Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?

Thursday 17 May 2012

നരകത്തിന്‍റെ മണം

നഗരത്തിന്‍റെ ഊടുവഴികളില്‍
നരകത്തിന്‍റെ മണവും പേറി
ഉരഗങ്ങളെപ്പോല്‍ നാക്ക് നീട്ടി
ആരെക്കെയോ കാത്തിരിക്കുന്നു .

ഇരുട്ടില്‍ തിളങ്ങുന്ന വാള്‍മുനകള്‍
രക്തത്തിനായി നിലവിളിക്കുന്നു
ഊടുവഴിയുടെ ഗര്‍ഭപാത്രത്തിലെവിടെയോ
ജീവന് വേണ്ടി ഒരു യാചന പെരുമ്പറ മുഴക്കുന്നു

തെരുവ് വേശ്യകളുടെ തണുത്ത ശീല്ക്കാരത്തില്‍
ക്രൂരത മുറ്റിയ കണ്ണുകള്‍ നനഞ്ഞുറങ്ങുന്നു
കരയാന്‍ ശക്തിയറ്റ പിഞ്ചു കണ്ണുകളില്‍
കടിയനുറുമ്പുകള്‍ താണ്ടവമാടി തിമര്‍ക്കുന്നു

തണുത്തുറഞ്ഞ കിടത്തിണ്ണയിലെവിടെയോ
പിറവിയെടുത്ത പിഞ്ചു ശരീരം
കരഞ്ഞു തീരും മുന്‍പേ നിര്‍ദ്ദയം
ഓടയിലേക്കു കൂപ്പു കുത്തുന്നു .

ഇത് ,ഇരുട്ട് മൂടിയ നഗരം
ഇത് ഇരുട്ട് മൂടിയ നരകം ,
നഗരത്തിനു വേറൊരു കാഴ്ചയില്ല ...!
നരകത്തിനും ....

Monday 9 April 2012

ഉയിരേകുക...!

കര്‍മ്മം കറുപ്പിച്ച ജന്മങ്ങള്‍ തീര്‍ക്കും
കലികാല ലോക പ്രതിസന്ധികള്‍
കഴുത്തിലൊരു കാണാ കുരുക്കാകവേ
കരയും ദരിദ്രരെ കഴുവേറ്റവേ,

ജലപാനമില്ലാതലയും ജനങ്ങള്‍തന്‍

വയറിന്‍റെ രോദനം കേട്ടിടാതെ
പഞ്ചാമൃതുണ്ട് രതിനൃത്തമാടി
മയങ്ങിക്കിടക്കുന്നു കാപാലികര്‍ .

പുഴുക്കള്‍ നുരക്കുന്ന അഴുക്കു ചാലിന്‍

കരയില്‍ മയങ്ങുന്ന മനുഷ്യജീവന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന നാളുമെണ്ണി
നാളെയെന്നോര്‍ത്തു കിടന്നിടുന്നു .

പ്രതിഷേധമുയരും ചത്വരങ്ങള്‍

ചുടുചോര കൊണ്ട് നനക്കുവോരെ
തളരാത്ത   ആവേശ സമരാഗ്നികള്‍
ചുടു ചാമ്പലാക്കിടും നാളെ പുലര്‍ന്നാല്‍ .

ഹൃദയ രോഷം കൊടുങ്കാറ്റു തീര്‍ക്കുന്ന

ചുടലക്കളങ്ങളില്‍ ജീവന്‍ നിറച്ചാല്‍,
അടരാടും ദേഹങ്ങള്‍
ഉയിര്‍ത്തെഴുന്നേറ്റിടും
അനീതിക്കെതിരായി കൈവാളുയര്‍ത്തിടും.

ഉയിര് കൊടുക്കുക ഊര്‍ജ്ജം കൊടുക്കുക

അലിവിന്‍റെ പൂക്കള്‍ അവര്‍ക്കൊന്നു നല്‍കുക
അന്ധകാരത്തിലാണ്ടോന്നു പോകാതെ
അവര്‍ക്കായി നിങ്ങള്‍തന്‍ പ്രാര്‍ത്ഥനയേകുക
.

 

Monday 2 April 2012

ചിന്തകള്‍

ജനനത്തിന്‍റെയും മരണത്തിന്‍റെയും  ഇടയില്‍ പെട്ട് ഇല്ലാതാകുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിക്കാതിരിക്കാമായിരുന്നു ........മരിക്കും മുന്‍പ് മരണത്തെക്കുറിച്ച് ആലോചിച്ചു വ്യാകുലപ്പെടുമെന്നറിഞ്ഞിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ മരിക്കാമായിരുന്നു ......ജീവിതകാലത്തെങ്കിലും അല്‍പ്പം ആലോചനയുണ്ടായിരുന്നെങ്കില്‍
നേട്ടം നഷ്ട്ടം മാത്രമാവില്ലായിരുന്നു ......മാറ്റി മറിക്കാനാവാത്ത യാഥാര്‍ത്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നിടത്തു നിന്നെങ്കിലും ഒരു പുതിയ ജീവിതം തുടങ്ങേണ്ടിയിരിക്കുന്നു........  

