Monday 23 July 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?


Wednesday 11 July 2012

വിട പറയുന്ന വസന്തങ്ങള്‍.

വിട പറയുമോരോ വസന്തങ്ങള്‍ ഗ്രീഷ്മങ്ങള്‍
വില മതിച്ചീടാനാവാത്ത സൗഹൃതങ്ങള്‍..
വിധിയഴിഞ്ഞാടിടും വില പേശിടും
വിടര്‍ന്നിടും കൊഴിഞ്ഞിടും പൂ മൊട്ടുകള്‍... .!

ആഗ്രഹിക്കുന്നോരോ സൌഭാഗ്യങ്ങള്‍ , നമ്മള്‍ ,

ആരറിഞ്ഞീടുമതിന്‍ ശേഷിപ്പുകള്‍ .!   
അര്‍ഹിക്കാത്തതെന്നറിഞ്ഞീടുകില്‍ പോലും
ആശിക്കുന്നതിന്‍മേലെ  മൂഡര്‍ മര്‍ത്യര്‍.

അലയോടുങ്ങാത്തതീ ജീവിതമെങ്കിലും

ആരും മോഹിക്കുകില്ലതൊട്ടും,
അണയുവാന്‍ നേരമണെഞ്ഞെന്നാകിലും  
അതറിയാതെ ചിരിക്കുന്നു നമ്മള്‍ മര്‍ത്യര്‍ ...!

തെറ്റുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കില്ലയൊട്ടും

തേങ്ങുമൊരു നാളില്‍  അതോര്‍ത്തെന്ന സത്യം ..!
താനെയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കണം
തെളിയുന്ന മരണത്തിന്‍ കൈരേഖകള്‍..!

അധമ മോഹങ്ങള്‍ക്കു കടിഞ്ഞാനിടാനൊട്ടും

അഭ്യാസിയല്ല നമ്മളാരും പക്ഷെ ,
അറിയാതെ ചെയ്യുമീ തെറ്റുകള്‍ക്കല്‍പ്പം
അലിവോടെ മാപ്പോന്നപേക്ഷിച്ചിടാം .


Thursday 5 July 2012

നീതി

ആഡംഭരങ്ങളില്‍ ലയിച്ച്
അല്‍പ്പത്തം കാണിച്ച്
അഹങ്കരിച്ചവര്‍ക്ക്
അര്‍ഹിക്കാത്തത് നല്‍കി
അലിവുകാട്ടി ആരോ ..

വിധിയോടു മല്ലിട്ട്
വിയര്‍പ്പ് ഭക്ഷണമാക്കി
വിവശരായി തളര്‍ന്നവര്‍ക്ക്
അര്‍ഹിക്കുന്നത് നല്‍കാതെ
അപമാനിച്ചു ആരോ ....

നീതിയുടെ തുലാസ്
തുരുമ്പിച്ചതെങ്കിലും
ആശരണര്‍ക്ക് നേരെ
അഗതികള്‍ക്ക് നേരെ
അണഞ്ഞതേയില്ല ...

കണ്ണ് മൂടിക്കെട്ടിയ
കറുത്ത തുണിയഴിച്ച്
കറ തീര്‍ന്ന കാഴ്ചയോടെ
അങ്ങ്....
നീതി നടപ്പാക്കുന്നത്
ഇനി എന്നാണാവോ?

Monday 2 July 2012

നീയുറങ്ങുക...

മഴയത്ത് കുളിച്ച്
വെയിലത്ത് തോര്‍ത്തി
കാറ്റത്തു വിശ്രമിച്ച്‌
പൂമ്പൊടി ഭുജിച്ച്
പൂന്തേന്‍ കുടിച്ച്
നീയുറങ്ങുക...
നാളത്തെ പുലരിയില്‍
ഉണര്‍ന്നാലും ഇല്ലെങ്കിലും ....  

Sunday 1 July 2012

എന്‍റെ യാത്ര ....!

മോഹങ്ങളുടെ ശവക്കുഴികള്‍ക്ക്മേലെയാണ്
ഭൂമിയിലെ  ഈ മുടന്തന്‍ യാത്രകള്‍...
യാത്ര തീരുന്നിടത്ത്‌ പാത രണ്ടായി പിരിയുന്നു ..
ഒന്ന് വലത്തോട്ട് മറ്റൊന്ന് ഇടത്തോട്ട്...
ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും മറ്റൊന്ന് ....
ഓട്ട വീണ പാദരക്ഷകള്‍ മാത്രം
സമ്പാദ്യമായുള്ള എന്‍റെ വഴി
വലത്തോട്ടോ അതോ ഇടത്തോട്ടോ..? 

എന്‍റെ ദുഃഖം.

ജീവിത മത്സരത്തില്‍ നിന്നോടോടി തോറ്റ
നിന്‍റെ ദുഖങ്ങള്‍...
നിന്‍റെ തലയ്ക്കു മീതെ കൂട് കൂട്ടും .
പരാജിതന്‍റെ വിലക്കപ്പെട്ട
പഴം തിന്നാന്‍ നിന്നെ നിര്‍ബന്ധിക്കും ....
നിന്‍റെ മനസ്സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് മുകളില്‍
ജരാ നര ബാധിച്ച മോഹങ്ങള്‍ക്ക് മീതെ
ചമ്രം പടിഞ്ഞിരുന്നു ഭക്തിയോടെ
ഈശ്വര നാമം ജപിക്കും ..
കൂരിരുട്ടിലെ ദീപാങ്കുരങ്ങള്‍ പോലെ
തെളിയുന്ന സന്തോഷത്തെ ഊതിക്കെടുത്തും ...

