Monday 26 January 2015

വ്യഥ



രശ്ശതമുണ്ടാകാം ദുഃഖം സദാ 
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും 
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...  
  

Sunday 18 January 2015

കുഞ്ഞു കവിതകള്‍


ണ്ണ് മടുത്തു നിനക്കിന്നു കേറി 
വിണ്ണിലായ് താമസം ഹാ എന്തൊരത്ഭുതം 
ഇന്ന് നിന്‍ ശ്വാസം നിലച്ചാലറിയുമോ 
മണ്ണല്ലാതാരുണ്ട് പുല്‍കിടാന്‍ നിന്നെ ...?

*****************
ന്ന് മതി നിനക്കിനിയെന്നു ചൊന്നവര്‍ 
നാലെന്നും അഞ്ചെന്നും പുലമ്പുന്നിതിപ്പോള്‍ 
തിട്ടൂരമിത്രക്കിതേകിടാന്‍ മാത്രം
നട്ടെല്ലുരുക്കായി തീര്‍ന്നിവര്‍ക്കെന്നോ..?
*********************
മൃഷ്ടാന്നമുണ്ടും പോരാഞ്ഞു പിന്നെയും 
അസതിയെ തേടിയലഞ്ഞും 
ലഹരി വിളമ്പിടും  സത്രങ്ങളില്‍ ചെന്ന് 
സേവിച്ചുന്‍മത്തരായി മദിച്ചും, അല്‍പ്പവും 
ആഹരിച്ചിടാനൊട്ടും ഇല്ലാത്ത മര്‍ത്ത്യരെ 
തെല്ലുമോര്‍ക്കാത്ത നിന്നെയും സൃഷ്ട്ടിച്ചതീശന്‍...!

Monday 12 January 2015

വൃഷക പുരാണം


നിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും, 
ചിലപ്പോ രണ്ടും ശവങ്ങളും 
ഭാര്യയും ഭര്‍ത്താവുമാകാം.... 
അല്ലെങ്കില്‍ തലതെറിച്ച 
രണ്ടു വികൃതി പിള്ളേരാകാം,
തമ്മില്‍ ഒരു പരിചയവുമില്ലാത്ത 
രണ്ടു പേരാകാം....  
എന്തായാലും മണ്‍വെട്ടികൊണ്ട് 
ഒരു കുഴിയെടുത്ത് 
രണ്ടിനെയും വലിച്ചിഴച്ച് 
ഒറ്റക്കുഴിയിലിട്ടു മൂടണം. 

ഇന്നലെ കറിയ്ക്കരച്ചതിന്‍റെ ബാക്കി 
ഒരു മുറി നാളികേരം, 
കുഞ്ഞിമോള്‍ക്ക് ഓണത്തിനെടുത്ത 
പൂക്കളുള്ള കുഞ്ഞുടുപ്പ്, 
ഉണ്ണിക്കുട്ടന് ഏറ്റവും പ്രിയപ്പെട്ട 
ചുവന്ന വള്ളിനിക്കര്‍, 
രണ്ടെണ്ണം കൂടി കരണ്ട് തീര്‍ത്തത് 
ഒന്നും രണ്ടുമല്ല , ഒരുപാടാണ്‌ .

അതൊന്നും സാരമില്ല.... 
എന്‍റെ തലയ്ക്കു വട്ടാണെന്ന് 
അവളിടക്കിടക്ക് പറയുമ്പോഴും 
ഉറക്കമൊഴിച്ച് ഞാനെഴുതിവെച്ച
കരളായ എന്‍റെ കവിതകള്‍.... 
കഷ്ണങ്ങളായി മുറിച്ചപ്പോഴാണ്
എന്‍റെ കണ്ണ് തള്ളിയത് .  

അവസാനം ഞാനൊന്ന് തീരുമാനിച്ചു 
ഉണക്കമീനിന്‍റെ ചുട്ടെടുത്ത തലയില്‍
ഈ പാഷാണമല്‍പ്പം തൂവി വെടിപ്പാക്കി 
ഇന്നടുക്കളയില്‍ വെച്ചിട്ടുണ്ട്..

