Wednesday 21 March 2012

മോഹം


സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ  
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ 
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം 
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .   


കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും   
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും  
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ  
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.  


നാളത്തെ പുലരിയെ കാണുവാനായെങ്കില്‍  
നാവെടുത്തെനിക്കൊന്നു  മിണ്ടുവാനായെങ്കില്‍ 
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും 
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .

നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍ 
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍  .


നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ 
നിനവുകള്‍ എന്‍റെതുമതു  പോലെയല്ലേ 
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍ 
നിസ്തുല സത്യമായ് തീരുവതെന്നോ...?.

Saturday 10 March 2012

ഭ്രൂണഹത്യ

ചിതലരിച്ച ആതുരാലയത്തിന്‍റെ 
ചീഞ്ഞളിഞ്ഞ പിന്നാമ്പുറത്ത്
ചിതറിത്തെറിച്ച ഭ്രൂണത്തിന്‍റെ 
ചങ്ക് പിടയുന്ന ആര്‍ത്തനാദം ...

പത്തുമാസത്തെ കണക്കു പറയാതെ

പേറ്റുനോവ് പഴങ്കഥയാക്കി
പാപക്കറ പുരണ്ട ആതുരാലയത്തിന്‍റെ 
പടിയിറങ്ങി ഒരമ്മ ...!

നിമിഷ സുഖത്തിന്‍റെ നിറമാര്‍ന്ന ജീവിതം

നിറവയറില്‍ ജീവനായ് തുടിച്ചെങ്കില്‍
പിറക്കും മുന്‍പേ
കൊലമരമേറിയ
പൂങ്കുരുന്നെന്തു പിഴച്ചു ....?

Wednesday 7 March 2012

സമയമുണ്ടോ ബാക്കി ......?

കഴിഞ്ഞകാലത്തിന്‍റെ ഇടവഴികളില്‍ കളഞ്ഞു പോയ നനുത്ത പ്രണയത്തിന്‍റെ വളപ്പൊട്ടുകള്‍ ഓര്‍മ്മചെപ്പില്‍ നിന്ന് പെറുക്കിയെടുത്തു താലോലിക്കാന്‍ , പരുക്കന്‍ ജീവിത ചിന്തകള്‍ യൌവ്വനകാലത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ വഴിയിലുപേക്ഷിച്ച നഷ്ട സ്വപ്നങ്ങളെ മുറുകെയൊന്നു പുണരാന്‍ , സുഖ ദുഖങ്ങളുടെ ചൂടും ചൂരും ഒപ്പിയെടുത്ത് താങ്ങും തണലും നല്‍കി കൂടെ നിന്നവരുടെ മനോദുഖങ്ങള്‍ക്ക്‌ സ്വാന്തനം പകരാന്‍ ,ഇനിയെന്ന് എരിഞ്ഞു തീരുമെന്നറിയാത്ത ഈ ജീവിതത്തില്‍  സമയമുണ്ടോ ബാക്കി ......? 

Monday 5 March 2012

ഇനിയെത്ര നാള്‍ .......?.

ജനിച്ച മണ്ണിനോട് കണ്ണീരോടെ വിടപറയേണ്ടി വരുന്നത് ആത്മഹത്യക്ക് തുല്ല്യമാണ്..കടുത്ത ദുഖം ചുടു കണ്ണീരരുവികളായി കവിള്‍ത്തടം പോള്ളിക്കുമ്പോഴും പുഞ്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ആത്മവേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണ്.യഥാര്‍ത്ഥ മരണമെത്തുന്നതിനു മുന്‍പ് പലതവണ മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ടവര്‍ .....എല്ലാവര്‍ക്കും വേണ്ടി ഉരുകി ഒലിക്കുംമ്പോഴും ,നിറ തേന്‍ കുടങ്ങളുമായി വിരുന്നെത്തുന്ന ജീവിത വസന്തത്തെ സ്വപ്നം കാണുന്നവര്‍ ...പറഞ്ഞാല്‍ തീരാത്ത ദുഃഖ പെരും കടലിന്‍റെ ബലിക്കല്ലില്‍ ഇങ്ങനെ തലചേര്‍ത്തു വെച്ച് കൊണ്ട് ഇനിയെത്ര നാള്‍ .......?.

Monday 16 January 2012

പ്രേമം

പ്രേമം മൂത്ത് എല്ലാം പങ്കുവെച്ചവരാണ് ഞങ്ങള്‍ ...അത്രക്കിഷ്ട്ടമായിരുന്നു എനിക്കവളെ ,അവള്‍ക്കു എന്നെയും ..ഒടുവില്‍ സൌന്ദര്യ പിണക്കം കൂടി ,വാശി മൂത്ത് ,പക കടുത്ത് ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ഞങ്ങള്‍ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു ...വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവളെ അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ കണ്ടു . അവളുടെ ഭര്‍ത്തവിനെയോര്‍ത്ത് ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ..'പാവം '.

Sunday 15 January 2012

ഒരു പഴങ്കഥ

മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി .യാത്രാമധ്യേ ഇവനെ കാലപുരിക്കയക്കാന്‍ ഒരു മഴ വന്നെങ്കിലെന്ന് കരിയില വല്ലാതെ മോഹിച്ചു . ഈ പുല്ലനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു കാറ്റ് വീശിയെങ്കില്‍ എന്ന് മണ്ണാങ്കട്ടയും ഉള്ളു തുറന്നു ദൈവത്തോട് യാചിച്ചു . രണ്ടും സംഭവിച്ചു ..! നരകത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പരസ്പ്പരം ദേഷ്യം മൂടിവെച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നെ വറചട്ടിയിലൂടെ എരിതീയിലേക്ക് മറഞ്ഞു.

