Wednesday 15 August 2012

ഞാനീ വിളക്കൊന്നണച്ചോട്ടെ....

ഞാനീ വിളക്കണക്കാം 
വിഹ്വലതകളുടെ വിഹായസ്സിലേക്ക് നോക്കിയിരിക്കാന്‍ 
വെണ്ണിലാവും വെട്ടവുമില്ലത്ത രാത്രികളാണ് നല്ലത്...
 
വിലങ്ങുവെച്ച  സ്വാതന്ത്ര്യത്തെ കുറിച്ച് 
വില്‍ക്കാന്‍ വെച്ച സ്ത്രീത്വത്തെ കുറിച്ച് 
വെറുതെ ചിന്തിച്ചിരിക്കാന്‍ നല്ലത് 
വാനമ്പാടിയും മിന്നാമിനുങ്ങുമില്ലാത്ത രാത്രികളാണ് 

വിലാപങ്ങളുയരുന്ന ശവപ്പറമ്പുകളില്‍ 
വിളറിയ മുഖത്തോടെ ചിലര്‍ 
വിധിയെ പഴിക്കും മറ്റു ചിലര്‍ 
വ്യസനം നടിക്കുന്ന ചിലരോടൊപ്പം 
വിലയില്ലാത്ത ബന്ധങ്ങളെക്കുറിച്ച് 
വ്യര്‍ത്ഥമാകും സ്നേഹത്തെ കുറിച്ച് 
വ്യാകുലപ്പെടുന്ന പരേതന്‍ ..
വെറുതെയാണെങ്കിലും ചിന്തിച്ചിരിക്കാന്‍ നല്ലത് 
ഇരുട്ട് കട്ടപിടിച്ച രാത്രികളാണ് ..

നിനക്ക് വേണ്ടി ജനിച്ചതെന്ന് ചൊല്ലി 
ഹൃത്തടം കവര്‍ന്നെടുത്തവള്‍  
,മറ്റൊരാള്‍ക്ക് പായ വിരിച്ച്
മനം നിറഞ്ഞ് മദിക്കുമ്പോള്‍ 
ഹൃദയം പൊട്ടിക്കരയുന്നവര്‍ക്കായി 
ഞാനീ വിളക്കൊന്നണച്ചോട്ടെ....     

Monday 13 August 2012

ആശങ്കകള്‍

നിരാലംബരായ കര്‍ഷകരുടെ
നിരാശവിളയും പാടങ്ങളിലുയരും
നിശ്വാസങ്ങളുടെ ചുടുകാറ്റില്‍
ഉരുകിയോലിക്കുന്നത്
അധ്വാനിക്കാതെ സമ്പാതിക്കുന്നവന്‍റെ
കുമിഞ്ഞു കൂടുന്ന ദുര്‍മേദസ്സല്ലെന്നോ ?.

വെള്ളവും വായുമണ്ഡലവും ദൈവം
നല്‍കിയനുഗ്രഹിക്കാത്തത് കൊണ്ടിത്രനാളും
കന്യകാത്വം സൂക്ഷിച്ച  അന്യ ഗ്രഹങ്ങളുടെ
പാതിവ്രത്യം കവരുന്ന പാപികള്‍ക്ക്
പന്താടാന്‍ ഇനിയുമൊരു  ഭൂമിയോ ? .

സ്വന്തം പ്രയത്നം കൊണ്ട് സര്‍വ്വം നേടിയെടുത്ത്  
സ്വയം നശിക്കുന്ന അതിബുദ്ധിമാന്മാര്‍ക്ക്
പുണ്യ പുരാണത്തിലെ പടു വിഡ്ഢിയാകും
ഭസ്മാസുര ജീവിതം ഗുണപാഠമല്ലെന്നോ ?     

Friday 10 August 2012

മരണത്തിലേക്കുള്ള യാത്ര


ശൂന്യതയില്‍ നിന്ന് ചുരണ്ടിയെടുത്ത
കാഴ്ചകള്‍ക്ക് മിഴിവ് പോരാ
ദുഖ ശിലയില്‍ കൊത്തിയെടുത്ത
ജീവിതത്തിനു തെളിമയും ..

ഇന്നീ അന്ധകാരപ്പെരുമയില്‍ നിന്ന്

ദൂരെയാരോ കത്തിച്ചു വെച്ച
അലിഞ്ഞു തീരും മെഴുകുതിരി വെട്ടം തേടി
മുടന്തി മുടന്തി ഒരു യാത്ര..!

കണ്ണീരു മെഴുകിയ വീഥിയിലൂടെ

വിധിയുടെ വിഷപ്പല്ല് തീണ്ടാതെ
മഴവില്ല് പാകിയ കിനാവുകളിലേക്ക്
വീണ്ടുമൊരു യാത്ര...

