Friday 31 August 2012

മരണനേരം


മരം വെട്ടി മല ചുട്ടു,
മഴ വറ്റി പുഴയൊട്ടി
കുടിവെള്ളം മുട്ടി ,
ഗതികെട്ട നമ്മളെ
കുഴിവെട്ടി മൂടാന്‍ സമയമെത്തി .

ദയ വറ്റി ,കലി മുറ്റി
പട കൂട്ടി ,തലവെട്ടി
പിടിവിട്ട നമ്മളെ
ചുടുകാട്ടിലടക്കാന്‍ നേരമെത്തി.

Wednesday 29 August 2012

നിള

നിള.....
വരള്‍ച്ചയുടെ തേങ്ങലുകള്‍
കരളില്‍ സൂക്ഷിച്ച്
ഇടവവും കര്‍ക്കിടകവും പെയ്തു തീര്‍ന്നിട്ടും
ഇനിയുമൊരു പേമാരിക്കായി
വെറുതെ കാത്തിരിപ്പവള്‍....

നിറ വര്‍ഷത്തിലെങ്കിലും
ഉന്മാദത്താല്‍ കലങ്ങിമറിയാന്‍
ഒരിക്കലെങ്കിലും കഴിയുമെന്നോര്‍ത്ത്
പ്രതീക്ഷയോടെ നോമ്പ് നോറ്റിരപ്പവള്‍.....

മെലിഞ്ഞുണങ്ങി മരിക്കുമ്പോഴും
തന്‍റെ നെഞ്ചു ചുരണ്ടിയെടുക്കുന്നവരെ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ
മൂകം വിലപിക്കുന്നവള്‍.....

ഞാറ്റുവേലകളെ  പിഴുതെറിഞ്ഞ്
ൠതു ഭേദങ്ങള്‍ നില മറന്നാടിയിട്ടും
പശ്ചാത്തപിക്കാത്ത മനുഷ്യകുലത്തിന്‌
നിളേ........നിന്നേക്കുറിച്ചോര്‍ക്കാന്‍
എവിടെയുണ്ട് നേരം..!

Monday 27 August 2012

മുന്നറിയിപ്പ്

വെളുക്കും വരെ പുലയാടി തളര്‍ന്ന
പരമോന്നത കോടതിയിലെ ന്യായാധിപന്‍
ഉപജീവനത്തിന് ഉടുമുണ്ടഴിച്ചവളെ
ആജീവനാന്തം തടവിനു ശിക്ഷിക്കുമ്പോള്‍ ...

പകലന്തിയോളം യാചിച്ചു തളര്‍ന്ന്
കിടത്തിണ്ണയില്‍ അഭയം തേടിയ ബാലിക
ഉന്മാദലഹരിയില്‍ കാമവെറി പൂണ്ടാവരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ...

ജീവിതാത്തിന്റെ മൂന്നിലൊരു ഭാഗം
പാഠപുസ്തകങ്ങളില്‍  ഹോമിച്ചവര്‍
പണമില്ലാത്തത് കൊണ്ട് മാത്രം
തൊഴിലിടങ്ങളില്‍ നിന്ന്
നിഷ്കരുണം ആട്ടിയോടിക്കപ്പെടുമ്പോള്‍ .....

ജന്മദേശത്തെ  സ്വന്തം മാതാവിനെ പോലെ
സുരക്ഷിതമായി സംരക്ഷിക്കേണ്ടവര്‍
മുപ്പതു വെള്ളിക്കാശിന് രാജ്യശത്രുക്കള്‍ക്ക്
അടിയറവെച്ചു സുഖിക്കുമ്പോള്‍ ...

പ്രകൃതിയെ നശിപ്പിച്ച്
കാല ചക്രങ്ങള്‍ മാറ്റിമറിച്ച്
വിളനിലങ്ങളില്‍ തരിശു പാകിയവര്‍
മണിമന്ദിരങ്ങളില്‍ സസുഖം വാഴുമ്പോള്‍ ...

