Thursday 18 July 2013

എങ്കിലും എന്‍റെ വനജേ...

നാം തമ്മില്‍ പിരിഞ്ഞ ശേഷം നിന്നെക്കുറിച്ചോര്‍ത്ത് 
എനിക്കിപ്പോഴും ചിരി വരാറുണ്ട് .

മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍ 
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..

സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത് 
നീയിപ്പോള്‍ എന്നേ മറന്നിരിക്കും. 

നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഇന്നാ തിളക്കമില്ല 
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍ 
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്.... 

ഒരിക്കലും മറക്കാത്ത ആകാര വടിവ്   
കരിവണ്ടിന്‍ നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്‍മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ 
ഒന്നും ഒരല്‍പം പോലും വിശ്വസിക്കാനാവുന്നില്ല 

അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം 
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ 
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും 
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള 
കാന്തം പോലുള്ള കണ്ണുകളും മസിലുകളും 
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്‌...

പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട് 
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും 
എന്‍റെ വിഡ്ഢിത്തരമോര്‍ത്ത്....... 

Sunday 14 July 2013

പ്രിയതമക്ക് ..

പ്രിയേ ... 
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും 
കരഞ്ഞു തളരേണ്ടി വരില്ല, 
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം  
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്‍റെ മണിക്കൂറും മാത്രകളും 
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം 
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്‍........, .

അകലങ്ങളിലിരുന്ന് നിന്‍റെ ശബ്ദവീചികളില്‍  
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍, 
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ 
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ .. 

നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി 
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍ 
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...

ഒരു സന്തോഷത്തിന്‍റെ വെയില്‍ നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന 
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി 
കനവുകള്‍ക്കു ജീവന്‍ കൊടുത്തവള്‍ ... 

കത്തിച്ചാരമാകാന്‍   ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്‍റെ പാവനമായ കാല്‍പാദങ്ങളിലാവണം 
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത് 
മരിക്കും വരെ നിന്നോടോപ്പവും .. .

തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍ 
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍ 
വേണം ഒരാശ്രയവും അത്താണിയുമായി 
എന്നും നീ എനിക്കൊപ്പം..... 

Sunday 7 July 2013

പ്രണയിനി

തിരഞ്ഞു നീയോരോ വരയിലും  ചെറു വരിയിലും 
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും 
വിരിയും മലരിലും  നറു മൊഴിയിലും 
തിര പുണരുമോരോ  കടല്‍ക്കരയിലും ..

നഭസ്സിലലയും മുകിലിലും,മഴവില്ലിലും 
ജലധി നിറയും അലയിലും ,പാല്‍ നുരയിലും 
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും, 
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...

തേടാന്‍ മറന്നു നീ നിന്‍ ഉള്ളിന്‍റെ ഉള്ളില്‍ 
തിരയാന്‍ മറന്നു നിന്‍ ഹൃത്തടം തന്നില്‍ 
തേടുകില്‍ നിന്‍ കണ്ണില്‍ തെളിഞ്ഞിരുന്നേനെ 
വിരഹത്തില്‍ ഉരുകും നിന്‍ ഹൃത്തിലായ് വേരാഴ്ത്തി 
വളരുമോരോ മധുര നോവായ്‌ തരള ചിന്തയായ് 
പൂത്തുലഞ്ഞിടും നിന്‍റെ മാത്രമീ പ്രണയിനി ..

Monday 1 July 2013

ദുഖഭാരം

നിന്നെയും പെറ്റൊരമ്മ തന്നെ 
എന്നെയും പെറ്റതീ മണ്ണില്‍ 
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ 
എന്നെയും പോറ്റുന്നു മണ്ണില്‍  

എന്നിട്ടുമെന്തേ എനിക്ക് മാത്രം 
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി 
നിനക്കൊത്ത ചന്തവും സുഗന്ധവും 
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..

പാടിപ്പുകഴ്ത്തിയെത്ര പേര്‍ നിന്നെ 
വാടിക്കലങ്കാരമാണെന്നു ചൊല്ലി 
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്‍റെ ഗാത്രം.. 

പരിപൂര്‍ണ്ണ പൂജ്യര്‍ തന്‍ പാദങ്ങളില്‍  
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ 
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്‍ 
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല 

ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന്‍ വിധി,  
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി 
ഊഴിയില്‍ ഇവ്വിധം ഏകമായി... 