വര്‍ണ്ണ സ്വപ്നങ്ങളെ മാറോട് ചേര്‍ക്കാന്‍

സ്വര്‍ഗ്ഗത്തെക്കുള്ള യാത്രക്ക് മുന്‍പ് ,
ഒടുവിലെ  തുള്ളി ഊര്‍ജ്ജവും പൊലിച്ച്
ജീവിതത്തിന്‍റെ പച്ചപ്പിലേക്ക്
അവസാനമായി ഒരു യാത്ര ...!

ഒടുവില്‍ ......


ദൂരെയാരോ കത്തിച്ചു വെച്ച

അവസാന പ്രതീക്ഷാ മുനമ്പിലെ
മെഴുകുതിരി വെട്ടവും പൊലിയുന്നു.
ഇനി ശേഷിക്കുന്നത് ......
ഘോരാന്ധകാരത്തില്‍ തപ്പിത്തടഞ്ഞ്
മരണത്തിലേക്കുള്ള യാത്ര ...!

Wednesday 8 August 2012

ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..!

ചിതക്ക്‌ തീ കൊളുത്തും മുന്‍പ്
ഞാനൊന്ന്
പ്രാര്‍ത്ഥിക്കട്ടെ...
വായില്‍ അരിയും എള്ളും വെച്ചവര്‍ക്കായി
മുന്നാഴി കുത്തി ബലിയിട്ടവര്‍ക്കായി
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ ....

ഓര്‍മ്മകള്‍ ചരമ കോളത്തിലൊതുക്കി 
ആത്മ സംതൃപ്തിയടഞ്ഞവര്‍ക്കായി..
മരണക്രിയകള്‍ക്ക് ചെലവഴിച്ചത്‌
കൂട്ടിക്കിഴിച്ച്‌ സഹിച്ചവര്‍ക്കായി ...
തെക്കേ തൊടിയിലെ മാവ് വെട്ടിയതില്‍
അരിശം പൂണ്ട പേരക്കിടാങ്ങള്‍ക്കായി ..
ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..

വീതം വെപ്പിന്‍റെ  നാളുകളില്‍
സമ്പാദിച്ചു കൂട്ടാത്ത അച്ഛനെ ശപിച്ച്
ദുഖിക്കുന്ന മക്കളെയോര്‍ത്ത് ...
എല്ലാം ഉള്ളിലൊതുക്കി 
എന്‍റെ ചൂട് നഷ്ട്ടപ്പെട്ട് 
താങ്ങും തണലും നഷ്ട്ടപ്പെട്ട് ..
കരിന്തിരി കത്തിത്തീരുന്ന
നിലവിളക്കിന്‍ തിരി നാളത്തെയോര്‍ത്ത്
അവസാനമായി ഞാനൊന്ന് ..
ഞാനൊന്ന്
പ്രാര്‍ത്ഥിച്ചോട്ടെ ..!

Monday 6 August 2012

അന്ത്യാഭിലാഷം

പുലരിയുടെ വെളിച്ചക്കീറില്‍
പുഞ്ചിരിച്ച പൂക്കളുടെ
ചാരിത്ര്യം കവര്‍ന്നെടുത്ത്
പാലായനം ചെയ്തു കരിവണ്ടുകള്‍.

നാളുകള്‍ നാല് കരഞ്ഞു തീര്‍ത്ത്‌

കരിഞ്ഞുണങ്ങി മരിക്കും മുന്‍പ്
കൊഴിഞ്ഞു മണ്ണില്‍ വീഴും മുന്‍പ്
അറിയാതെ മോഹിച്ചു പൂക്കള്‍
അപരാധിയെങ്കിലും കരിവണ്ടുകളെ
അവസാനമായൊന്നു കാണാന്‍ .


Sunday 5 August 2012

സൌഹൃതം

മുമ്പേ ചിരിക്കുകയും
പിമ്പേ ചതിക്കുകയും
ചെയ്യുന്ന കൂട്ടുകാര്‍
ഈ സൌഹൃത ദിനത്തിന്‍റെ
മിഴിവാര്‍ന്ന അലങ്കാരം ..

വാക്കില്‍ വിഷം  പുരട്ടി
            
നോക്കില്‍ അസൂയ കൂട്ടി
ഒറ്റുകാരായി മറഞ്ഞിരിപ്പുണ്ട്‌
കൂട്ടുകാരായി ഒരു കൂട്ടം .

ചാരം മൂടിയ ഓര്‍മ്മകളുടെ

ഓരം ചേര്‍ന്ന് നടക്കവേ
എനിക്ക് വേണ്ടി കൂട്ടിരുന്ന്
എന്നെ ചതിച്ച കൂട്ടുകാര്‍ക്ക്
ഈ സൌഹൃത ദിനത്തിന്‍റെ സമര്‍പ്പണം...!

