Sunday 19 January 2014

ഓര്‍മ്മത്തെറ്റ്


സഖീ ..
പ്രണയിക്കാതിരിക്കാമായിരുന്നു 
പക്ഷെ കഴിഞ്ഞില്ല  ..
ചിലപ്പോഴെങ്കിലും 
നാം മാത്രം വരയ്ക്കുന്നചിത്രങ്ങളല്ല
നമ്മുടെ ജീവിതം 
മറ്റാരുടെയോ ചായക്കൂട്ടുകള്‍ക്ക് 
പടരാന്‍ കൂടിയുള്ളതാണ്..

നിറക്കൂട്ടുകള്‍ തട്ടിമറിച്ച് 
വസന്തം പടിയിറങ്ങിയിട്ടും 
ഓര്‍മ്മയിലിപ്പോഴും അന്നു നാം കണ്ട 
വര്‍ണ്ണസ്വപ്‌നങ്ങള്‍ പൂത്തു നില്‍ക്കുന്നു .  

കണ്ണീരു  നിറച്ചും കരള്‍ പുകച്ചും 
കഴിഞ്ഞു പോയ കാലം 
ഇന്നും നെഞ്ചു നീറ്റുന്നതറിയാന്‍ 
എനിക്കൊപ്പം ഈ കട്ടിക്കണ്ണടയും 
പിന്നെയീ ചാരുകസേരയും മാത്രം ..

Monday 6 January 2014

ഒരു മാത്രയെങ്കിലും ...!

ഇതിലേ നീ വരും നേരവും നോക്കി ഞാന്‍  
ഇന്ദീവരച്ചോട്ടില്‍  കാത്തു നിന്നു 
ഒന്നുമുരിയാടാതൊരു മാത്ര നോക്കാതെ 
ഓടി മറഞ്ഞു അളിവേണി നീ ..

അറിയുമോ നിനക്കായി കാത്തിരുന്നെത്ര ഞാന്‍ 
വസന്തവും ശിശിരവും അറിയാതീ വസുധയില്‍
വെറുതെയെങ്കിലും എന്തിനീ വൈരം  
വറുതിയെന്തിത്രയേകിടാന്‍  സ്നേഹം ..?

ചപല മോഹങ്ങളല്ലിതെന്‍  അംഗനേ 
പകരമേകിടാം ജീവിതം മുഴുവനും
എരിയും ഹൃത്തടം അണയുവാനിനി  
തരികയില്ലേ നിന്‍ സൂന മാനസം ..?

കാത്തു നിന്നിടും നാളെയും സഖീ  
പൂത്തുലഞ്ഞിടും ഈ മരച്ചോട്ടില്‍ 
ചേര്‍ത്തു വെക്കുവാന്‍ നിന്‍റെ ഹൃത്തടം   
ഒരു മാത്രയെങ്കിലും എന്‍റെ  ജീവനില്‍....

Tuesday 31 December 2013

നേരുന്നു തോഴാ....

പഥികന്‍ ഞാന്‍ ജീവിതക്കടല്‍ താണ്ടാനിപ്പോഴും  
പൊട്ടിപ്പൊളിഞ്ഞൊരു തുഴ മാത്രമുള്ലോന്‍
നിനക്കായി നല്‍കാന്‍ എനിക്കില്ലയൊന്നും  
കനമുള്ള കീശയോ പുലരുന്ന വാക്കോ 

നല്‍കാം ചങ്കിലെ ചൂടുള്ള ചോരയും 
നിറമുള്ള സ്വപ്നവും പ്രാര്‍ത്ഥനയും  
അല്ലാതൊന്നില്ല നിനക്കായെന്‍ കയ്യില്‍
മനം നിറഞ്ഞേകാന്‍ എനിക്ക് തോഴാ ...

പൂക്കട്ടെ തളിര്‍ക്കട്ടെ ജീവിതപ്പൂമരം 
പുലരട്ടെ നീ കണ്ട സ്വപ്നങ്ങളൊക്കെയും, 
നേരുന്നു നിനക്കായെന്‍ കൂട്ടുകാരാ 
നേരുള്ള കാഴ്ചയും നെറിയുള്ള ചിന്തയും 
നന്മകള്‍ പുലരുന്ന പുതുവര്‍ഷവും ...

Tuesday 24 December 2013

പരേതരുടെ പതിറ്റടി പൂക്കള്‍


മാനമിരുണ്ടു തുടങ്ങുമ്പോള്‍ 
ശവക്കോട്ടക്കടുത്തുള്ള കലുങ്കില്‍ 
മരിച്ചു മണ്ണായ മനസ്സുകള്‍ 
കഥപറയാനൊത്തുകൂടും...