അതുകൊണ്ടാണ് പറയുന്നത്
എനിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും...  
ഒറ്റക്കുഴിയില്‍ രണ്ടിനെയും...
അല്ലെങ്കില്‍ വേണ്ട,
രണ്ടിനെയും വേറെ വേറെ അടക്കണം 
ശവങ്ങളാണെങ്കില്‍ പോലും രണ്ടും 
ഇനി ഒറ്റക്കുഴിയില്‍ ഉറങ്ങരുത് ... 

Tuesday 6 January 2015

ഇന്നൊന്നുറങ്ങും ഞാന്‍...


പുറം തോല് പൊള്ളിയടരുന്ന 
വിയര്‍പ്പു വറ്റിച്ചു ഉപ്പുണ്ടാക്കുന്ന
കഞ്ഞിവെള്ളം കുടല്‍ നനയ്ക്കുന്ന 
കുന്നിന്മുകളിലെ പകലുകളില്‍ 
നട്ടുനനച്ചുണ്ടാക്കിയതാണ്
ഇക്കാണുന്ന കാച്ചിലും കപ്പയും
ചേമ്പും ചേനയും വാഴയും 

വെയില്‍ ചുവന്ന് ചലനമറ്റ് 
നീണ്ടു നിവര്‍ന്ന് കിടന്ന്   
അന്ത്യശ്വാസം വലിയ്ക്കുമ്പോള്‍ ,  
മൂവന്തി കറുത്ത പുതപ്പിട്ട്   
മൌനം കുടിച്ചു മയങ്ങുമ്പോള്‍ ,  
പാതിരാക്കാറ്റോടി ഓടിത്തളര്‍ന്ന്‍
മുറ്റത്തെ മാവിന്‍ ചില്ലയില്‍ 
ചത്തപോലുറങ്ങുമ്പോള്‍...,

അപ്പോള്‍...

ഒറ്റക്കൊമ്പ് തേച്ചു മിനുക്കി 
കൂട്ടം കൂടി ആരവം മുഴക്കി 
മുക്രയിട്ട്‌ ചവിട്ടിക്കുലുക്കി
എല്ലാം നശിപ്പിക്കാന്‍ കച്ച കെട്ടി  
അണയുമെന്നും ഇക്കൂട്ടര്‍, 
പിശാചിന്‍റെ  സന്തതികള്‍
കാടിറങ്ങുന്ന ക്രൂരതകള്‍ ‍.. 

ഇന്ന് നിങ്ങളിങ്ങു തുള്ളിവരുമ്പോള്‍
ഉയരെ കെട്ടിയ ഏറുമാടത്തില്‍  
പ്രതികാരത്തിന്‍റെ ഇരുമ്പു കുഴലില്‍
പകയുടെ ലോഹക്കഷ്ണമിട്ട് 
ലാക്ക് നോക്കി ശ്വാസം പിടിച്ച്
കാത്തിരിപ്പുണ്ടിവിടെ ഞാന്‍...

നഷ്ട്ടങ്ങളുടെ കണക്കിന്നടിയില്‍ 
അവസാനത്തെ ചുവന്ന വരയിട്ട് 
ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് 
എല്ലാം മറന്നിന്ന് ഒന്നുറങ്ങും ഞാന്‍ .... 

Friday 2 January 2015

ചുടല നൃത്തം


റുത്തു പറഞ്ഞാലും ഇല്ലെങ്കിലും 
മുറുമുറുക്കുന്ന നിനക്ക്
മരണമില്ലെന്ന തോന്നലാകാം ഈ 
മദം പൊട്ടലിനുള്ള കാരണം.

മധുരം പുരട്ടിയ വാക്കുകള്‍ 
ആരതി ഉഴിയുമ്പോള്‍ 
മദനനാവേശിച്ചു തുടിയ്ക്കും ദേഹം 
മധു നിറഞ്ഞു വഴിയുമ്പോള്‍  
സുരത സ്വര്‍ഗ്ഗ തമോഗര്‍ത്തങ്ങളുടെ 
ആഴമറിയാതെ പോയതെന്‍റെ കുറ്റം
എന്‍റെ മാത്രം കുറ്റം...!