നിന്നോടോടി തോറ്റ നിന്‍റെ ദുഖം
നിന്‍റെ മരണം വരെ നിന്നെ പിന്തുടരും ....!
എന്‍റെ ദുഃഖം എന്നെയും..

Wednesday 27 June 2012

നീയറിഞ്ഞില്ലല്ലോ.!

ചന്ദന മേഘങ്ങള്‍ തൊടുകുറി ചാര്‍ത്തുന്ന ചക്രവാള സീമയില്‍ പൂജ്യം വെട്ടി കളിക്കുന്ന പ്രഭുകുമാരന്മാര്‍ കളി മതിയാക്കി പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങി .കരവാളില്‍ പറ്റിപ്പിടിച്ച മനുഷ്യരക്തം തുടച്ചു നീക്കി വാള്‍മുനകൊണ്ട് പാപികള്‍ സ്നേഹഗീതങ്ങള്‍ രചിച്ചു .രാത്രി മുഴുവന്‍ വീണ മീട്ടി തളര്‍ന്ന ഗന്ധര്‍വ കിന്നരനമാര്‍ പുലരിപ്രഭയില്‍ സോമപാനം ചെയ്ത് ക്ഷീണമകറ്റി . പത്തിരി ചുട്ട് അട്ടത്ത് വെച്ച പാത്തുമ്മ അത് കട്ട് തിന്ന കുറിഞ്ഞിപൂച്ചയെ തെറി വിളിച്ചു .എന്നിട്ടും അരിശമകലാഞ്ഞ് അതിനെ ചിരവയെടുത്ത് എറിഞ്ഞു....
നീ എവിടെയാണ് ..? കാടും മേടും പൂവാടികളും പൂഞ്ചോലകളും ഞാന്‍ നിന്നെ തിരഞ്ഞേ നടന്നു . രാവ് വെളുക്കുവോളം ജോലി ചെയ്ത് ക്ഷീണിച്ച് സ്വര്‍ണ്ണത്തകിടുപോലെ ചുട്ട് പഴുത്ത പൊറോട്ടകല്ലില്‍ പായ വിരിച്ചു മയങ്ങിയ നിന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഭൂമി തിരിച്ചു കറങ്ങിയത് പോലും നീയറിഞ്ഞില്ലല്ലോ......

Saturday 16 June 2012

വിപ്ലവം

ഞാന്‍ ലോക സമാധാനത്തെ കുറിച്ച്
രണ്ടു വരി കവിതയെഴുതാം
നീയാ സമയം കൊണ്ട് രണ്ടാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട്
നിലവിളിയുടെ സ്വരജതി കൊണ്ട്
നിറുത്താതെ  വിപ്ലവകവിതകളെഴുതുക..

തിളങ്ങുന്ന വാള്‍ മുനകൊണ്ട്

തിരണ്ടിവാല് കൊണ്ട് ..
തിളങ്ങുന്ന നക്ഷത്രങ്ങളെ
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത

വിയര്‍പ്പിന്‍റെ വിലയറിയാത്ത
വിപ്ലവകാരികളുടെ കൂട്ടത്തെ
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ

വിലാപത്തിന്‍റെ  ഈണത്തില്‍ 
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ...

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍

നിന്‍റെ പാത പിന്തുടരുവാന്‍
നിയോഗിക്കപ്പെട്ട ഞങ്ങളെ
കഴുതകളെന്നു വിളിച്ചേക്കുക.

Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?

Thursday 17 May 2012

നരകത്തിന്‍റെ മണം

നഗരത്തിന്‍റെ ഊടുവഴികളില്‍
നരകത്തിന്‍റെ മണവും പേറി
ഉരഗങ്ങളെപ്പോല്‍ നാക്ക് നീട്ടി
ആരെക്കെയോ കാത്തിരിക്കുന്നു .

ഇരുട്ടില്‍ തിളങ്ങുന്ന വാള്‍മുനകള്‍
രക്തത്തിനായി നിലവിളിക്കുന്നു
ഊടുവഴിയുടെ ഗര്‍ഭപാത്രത്തിലെവിടെയോ
ജീവന് വേണ്ടി ഒരു യാചന പെരുമ്പറ മുഴക്കുന്നു

തെരുവ് വേശ്യകളുടെ തണുത്ത ശീല്ക്കാരത്തില്‍
ക്രൂരത മുറ്റിയ കണ്ണുകള്‍ നനഞ്ഞുറങ്ങുന്നു
കരയാന്‍ ശക്തിയറ്റ പിഞ്ചു കണ്ണുകളില്‍
കടിയനുറുമ്പുകള്‍ താണ്ടവമാടി തിമര്‍ക്കുന്നു

തണുത്തുറഞ്ഞ കിടത്തിണ്ണയിലെവിടെയോ
പിറവിയെടുത്ത പിഞ്ചു ശരീരം
കരഞ്ഞു തീരും മുന്‍പേ നിര്‍ദ്ദയം
ഓടയിലേക്കു കൂപ്പു കുത്തുന്നു .

ഇത് ,ഇരുട്ട് മൂടിയ നഗരം
ഇത് ഇരുട്ട് മൂടിയ നരകം ,
നഗരത്തിനു വേറൊരു കാഴ്ചയില്ല ...!
നരകത്തിനും ....