പകയുടെയും പ്രതികാരത്തിന്‍റെയും
പ്രണയത്തിന്‍റെയും  കഥകളപ്പോള്‍ 
പതിറ്റടി ചെടി പോലെ അവിടെ പൂത്തുലയും. 

നഷ്ട്ടപ്പെട്ടതും വെട്ടിപ്പിടിച്ചതും 
ഇല്ലാത്ത നാളേക്ക് വേണ്ടി സമ്പാദിച്ച 
വല്ലാത്ത പോഴത്തരമോര്‍ത്ത് 
കുലുങ്ങി കുലുങ്ങിച്ചിരിക്കും. 

പശ്ചാത്താപത്തിന്‍റെ മേലങ്കിയണിഞ്ഞ്  
പിഴവുകള്‍ക്ക് മാപ്പിരക്കാന്‍ ചിലര്‍ 
പുതിയൊരു ജന്മത്തിനു കൊതിക്കും. 

നഷ്ട്ടപ്പെട്ട പ്രണയമോര്‍ത്ത് പുഞ്ചിരിക്കും.
നെടുവീര്‍പ്പോടെ, മരിക്കാത്ത പാതികള്‍ക്ക് 
നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കും .

ഉറപ്പില്ലാത്ത പുതുജന്മത്തിന്‍റെ പാതയില്‍ 
വീണ്ടും പിച്ചവെക്കാന്‍ മോഹിക്കും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ലെന്നറിഞ്ഞും  
ഉടഞ്ഞ കഷ്ണങ്ങളെ വാരിപ്പുണരും. 

കിഴക്ക് തുടുക്കും വരെ കൂടിയിരുന്ന് 
കഥകള്‍ പലതും കൈമാറും 
പിന്നെയൊരു വാവുബലി കാത്ത് 
നിശ്വാസത്തോടെ കല്ലറയിലേക്ക് മടങ്ങും ....

Tuesday 17 December 2013

നീ വിണ്ണിറങ്ങുക,,,,!


ഉറങ്ങുമ്പോഴും സ്വന്തം കുലത്തിനു നേരെ 
തുറന്നുവെച്ച രണ്ടു കണ്ണുകളുണ്ടായി  നിനക്ക്...
കലികാലം മുടിയഴിച്ചാടും നരകത്തില്‍ 
കനിവിന്‍റെ ശോഭയുള്ള കൈത്തിരിനാളം
ഉലയാതെ കാക്കാന്‍ കരുത്തുണ്ടായി...

ഓട്ടപ്പാത്രത്തില്‍ അരവയര്‍ നിറക്കുന്നവരെ 
വട്ടം കറക്കുന്ന ഭരണാധികാരികള്‍ക്ക് 
തിട്ടൂരമേകാന്‍ മാത്രം ചങ്കുറപ്പുണ്ടായി നിനക്ക്....  

പാവങ്ങള്‍ക്ക് മുന്‍പേ ഇടറാതെ  നടക്കുവാന്‍ 
വിറക്കാത്ത കാലുകളുണ്ടായി നിനക്ക് .. 
കദനമേറി കണ്ണിലിരുട്ട്‌ കയറിയ സാധുക്കളെ   
പതറാതെ നയിക്കാന്‍ ഗരുഡന്‍റെ കാഴ്ചയുണ്ടായി..

ദൈവത്തിനും മുകളില്‍ വിധിക്കാന്‍ കഴിവുള്ളവര്‍  
ദയാവധത്തിന് വിധിച്ചവരുടെ  ഹൃദയമിടിപ്പ്‌  
പെരുമ്പറ കണക്കെ മുഴങ്ങിക്കേള്‍ക്കാന്‍ 
കരുത്തുള്ള കാതുകളുണ്ടായി ..

ഭീരുത്വത്തേക്കാള്‍ നല്ലത് മരണമേന്നോതി 
തണുത്ത ഞങ്ങളുടെ രക്തം തിളപ്പിച്ച നീ 
ഒരു വട്ടം കൂടി പുനര്‍ജ്ജനിക്കുക.... 
ബൊളീവിയിലെ കാടന്മാരുടെ പിന്‍ തലമുറക്കായി
വാരിക്കുഴി തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയേകുക...  