വെറുപ്പിന്‍റെ കട്ടി നൂലുകൊണ്ട് 
ഇറുക്കിത്തുന്നിയ കഞ്ചുകം ധരിച്ച് 
മരിയ്ക്കുവോളം നീയെന്നെയിങ്ങനെ
ശാപവാക്കുകള്‍ കൊണ്ട് മൂടണം... 

കരയാന്‍ പോലുമാകാതെ വാ പൊത്തി 
കണ്ണുകള്‍ തുറിച്ച് ശ്വാസം മുട്ടി 
പിടയുന്നത് കണ്‍പാര്‍ത്തെങ്കിലും 
ഒടുങ്ങിത്തീരട്ടെ നിന്‍റെയീ പെരും പക  .

ചുടല  നൃത്തമാടി തളരുമ്പോള്‍ നിനക്ക്  
ഉടല് മുറിച്ചൊരു ചിരട്ട നിറച്ചു നല്‍കാം 
കൊഴുത്ത കടും ചുവപ്പിലെന്‍റെ 
ഇളം ചൂടുള്ള ഉയിരിന്‍റെ ചോര ..

മതിയായില്ലെങ്കില്‍ ...
കനല് വീണു പോള്ളിയടര്‍ന്നയെന്‍ 
കരള് വറുത്തൊരു പാത്രം നല്‍കാം 
പക തീരുവോളം കറുമുറെ 
കൊറിച്ചുല്ലസിച്ചു തീര്‍ക്കാന്‍...  

ഉച്ചിക്ക് വെച്ച കൈകള്‍ കൊണ്ട് 
ഉദകക്രിയ ചെയ്യാന്‍ അറപ്പറ്റ നിനക്ക് 
അല്പം അലിവെന്നോട് തോന്നുകില്‍  
അന്നായിരിയ്ക്കും ഈ ലോകാവസാനം..  

Wednesday 31 December 2014

പുതുവര്‍ഷം

പുതുവര്‍ഷമിപ്പോള്‍ പഴയപോലല്ല 
അല്‍പ്പമുടുപ്പിട്ട അലങ്കാരമാണ് 
തണുത്തു നുരയുന്ന ലഹരിയാണ് 
മനസ്സറിയാതെ വായ്‌ മൊഴിയുന്ന 
അലങ്കാര വാക്കുകളാണ്..

പുതുക്കി മിനുക്കിയെടുക്കേണ്ട 
പഴകിപ്പതിഞ്ഞ പ്രതിജ്ഞകളാണ് 
നമ്മളെത്ര ദുഖിതരായാലും  
സസന്തോഷം അന്യര്‍ക്ക് നേരേണ്ട 
ദീര്‍ഘയുസ്സിനുള്ള പ്രാര്‍ത്ഥനകളാണ്..
പിന്നെ...
ആയുസ്സ് തീരുമ്പോഴും അതറിയാതെ 
ആഘോഷിച്ച് തീര്‍ക്കേണ്ട നിമിഷങ്ങളാണ്. 

നമ്മുടെ നാളുകള്‍ കൊഴിഞ്ഞു തീരുമ്പോള്‍ 
ഞാനെങ്ങനെ നേരാനാണ് സുഹൃത്തേ 
നന്മകള്‍ കൊണ്ട് നിറഞ്ഞൊരു 
പുതുവര്‍ഷം നിനക്ക് .. ?.  

Monday 22 December 2014

പ്രിയപ്പെട്ടവളേ........



തൊണ്ട നനയാതെ പിടഞ്ഞു തീര്‍ന്നത് 
എപ്പോഴാണെന്നൊട്ടും എനിയ്ക്കോര്‍മ്മയില്ല  
ഉറക്കത്തിലായിരിക്കണം 
ഇന്നലെ രാത്രി നിന്നെയും മക്കളെയും 
കിനാവ്‌ കണ്ടതെനിക്കോര്‍മ്മയുണ്ട്... 

മക്കളൊത്ത് ഒളിച്ചു കളിച്ചു ക്ഷീണിച്ച് 
ചാരുകസേരയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
മാറില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഇളയവന്‍ 
ഉപ്പച്ചി ഇനിയെങ്ങും പോണ്ടെന്ന് പറഞ്ഞ് 
ഇറുകെ കെട്ടിപ്പിടിച്ചതും ഓര്‍ക്കുന്നു...

