Saturday 6 September 2014

ഓണാശംസകള്‍

   

പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

Friday 29 August 2014

എങ്കിലും തമ്പ്രാ....!


ങ്കരാ എന്തിനീ പാപം സ്വന്തം 
ചങ്ക് കലക്കുന്ന പാതകം നിന്‍റെ 
ഉടുമുണ്ട് പോലും ഉടുക്കാന്‍ 
കഴിയാതുഴലുന്ന കോലം..? 

ശങ്കരാ മറക്കണം എല്ലാം 
ദുഃഖമെല്ലാര്‍ക്കുമുണ്ടെന്നുമോര്‍ക്കണം 
സോമപാനം നടത്തുന്നതല്‍പ്പവും 
കേമമല്ലെന്നറിയണം നീയും ..

നിത്യക്കൂലിയായ് കിട്ടുന്ന നാണയം 
സ്വന്തം മക്കള്‍ക്ക്‌ കിട്ടേണ്ട അന്നം 
എന്തിനെണ്ണിക്കൊടുത്തു നീ 
അന്തി നേരത്തു ബോധം കെടുന്നു..?

തമ്പ്രാ പൊറുക്കണം മാപ്പാക്കണം 
ഇനിയില്ല ഇതുപോലെ പാനം 
ഇത്തരം ഉപദേശമല്‍പ്പം അവിടുന്ന് 
നല്‍കണം അങ്ങേടെ മോനും... 

എങ്കിലും തമ്പ്രാ മാപ്പ് 
നിര്‍ത്തി ഞാന്‍ എല്ലാം തമ്പ്രാന്‍റെ 
ചെറിയ മോനോത്തുള്ള കൂട്ടും
കള്ളുഷാപ്പിലെ ഒരുമിച്ച കുടിയും...!

Sunday 24 August 2014

പൊള്ളുന്ന നോവ്‌


റെ പ്രിയപ്പെട്ടൊരാളെ പ്രതീക്ഷിച്ചു 
രാവു വെളുക്കുവാന്‍ കാത്തിരുന്നെത്രയോ 
വരുമെന്ന ചിന്തയില്‍ പുകഞ്ഞിരിന്നെത്രയോ 
കറുത്തു വെളുത്തു മറഞ്ഞ ദിനങ്ങളില്‍ 

നിനക്കെന്‍റെ ഉള്ളം  അമ്മാനമാടുവാന്‍ 
നെഞ്ചിന്‍റെ കൂട് കുത്തിപ്പിളര്‍ക്കുവാന്‍ 
കഴിയുന്ന മനസ്സിതെങ്ങനെ തോഴാ 
കൈവന്നിതോട്ടും എനിക്കാവില്ല ഓര്‍ക്കാന്‍ 

ഏറ്റം പ്രിയങ്കരമെന്നു നിനച്ചു ഞാന്‍ 
ഊറ്റം കൊണ്ടൊരാ നാളില്‍ ഒരിക്കലും 
ഓര്‍ത്തില്ല ഉയര്‍ച്ചകള്‍ താഴ്ച്ചകളിത്രമേല്‍ 
ചേര്‍ത്തു ഞെരിക്കുമെന്‍ ജീവനെ ഒട്ടും...

അകന്നില്ല എന്നില്‍നിന്നത്രയ്ക്കുമെങ്കില്‍ 
പകയില്ല എന്നെ ദഹിപ്പിയ്ക്കാനെങ്കില്‍
മടങ്ങണം നിനക്കായി നോമ്പു നോറ്റെന്നും  
പഞ്ചാഗ്നി മദ്ധ്യേ ഉരുകുന്നെനിക്കായി ...

കളങ്കിതയല്ലൊരു ചിന്തയാല്‍ പോലും
ചഞ്ചലയല്ല ഞാന്‍ ഇന്നോളമൊട്ടും 
അറിയണം ഓര്‍ക്കാന്‍ നീ അറയ്ക്കുന്ന സത്യം 
നീ പിരിഞ്ഞേറെ പോകുകിലെപ്പോഴും 
പിറക്കുന്ന നോവെന്നെ കൊല്ലുന്നു നിത്യവും ..

Monday 18 August 2014

ഇരകളുടെ ദൈവങ്ങള്‍ , വേട്ടക്കാരുടേയും...



ന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനമെന്നത് 
നമുക്കെന്നേക്കും കര്‍ണ്ണ പിയൂഷം 
ദുഷ്ചിന്തകര്‍ക്കല്ലാതെ സമാധാനമില്ലെന്നത് 
നടപ്പ് കാഴ്ചകളുടെ രൂപഭേദങ്ങള്‍ ..