Monday 17 June 2013

വരുമൊരു കാലം.....

വരുമൊരു കാലം ഈ  പഴഞ്ചൊല്ലൊക്കെയും 
കതിരായി വിളയുന്ന കാലം , നമ്മള്‍
പലവര്‍ണ്ണ പൂക്കള്‍ വിടരും പൂവാടിയായ്  
പൂത്തുലഞ്ഞാടുന്ന കാലം,
മനുഷ്യരൊന്നെന്നു  ചൊല്ലുന്ന കാലം ..

ഒറ്റ രക്തത്തില്‍ പിറന്നൊരു പെണ്ണിനെ 
പെങ്ങളായ് കരുതുന്ന കാലം , പിന്നെ 
ഒട്ടും കൂസാത്ത പോരിന്‍റെ വീറിനെ 
ഒറ്റിക്കൊടുക്കാത്ത കാലം 
ഒറ്റ വെട്ടാലൊതുക്കാത്ത കാലം ..

ഒമാലെന്നോതി വളര്‍ത്തിയോരമ്മയെ 
ഒമനിച്ചേറെ വളര്‍ത്തിയ താതനെ  
ഒറ്റപ്പെടുത്താത്ത കാലം , ഹൃത്തോട് 
ഒട്ടിച്ചു വെക്കുന്ന കാലം ...

വരുമൊരു കാലം ഈ സ്വപ്നങ്ങളൊക്കെയും 
നേരായി പുലരുന്ന കാലം ,
നോവിന്‍റെ ലോകത്തില്‍ അലിവായി വിളയും
നേരിന്‍റെ നേര്‍വഴിക്കാലം.....  

Tuesday 11 June 2013

പുതുജീവന്‍

         
അന്ധകാരത്തില്‍ മുങ്ങിയ തെരുവുകളില്‍ 
അപമൃത്യു പെയ്തിറങ്ങുന്ന നടവഴികളില്‍ 
ആര്‍ക്കുമാരെയും കഴുത്തറുത്തു കൊല്ലാനുള്ള 
വിധിപത്രവുമായി കാത്തു നില്‍ക്കുന്നവര്‍   
കളഞ്ഞതെന്‍റെ കാഴ്ചയാണ് ...

പാതി രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ 
പകല് തെളിയാത്ത കൊടുംകാടുകളില്‍ 
പാവങ്ങളുടെ രക്തം തിളപ്പിക്കാന്‍ 
പാപികളൊരുക്കിയ വിഷ വാക്കുകള്‍  
കെടുത്തിക്കളഞ്ഞത് എന്‍റെ കേള്‍വിയാണ് ... 

പക മാത്രം മുളക്കുന്ന ചതുപ്പുകളില്‍ 
പ്രാണന് വിലയില്ലാത്ത പടനിലങ്ങളില്‍ 
പതിര് മാത്രം വാരി വിതച്ചവര്‍ 
പറഞ്ഞു ചതിച്ചവരുടെ ദീനരോദനങ്ങള്‍ 
മുറിച്ചെടുത്തത് എന്‍റെ ഹൃത്തടമാണ്  .

പ്രതീക്ഷയോടൊരു പുതുജീവന്‍ മോഹിച്ച് 
ഞാന്‍ മരിക്കുന്നതിനു മുന്‍പ് 
ഇനി പിറക്കാനിരിക്കുന്നവരാരോ 
ചുമന്നെത്തിക്കുന്ന മൃതസഞ്ജീവനിയിലാണ്
ഇനിയെനിക്കുള്ള പ്രതീക്ഷയത്രയും.....

Friday 24 May 2013

ഉണ്ണീ നിനക്കായ്‌ ...



                 
ഉണ്ണീ എനിക്ക് നീ കുഞ്ഞായിരുന്നപ്പോള്‍ 
കണ്ടിരുന്നെത്ര കിനാക്കള്‍ നിന്നില്‍ 
കണ്ണ് നിറഞ്ഞു വളര്‍ന്നു വലുതാകാന്‍ 
കാത്തിരുന്നെത്ര കൊല്ലങ്ങള്‍ ഞാന്‍..