Wednesday 21 March 2012

മോഹം


സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ  
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ 
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം 
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .   


കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും   
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും  
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ  
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.  


നാളത്തെ പുലരിയെ കാണുവാനായെങ്കില്‍  
നാവെടുത്തെനിക്കൊന്നു  മിണ്ടുവാനായെങ്കില്‍ 
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും 
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .

നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍ 
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍  .


നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ 
നിനവുകള്‍ എന്‍റെതുമതു  പോലെയല്ലേ 
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍ 
നിസ്തുല സത്യമായ് തീരുവതെന്നോ...?.

Saturday 10 March 2012

ഭ്രൂണഹത്യ

ചിതലരിച്ച ആതുരാലയത്തിന്‍റെ 
ചീഞ്ഞളിഞ്ഞ പിന്നാമ്പുറത്ത്
ചിതറിത്തെറിച്ച ഭ്രൂണത്തിന്‍റെ 
ചങ്ക് പിടയുന്ന ആര്‍ത്തനാദം ...

പത്തുമാസത്തെ കണക്കു പറയാതെ

പേറ്റുനോവ് പഴങ്കഥയാക്കി
പാപക്കറ പുരണ്ട ആതുരാലയത്തിന്‍റെ 
പടിയിറങ്ങി ഒരമ്മ ...!

നിമിഷ സുഖത്തിന്‍റെ നിറമാര്‍ന്ന ജീവിതം

നിറവയറില്‍ ജീവനായ് തുടിച്ചെങ്കില്‍
പിറക്കും മുന്‍പേ
കൊലമരമേറിയ
പൂങ്കുരുന്നെന്തു പിഴച്ചു ....?

Wednesday 7 March 2012

സമയമുണ്ടോ ബാക്കി ......?

കഴിഞ്ഞകാലത്തിന്‍റെ ഇടവഴികളില്‍ കളഞ്ഞു പോയ നനുത്ത പ്രണയത്തിന്‍റെ വളപ്പൊട്ടുകള്‍ ഓര്‍മ്മചെപ്പില്‍ നിന്ന് പെറുക്കിയെടുത്തു താലോലിക്കാന്‍ , പരുക്കന്‍ ജീവിത ചിന്തകള്‍ യൌവ്വനകാലത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ വഴിയിലുപേക്ഷിച്ച നഷ്ട സ്വപ്നങ്ങളെ മുറുകെയൊന്നു പുണരാന്‍ , സുഖ ദുഖങ്ങളുടെ ചൂടും ചൂരും ഒപ്പിയെടുത്ത് താങ്ങും തണലും നല്‍കി കൂടെ നിന്നവരുടെ മനോദുഖങ്ങള്‍ക്ക്‌ സ്വാന്തനം പകരാന്‍ ,ഇനിയെന്ന് എരിഞ്ഞു തീരുമെന്നറിയാത്ത ഈ ജീവിതത്തില്‍  സമയമുണ്ടോ ബാക്കി ......? 

Monday 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.

Monday 16 January 2012

പ്രേമം

പ്രേമം മൂത്ത് എല്ലാം പങ്കുവെച്ചവരാണ് ഞങ്ങള്‍ ...അത്രക്കിഷ്ട്ടമായിരുന്നു എനിക്കവളെ ,അവള്‍ക്കു എന്നെയും ..ഒടുവില്‍ സൌന്ദര്യ പിണക്കം കൂടി ,വാശി മൂത്ത് ,പക കടുത്ത് ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു ...വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവളെ അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ കണ്ടു . അവളുടെ ഭര്‍ത്തവിനെയോര്‍ത്ത് ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ..'പാവം '.

Sunday 15 January 2012

ഒരു പഴങ്കഥ

മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി .യാത്രാമധ്യേ ഇവനെ കാലപുരിക്കയക്കാന്‍ ഒരു മഴ വന്നെങ്കിലെന്ന് കരിയില വല്ലാതെ മോഹിച്ചു . ഈ പുല്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു കാറ്റ് വീശിയെങ്കില്‍ എന്ന് മണ്ണാങ്കട്ടയും ഉള്ളു തുറന്നു ദൈവത്തോട് യാചിച്ചു . രണ്ടും സംഭവിച്ചു ..! നരകത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പരസ്പ്പരം ദേഷ്യം മൂടിവെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നെ വറചട്ടിയിലൂടെ എരിതീയിലേക്ക് മറഞ്ഞു.