പോകാതിരുന്നാല്‍ നിന്റുപ്പച്ചിക്ക് പിന്നെ 
ശ്വാസം മുട്ടും മോനേ ന്ന് പറഞ്ഞ നീ  
കളിയില്‍ മുക്കിയോതിയ കാര്യം കേട്ട് 
നീ പോടീ ന്ന് ചൊല്ലി പരിഭവിച്ചതും 
എനിയ്ക്കിപ്പോഴും ഓര്‍മ്മയുണ്ട്...

പുലരിത്തുടുപ്പിലേക്കുള്ള യാത്രയില്‍ 
പിന്നെയെപ്പോഴെന്നറിയില്ല , എങ്ങനേയെന്നും... 
ഇപ്പോള്‍ ,  ഇവിടം നിറച്ചും ഇരുട്ടാണ്‌
നാലുപാടും ഈര്‍പ്പം നിറഞ്ഞ മണ്‍ചുമരും 
പുതയ്ക്കാന്‍ വെളുത്ത തുണിയും മാത്രം..

ഒന്നുമൊന്നും എങ്ങുമെത്തിയില്ലല്ലോ പെണ്ണേ  
എന്നും നമ്മളൊത്ത്  കണ്ട സ്വപ്‌നങ്ങള്‍ 
എല്ലാം പിറവിയിലേ മരിച്ചിരിക്കുന്നു.
മനക്കണ്ണാല്‍ കണ്ട സന്തോഷ ജീവിതവും  
ഇനി പൂക്കാതെ പോയ പൂമരങ്ങള്‍.. 


നിങ്ങളുടെ ഓര്‍മ്മ പുതച്ച  ഈ കിടപ്പ് 
നിനക്കറിയാമോ എനിയ്ക്കൊരു സ്വര്‍ഗ്ഗമാണ് 
എന്നെക്കുറിച്ചോര്‍ത്ത് നീറും നിങ്ങള്‍ക്കത്  
ഒരുപക്ഷേ അറിയില്ലെങ്കിലും ... 

പ്രിയപ്പെട്ടവളേ........, 
ഇനിയെനിയ്ക്ക് നമ്മുടെ കുഞ്ഞുമക്കളുടെ   
പവിഴച്ചുണ്ടാലൊരുമ്മ കിട്ടാന്‍
നാളെ നമ്മുടെ മുറ്റത്തെ പനിനീര്‍ ചെടിയില്‍
എന്നെയൊരു പൂവായി വിടര്‍ത്താനാണ് 
ഇപ്പോഴെന്‍റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന ...!

Monday 15 December 2014

എന്നെപ്പോലെ മറ്റൊരാള്‍ .

ന്‍റെ ഉള്ളിന്‍റെയുള്ളില്‍ എന്നെപ്പോലെ മറ്റൊരാളുണ്ട് 
എനിയ്ക്കൊപ്പം വ്യസനിച്ചും ,സന്തോഷിച്ചും 
എന്നെയുപദേശിച്ചും ,ഇടയ്ക്കിടെ തിരുത്തിയും 
എന്‍റെയൊപ്പം ജീവിക്കുന്ന ഞാന്‍ കാണാത്ത മറ്റൊരാള്‍ ..

ആഴ്ച്ചപ്പിരിവിന് തമിഴന്‍ പടി കയറുമ്പോള്‍ 
അടുക്കള വാതിലിലൂടെ പുറത്തേക്കോടി 
ആരും കാണാതെ മതില്‍ ചാടി മറയാന്‍ 
ചിലപ്പോള്‍ ഇവനെന്നെ ഉപദേശിയ്ക്കും. 

പച്ചക്കറിച്ചന്തയില്‍ സഞ്ചിയുമായി കറങ്ങുമ്പോള്‍ 
ഉള്ളിയ്ക്കും പാവക്കയ്ക്കും പൊള്ളുന്ന വിലയെന്ന് 
ഉള്ളിലിരുന്നിങ്ങനെ  വെറുതെ മുറുമുറുക്കും,
ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോള്‍ 
എന്നാലും എന്തെങ്കിലും വാങ്ങാമായിരുന്നെന്ന്‍ 
ആരോടെന്നില്ലാതെ സ്വകാര്യം പറയും  .