Thursday 2 August 2012

മാതൃപൂജ

ന്നും തിരിയാത്ത പ്രായത്തില്‍ നീയന്നും
ഒരമ്മയായ് മാറാന്‍ കൊതിച്ചിരിക്കാം ....
എന്‍ കുഞ്ഞെന്ന് ചൊല്ലിയൊരു  പാവയെ
നിന്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചിരിക്കാം ..

രക്തമൊരടയാളമായ്  മാറി നീ നിന്‍റെ
കൌമാര യാത്ര തുടങ്ങീടവേ 
കാന്തന്‍ ഒരാള്‍ വന്നു കൈ പിടിച്ചൂ
നിന്‍ സൗഭാഗ്യ ജീവിത വഴിത്താരയില്‍.

സ്വപ്‌നങ്ങള്‍ പൂത്തുമ്പി പോലെ പറന്നു നിന്‍
ജീവിത വാടി നിറഞ്ഞോരാ കാലം..
അന്നും നീ അറിയാതെ മോഹിച്ചിരിക്കും
ഒരു പിഞ്ചിനെ നിന്‍ കയ്യാലോമാനിക്കാന്‍ ..

ഒരു കുഞ്ഞു തുടിപ്പായ് നിന്‍ അടിവയറ്റില്‍
ഒരു ചോരക്കട്ടയായ് ജീവന്‍ കുരുക്കവേ
ലോകം വെട്ടിപ്പിടിച്ചൊരു രാജ്ഞി നീ
എത്ര ആഹ്ലാദിച്ചു ആ ദിനത്തില്‍ .. ? 
 
ചവിട്ടും കുതിപ്പും കാരണം മറിച്ചിലും
നിന്നുദരത്തിനുള്ളില്‍ മുഴങ്ങീടവേ ..
എല്ലാം സഹിച്ചും നീ മോഹിച്ചിടും
ഒരു പിഞ്ചിനെ നിന്‍ കയ്യാലോമാനിക്കാന്‍ ..

അമ്മയായ് തീര്‍ന്നോരാ നേരം നീയെത്ര
ഭാഗ്യവതീയെന്നോര്‍ത്തു പോയോ ?
ചോര തുടിക്കുമൊരു പൂമുഖം കണ്ടു നീ
വേദനയൊക്കെയും  മറന്നു പോയോ ?

ഉണ്ണാതെയുറങ്ങാതെ  പിന്നെ നീയെന്നും
ഉണ്ണിയെ ഊട്ടിയും ഉറക്കിയും നിത്യം
കൊച്ചു കണ്ണല്‍പ്പം നിറഞ്ഞെന്നാല്‍ പിന്നെ
നിനക്കാധി തീരില്ലയാ പുഞ്ചിരി കാണാതെ .

സങ്കടപ്പെരും തീയില്‍ വെന്തു നീ നിത്യം
നിന്‍ കുഞ്ഞിനെയാളാക്കാന്‍ പ്രാര്‍ത്ഥിച്ചു മൂകം
ഒന്നും മോഹിച്ചിരിക്കില്ല നീ സത്യം
നിന്നുണ്ണിതന്‍ ക്ഷേമമല്ലാതെ മറ്റൊന്നും .

സഹനത്തിന്‍ അവസാന വാക്ക് നീയമ്മേ
സ്നേഹക്കടലിന്‍ പൊരുളും നീയമ്മേ
കരുണതന്‍ ആഴക്കടലിലെ മുത്തെ
നമിക്കുന്നു നിന്നെ നിത്യവുമമ്മേ  ...

Sunday 29 July 2012

ഭൂമിഗീതം

തിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ..!

പൂവും മലകളും പുഴകളും ഭൂമിക്ക്
കനിവോടെ നല്‍കി കനിഞ്ഞതീശന്‍,അത്
 കണ്ടില്ലയെന്ന് നടിച്ചു മുടിക്കും
കാല്‍ചക്ര  ലാഭത്തിനായി മര്‍ത്യര്‍...!

എന്തിനീ ഭൂമിതന്‍ തായ് വേരറുക്കുന്നു 
എന്തിനീ ചൈതന്യ കാന്തി കെടുത്തുന്നു
യന്ത്രങ്ങളായ യന്ത്രങ്ങളൊക്കെയും  
എന്തിനീ മണ്ണിന്‍റെ ചങ്ക് തുരക്കുന്നു ?.

നന്നേ ചെറുപ്പത്തില്‍ നാം കണ്ട കാഴ്ചകള്‍
പൂക്കളും ശലഭങ്ങള്‍ പൂത്തുമ്പികള്‍
ഇന്നീ വെളിച്ചത്തില്‍ ഇത്തിരി കാണാന്‍
കിട്ടാകനികള്‍  പഴങ്കാഴ്ചകള്‍...!