 സത്യം , നിനക്ക് വേണ്ടി കഴുമരം പണിതവര്‍ 
നിരാശരാകുന്ന ഒരു കാലം വരാനുണ്ട് 
ശിരസ്സ്‌ ചിതറുന്ന വേതാള ചോദ്യങ്ങള്‍ക്ക് 
കറപറ്റാത്ത ഉത്തരം നല്‍കി സുഹൃത്തേ 
നീ വിണ്ണിറങ്ങുക  ,പടനയിക്കാന്‍  പിന്നെ 
നീ ഞങ്ങള്‍ക്കൊപ്പം തലയെടുപ്പോടെ നില്‍ക്കുക ...

Tuesday 3 December 2013

ഞാന്‍ നിന്നോട് പറയാതെ പോയത് ..

മൌനം കൊറിച്ചിങ്ങനെ നിന്നെ നോക്കിയിരുന്നാല്‍
ഒന്നും പറയാതെ ഈ സന്ധ്യയും കടന്നു പോകും 
നിനക്കറിയാമെങ്കിലും ഞാന്‍ പറയാതെ പൂര്‍ണ്ണമാകാത്ത
നനുത്ത നോവിന്നും വാക്കായ് പൂക്കാതെ പോകും  

പറയാനാവാതെ തീ വിഴുങ്ങി വിയര്‍ത്തും
ഹൃദയ മിടിപ്പേറി പരവശരായും   
പലതവണയീ തീരത്ത് അര്‍ത്ഥശൂന്യമാം വാക്കുകള്‍ ചവച്ച് 
ചിരപരിചിതരെങ്കിലും എത്രവട്ടം അപരിചിതരായി നാം? 

കിനാവുകളില്‍ പൂമുല്ലക്കാടുകള്‍ പൂത്തിറങ്ങിയും
ഏകാന്ത ചിന്തകളില്‍ നിന്‍ പൂമുഖം നിറഞ്ഞും
എന്നും നിനക്കൊപ്പമൊരു ജീവിതം കിനാ കണ്ടും 
എനിക്കുറക്കം നഷ്ട്ടപെട്ട് നാളുകളേറെയായിരിക്കുന്നു 

നിറുത്താതെ മൊഴിഞ്ഞിരുന്ന നീയുമിപ്പോള്‍ 
പാടാന്‍ മറന്ന പൈങ്കിളിപോല്‍ മൂകയാകുന്നു 
വാക്കുകളുടെ കടല് തേടി യാത്രയാകാന്‍ മറന്ന്
ഒഴുക്ക് നിലച്ച പുഴയായിരിക്കുന്നു നീയും ...

ഞാനൊന്ന് വിളിക്കുകില്‍ ഏതു നരകത്തിലേക്കും  
എനിക്കൊപ്പം മടിയാതെ യാത്രപോരാന്‍ മാത്രം 
നിനക്കെന്നോടിഷ്ടമാണെന്നറിഞ്ഞിട്ടും ഇപ്പോഴും 
ഒന്നും പറയാനാവാതെ തൊണ്ടയില്‍ കുരുങ്ങി   
ആ ഒറ്റ വാക്കെന്‍റെ കുരല് നീറ്റുന്നു ...

കനല് തിന്നു ഞാന്‍ നീറി ഇല്ലാതാവും മുന്‍പ് 
മര്‍ദ്ധമേറി ഞരമ്പുകള്‍ പൂത്തിരി കത്തും മുന്‍പ്  
ഇന്നെങ്കിലും എനിക്കത് നിന്നോട് പറഞ്ഞേ മതിയാകൂ ,
പ്രിയേ ..എനിക്ക്........ എനിക്ക് നിന്നെ ഇഷ്ടമാണ് .... 

Saturday 30 November 2013

മരണ ശിക്ഷ


ഞാനുമ്മറത്തിരുന്ന് നിശ്ശബ്ദം 
ചെറുമഴയുടെ നനുത്ത താളത്തിനൊപ്പം
നനയാതെ നനയുമ്പോഴായിരിക്കണം
അകത്തെ ഈര്‍പ്പം മൂടിയ ഇരുട്ട് മുറിയില്‍ 
നീ പിടഞ്ഞ് തീര്‍ന്നത് ...

കണ്ണ് തുറന്നിരുന്ന് സ്വപ്നം കാണുന്ന 
എനിക്ക് മുമ്പിലൂടെയായിരിക്കണം
ഉമ്മറപ്പടിയും കടന്ന് മരണം 
പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് 
പതിയെ ഒച്ചയനക്കമില്ലാതെ കയറിപ്പോയത് ...  
   
