ടായതില്‍ പിന്നെ കാണാത്ത 
കണ്ടാല്‍ മറക്കാത്ത കാഴ്ചയാ 
  
മുറുക്കി ചോപ്പിച്ചിട്ടോ ചായം തേച്ചിട്ടോ  
ചോരയൂറ്റി കുടിച്ചിട്ടോന്നറിയില്ല
ചെന്തുണ്ടിപ്പഴം പോലെ ചോത്ത ചുണ്ടാ.... 
അഴിച്ചിട്ടാ ഇങ്ങനെ അരക്കെട്ട് മറയുന്ന
തിരയിളകുമ്പോലത്തെ ചുരുള്‍ മുടിയാ....
അതിലിങ്ങനെ പാലപ്പൂ ചൂടിയിട്ടാകും, നമ്മ-  
ളലിഞ്ഞു പോകുന്ന വല്ലാത്ത ഗന്ധാ..... 

കരിമഷിതേച്ച താമരയിതളൊത്ത കണ്ണാ....
ഇളകുമ്പോ പളുങ്കാന്ന് തോന്ന്ണ കൃഷ്ണമണിയാ. 
വേഷം , ഇടയ്ക്കിങ്ങനെ കാറ്റിലുലയുന്ന  
വെളുത്ത പട്ടുപോലത്ത ചേലയാ.....  

ഒഴുകിയൊഴുകി നീങ്ങുമ്പോലുള്ള  നടത്താ....
വഴീലെങ്ങാനും വെച്ച് കണ്ടാ യക്ഷ്യാന്നു തോന്നാത്ത
പഴുപഴുത്ത പേരയ്ക്കാ നിറമുള്ള പെണ്ണാ...  
ആണുങ്ങളായോരാരും വഴുതി വീഴും , കണ്ടാല്‍  
ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പമാ...

കൊല്ലാനാണിതെന്നു  ആരും നിരീക്കാത്ത 
കടക്കണ്ണ്‍ കറക്കിയുള്ള നോട്ടമാ....
മാടിവിളിച്ചിട്ട് അടുത്തേക്ക്‌ ചെല്ലുമ്പോ 
മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോയ്ക്കുണോളാ. 

പൊള്ളല്ല ഇവളെ വേറെയാരുകണ്ടാലും 
ഉള്ള ബോധം പോണ കാഴ്ചയാ....  
ചെങ്ങായ്മാരേ, 
ഇങ്ങള് ഞാമ്പറഞ്ഞത് വിശ്വസിച്ചോ...? 
ഇത്...ഞാനിന്നലെക്കണ്ട സ്വപ്നാ...!!!!.

Friday 9 October 2015

പറയാതെ വയ്യ...!

ഹൃദയ താളം നിലച്ചാലെന്നെ നീ 
സദയം ഓര്‍മ്മയില്‍ നിന്നു കളയണം 
ചെറിയ കാലം നിനക്കൊപ്പമെങ്കിലും 
വെറുതെയെന്‍ ചിന്തയാലെന്‍ കളത്രമേ 
ഉരുകി ഇലാതെയാവരുതെന്നും   
ചെറു മെഴുതിരി പോലെയിപ്പാരില്‍.   

പറയാതെ വയ്യ ഈ ജീവിതമെപ്പോഴും 
പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും 
അന്നാളിലുരുകി ഉലയാതിരിക്കുവാന്‍ 
ഇന്നേ കരുതണം ഉള്ളിലെന്‍ വാക്കുകള്‍.

എന്തിനു കണ്ണ് നിറയ്ക്കുന്നു തലേദരി
വേദാന്തമിതെന്തിനായ് എന്നു നിനച്ചുവോ
പൊറുക്കണം സഹിക്കണം അല്ലാതെന്തു ഞാന്‍ 
മരണക്കിടക്കയില്‍ നിന്നുരിയാടേണ്ടൂ.... 

ഓര്‍ത്തിട്ടശേഷവും വിചാരപ്പെടേണ്ടെടോ 
സ്വര്‍ഗ്ഗത്തിലേക്കല്ലോ എന്‍ യാത്രയും പെണ്ണെ
നീയുമെന്‍ മക്കളും കൂടെയുണ്ടെങ്കിലെ - 
നിക്കെല്ലാം തികഞ്ഞോരിടമല്ലോയവിടം 

ചേരുമ്പോളാരും  നിനക്കില്ലയോട്ടും 
പിരിയെണ്ടാതാണൊരു നാളെന്ന സത്യം 
മരണവിചാരത്താലാരുണ്ട് പത്നീ 
നരനായി ജീവിപ്പതിങ്ങീ ഭൂമിയില്‍ 

ചേതനയറ്റുപോയ്‌ എന്നുറപ്പായെന്നാല്‍ 
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍ 
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍ഘനാള്‍..

Saturday 3 October 2015

വല്ലാത്ത പൊല്ലാപ്പ്

ഴക്കാണ് നിത്യവും അയല്‍വീട്ടില്‍ കേട്ടൊരു 
വഴിക്കായി ഞാനുമെന്‍ പ്രേയസിയും  
വിഴുപ്പെടുത്തലക്കുന്നു നിത്യവും ഭാര്യ 
കൊഴുപ്പിക്കാന്‍ അമ്മായിയമ്മയും കൂടെ 

കൊച്ചു വെളുപ്പിന് തുടങ്ങിടും ശണ്ഠ 
ഉച്ച മയക്കത്തിലാകും ചിലപ്പോള്‍
ഒച്ച കേട്ടാലോ ഭ്രാന്തെനിക്കായിടും  
ഉച്ചിയില്‍ കേറിടും രക്തമപ്പോള്‍  

പരസ്ത്രീ ഗമനം പരപുരുഷ ബന്ധം
പരസ്പരം ചാര്‍ത്തുന്നു പട്ടങ്ങളന്യോന്യം
പ്രാക്കും പരാതിയും തീര്‍ന്നില്ല നേരം 
ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പായിടും   

കള്ള് കുടിച്ചവനെത്തിടും നിത്യവും 
ഭള്ള് പറഞ്ഞു തുടങ്ങിടും പിന്നെ 
തള്ള ഇടയ്ക്കെരിവേറ്റിടും മോനെ 
കൊള്ളാം കാഴ്ച ഇതാണെനിക്കെന്നും... 

നിങ്ങളാരെങ്കിലും ഇടപ്പെട്ടെനിക്കായി 
എങ്ങനെയെങ്കിലും പരിഹാരമേകണം
അല്ലെങ്കിലെല്ലാറ്റിനേം കൊന്നു ഞാനീ 
വല്ലാത്ത പൊല്ലാപ്പ് തീര്‍ത്തിടും നിശ്ചയം..!