കുളിര്‍ നീര് നല്‍കുന്ന അരുവികളൊക്കെയും
ഒരു തുള്ളി ചുരത്താതെ വരണ്ടു പോകും
താനേ നിലച്ചിടും തെന്നലും കുളിരും
തൂമഞ്ഞു തൂകുമീ മകരവും വര്‍ഷവും ..!

വര്‍ണ്ണങ്ങള്‍ മാത്രം പൂത്തു നിന്നീടുന്ന
പൂവാടി വാടി കരിഞ്ഞു പോകും
സ്വര്‍ഗ്ഗീയ സൌന്ദര്യം അലയടിച്ചീടും
സൌന്ദര്യമൊക്കെയും നിലച്ചുപോകും .

തെളിനീരു വറ്റി വരണ്ട നെല്‍പ്പാടങ്ങള്‍
കണ്ണീരു നല്‍കും കര്‍ഷകര്‍ക്കായ്
മിഴിനീരുണങ്ങിയിട്ടൊട്ടുമുണ്ടാകില്ല 
നേരം, സ്വസ്ഥം മയങ്ങീടുവാന്‍..!

നിശയിത് നീളം കുറഞ്ഞിരിക്കും
നിലാവിന്‍റെ ശോഭക്കും മങ്ങലേറ്റീടും
പുറം തൊലി കരിച്ചിടാന്‍ ഉതിര്‍ന്നു വീഴും  
വാനില്‍ നിന്നോരായിരം പുതുരശ്മികള്‍..!

ഇന്ന് നീ ചെയ്യും പാതകമൊക്കെയും
നാളെ നിന്‍ ജീവനെ കഴുവേറ്റിടും
അന്നു കരഞ്ഞു വിളിച്ചാലതു  കേള്‍ക്കാന്‍
ഭൂവിതിലാരും ശേഷിക്കയില്ല ..!   

മതിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ....!

Friday 27 July 2012

രക്ത സാക്ഷികള്‍.

രക്തസാക്ഷിക്ക് മരണമേയില്ല
നോവുമാ ഓര്‍മ്മയ്ക്കും മരണമില്ല .

ജന്മദിനത്തെക്കാള്‍ ചരമദിനങ്ങള്‍

ആഘോഷമാക്കിയ വീരപുത്രര്‍ പിന്നെ,
നിലപാടുകള്‍ തന്‍ നേടും തൂണായ് നിന്ന്
നിണമൂറ്റി  മണ്ണ് നനച്ചോരിവര്‍.

ജീവിതമൂറ്റിയെടുത്ത പ്രസ്ഥാനങ്ങള്‍

വാരി നിറച്ച കടും നിറത്തില്‍
തീപ്പൊരി ചിന്തും വാക്കിനു താഴെ
ഓര്‍മ്മപ്പെടുത്തലായ് മാറിയവര്‍ .

പ്രത്യയശാസ്ത്ര കറയുള്ള താളില്‍

ഒരിക്കലും തെളിയാത്ത അക്ഷരങ്ങള്‍ ഇവര്‍ ,
മനം നിറഞ്ഞെന്നും സ്നേഹിച്ചവര്‍ക്കായി
തന്‍ തനു പൊലിച്ചെന്നും  വെളിച്ചമായോര്‍.

രാഷ്ട്രീയ കോലങ്ങള്‍ പക കെട്ടിയാടി

പങ്കിട്ടെടുത്ത ജീവിതങ്ങള്‍ , ഇവര്‍
സമര മുഖങ്ങളില്‍ കനലായ് ജ്വലിച്ചു
അമരത്തം നേടിയ പടയാളികള്‍ .

നേരിന്‍റെ ,നെറിയുടെ ഗോപുരം തീര്‍ത്തവര്‍

പോരിന്‍റെ തളരാത്ത വീര്യം സൂക്ഷിച്ചവര്‍,
പാരിന്നു മോചന മാര്‍ഗ്ഗം തിരഞ്ഞു
ചാരമായ് തീര്‍ന്നവര്‍ ചാവേറുകള്‍ .

കാട്ടാള നീതിക്ക് കഴുത്തു നീട്ടീടാതെ

പട്ടാള നിയമത്തിന്നടിമപ്പെടാതെ
മുഠാളന്‍മാര്‍ക്കെതിരായി എന്നും
ചാട്ടവാര്‍ വീശി ചരിത്രം രചിച്ചവര്‍.

ചിതലരിച്ചിന്നും ചില്ലിന്‍റെ കൂട്ടില്‍

വരകളായ് മാറിയ നിറദീപങ്ങള്‍ ,ഇവര്‍
വീരരാം  രക്ത സാക്ഷികള്‍, ധീരരാം  ഷഹീദുകള്‍,
മരണത്തിനതീതരാം ശൂര ബാലിദാനികള്‍ ..!

Monday 23 July 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?