മരണത്തിനു മുമ്പുള്ള പരുക്കന്‍ ശൂന്യതയില്‍ 
നീ നിശബ്ദം നിലവിളിച്ചിരിക്കണം
നിശ്വാസം നിലയ്ക്കുമ്പോള്‍ വലിഞ്ഞു പൊട്ടുന്ന 
ശ്വാസകോശത്തിന്‍റെ നീറ്റലകറ്റാന്‍ 
ഉച്ച്വാസവായുവിന് വേണ്ടി നീ ദാഹിച്ചിരിക്കണം 

ഹൃത്തടം പൊട്ടിയകലുന്ന നോവാറ്റാന്‍ 
നെഞ്ചകം ഞാനൊന്ന് തലോടുമെന്ന് 
വെറുതെയെങ്കിലും നീ മോഹിച്ചിരിക്കണം
വരണ്ടുണങ്ങുന്ന തൊണ്ട നനയ്ക്കാന്‍ 
ഒരു തുള്ളി വെള്ളത്തിന് കൊതിച്ചിരിക്കണം.

മരണത്തിനൊപ്പം പടിയിറങ്ങുമ്പോള്‍ 
നീയെന്നെ അലിവോടെ നോക്കിയിരിക്കണം
മരിച്ചവരുടെ ഭാഷയില്‍ പതിയെ 
യാത്രാമൊഴിയെന്നോട് ചൊല്ലിയിരിക്കണം

ഒരു ചുമരിനിപ്പുറം ഞാനുണ്ടായിട്ടും 
ഒന്നും പറയാതെ നീ പടിയിറങ്ങുമ്പോള്‍  
ഒട്ടുമേ ഞാനതറിയാതെ പോയത്
ഉടയോന്‍ എന്നോട് കാണിച്ച സ്നേഹമോ 
അടിയാന്‍ ഞാനിത് അര്‍ഹിച്ച ശിക്ഷയോ....

Sunday 24 November 2013

ഓര്‍മ്മകളുടെ നിലവറ


നിലാവസ്തമിക്കും , കിഴക്കന്‍മല ചുവക്കും
നീളം കൂടിയ നിഴലുകള്‍ കുറുകി ചെറുതായി
നീണ്ടു നിവര്‍ന്ന് മരിക്കാന്‍ കിടക്കും
നിനക്കൊപ്പമുള്ള ഓര്‍മ്മകളുടെ താഴിട്ടു പൂട്ടിയ
നിലവറ ഞാനപ്പോള്‍ തുറന്നു വെക്കും . 

ഭൂമിക്കും അകാശത്തിനുമിടയില്‍ ഒറ്റക്കാകുമ്പോള്‍  
ഇതിപ്പോഴെനിക്കെന്നും ഒരു പതിവാണ് 
കൂട്ടിനാരും ഇല്ലാതാകുമ്പോഴാണല്ലോ 
സങ്കടങ്ങള്‍ പടകൂട്ടി പറന്നെത്തുന്നത് ..

തിരിച്ചെടുക്കാനാവാതെ ജീവിതത്തില്‍ പലതും
തീരാ ദുഖമായി മാറുമ്പോള്‍ മാത്രം 
പിറവിയെടുക്കുന്ന തിരിച്ചറിവുകളില്‍ നിന്നാണ് 
നമ്മളെപ്പോഴും പച്ചയായ ജീവിതം പഠിക്കുന്നത്‌.. 

ആരോടുംപറയാത്ത ചില മൌന ദുഃഖങ്ങള്‍ 
മനസ്സിങ്ങനെ ഒരു ഉല പോലെ നീറ്റി നീറ്റി  
ഓര്‍മ്മ മറയാത്ത കാലത്തോളമിതുപോലെ
വെന്തു കനലാറാതെ കിടക്കും 

പണ്ട്... 
വീതം വെച്ചപ്പോള്‍ കുറഞ്ഞു പോയതിന് 
വിഹിതമായി കിട്ടിയ മഞ്ചാടിമണികള്‍ 
വിതുമ്പലോടെ വലിച്ചെറിഞ്ഞ് മുഖംകറുപ്പിച്ചവള്‍ 
മനസ്സിലൊരു നീറ്റലാകുന്നത് എനിക്കങ്ങനെയാണ്..

Monday 11 November 2013

സ്വര്‍ഗ്ഗയാത്രികര്‍

യാത്ര സ്വര്‍ഗ്ഗത്തിലേക്കാണ്.....
ആണ്ടറുതികളിലെക്കുള്ള വഴിയ്ക്കിരുവശവും
മോഹങ്ങളുടെ പൂക്കാമരങ്ങള്‍ നട്ടുനനച്ച്
സ്വപ്നം കണ്ട സ്വര്‍ഗ്ഗത്തിലേക്ക് ..