ഭയം

എന്നും ജനാലക്കരികിലെ പേരമരത്തില്‍ ഇരുന്നു ചിറകു കൊതിയോതുക്കുന്ന കിളിയെ കുറെ നേരം നോക്കിയിരിക്കും .
ഒരു ദിവസം കിളിയെന്നോട് ചോദിച്ചു ' എന്താണിങ്ങനെ നോക്കുന്നത്?'
നിന്നെ പോലെ പറന്നു നടക്കാന്‍ കൊതിയാകുന്നു - ഞാന്‍ പറഞ്ഞു .
കൂടെ പോരുന്നോ ? കിളി ചോദിച്ചു .
അതിനു എനിക്ക് നിന്നെ പോലെ പറക്കാന്‍ കഴിയില്ലല്ലോ - ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു .
നിന്നെ ഞാന്‍ കൊണ്ട് പോകാം -കിളി എന്‍റെ കണ്ണുകളിലേക്കു നോക്കി മൊഴിഞ്ഞു .ഞാന്‍ ഒട്ടൊരു ആശ്ചര്യത്തോടെ അതിനെ നോക്കി .
' പക്ഷെ നീ നിന്‍റെ ദേഹം വെടിയണം, അതിനു കഴിയുമോ'
ഞാന്‍ പെട്ടെന്ന് ജനല്‍ വലിച്ചടച്ചു .
എനിക്കിപ്പോഴും എന്‍റെ ഭയം വിട്ടു മാറിയിട്ടില്ല .

Sunday 8 January 2012

വിധി ..

മനസ്സുകൊണ്ട് കൊതിച്ചതെല്ലാം
താമസ്സായി തിരിച്ചു നല്‍കി
തമോഗര്‍ത്തങ്ങളിലേക്ക് തള്ളിയിട്ട്
തംബുരു മീട്ടി വിധി ..

തുലാവര്‍ഷമേഘങ്ങള്‍ പോലെ

തുള്ളിത്തുടിച്ചു പെയ്യും
തരളിത മോഹങ്ങളുടെ
തലയറുത്തട്ടഹസിച്ചു  വിധി ...

തിന തേടിയലയും കിളിയുടെ

ഹൃത്തടം നോക്കി
അമ്പെയ്തു കളിച്ചു
അലിവേതുമില്ലാത്ത വിധി ..

ചതുരംഗ പലകയില്‍

ജീവിതം വെച്ച് കളിച്ച്
പരാചയം രുചിച്ച്
മരണം കൊണ്ട് പകരം വീട്ടി
ഞാന്‍ .......   

Thursday 5 January 2012

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍.......

ദുഃഖങ്ങള്‍ ഇല്ലാതെയാകണമെങ്കില്‍ ആഗ്രഹങ്ങള്‍ പാടില്ലെന്ന് പറയുന്നു .ചിന്തിക്കുകില്‍, ദുഃഖങ്ങള്‍ ഇല്ലാതിരിക്കണം  എന്നുള്ളതും ഒരു ആഗ്രഹമല്ലേ ? എല്ലാം ത്യജിച്ചു ഈശ്വര സമക്ഷം അണയാന്‍ കൊതിക്കുന്നവനും ഈശ്വര സമക്ഷം ചേരാനുള്ള മോഹമില്ലേ?. ജീവനുണ്ട് എങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കില്ല ,ദുഃഖങ്ങളും ...! മോഹങ്ങള്‍ ഇല്ലാതിരിക്കാന്‍ , ദുഃഖങ്ങള്‍ ഇല്ലാതിരിക്കാന്‍ അടുത്ത ജന്മം നമുക്ക് ശിലയായി പിറക്കാം ...

Monday 2 January 2012

സൗഹൃതം

സൗഹൃതം
******************
പൊലിയുന്നു സൗഹൃത തിരിനാളമെങ്കിലും 
തെളിയുന്നു നൂറെണ്ണം ശോഭയോടെ 
അലയുന്ന ജീവിത യാത്രയില്‍ അല്‍പ്പം
സാന്ത്വനമേകാന്‍ കാന്തിയോടെ

ബന്ധുക്കള്‍ പോലും അപസ്വരം മീട്ടി

അന്ധമായ് തള്ളും രക്തബന്ധം
കബന്ധങ്ങള്‍ പോലെ ഉരുളുന്ന ലോകത്ത്
സത്യമായ് ഒളിമിന്നും സൗഹൃതങ്ങള്‍...!

സന്താപ ചെന്തീയില്‍ നീറും മനസ്സിനെ

സന്തോഷക്കടലാക്കും സൗഹൃതങ്ങള്‍.
സഹായങ്ങള്‍ തേടും ജീവിതങ്ങള്‍ക്കായി
തുണയാകും നമ്മുടെ സൗഹൃതങ്ങള്‍....! 

പിരിഞ്ഞിടാം മറഞ്ഞിടാമെങ്കിലുമല്‍പ്പം

കാരുന്ന്യമെകി പിരിഞ്ഞു പോകാം 
അറിയില്ല ആരെന്നുമെന്തെന്നും നാളെ
തിരിയുന്ന സൗഹൃത ഭൂമികയില്‍ .