നിരാലംബരായി കേഴുന്നൊരു ജനത
ആശ്രയത്തിനായി അലറിക്കരയുമ്പോള്‍
അനങ്ങാതിരുന്നു ദിവാസ്വപ്നം കാണുവോര്‍
അറിയുക .നിങ്ങള്‍ക്ക് മേലെ പറന്നുയരും
എല്ലാം ഭാസ്മമാക്കിടുമൊരു  കഴുകന്‍റെ നിഴല്‍ ...

Sunday 26 August 2012

സുഖനിദ്ര

ഭൂമിയില്‍ മഴ പെയ്യാത്തതും
തിന വിളയാത്തതും
തിന്മ വിളഞ്ഞതും
ഞാനറിഞ്ഞതേയില്ല  .

തെരുവില്‍ ചോര പടര്‍ന്നതും
ഉടുമുണ്ട് പൊക്കി നോക്കി
മതമറിഞ്ഞു  മനുഷ്യനെ ഹനിച്ചതും 
ഞാനൊട്ടുമറിഞ്ഞതേയില്ല . 

കാട് കരിച്ചതും
മല കുഴിച്ചതും
പുഴ വരണ്ടതും
ഒന്നും ഞാനറിഞ്ഞതേയില്ല.

അമ്മയുടെ ചൂട് പറ്റി
ആ ചിറകിന്നടിയില്‍
സുഖ സുഷുപ്തിയിലായിരുന്നല്ലോ   
ഞാന്‍ ......

Friday 24 August 2012

മെഴുകുതിരി

എന്‍റെ മധുമൊഴിയുടെ
നേര്‍ത്ത കുറുകലിലായിരിക്കണം
നിന്‍റെ മിഴികള്‍ പാതിയടഞ്ഞത്  ...

എന്‍റെ കൈവിരലുകളുടെ
നനുത്ത തലോടലിലായിരിക്കണം
നീ മയങ്ങിപ്പോയത് ..

കനലുകളെക്കാള്‍ ചൂടുള്ള
നിശ്വാസത്തിലായിരിക്കണം
പിന്നെ നീ വീണ്ടും ഉണര്‍ന്നത് ..

ഇഴുകിച്ചേരലിനു മുന്‍പ്
നിന്‍റെ കണ്ണുകള്‍ നിറയുന്നത്
ഞാനറിഞ്ഞെങ്കിലും
നിറഞ്ഞ കണ്ണുകള്‍ ആനന്ദത്തിന്‍റെ
തിരു ശേഷിപ്പുകളാണെന്ന്
ഞാന്‍ കരുതി ..

ഇപ്പോള്‍ ഞാനറിയുന്നു സഖീ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ,
എന്നെ പിണക്കാനാവാതെ
നീ സ്വയമൊരു മെഴുകുതിരിയായി
ഉരുകിത്തീരുകയായിരുന്നുവെന്ന്..

ഇത്രമാത്രം സ്നേഹം നീ
ആരും കാണാതെ ഒളിച്ചു വെച്ചത്
ഞാനറിയാതെ പോയല്ലോ ...

Wednesday 22 August 2012

അച്ഛന്‍റെ മോന്‍


അവന്‍റെ  വാക്കും നോക്കുമെല്ലാം
അച്ഛനെ പോലെ ആയിരുന്നു
താളത്തില്‍ കൈ രണ്ടും വീശി
അല്‍പ്പമൊന്നാടിയുള്ള  നടത്തം
താനേ സംസാരിക്കും പ്രകൃതം
തികച്ചും അവന്‍ അവന്‍റെ അച്ഛനെപ്പോലെ ..

ക്ഷോഭം കൊണ്ട് ഉരുകിയോലിക്കുമ്പോഴും

ശാന്തമായി പ്രതികരിച്ചപ്പോള്‍ 
ആശ്ചര്യത്തോടെ ഞങ്ങള്‍ പറഞ്ഞു
അവന്‍ ശരിക്കും അച്ഛന്‍റെ മോന്‍ തന്നെ..

കണ്ണിലെ തിളക്കവും മൂക്കിന്‍റെ ചന്തവും

തലമുടി കോതുന്ന  രീതിയും കണ്ട്
മൂക്കത്ത് വിരല്‍ വെച്ച് ഞങ്ങള്‍ ചൊല്ലി
ഇവന്‍ ഇവന്‍റ ച്ഛനെ  പോലെ തന്നെ ..