ജീവിതമോഹങ്ങള്‍ക്ക് മുകളില്‍ അടയിരിക്കും
വിധി, നിഴലുകള്‍ പോലെയാണ്
ആകാരത്തില്‍  ഏറിയും കുറഞ്ഞും എന്നും
വെളിച്ചത്തിനെതിരാകുന്നു അവ...

ഇന്നലെ പെയ്ത മഴയ്ക്ക് പിറന്നു വീണും
ഇന്നിന്‍റെ  വെളിച്ചത്തില്‍ പറന്നകന്നും
നാളെയുടെ പ്രഭാതത്തില്‍ മരിച്ചു വീണും
വീണ്ടുമൊരു പിറവിക്കായി കച്ചകെട്ടുന്നു
ഈയാംപാറ്റകളാകുന്ന മോഹങ്ങള്‍..

അറിഞ്ഞു കൊണ്ട് എരിഞ്ഞേ തീരുന്ന
മെഴുകുതിരി വെളിച്ചത്തിലെ ഈ നിഴല്‍ നാടകം
നൂറ്റൊന്നാവര്‍ത്തിച്ചു കുറുക്കിയെടുക്കുന്നു
മരുക്കാറ്റിലുലഞ്ഞുണങ്ങുന്ന ജീവിതങ്ങള്‍....

കത്തിത്തീരുന്നതിനു മുമ്പ് കറുത്ത പുക ശേഷിപ്പിച്ചു
കാലമെത്താതെ കെട്ട് പോയേക്കാം ..
കൂരിരുട്ടകറ്റാനാവാതെ മുനിഞ്ഞു കത്തി
കരുണയറിയാത്ത വിധിയുടെ കൊമ്പല്ലില്‍
കുരുങ്ങി പിടഞ്ഞ് തീര്‍ന്നേക്കാം..
എന്നിരുന്നാലും ,
സ്വര്‍ഗ്ഗത്തിലേക്കുള്ള മോഹയാത്രകള്‍
എന്നുമെപ്പോഴും ഇവര്‍ക്കുമാത്രം സ്വന്തം ..!  

Monday 4 November 2013

അതേ ഒറ്റവാക്ക്.....


ഇഷ്ട്ടമാണെന്നെ ഒറ്റവാക്ക് കൊണ്ട് കുത്തിനോക്കി 
ഇടക്കെപ്പോഴോ നീയെന്‍റെ മനമളന്നു
തുഴ മുറിഞ്ഞൊരു തോണി യാത്രയുടെ പകുതിയില്‍ 
തീരമണയാനുള്ള ജീവന്‍റെ അടങ്ങാത്ത വ്യഗ്രതയില്‍ 
നീ എനിക്ക് നീട്ടിയ കച്ചിത്തുരുമ്പ്....

നിമിഷാര്‍ദ്ധം കൊണ്ട് മറന്നൊരു ഫലിത കഥ പോലെ 

ദയയേതുമില്ലാതെ നീയിന്നത് തിരിച്ചെടുക്കുമ്പോള്‍ 
കരയാനാവാതെ കണ്ണീരൊളിപ്പിക്കേണ്ടി വന്നത് 
ചെയ്തു കൂട്ടിയ പാപകര്‍മങ്ങളുടെ പ്രതിഫലം ..

ആശകള്‍ക്കൊരു അതിരുണ്ടാകേണ്ടതായിരുന്നു

അഭിനിവേശത്തിന്‍റെ മായക്കാഴ്ചയില്‍
 കൈമോശം വന്ന ആഗ്രഹങ്ങള്‍ 
തിരിച്ചു കിട്ടാനാവാത്ത വിധം 
അടയാളങ്ങളായി ജീര്‍ണ്ണിച്ചു തീര്‍ന്നിരിക്കുന്നു. 

തീക്കൂനകള്‍ക്കിടയിലെക്കെന്നെ തള്ളിയിട്ടു നീ

തിരശ്ശീലയ്ക്കു പിറകില്‍ മറ്റൊരാളുടെ മനമളക്കുകയാണ് 
എനിക്കെപ്പോഴോ കാച്ചിത്തുരുമ്പായ അതേ വാക്കുകൊണ്ട് 
ഇഷ്ടമാണെന്ന ഒറ്റവാക്ക് കൊണ്ട് ....