അധര്‍മ്മം ചെയ്യാതെ ധര്‍മ്മയുദ്ധം നടത്തുന്നത് 
പേടിപ്പെടുത്തുന്ന ഒരു വല്ലാത്ത തമാശയാണ്
ബലിയര്‍പ്പിക്കപ്പെടുന്നവയുടെ സ്വപ്‌നങ്ങള്‍  
ഊണ്‍മേശയിലെ അലങ്കാരങ്ങളാകുന്നത് പോലുള്ള 
ഭയത്തിന്‍റെ നിറം പിടിപ്പിച്ച ഒരു തമാശ...!

വേട്ടക്കാരന്‍ നിരാശ്രയനായ ഇരയെ കൊല്ലുമ്പോള്‍ 
ഇരകളുടെ സംരക്ഷകര്‍ ,അവരുടെ ദൈവങ്ങള്‍ ,
അവരപ്പോള്‍ എന്ത് ചെയ്യുകയായിരിക്കാം ..?
മുട്ടിയാല്‍ തുറക്കാത്ത വാതിലുകള്‍ തീര്‍ത്ത്‌ 
തുറക്കുന്നത് വരെ മുട്ടാന്‍ പറഞ്ഞവര്‍  
എന്തായിരിക്കും അപ്പോള്‍ ചെയ്യുന്നുണ്ടാവുക ?

ദൈവങ്ങളുടെ വട്ടമേശ സമ്മേളനത്തില്‍ 
ശ്വാസം നിലയ്ക്കുന്നതു പോലെ ഒരു പൊട്ടിച്ചിരി
അതിപ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ഉണ്ടെങ്കിലും ഇല്ലെങ്കിലും ...

വേദങ്ങള്‍ നാലുമഞ്ചുമാക്കി തിരിച്ച  
സാരോപദേശങ്ങളുടെ തടിച്ച പുസ്തകങ്ങള്‍ 
പാപമോചനം കാംക്ഷിച്ച് ഇരന്നു വാങ്ങിയിട്ടും 
ലജ്ജാവഹം ...നമ്മിളിപ്പോഴും ഇങ്ങനെയൊക്കെത്തന്നെ..!.

Wednesday 6 August 2014

വിട പറയും നേരം ..


തിരികെ മടങ്ങുവാന്‍ നേരമായെങ്കിലും 
പറയുവാന്‍ ബാക്കി നിന്നോടെനിക്കിന്നും
ചൊല്ലുവാന്‍ ഞാനുള്ളില്‍ നിനച്ചതെല്ലാം പക്ഷെ 
വാക്കായി പൂക്കാതെ പോയല്ലോ കഷ്ടം ..

ഇന്നിനി പുലരുവാന്‍ അത്രയില്ലാ യാമം 
ഇനിയില്ല പുറപ്പെടാനത്രയും നേരം  
എന്നിനി കാണുവാനാവുമെന്നറിയാതെ
മുടന്തണം ജീവിതത്തെരുവോരമെല്ലാം 
ഭിക്ഷ യാചിച്ചിനി എത്ര കാലം ?

ഋതുക്കളിങ്ങനെ വിരുന്നെത്തും പോകും 
മരണത്തിലേക്ക് നാം ഒരുപാടടുക്കും 
തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ 
പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?

ദൈവം ചിലര്‍ക്കായി നല്‍കുന്ന ജീവിതം 
പാരം ക്ലേശമാണിതുപോലെയെന്നും
ശേഷം സ്വര്‍ഗ്ഗം നമുക്കേകിയിട്ടെന്ത് 
കണ്ണുനീരുപ്പു ചുവയ്ക്കുന്ന രാവുകള്‍ 
നമുക്കീ ലോകത്തില്‍ ബാക്കിയല്ലേ ...?

Tuesday 22 July 2014

മറവികള്‍



ഭൂമിയും നിറദീപം തിങ്ങുമാകാശവും 
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു 
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം 
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?

ശിശിരവും പൂമണമുതിരും വസന്തവും 
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും 
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും 
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!

നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം 
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം.. 
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം 
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും 
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !

Tuesday 15 July 2014

തീരാ കടം


ന്‍റെ ചൂരും ഈ ഭാരവും പേറി  
രണ്ട് മക്കളെ പെറ്റാളാക്കി നീ 
കനം താങ്ങിയേങ്ങി തളര്‍ന്നും  
മനം തേങ്ങിയും വിങ്ങിയും നീളെ ..

വെള്ള കീറിയൊളി പരന്നിടും മുമ്പേ 
കര്‍മ്മനിരത നീയീ കുടുംബത്തിലെന്നും .
ആര് കേള്‍ക്കുന്നു നിന്നുള്ളിലെ തേങ്ങല്‍  
ആര് കാണുന്നു നിന്‍റെ ദുഃഖം സഖീ,,

വണ്ടി വലിച്ചിടും കാളകള്‍ പോലും 
കണ്ടാല്‍ തേങ്ങിടും നിന്നെയോര്‍ത്തെന്നും  
കൂലിയില്ലാത്ത ജോലി നിനക്കിതു 
അവധിയില്ലാത്ത വേല ഭൂവില്‍..