എന്തോന്ന് ചെയ്താലും അച്ഛനെപ്പോലെ,

കേട്ടു മടുത്തൊരു നാളിലവന്‍   
ഒരു മുഴം കയറില്‍ ഒടുങ്ങിയപ്പോള്‍
അത്ഭുതം  കൂറി ഞങ്ങള്‍ ചൊല്ലി
ഇവനാണ് അച്ഛന്‍റെ മോന്‍..
മരണവും അച്ഛനെപ്പോലെ തന്നെ....

Sunday 19 August 2012

എട്ടുകാലി

പാപത്തിന്‍റെ ശമ്പളം മരണമാണെങ്കില്‍
നീ എന്നേ മരിച്ചവളാണ്......
ശാപത്തിന്‍റെ പ്രതിഫലം നരകമാണെങ്കില്‍
നീ എന്നേ 
നരകത്തിലുമാണ് .  

മായ്ക്കാന്‍ കഴിയാത്ത കടും വര്‍ണ്ണങ്ങളില്‍

നീയെഴുതിയ പ്രണയ  ചിത്രങ്ങള്‍
മനസ്സിനകത്ത് മങ്ങലേല്‍ക്കാതെ ഇപ്പോഴുമുണ്ട് 
മഞ്ഞയും പച്ചയും ചുവപ്പും പിന്നെ
പേരറിയാത്ത വര്‍ണ്ണങ്ങളും കൂടിക്കുഴഞ്ഞ്
എനിക്ക് മനസ്സിലാകാത്ത നിറക്കൂട്ടുകളായി ..

വാക്കുകളില്‍ തേനും പാലും  പുരട്ടി

ലഹരിയില്‍ മുങ്ങിയ ദിനരാത്രങ്ങളില്‍
നീ മൊഴിഞ്ഞ വാക്കുകളത്രയും പിന്നെ 
പേക്കിനാവുകളിലെ അട്ടഹാസങ്ങളായി..

കരളിലെക്കൊരു കുട്ട  കനല്‍ കുടഞ്ഞിട്ട്

മനസ്സിന്‍റെ മുറിവുകളില്‍ മുളക് പൊടി തേച്ച്
മറ്റൊരു പുതിയൊരു  തേന്‍ കൂട് തേടി നീ
യാത്രാമൊഴി മോഴിപോലുമില്ലാതെ പടിയിറങ്ങി .

ജീവിത സായന്തനത്തിലിന്നു ഞാന്‍ നിന്നെ

മരണക്കിടക്കയില്‍ നിന്ന് ഞാന്‍ നിന്നെ
മനം പൊട്ടി ശപിക്കട്ടെ , പെണ്‍വര്‍ഗ്ഗമെന്നും
തൊട്ടാലൊട്ടും വലകെട്ടി ഒട്ടും 
മുട്ടില്ലാതിര തേടും എട്ടുകാലി...  

Saturday 18 August 2012

പാണന്‍റെ പാട്ട്

ഇതൊരു പാണന്‍റെ പാട്ടാണ് .  
രക്തം കൊണ്ട് ചിത്രം വരച്ച്
തലയുരുട്ടി പകിട കളിച്ച് 
ആര്‍ക്കോ വേണ്ടി മൃത്യുവെ പുല്‍കി
സമാധിയടഞ്ഞവരുടെ പാട്ട് .

ഇതൊരു പാണന്‍റെ പാട്ടാണ്

പകയുടെ പൊന്‍ പണക്കിഴിക്ക്
ജീവിതം ബലി കൊടുത്ത്
ചുരിക തലപ്പില്‍ എരിഞ്ഞു തീര്‍ന്ന
ചേകവരുടെ പടപ്പാട്ട് .

ഇതൊരു പാണന്‍റെ പാട്ടാണ്

കരവാളിന്‍ തലപ്പ്‌ കൊണ്ട്
മധുര സ്വപ്നങ്ങള്‍ക്ക്
ചോരയുടെ ചുവപ്പ് പൂശിയ
യോദ്ധാവിന്‍റെ പൊലിപ്പാട്ട്.