സാമ്പാറില്‍ ഉപ്പു കുറഞ്ഞതിന് വാമഭാഗത്തെ 
കടും വാക്കിനുപ്പുചേര്‍ത്ത് വേവിയ്ക്കുമ്പോള്‍ 
ഒരു വാക്ക് പോലും മിണ്ടാതെ ,എല്ലാം കഴിഞ്ഞ്
നീയിത്ര ദുഷ്ട്ടനായിപ്പോല്ലോ എന്ന് പരിതപിയ്ക്കും   

കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് നരച്ച മുടി കറുപ്പിക്കുമ്പോള്‍
എന്നെ കാര്യമില്ലാതെയവന്‍ കളിയാക്കും 
കള്ള് കുടിയ്ക്കാന്‍ കൂട്ടുകാരന്‍ വിളിയ്ക്കുമ്പോള്‍ 
കള്ളാ വേണ്ടാ വേണ്ടായെന്നിവന്‍ വിലക്കും 

പുലര്‍ക്കാല ഗാഢ നിദ്രയില്‍ എനിയ്ക്കെന്നും 
പുതുസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം പോലെ കാട്ടിത്തരും ..
പൊടുന്നനെ അണയുന്ന അപകടങ്ങളിലെപ്പോഴും 
അറിയാതെ അമ്മേ എന്ന് വിളിപ്പിയ്ക്കും ... 

ഞാന്‍ മരിച്ചാല്‍ അവനെന്താകുമെന്ന്‍ എനിയ്ക്കറിയില്ല
അവനില്ലാതായാല്‍ ഞാനെന്താകുമെന്നും ,എങ്കിലും ... 
എനിയ്ക്കവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ
അവനെന്നെപ്പോലെ ഞാനും.....   

Tuesday 9 December 2014

രാമേട്ടന്‍റെ യോഗം


നയ്ക്കലെ പറമ്പില്‍ തടിപിടിയ്ക്കാന്‍ വന്ന 
വിരിഞ്ഞ നെഞ്ചും ഉരുക്ക് ഗാത്രവുമുള്ള 
കറുകറുത്ത രാമേട്ടനെന്ന ആനപ്പാപ്പാനോട് 
മനയ്ക്കലെ വല്ല്യമ്പ്രാട്ടിയ്ക്ക് എന്താ തോന്നിയതെന്ന് 
എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടിയിരുന്നില്ല  

ഉറച്ച ശബ്ദത്തില്‍ ഇടത്താനേ വലത്താനേന്ന് 
പാപ്പാന്‍‌ രാമേട്ടന്‍ ആനയോടാജ്ഞാപിക്കുമ്പോള്‍ 
മട്ടുപ്പാവിലെ തുറന്നിട്ട കിളിവാതിലനിരികില്‍ 
ഒട്ടൊന്നു വിടര്‍ന്ന മിഴിയാല്‍ നിര്‍ന്നിമേഷയായി  
തമ്പുരാട്ടി രാമേട്ടനെ നോക്കി നില്‍ക്കുമായിരുന്നു 

ചേങ്ങില മേളവും കത്തിയും താടിയും തേടി
നാട് ചുറ്റി രാവു വെളുപ്പിച്ച പാവം വെല്ല്യമ്പ്രാന്‍ 
നല്ല പാതിയുടെ കത്തുന്ന യൌവ്വനവും 
നിരാശയുടെ നിശ്വാസവും നെടുവീര്‍പ്പും, 
ഒരിയ്ക്കലും പുലരാ കിനാവിന്‍റെ 
കണ്ണീരു പുരണ്ട വേപഥുവും കണ്ടു കാണില്ല 

മനയ്ക്കലെ പണിക്കാരി കുളക്കടവില്‍ പറഞ്ഞത് 
ചുണ്ടും ചെവിയും കൈമാറി നാടാകെ പരന്നപ്പോള്‍
അളിയാ രാമേട്ടന്‍റെ ഒരു യോഗമെന്ന് 
ആണുങ്ങള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു
എടീ തമ്പ്രാട്ടിയുടെ ഒരു ധൈര്യമെന്ന്  
പെണ്ണുങ്ങള്‍ തമ്മില്‍ കുശു കുശുത്തു.. 