ശോകമെത്രയുണ്ടെങ്കിലും പ്രിയേ 
മുഖകമലമിതു വിടര്‍ത്താതെ നിന്നെ 
കണ്ടതില്ല ഞാനൊരു നാളുമിന്നോളം, ദുഃഖ  
മെല്ലാമൊളിപ്പിക്കും നിന്നെ ജ്വാലാമുഖീ ..

കടം കൊണ്ടവന്‍ ഞാന്‍ നിന്നില്‍ നിന്നും 
എന്ത് തന്നാലെന്നു തീരുമീ തീരാ കടം ,
ഒന്നുമില്ല നിനക്കിതല്ലാതെ നല്‍കാന്‍  
ഈ സ്പന്ദനം നിലയ്ക്കുന്ന കാലം വരെ 
നിര്‍മ്മല സ്നേഹം മാത്രം നിത്യം 
ഇടനെഞ്ചില്‍ തുടിക്കുമൊരു മാംസപിണ്ഡം... 

Thursday 10 July 2014

ഇവിടെ ഇങ്ങനെയൊക്കെയായിരുന്നു .


ഇവിടെ ഇങ്ങനെയൊന്നുമല്ല ...
ഇടവപ്പാതി മുതല്‍ തോരാത്ത മഴ പെയ്യും 
തോടായ തോടൊക്കെ കലങ്ങി മറിയും
വരാലും പരല്‍മീനുകളും സ്വയം മറന്ന്
ദൂരദിക്കിലേക്ക് ഉല്ലാസയാത്രക്കിറങ്ങും....  
  
ഇവിടെ ഇങ്ങനെയൊന്നുമല്ല....
കന്നുപൂട്ടി  കൃഷിയിറക്കി വിയര്‍പ്പാറ്റി
കര്‍ഷകര്‍ മനം നിറഞ്ഞു ചിരിക്കും 
പച്ചവിരിച്ച പാടം, ഇളം തെക്കന്‍ കാറ്റില്‍ 
കൊച്ചു തിരമാല തീര്‍ക്കാന്‍ മത്സരിക്കും...

ഇവിടെ ഇങ്ങനെയൊന്നുമല്ല...
പറമ്പിലും പാട വരമ്പിലും വസന്തം 
മുത്തുകള്‍ പോലെ പൂക്കള്‍ വിതറും ,
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പിന്നെ 
പേരറിയാത്ത കുഞ്ഞു കുഞ്ഞു പൂക്കളും 
പുലരി മഞ്ഞില്‍ കുളിച്ചീറനോടെ 
നാട്ടുവഴി നീളെ പുഷ്പതല്‍പ്പം തീര്‍ക്കും...


ഇവിടെ ഇങ്ങനെയോന്നുമല്ല.... 
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ 
കുട്ടിയും കോലും കടലാസ് പന്തുകളും
ഉയരെ പറക്കും പട്ടങ്ങളുമായി കുട്ടികള്‍ 
അന്തിനേരത്ത് ആഹ്ലാദാരവങ്ങള്‍ തീര്‍ക്കും... 

ഇവിടെ ഇങ്ങനെയൊന്നുമല്ല....
മേടമാസ രാവുകളും തീ പകലുകളും 
ചെണ്ടമേളവും ആര്‍പ്പുവിളികളാലും നിറയും 
തട്ടകത്തിലെ പൂരവും കാളവേലയും 
കണ്ണിനാനന്ദമേകുന്ന കാഴ്ചകള്‍ നിറയ്ക്കും...

എനിക്കറിയാം ...
ഇവിടെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് 
ഞാനെത്ര പറഞ്ഞാലും വിശ്വസിക്കാനാകാതെ 
കിഴവന്‍റെ ഒടുക്കത്തെ സ്വപ്നങ്ങളെന്ന്  
നീയിപ്പോള്‍ മനസ്സിലോര്‍ത്ത് പരിഹസിക്കും...!

Friday 4 July 2014

വിലക്കുകള്‍


ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ 
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്‌ 
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ 
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..

മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത്‌ നല്‍കിയ 

നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..  
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച് 
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!

ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത 

വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട് 
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ 
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...! 

നമ്മളെ  ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ 

ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍ 
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍ 
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത. 

ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍  

എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍  
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍  
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?

Tuesday 1 July 2014

നമ്മുടെ ലോകം


ണ്ട് നിന്നിളം ചുണ്ടിലെ മധു 
കണ്ടു വണ്ട്‌ പോല്‍ ചുറ്റിയില്ലയോ 
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ 
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ.. 

വെള്ളിനാരുകള്‍ പോലെ നിന്‍ മുടി 
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ്‌ കവിളുകള്‍ ,ഇന്നു 
വാടിവീണോരാ പൂവ് പോലെ നീ... 

എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍ 
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു 
ലോകമേയുള്ളൂ എന്നിലെപ്പൊഴും...