ഇതൊരു പാണന്‍റെ പാട്ടാണ്

സ്വന്തമല്ലാത്ത ജീവിതത്തിന്
വാടകക്കൊരു ശരീരം നല്‍കിയ
ദൈവത്തോടുള്ള രോഷത്തിന്‍റെ
അടങ്ങാത്ത  പകപ്പാട്ട് .

Wednesday 15 August 2012

ഞാനീ വിളക്കൊന്നണച്ചോട്ടെ....

ഞാനീ വിളക്കണക്കാം 
വിഹ്വലതകളുടെ വിഹായസ്സിലേക്ക് നോക്കിയിരിക്കാന്‍ 
വെണ്ണിലാവും വെട്ടവുമില്ലത്ത രാത്രികളാണ് നല്ലത്...
 
വിലങ്ങുവെച്ച  സ്വാതന്ത്ര്യത്തെ കുറിച്ച് 
വില്‍ക്കാന്‍ വെച്ച സ്ത്രീത്വത്തെ കുറിച്ച് 
വെറുതെ ചിന്തിച്ചിരിക്കാന്‍ നല്ലത് 
വാനമ്പാടിയും മിന്നാമിനുങ്ങുമില്ലാത്ത രാത്രികളാണ് 

വിലാപങ്ങളുയരുന്ന ശവപ്പറമ്പുകളില്‍ 
വിളറിയ മുഖത്തോടെ ചിലര്‍ 
വിധിയെ പഴിക്കും മറ്റു ചിലര്‍ 
വ്യസനം നടിക്കുന്ന ചിലരോടൊപ്പം 
വിലയില്ലാത്ത ബന്ധങ്ങളെക്കുറിച്ച് 
വ്യര്‍ത്ഥമാകും സ്നേഹത്തെ കുറിച്ച് 
വ്യാകുലപ്പെടുന്ന പരേതന്‍ ..
വെറുതെയാണെങ്കിലും ചിന്തിച്ചിരിക്കാന്‍ നല്ലത് 
ഇരുട്ട് കട്ടപിടിച്ച രാത്രികളാണ് ..

നിനക്ക് വേണ്ടി ജനിച്ചതെന്ന് ചൊല്ലി 
ഹൃത്തടം കവര്‍ന്നെടുത്തവള്‍  
,മറ്റൊരാള്‍ക്ക് പായ വിരിച്ച്
മനം നിറഞ്ഞ് മദിക്കുമ്പോള്‍ 
ഹൃദയം പൊട്ടിക്കരയുന്നവര്‍ക്കായി 
ഞാനീ വിളക്കൊന്നണച്ചോട്ടെ....     

Monday 13 August 2012

ആശങ്കകള്‍

നിരാലംബരായ കര്‍ഷകരുടെ
നിരാശവിളയും പാടങ്ങളിലുയരും
നിശ്വാസങ്ങളുടെ ചുടുകാറ്റില്‍
ഉരുകിയോലിക്കുന്നത്
അധ്വാനിക്കാതെ സമ്പാതിക്കുന്നവന്‍റെ
കുമിഞ്ഞു കൂടുന്ന ദുര്‍മേദസ്സല്ലെന്നോ ?.

വെള്ളവും വായുമണ്ഡലവും ദൈവം
നല്‍കിയനുഗ്രഹിക്കാത്തത് കൊണ്ടിത്രനാളും
കന്യകാത്വം സൂക്ഷിച്ച  അന്യ ഗ്രഹങ്ങളുടെ
പാതിവ്രത്യം കവരുന്ന പാപികള്‍ക്ക്
പന്താടാന്‍ ഇനിയുമൊരു  ഭൂമിയോ ? .

സ്വന്തം പ്രയത്നം കൊണ്ട് സര്‍വ്വം നേടിയെടുത്ത്  
സ്വയം നശിക്കുന്ന അതിബുദ്ധിമാന്മാര്‍ക്ക്
പുണ്യ പുരാണത്തിലെ പടു വിഡ്ഢിയാകും
ഭസ്മാസുര ജീവിതം ഗുണപാഠമല്ലെന്നോ ?