ഒരീസം കാളവേലേടന്ന്‍ പാലത്തിനു താഴെ തോട്ടില്‍
ചേറില്‍ മുഖം പൂഴ്ത്തി മരിച്ചു കിടന്നു 
ആണെന്ന വാക്കിന്‍റെ ഞങ്ങടെ നാട് കണ്ട പര്യായം
രാമേട്ടനെന്ന  ആനയെ മെരുക്കുന്ന ആണ്‍ സിംഹം ..!
  
ഷാപ്പീന്ന് വരുന്ന വഴി കാലു തെന്നിയെന്നും, അതല്ല
ആപ്പ് വെച്ചതു മറ്റാരുമല്ല വെല്ല്യമ്പ്രാനെന്നും,
കഥകള്‍ പലതുമങ്ങനെ ചരട് പൊട്ടിയ പട്ടം പോലെ 
ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആകാശം മുട്ടി.

ദേശക്കാള കാവ് കേറുമ്പോ  വന്ന പോലീസുകാര്
അളന്ന് നോക്കി എഴുതിക്കൂട്ടി പായയില്‍ പൊതിഞ്ഞ് 
രാമേട്ടനെ എങ്ങോട്ടോ കൊണ്ട് പോയി 
അന്ന് രാത്രി ഏമാന്മാര്‍ കോഴിയും ചാരായവും കൂട്ടി 
മനയ്ക്കലെ തൊടിയില്‍ ഊഴം വെച്ച് ചര്‍ദ്ധിച്ചു.. 

ഇപ്പോഴെന്തായാലും കഥകളിയരങ്ങു തേടി 
വെല്ല്യമ്പ്രാന്‍ ഊരും ഉലകവും ചുറ്റാറില്ല...
അസ്തമയം ചുവപ്പിച്ച കവിളുകളും
നക്ഷത്രം പൂത്തുലഞ്ഞ കണ്ണുകളുമായല്ലാതെ
വെല്ല്യമ്പ്രാട്ടിയിപ്പോ പുറത്തിറങ്ങാറുമില്ല... 

Tuesday 2 December 2014

ചൂണ്ടക്കാരി


ചോണോനുറുമ്പ് കടിച്ചപോല്‍ മൂക്കത്ത് 
ചോന്നൊരു പാടുള്ള പൂനിലാവേ ...
ചേലെഴും ചുണ്ടത്തെ പുഞ്ചിരിപ്പൂച്ചെടി 
ഇമ്മട്ടില്‍ പൂക്കുന്നതെങ്ങിനാടീ...?

ദര്‍ശനം കൊതിച്ചേറെ കാത്തുനിന്നോരെന്നെ
കണ്ടിട്ടും കാണാതെ ഓടിമറയുമ്പോള്‍ 

ചെറുകാറ്റില്‍ ഇളകുന്ന അളകങ്ങള്‍ കവിളത്ത് 
ചിത്രം വരയ്ക്കുന്നതെങ്ങനാടീ...?

കളി ഞാന്‍ ചൊന്നപ്പോള്‍ കെറുവിച്ചീയെന്നെ 
കനല്‍ മിഴി കനപ്പിച്ചു വിരട്ടിയോളേ 
ഈ മലര്‍ മധു മേനി നിനക്കേകാന്‍ മാത്രം 
ചെമ്പകപ്പൂമരം  നിന്‍റെയാരോ..?

നിദ്രയില്‍ വന്നെന്‍റെ മാറത്ത് മടിയാതെ 
മുഖം പൂഴ്ത്തി പുന്നാരം ചൊന്നവളേ  
അരയ്ക്കൊപ്പം നീണ്ടൊരു മുടിയിലെ പൂമണം 
മുല്ലപ്പൂ നിനക്കേകാന്‍ കാര്യമെന്തോ...?

പാടവരമ്പില്‍ നിന്‍ പാവാട തഴുകുന്ന 
പുല്‍ക്കൊടിയാകാന്‍ കൊതിയ്ക്കുമെന്നെ 
പരല്‍മീന്‍ വളര്‍ത്തുന്ന കണ്ണാലെയിങ്ങനെ  
ചൂണ്ടയില്‍ കോര്‍ക്കുന്നതെന്തിനാടീ..?.