അച്ഛന്‍ പിരിഞ്ഞു നിന്‍ പിറവിക്കു മുന്‍പേ 
കൊച്ചു പ്രായത്തില്‍ തനിച്ചാക്കിയെന്നെ 
ആരും തുണച്ചില്ല അമ്മയാമെന്നെ 
അടര്‍ക്കള നടുവില്‍ ഉപേക്ഷിച്ചുവെന്നെ. 

നഷ്ടമെന്തോക്കെയാണെങ്കിലും ശരി
കഷ്ടമൊക്കെ സഹിച്ചു ഞാനെന്നും 
കണ്ണിന്‍റെ മണിപോലെ കരുതിയെന്നും
ഉണ്ണീ നിനക്കായി ത്യജിച്ചെന്‍റെ ജീവന്‍...................

ഇന്നു തളര്‍ന്നു കിടക്കുമ്പോളല്‍പ്പം 
കരുണ നനക്കുവാനില്ലയെന്‍ ചുണ്ടില്‍ 
ഇത്ര തിരക്കോ നിനക്കെന്‍റെയുണ്ണീ
എനിക്കിത്ര മതിയെന്നു നിനച്ചുവോ നീയും .

ജീവന്‍ ത്യജിച്ചും വളര്‍ത്തുന്നമ്മതന്‍ 
ജന്മ കര്‍ത്തവ്യമെന്നാകിലും 
ചൊല്ലി യാചിക്കാനില്ല ഞാനുണ്ണീ  
കരുണ തോന്നുവാനെന്മേലെയൊട്ടും. 

ആകാശം മുട്ടാന്‍ കൊതിച്ചു പറക്കും നീ 
നോക്കണം താഴെക്കൊരല്‍പ്പമെന്നുണ്ണീ 
ചിറകു തളരുന്ന നാളില്‍ നിനക്കൊന്നു 
വിശ്രമിച്ചീടാനൊരു മരക്കൊമ്പ് കാണുവാന്‍ ..

Saturday 18 May 2013

വിട സഖീ ...


നിലം പരിശാക്കപ്പെട്ട നമ്മുടെ ജീവിതത്തില്‍ 
നിറമുള്ള സ്വപ്‌നങ്ങള്‍ നമുക്കന്യമാണ് . 
ഇന്നോ നാളെയെ വരാനുള്ള  നല്ലകാലം 
ഇനിയൊരിക്കലും വരാതെ നീളുമ്പോഴും 
ഇവിടെയുരുകുന്ന പ്രതീക്ഷയുടെ തുരുത്തില്‍ 
ഇടറിയും പതറിയും നാം കണ്ട സ്വപ്നങ്ങള്‍ക്ക് 
തീര്‍ത്താല്‍ തീരാത്ത കടപ്പാട് ..

വേനല്‍ ചൂടില്‍ വിയര്‍ക്കുന്ന രാത്രികളില്‍ 
വേവലാതിയോടെ വെന്തുരുകുമ്പോള്‍ 
തണുത്തൊരു വേനല്‍ക്കാറ്റ് കിനാകണ്ട്‌ 
തിരുത്താനാവാതെ നമ്മള്‍ ഇവിടെയിങ്ങനെ...

വിശന്നു പൊരിഞ്ഞ് കരയുമ്പോഴാണ്‌ 
വിലക്കപ്പെട്ട കനികള്‍ പശിയടക്കാനേകി
സാത്താന്‍ നമ്മോട് കരുണ കാണിക്കുന്നത്....
പ്രലോഭനത്തിന്‍റെ  കനികളെ പ്രധിരോധിക്കാന്‍ 
അതിജീവിനത്തിന്‍റെ  മൃതസഞ്ജീവനി നഷ്ട്ടപ്പെത് 
തിരിച്ചറിയാന്‍ വൈകിപ്പോയതായിരിക്കും 
ഒരു പക്ഷെ നമുക്ക് പറ്റിപ്പോയ തെറ്റ് ....

ഒരിക്കല്‍ പ്രിയപ്പെട്ടവളായിരുന്നത് കൊണ്ട്
ഒരു വേനല്‍ മഴ തേടിയുള്ള നിന്‍റെ പ്രയാണത്തെ 
തിരിച്ചറിഞ്ഞിട്ടും ഞാനൊട്ടും തടയുന്നതേയില്ല 
നിനക്കെന്നും നല്ലത് വരുത്താനുള്ള പ്രാര്‍ത്ഥനയോടെ  
വിട സഖീ ...